top of page

പ്രമേഹവും രോഗപ്രതിരോധവും

Feb 1, 2015

2 min read

ഡക
Medicine

ലോകത്തെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യം ഇന്ത്യ ആകുന്നു. ഇന്ത്യയിലെ ജനസംഖ്യയില്‍ മൂന്നു ശതമാനം പ്രമേഹരോഗികളാകുന്നു. ഇന്ത്യയില്‍ ഏകദേശം 3-3½ കോടി പ്രമേഹരോഗികളുണ്ട്. ഇതില്‍ വളരെപ്പേര്‍ 20-25 വയസ്സുള്ള ചെറുപ്പക്കാരാകുന്നു. 2025 ഓടെ ഇന്ത്യ പ്രമേഹത്തിന്‍റെ തലസ്ഥാനമായി മാറുമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ജനിച്ച് ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെപ്പോലും കീഴ്പ്പെടുത്തുന്ന ഈ രോഗം കേരളക്കരയേയും കീഴ്പ്പെടുത്തിയിരിക്കുന്നു. പ്രമേഹരോഗികളുടെ എണ്ണത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. ഈ കൊച്ചു സംസ്ഥാനത്ത് ഏകദേശം 15 ലക്ഷത്തോളം പ്രമേഹരോഗികളുണ്ട്. ഭാരതമക്കള്‍ വേണ്ട മുന്‍കരുതലെടുത്തില്ലെങ്കില്‍ ഈ രോഗത്തിന്‍റെ വ്യാപ്തി ഇനിയും കൂടുവാന്‍ വര്‍ദ്ധിച്ച സാദ്ധ്യതയുണ്ട്.


ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങള്‍ ഉണ്ടാകുന്നതിന് മുഖ്യകാരണം വ്യായാമക്കുറവു തന്നെയാകുന്നു. അന്നജത്തിന്‍റെ മെറ്റബോളിസത്തില്‍ സംഭവിക്കുന്ന തകരാറുമൂലം ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം, ഭക്ഷണത്തിലൂടെ രക്തത്തിലെത്തിച്ചേരുന്ന കാര്‍ബോഹൈഡ്രേറ്റിനെ ക്രമപ്പെടുത്തുന്നതിന് ആവശ്യമായ ഇന്‍സുലിന്‍ രക്തത്തില്‍ ഉണ്ടാകാതെ വരുമ്പോള്‍ ഷുഹറിന്‍റെ ലവല്‍ രക്തത്തില്‍ ഉയരുന്നു. ഇതാണ് ബഹുഭൂരിപക്ഷം പേരിലും സംഭവിക്കുന്നത്. മറ്റു പല കാരണങ്ങള്‍ കൊണ്ടും പ്രമേഹം ഉണ്ടാകാം. കരളിന്‍റെ ചില രോഗങ്ങള്‍, അമിതാഹാരം, പാരമ്പര്യം, വ്യായാമം ഇല്ലായ്മ. മാനസിക പ്രശ്നങ്ങള്‍, ചില മരുന്നിന്‍റെ പാര്‍ശ്വഫലം തുടങ്ങിയവ കൊണ്ടും പ്രമേഹരോഗമുണ്ടാകാം.


വര്‍ദ്ധിച്ച ദാഹം, കൂടെക്കൂടെയുള്ള മൂത്രവിസര്‍ജ്ജനം, ചുണ്ട്, നാക്ക് തുടങ്ങിയ കഫപാളികള്‍ക്കു വരള്‍ച്ച, വര്‍ദ്ധിച്ച വിശപ്പ്, ക്ഷീണം, ശരീരം ശോഷിക്കല്‍ തുടങ്ങിയവയാണു പ്രമേഹത്തിന്‍റെ പ്രാഥമിക രോഗലക്ഷണങ്ങള്‍. രോഗിയുടെ മൂത്രത്തിലൂടെ പഞ്ചസാര പുറത്തുപോകുന്നു. രക്തത്തിലും പഞ്ചസാരയുടെ ലവല്‍ ഉയര്‍ന്നിരിക്കും. പ്രമേഹം പഴകുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ അധികം ഉയരാറുണ്ട്. കൂടാതെ അസറ്റോല്‍ തുടങ്ങിയ കീറ്റോണ്‍ബോഡികള്‍ കൂടി മൂത്രത്തിലൂടെ പുറത്തു പോകുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ രോഗിക്ക് ബോധക്കേട് ഉണ്ടാകാറുണ്ട്. ഇതിനെ ഡയബറ്റിക് കോമ(diabetic coma) എന്നു പറയുന്നു.


പ്രമേഹരോഗത്തിന്‍റെ തീക്ഷ്ണത, രോഗകാരണം, രോഗലക്ഷണങ്ങള്‍, ചികിത്സ എന്നിവയെ അടിസ്ഥാനമാക്കി പ്രമേഹത്തെ ടൈപ്പ് - 1, ടൈപ്പ് - 2 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.


ഒന്നാം വിഭാഗത്തില്‍പ്പെട്ട പ്രമേഹത്തെ ഇന്‍സുലിന്‍ ചികിത്സ നല്‍കിയാല്‍ മാത്രം നിയന്ത്രിച്ചു നിര്‍ത്തുവാന്‍ കഴിയുന്നു. അതുകൊണ്ട് ഈ വിഭാഗത്തില്‍പ്പെട്ട പ്രമേഹം ഇന്‍സുലിനെ ആശ്രയിക്കുന്ന പ്രമേഹം എന്ന പേരിലറിയപ്പെടുന്നു. ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പ്രമേഹത്തിന്‍റെ ചുരുക്കപ്പേരാണ് ഐ.ഡി.ഡി.എം.(IDDM). രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട പ്രമേഹം ഇന്‍സുലിന്‍ എടുക്കാതെ മറ്റു മരുന്നുകള്‍, ഗുളികകള്‍ എന്നിവകൊണ്ട് നിയന്ത്രിച്ചുനിര്‍ത്തുവാന്‍ കഴിയുന്നു. അതുകൊണ്ട് ഈ വിഭാഗത്തില്‍പ്പെട്ട പ്രമേഹം ഇന്‍സുലിന്‍ ആവശ്യമില്ലാത്ത ഡയബറ്റിസ് മെല്ലിറ്റസ് എന്ന പേരിലറിയപ്പെടുന്നു. ഈ പ്രത്യേക വിഭാഗത്തിന്‍റെ ചുരുക്കപ്പേരാണ് എന്‍.ഐ.ഡി.ഡി.എം.(NIDDM). ടൈപ്പ്-1 വിഭാഗത്തില്‍പ്പെട്ട പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് രോഗി ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ട രോഗികളില്‍ ഏറിയപേരും ചെറുപ്പക്കാരായിരിക്കും. ഇക്കൂട്ടരുടെ ശരീരഭാരം വളരെ കുറഞ്ഞുപോകുന്നു. ഇക്കൂട്ടര്‍ക്ക് വര്‍ദ്ധിച്ച പ്രതിരോധശേഷിക്കുറവുണ്ടാകുന്നു. ഇക്കൂട്ടര്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ വളരെ തീക്ഷ്ണതയുള്ളതായിരിക്കും. ടൈപ്പ് 2 വിഭാഗത്തില്‍പ്പെട്ട പ്രമേഹരോഗികളുടെ രോഗം മരുന്നുകള്‍, ഗുളികകള്‍, ആഹാരക്രമം, വ്യായാമം തുടങ്ങിയവകൊണ്ട് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ കഴിയുന്നു. മധ്യവയസ്കരിലാണ് ഇത്തരം പ്രമേഹം കണ്ടുവരാറുള്ളത്. ഇത്തരം പ്രമേഹം അമിതാഹാരം, അമിതമേദസ്, ജീവിതരീതിയിലുള്ള താളപ്പിഴകള്‍ എന്നിവ മൂലമുണ്ടാകുന്നു. ഇക്കൂട്ടര്‍ക്കു അത്രയ്ക്കു ശരീരഭാരക്കുറവുണ്ടാകുന്നില്ല.


പ്രമേഹരോഗിയുടെ രോഗനിര്‍ണ്ണയത്തിന് രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നു. രക്തപരിശോധന മൂന്നു വ്യത്യസ്ത സമയങ്ങളില്‍ നടത്തുന്നു. അവ വെറും വയറ്റിലെ പരിശോധന, ഭക്ഷണശേഷം 1 മണിക്കൂറിനുശേഷമുള്ള പരിശോധന, പ്രത്യേകസമയക്രമമൊന്നും നോക്കാതെയുള്ള പരിശോധന എന്നിവ ആകുന്നു.


പ്രമേഹം പഴകുന്നവരില്‍ വിവിധങ്ങളായ വിഷമാവസ്ഥകളുണ്ടാകുന്നു. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത് ഹൃദ്രോഹങ്ങള്‍, നാഡീരോഗങ്ങള്‍, തിമിരം, ഗ്ളൂക്കോമ, ഡയബറ്റിക് റെറ്റിനൊപ്പതി തുടങ്ങിയ നേത്രരോഗങ്ങള്‍, രക്തധമനിയുടെ രോഗങ്ങള്‍, കാലിന്‍റെ രോഗങ്ങള്‍, തലച്ചോറിന്‍റെ രോഗങ്ങള്‍ എന്നിവ ആകുന്നു. പ്രമേഹരോഗമുള്ളവരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ഈ രോഗം പിടിപെടുവാന്‍ വര്‍ദ്ധിച്ച സാധ്യതയുണ്ട്.


രോഗാരംഭത്തില്‍ തന്നെ ഈ രോഗത്തിനുള്ള ചികിത്സ ലഭ്യമാക്കേണ്ടതാണ്. ചികിത്സ സ്വീകരിക്കുന്നതിനൊപ്പം തന്നെ വ്യായാമം, ഭക്ഷണക്രമം, ജീവിതരീതി, എന്നീകാര്യങ്ങളില്‍ കൂടി രോഗികള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.


ചില പ്രമേഹരോഗികളില്‍ ബോധക്കേട,് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉണ്ടാകുന്നു. അവ

1. ചികിത്സ നിരസിക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന ബോധക്കേട്.

2. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കുന്ന രോഗികള്‍ കൃത്യമായി ഭക്ഷണം കഴിക്കാതിരുന്നാലുണ്ടാകുന്ന ബോധക്കേട് എന്നിവയാകുന്നു.


ആദ്യത്തെ വിഭാഗത്തെ ഹൈപ്പര്‍ ഗ്ലൈസീമിക് ഷോക്ക് എന്നും രണ്ടാമത്തെ വിഭാഗത്തെ ഹൈപ്പോ ഗ്ലൈസീമിക് ഷോക്ക് എന്നും വിളിക്കുന്നു.


വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട ഒരു രോഗമാണ് പ്രമേഹം. ഈ രോഗമുണ്ടായാല്‍ രോഗി യാതൊരു കാരണവശാലും ചികിത്സ നിരസിക്കരുതെന്ന് മറക്കാതിരിക്കുക.

ഡക

0

0

Featured Posts

bottom of page