top of page
ക്രൈസ്തവലോകം യേശുവിന്‍റെ പീഡാസഹനങ്ങളും മരണവും തിരുവുത്ഥാനവും സ്മരിക്കുകയും ധ്യാനിക്കുകയും അതിനോടുചേര്‍ത്ത് ജീവിതം നവീകരിക്കുകയും വിശ്വാസജീവിതം ദൃഢപ്പെടുത്തുകയും ചെയ്യുന്ന വിശുദ്ധകാലമാണ് വലിയ നോമ്പ്! ബഹുഭൂരിഭാഗം ക്രൈസ്തവരും ഒരു അനുഷ്ഠാന നൈരന്തര്യം എന്ന മട്ടില്‍ നോമ്പെടുത്തും പള്ളിയില്‍ പോയും കരിക്കുറിയണിഞ്ഞും ഓശാന കുരുത്തോല വാങ്ങിയും ചിലപ്പോള്‍ കുരിശിന്‍റെ വഴിയില്‍ പങ്കെടുത്തും കുരിശുമുത്തിയും ഈസ്റ്റര്‍ ഞായറാഴ്ച ആഘോഷ മായി നോമ്പ് മുറിച്ചും പതിവു ജീവിതത്തിലേക്ക് മടങ്ങുന്നവരാണ്. ചുരുക്കം ചിലര്‍ മാത്രം തങ്ങള്‍ ആചരിക്കുന്നവയെയും കൊണ്ടാടുന്നവയെയും കുറിച്ച് കുറച്ചെങ്കിലും ആഴത്തില്‍ ചിന്തിക്കുകയും ധ്യാനിക്കുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുമായിരിക്കും. അങ്ങനെ ചെയ്യുന്നവര്‍ക്ക്, പലപ്പോഴും തങ്ങള്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ വേദപാഠ ക്ലാസ്സില്‍ ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍ വീണ്ടും അവരെ വന്നു പിടികൂടും: 'കര്‍ത്താവ് എന്തിനു വേണ്ടിയായിരുന്നു ഇങ്ങനെ പാടുപീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചത്?'
സത്യത്തില്‍ എല്ലാക്കാലത്തെയും ദൈവ ശാസ്ത്ര ചിന്തകരെ കുഴക്കിയിട്ടുള്ള ചോദ്യം തന്നെ യാണത്. പുത്രനായ ദൈവം മനുഷ്യനായി ഈ ധരയില്‍ നമ്മോടൊപ്പം പാര്‍ത്തു. ദൈവം മനുഷ്യ പ്രകൃതി സ്വീകരിച്ച് മനുഷ്യനുമായി ഒന്നായാല്‍ ത്തന്നെ ദൈവ-മനുഷ്യ സമാഗമം അഥവാ മനുഷ്യരെ തന്നിലേക്കു ചേര്‍ക്കല്‍ സാധ്യമായി ക്കഴിഞ്ഞു. അവന്‍ പാപമില്ലാതെ, പാപമേശാതെ ജീവിച്ച് മരിച്ചാല്‍ത്തന്നെ ശത്രു പരാജയപ്പെട്ടു എന്നിരിക്കേ, എന്തിനു വേണ്ടിയായിരുന്നു ദൈവ പുത്രന്‍ ഇത്രയേറെ പീഡാസഹനങ്ങള്‍ ഏറ്റെടുത്ത് ഇത്രയും നിഷ്ഠൂരമായ മരണം കൈവരിച്ചത് എന്നാണ് ക്രിസ്തുവിജ്ഞാനീയത്തിലെ എക്കാല ത്തെയും പ്രസക്തമായ ചോദ്യം. ഈ ചോദ്യത്തിന് ദൈവശാസ്ത്രപരമായി തൃപ്തികരമായ ഉത്തരം നല്കാനാകുമ്പോഴാണ് ക്രൈസ്തവ ജീവിത ദര്‍ശനത്തിന് ആഴവും മിഴിവും ലഭിക്കുക. വിശുദ്ധ ഗ്രന്ഥം എന്തു പറയുന്നു എന്നാണ് നാം ആദ്യം നോക്കേണ്ടത്.
വി. ഗ്രന്ഥരചയിതാക്കള്‍ ഈ ചോദ്യത്തിന് നല്കുന്ന ഉത്തരങ്ങള്‍ പലവിധമാണ്. ദൈവനിവേശിതരായ വ്യക്തികളാല്‍ എഴുതപ്പെട്ടവയാണ് തിരുലിഖിതങ്ങള്‍. അവ കാലദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രത്യേകതകളും രചയിതാക്കളുടെ സാമൂഹിക-സാംസ്കാരിക പരിസരങ്ങളും അവര്‍ മനസ്സിലാക്കിയതും ഉള്‍ക്കൊണ്ടതുമായ ദൈവ ശാസ്ത്ര ഉള്‍ക്കാഴ്ചകളും നിലപാടുകളും ആര്‍ക്കുേ വണ്ടിയാണോ അവര്‍ രചന നടത്തിയത് (target audience), അവരുടെ പശ്ചാത്തലങ്ങളും അവയെ സ്വാധീനിച്ചിരുന്നു എന്ന് നാമിന്ന് തിരിച്ചറിയുന്നുണ്ട്. ഉദാഹരണത്തിന് ഹെബ്രായര്‍ക്കുള്ള ലേഖനം അതിന്‍റെ പേരു വ്യക്തമാക്കുന്നതുപോലെതന്നെ യഹൂദ ജനതയെ മുന്നില്‍ക്കണ്ടു കൊണ്ട് അവരുടെ 'ഭാഷ'യില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍, പ്രസ്തുത ലേഖനത്തില്‍ യാഗത്തിന്‍റെയും പാപപരിഹാരബലിയുടെയും ബലിമൃഗമായ കുഞ്ഞാടിന്‍റെയും പൗരോഹിത്യത്തിന്‍റെയും ഭാഷയും ഇമേജറിയുമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നു കാണാം. പൗരോഹിത്യത്തിനും യാഗങ്ങളിലും പാപപരിഹാരബലികളിലും നിയമാ നുഷ്ഠാനങ്ങളിലും ആണ്ടുകിടന്ന ജനതയോട് സംവേദിക്കാന്‍ അവരുടെ ഭാഷ ഉപയോഗപ്പെടുന്നു എന്നു മാത്രമേ അതിനര്‍ത്ഥമുള്ളൂ.
ചരിത്രപരമായി ഏറ്റവും ആദ്യം എഴുതപ്പെട്ട അന്ത്യ അത്താഴ വിവരണം കോറിന്തോസുകാര്‍ക്കുള്ള പൗലോസിന്‍റെ ഒന്നാം ലേഖനത്തിലേതാണ് (11:23 ff). അവിടെ കാണുന്ന വി. കുര്‍ബാനയുടെ സ്ഥാപനവിവരണം ഏറ്റവും ലളിതമാണ്. ലൂ ക്കായും സുവിശേഷം എഴുതുമ്പോള്‍ വി. കുര്‍ബാന സ്ഥാപനവിവരണം ലളിതമായ രീതിയില്‍ 'പകു ത്തു നല്കപ്പെടുന്ന മാംസവും ഉടമ്പടിയുടെ രക്തവും' എന്ന നിലയിലാണ് പ്രതിപാദിക്കുന്നത്. യഹൂദ ജനതയെയും യഹൂദ ജനതയില്‍ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുമായവരെ മുന്നില്‍ക്കണ്ടുകൊണ്ടാണ് മത്തായി സുവിശേഷം എഴുതുന്നത്. യഹൂദ വിശ്വാസത്തിന്‍റെ ബിംബങ്ങളാണ് (imagery)അതില്‍ മുഴുവന്‍. അന്ത്യ അത്താഴ വേളയില്‍ മത്തായിയുടെ സുവിശേഷത്തില്‍ മാത്രം കൃത്യമായി 'പാപമോചനത്തിനായി' ചിന്തപ്പെടുന്നതാണ് യേശുവിന്‍റെ രക്തം.
യോഹന്നാന്‍റെ സുവിശേഷത്തില്‍ തെളിയുന്ന ക്രിസ്തുവിജ്ഞാനീയം 'ഏജന്‍റ് ക്രിസ്റ്റോളജി'യാ ണെന്നാണു പറയുക. വിജയം വരിക്കുന്നതിനായി അവന്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയാണ്. ലോകത്തിന്‍റെയും മരണത്തിന്‍റെയും മേലുള്ള അന്തിമമായ വിജയം നേടുക എന്നതാണ് അവന്‍ ഇത്തരം മരണത്തിന് സ്വയം സമര്‍പ്പിക്കുന്നതിന് അവിടെയുള്ള പ്രേരകം. യേശുവിന്‍റെ ദാരുണമായ മരണം അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ പുസ്തക പ്രകാരം മുന്‍കൂട്ടിയുള്ള ദൈവിക നിശ്ചയപ്രകാരമാണ്. ഗലാത്തിയ ലേഖനം 6 - ല്‍ ചുരുള്‍ നിവരുന്ന പൗലോസിന്‍റെ ദര്‍ശന പ്രകാരം 'പിതാവിനോടുള്ള അനുസരണം' ആണ് യേശുവിന്‍റെ ദാരുണ മരണത്തിന്‍റെ ആധാരം. ഇങ്ങനെ, യേശുവിന്‍റെ അതിദാരുണമായ മരണം എന്തുകൊണ്ടായിരുന്നു എന്നതിന് പുതിയനിയമഗ്രന്ഥങ്ങളില്‍ നിന്ന് പലവിധങ്ങളായ കാരണങ്ങളാണ് നമുക്കു കണ്ടെത്താന്‍ കഴിയുക.
ആദിമകാല സഭാപിതാക്കന്മാരും വിവിധ നിലപാടുകള്‍ എടുത്തതായാണ് കാണുന്നത്. പാശ്ചാത്യ സഭാ പിതാക്കന്മാര്‍ പൊതുവേ പാപപരിഹാരാര്‍ത്ഥം (atonement theory) അവന്‍ മരണം വരിച്ചതായി വിശദീകരിച്ചപ്പോള്‍ പൗരസ്ത്യപിതാക്കന്മാര്‍ 'പാപപരിഹാര'ത്തിന് അത്രയും ഊന്നല്‍ നല്കുന്നതായി കാണുന്നില്ല. വി. അംബ്രോസ് (+ 397) മനുഷ്യ പാപത്തെ ലഘൂകരിച്ചു കളഞ്ഞു എന്ന് വിമര്‍ശകര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തും വിധം "Felix Culpa' (സന്തോഷകരമായ പാപം) എന്നു പറയുന്നുണ്ട്. നമ്മെ ഇത്രകണ്ട് സ്നേഹിക്കാന്‍ ഇട നല്കും വിധം ദൈവകുമാരനെ താഴേക്ക് ഇറക്കി ക്കൊണ്ടുവന്നത് ആദത്തിന്‍റെ പാപമായിരുന്നു എന്നു പറയുന്നിടത്താണ് ആദിപാപത്തോട് നന്ദി പറയും പോലെ 'സന്തോഷകരമായ പാപം' എന്നദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. പൗരസ്ത്യ പിതാവായ ക്രിസോസ്റ്റം ആണ് ഒരു പക്ഷേ ആദ്യമായി 'ഇര വാദം' അവതരിപ്പിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാത്താനെ കുടുക്കുന്നതിനായി ദൈവം ഉപയോഗിച്ച ഇരയായിരുന്നു തന്‍റെ പുത്രന്‍. പിശാച് എല്ലാ മനുഷ്യരെയും എന്ന പോലെ മരണത്തിലൂടെ ഈ മനുഷ്യനെയും വിഴുങ്ങി. എന്നാല്‍, അവന്‍ മനുഷ്യന്‍ മാത്രമായിരുന്നില്ല. ദൈവം കൂടിയായിരുന്ന അവന്‍ അതാ മരണ വക്ത്രത്തില്‍ നിന്ന് രക്ഷപെട്ട് അപ്പുറം ജീവനോടെ! (യോനായുടെ അടയാളം: മത്താ. 12:39). മരണത്തിന്‍റെമേല്‍ വിജയം വരിക്കാന്‍ യേശു കുരിശും വഹിച്ചുകൊണ്ട് പോയത് വിജയാളി ട്രോഫിയും വഹിച്ചുകൊണ്ട് പോകും പോലെയായിരുന്നു എന്നാണ് ക്രിസോസ്റ്റം പറയുന്നത്. 'പാപപരിഹാ രബലി' എന്ന ചിന്തയെ സാമാന്യേന നിലനിര്‍ത്തുമ്പോള്‍ത്തന്നെ, വി. ആഗസ്തീനോസും സമാനമായ ഒരു ഉപമയാണ് ഉപയോഗിക്കുന്നത്. സാത്താന്‍ എന്ന എലിയെ പിടിക്കാന്‍ ദൈവം ഒരുക്കിയ എലിക്കെണിയായിരുന്നു കുരിശ് എന്നദ്ദേഹം പറയുന്നുണ്ട്. ആ എലിക്കെണിയില്‍ പിതാവ് വച്ച തേങ്ങാപ്പൂളായിരുന്നു യേശു. സാത്താന്‍ വീണു. ഇര മഹത്വത്തോടെ മാറിനിന്ന് ചിരിച്ചു! 'മരണമേ നിന്‍റെ ദംശനമെവിടെ' എന്ന് പൗലോസും പരിഹസിക്കുന്നുണ്ടല്ലോ!
പൗരസ്ത്യ പിതാക്കന്മാരുടെ ചിന്തകള്‍ക്ക് ഒത്തിരി വേരോട്ടം കിട്ടാതിരുന്നതിനാല്‍, ഇങ്ങനെ തെന്നിയും മറിഞ്ഞും 'പാപപരിഹാരം' എന്ന ചിന്ത ആദ്യ സഹസ്രാബ്ദം മുഴുവന്‍ നിലനിന്നു. കാന്‍റര്‍ബറിയിലെ വി. ആന്‍സലം (+1109) ആണ് ദൈവസ്നേഹത്തെയും പരിഹാരം ചെയ്യാനുള്ള മനുഷ്യന്‍റെ ആവശ്യത്തെയും കൂട്ടിയിണക്കിക്കൊണ്ട് Cur Deus Homo എന്ന തന്‍റെ ഗ്രന്ഥത്തിലൂടെ യേശുവിന്‍റെ മരണം മനുഷ്യനു വേണ്ടിയുള്ള പാപപരിഹാര ബലിയായിരുന്നു എന്ന് സമര്‍ത്ഥിച്ചത്.
അസ്സീസിയിലെ വി. ഫ്രാന്‍സിസും (1182 -1226) കലെറൂഗയിലെ വി. ഡോമിനിക്കും (1170-1221) സമകാലികരും സുഹൃത്തുക്കളുമായിരുന്നു. രണ്ടു പേരും ഏതാണ്ട് സമാനമായ രണ്ട് സന്ന്യാസ സമൂഹങ്ങള്‍ക്കു ജന്മം നല്കി. രണ്ടുപേരും കൊവേന്തയുടെ ആവൃതി വിട്ട് ലോകത്തിലേക്ക് ഇറങ്ങുന്ന തരത്തിലാണ് തങ്ങളുടെ നിയമാവലിക്ക് രൂപം നല്കിയത്. രണ്ടു സമൂഹങ്ങളും സുവിശേഷ പ്രസംഗത്തിന് പ്രാമുഖ്യം നല്കി. എന്നാല്‍, ഇരട്ട പെറ്റ സഹോദരങ്ങള്‍ക്കിടയില്‍ എന്ന പോലെ ആരോഗ്യകരമായ ഒരു മത്സരബുദ്ധി ഈ രണ്ട് ഭിക്ഷാടക സമൂഹങ്ങള്‍ക്ക്(mendicant orders) ഇടയില്‍ നിലനിന്നു. വി. ഫ്രാന്‍സിസിനെക്കുറിച്ച് പറഞ്ഞാല്‍, അദ്ദേഹത്തിന്‍റെ ദൈവശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളും ലോകത്തോടും പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സമീപനങ്ങളും ഏറെ വിപ്ലവാത്മകങ്ങളായിരുന്നു. എല്ലാവരും എപ്പോഴും പറയാറുള്ളതുപോലെ അദ്ദേഹത്തിന്‍റെ ആത്മീയത ക്രിസ്തുവിനും ക്രിസ്തുവഴി പരിശുദ്ധ ത്രിത്വത്തിനും ഊന്നല്‍ നല്കുന്നതായിരുന്നു. ക്രിസ്തുവിന്‍റെ മനുഷ്യാവതാരം, കുരിശുമരണം, ദിവ്യകാരുണ്യ സാന്നിധ്യം (crib, cross, ciboriam) എന്നീ മൂന്നു കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ ധ്യാനബിന്ദുക്കള്‍. ദൈവശാസ്ത്രത്തില്‍ അദ്ദേ ഹത്തിന് ഔപചാരികമായ ശിക്ഷണം ലഭിച്ചിരുന്നില്ല. ദൈവ വചനം അദ്ദേഹത്തിന് ഏറെ പ്രധാനമായിരുന്നു. ദൈവവചനത്തിലൂന്നിയ ആഴമാര്‍ന്ന ദൈവിക രഹസ്യ ധ്യാനത്തിലൂടെയാണ് അദ്ദേഹം വിശുദ്ധമായ ദൈവികജ്ഞാനം നേടുന്നത്. ചുറ്റിലും ദൈവകൃപ തിരിച്ചറിയുകയും ആരെയും വിധിക്കാതെ ആദരവോടും സഹാനുഭൂതിയോടും കൂടിയും സര്‍വ്വ ജീവജാലങ്ങളോടും സാഹോദര്യത്തിലും ജീവിക്കുകയുമായിരുന്നു അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം. നമുക്കു ചുറ്റിലും ദൈവസ്നേഹമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പൊതുവേ, പൗരസ്ത്യമായ ചിന്താരീതിയാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര. ദൈവസ്വരത്തിന് നിരന്തരം കാതോര്‍ത്തതിനാലാവണം, അദ്ദേഹം പ്രവാചക തുല്യം സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് തുലോം വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തത്. 'ദൈവത്തിന്‍റെ ദാരിദ്ര്യം' (Poverty of God) 'ദൈവത്തിന്‍റെ എളിമ' (Humility of God) എന്നിവ ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിസിന്‍റെ ദൈവദര്‍ശനത്തിലെ ഊന്നലുകളായിരുന്നു.
എന്തിനുവേണ്ടിയാണ് ഇവിടെ ഫ്രാന്‍സിസിനെക്കുറിച്ച് പറയുന്നത് എന്നു സംശയിക്കാം. മധ്യശതകങ്ങളുടെ ഉച്ചസ്ഥായി ഘട്ടം മുതല്‍ തിരുസഭയെയും വിശ്വാസജീവിതത്തെയും ഏറ്റവും സ്വാധീനിച്ചിട്ടുള്ള രണ്ട് സമകാലിക മുന്നേറ്റങ്ങളായിരുന്നു (movements) ഡോമിനിക്കന്‍ - ഫ്രാന്‍സിസ്കന്‍ സന്ന്യാസ മുന്നേറ്റങ്ങള്‍. രണ്ടു സന്ന്യാസ മുന്നേറ്റങ്ങളും എണ്ണത്തിലും ജനസ്വാധീനത്തിലും പെട്ടെന്ന് വളര്‍ന്നു. രണ്ടു പേരുടെയും തലയെടുപ്പുള്ള രണ്ടു ശിഷ്യന്മാര്‍ ഏതാണ്ട് ഒരേ സമയം ദൈവശാസ്ത്രം പഠിക്കാന്‍ പാരീസ് സര്‍വ്വകലാശാ ലയിലെത്തി. തോമസ് അക്വിനാസും (1225 -1274) ബോനവെഞ്ചറും (1221- 1274). രണ്ടു പേരും മിടുമിടുക്കര്‍. ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്റ്റോട്ടിലിന്‍റെ ചിന്തകളെയും ദാര്‍ശനിക തത്ത്വങ്ങളെയും ക്രൈസ്തവ ദൈവശാസ്ത്രത്തിന് ആധാരമാക്കാമെന്ന് മനസ്സിലാക്കി, ആ വഴിക്ക് ആദ്യമായി സഞ്ചരിച്ചുകൊണ്ടിരുന്ന ജര്‍മ്മന്‍ ഡോമിനിക്കന്‍ (വി.) ആല്‍ബര്‍ട്ട് ദ ഗ്രേറ്റ് ആയിരുന്നു അവിടെ ദൈവശാസ്ത്ര ചെയറിന്‍റെ മേധാവി. അദ്ദേഹത്തിനു കീഴിലായിരുന്നു തോമസിന്‍റെ പഠനം. പ്രഗത്ഭനായ മറ്റൊരു ആചാര്യന്‍ ഇംഗ്ലീഷ് ഫ്രാന്‍സിസ്കന്‍ അലക്സാണ്ടര്‍ ഹേല്‍സിന്‍റെ മാനസിക ശിഷ്യത്വത്തിലായിരുന്നു ബോനവെഞ്ചറിന്‍റെ തുടക്കം. പിന്നീട് ഫ്രഞ്ച് ഫ്രാന്‍സിസ്കന്‍ ജോണ്‍ റൊഷെല്ലേയുടെ കീഴിലായി അദ്ദേഹം പഠനം പൂര്‍ത്തിയാക്കി. ആഗസ്തീനോസിന്‍റെയും ആന്‍സലമിന്‍റെയും ആശയങ്ങള്‍ ആദ്യകാലത്ത് തോമസിനെയും ബോനവെഞ്ചറിനെയും സ്വാധീനിച്ചിരുന്നു. ആല്‍ബര്‍ട്ടിനുശേഷം തോമസ് ദൈവശാസ്ത്ര ചെയറിന്‍റെ അധ്യക്ഷനും അതേപോലെ ബോനവെഞ്ചര്‍ ഫ്രാന്‍സിസ്കന്‍ ചെയറിന്‍റെ അധ്യക്ഷനുമായി ഒരേ സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചു. ഏഴു വര്‍ഷത്തോളം അവര്‍ ഒരുമിച്ചാണ് ജീവിച്ചതു പോലും. അപ്പോഴേക്കും രണ്ടു പേരും ഏറെ പ്രശസ്തരായിക്കഴിഞ്ഞിരുന്നു. ഈ രണ്ടു പേരില്‍ നിന്നായി ക്രമേണ രണ്ട് വ്യത്യസ്ത ചിന്താപദ്ധതികള്‍ ഉടലെടുത്തു. ഡോമിനിക്കന്‍ സ്കൂള്‍ എന്നും ഫ്രാന്‍സിസ്കന്‍ സ്കൂള്‍ എന്നും അവ അറിയപ്പെട്ടു.
നേരത്തേ സൂചിപ്പിച്ചതുപോലെ, ഗ്രീക്ക് തത്ത്വ ചിന്തകനായ അരിസ്റ്റോട്ടിലിന്‍റെ തത്ത്വചിന്ത യായിരുന്നു ദൈവശാസ്ത്ര വിശദീകരണത്തിനായി തോമസ് തിരഞ്ഞെടുത്തത്. അന്നു മുതലേ അതിലെ വിവിധങ്ങളായ സങ്കല്പനങ്ങളെക്കുറിച്ച് വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നു. എങ്കിലും, താര്‍ക്കികതക്കും യുക്തിഭദ്രതക്കും മുന്‍തൂക്കം കൊടുത്ത തോമസ് അക്വിനാസിന്‍റെ ദൈവശാസ്ത്ര പരികല്പനകള്‍ ഭൂരിഭാഗം പേര്‍ക്കും ബോധിക്കുകയും ജന കോടികളെ സ്വാധീനിക്കുകയും ചെയ്തു. മാര്‍പാപ്പാ മാര്‍ തോമസ് അക്വിനാസിന്‍റെ താര്‍ക്കിക തത്ത്വശാസ്ത്രത്തെയും അതിന്മേല്‍ അസ്ഥിവാരമിട്ട ദൈവശാസ്ത്രസരണിയെയും ശ്ലാഘിക്കുക മാത്രമല്ല, അതിനെ സഭയുടെ ഔദ്യോഗിക ദൈവശാസ്ത്രമാക്കി പ്രഖ്യാപിക്കുകയും ചെയ്തു. അന്നു മുതല്‍ ഇന്നോളം സഭയുടെ ദൈവശാസ്ത്ര വിശദീ കരണങ്ങള്‍ തോമിസ്റ്റ് ധാരയിലുള്ളവയാണ്. ലോകമെമ്പാടുമുള്ള സെമിനാരികളില്‍ ഇന്നോളം പഠിപ്പിക്കപ്പെടുന്നത് തോമിസ്റ്റ് ഫിലോസഫിയും തിയോളജിയുമാണ്.
ബൊനെവെന്തൂരാ അഥവാ ബോനവെഞ്ചര്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസ സഭയുടെ ജനറല്‍ മിനിസ്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ഫ്രാന്‍സിസ്കന്‍ സമൂഹത്തിന്‍റെ രണ്ടാം സ്ഥാപകന്‍ എന്നുകൂടി അറിയപ്പെടുകയും ചെയ്തു. താമസിയാതെ അദ്ദേഹം മെത്രാനായും കര്‍ദ്ദിനാളായും നിയമിതനായി. നേരത്തേ സൂചിപ്പിച്ചതുപോലെ സതീര്‍ത്ഥ്യരും സഹാധ്യാപകരും പരസ്പരം വിയോജിപ്പുകളുള്ള പണ്ഡിതരും ലോകം ബഹുമാനിക്കുന്ന ദൈവശാസ്ത്രജ്ഞരും സര്‍വ്വോപരി വിശുദ്ധരും ആയിരുന്ന ഈ മഹാപ്രതിഭകള്‍ ഒരേ വര്‍ഷം മൂന്നു മാസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചത് (രണ്ടു പേരും വിഷം കൊടുത്ത് കൊല്ലപ്പെട്ടതാണ് എന്ന് തീരെ സ്ഥിരീകരിക്കാനാവാത്ത കിംവദന്തികള്‍ നിലവിലുണ്ട്). എന്തായാലും അവര്‍ രണ്ടു പേരെയും (പാശ്ചാത്യ) സഭ വിശുദ്ധരായി പ്രഖ്യാപിക്കുക മാത്രമല്ല വേദപാരംഗതരായി വണങ്ങുകയും ചെയ്യുന്നു (സഭയില്‍ ആയിരക്ക ണക്കിന് വിശുദ്ധര്‍ ഉണ്ടെങ്കിലും ഇന്നോളം 37 പേരെ മാത്രമേ Doctors of the Church പദവി നല്കി റോമന്‍ സഭ വണങ്ങുന്നുള്ളൂ. തങ്ങളുടെ പ്രബോധനങ്ങളിലൂടെയോ എഴുത്തുകളിലൂടെയോ ദൈവശാസ്ത്രപരമായ വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ള വരെയാണ് സഭ വേദപാരംഗതരായി ആദരിക്കുന്നത്). വി. അക്വിനാസ് അറിയപ്പെടുന്നത് 'ഏയ്ഞ്ചലിക് ഡോക്ടര്‍' (മാലാഖയെപോലുള്ള ഡോക്ടര്‍) എന്നാണെങ്കില്‍ വി. ബോനവെഞ്ചര്‍ അറിയപ്പെടുന്നത് 'സെറാഫിക് ഡോക്ടര്‍' (സെറാഫ് മാലാഖയെപോലുള്ള ഡോക്ടര്‍) എന്നാണ്. ഏറ്റവും ദൈവസ്നേഹമുള്ള മാലാഖഗണമായാണ് സെറാഫുകള്‍ അറിയപ്പെടുന്നത്. ഈ രണ്ടു പേരുടെ പേരിലാണ് റോമിലെ 'ആഞ്ജലിക്കൂം' 'സെറാഫിക്കൂം' എന്നീ രണ്ട് സര്‍വകലാശാലകള്‍ ഉള്ളത്.
വി. തോമസ് അക്വിനാസിന്‍റെ കാഴ്ചപ്പാടനുസരിച്ച് ദൈവം മനുഷ്യനാകുന്നത് അഥവാ മനുഷ്യാവതാരം തന്നെ ആദം പാപം ചെയ്ത് മനുഷ്യകുലം പാപത്തിന് അടിപ്പെട്ടതിനാല്‍ മനുഷ്യകുലത്തെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ആദം പാപം ചെയ്തില്ലായിരുന്നെങ്കില്‍ മനുഷ്യാവതാരം ആവശ്യമായിരുന്നില്ല. ദൈവത്തിന്‍റെ മനുഷ്യാവതാരം മനുഷ്യരുടെ പാപപരിഹാരാര്‍ത്ഥം ആയിരുന്നു. മനുഷ്യകുലത്തിനു മുഴുവന്‍ വേണ്ടിയുള്ള പാപപ രിഹാര ബലി ആയതിനാല്‍ യേശുവിന് ദാരുണമായ മരണം ആവശ്യമായി വന്നു.
എന്നാല്‍, പല പൗരസ്ത്യ പിതാക്കന്മാരുടെയും പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ വി. ബോനവെഞ്ചറിന്‍റെയും അദ്ദേഹത്തെത്തുടര്‍ന്ന് പാരീസ് സര്‍വകലാശാലയിലെ ഫ്രാന്‍സിസ്കന്‍ ചെയറിന്‍റെ മേധാവിയായി തീര്‍ന്ന മറ്റൊരു മഹാരഥനായ (വാ.) ജോണ്‍ ഡണ്‍ സ്കോട്ടസിന്‍റെയും (1265 1308. ഇദ്ദേഹത്തിന്‍റെ പ്രശസ്തമായ തീസീസിനെ ത്തുടര്‍ന്നാണ് "മാതാവിന്‍റെ അമലോത്ഭവം' ഒരു വിശ്വാസ സത്യമായി തിരുസഭ പ്രഖ്യാപിച്ചത്) ദൈവശാസ്ത്ര വാദഗതിയനുസരിച്ച്: ദൈവം പരമമായ നന്മയാണ്. പരമമായ നന്മ എന്നാല്‍ സ്നേഹം തന്നെയാണ്. തന്‍റെ സ്നേഹത്തില്‍ നിന്നാണ് ദൈവം സര്‍വ്വതും സൃഷ്ടിക്കുന്നത്. ദൈവം സൃഷ്ടി നടത്തുന്നതു തന്നെ സ്നേഹിക്കാനാണ്. സൃഷ്ടി മുഴുവന്‍ നടക്കുന്നത് പുത്രനിലൂടെയാണ് (കൊളോ. 1:16). ദൈവം തന്‍റെ ഛായയും സാദൃശ്യവും നല്കി മനുഷ്യരെ സൃഷ്ടിക്കുന്നത് സ്നേഹാധിക്യം മൂലമാണ്. അവിടെ മനുഷ്യനു നല്കുന്ന ഛായ തന്‍റെ പുത്രന്‍റേതാണ്. പുത്രനാണ് സൃഷ്ടിയുടെ മകുടം (ആദമോ നമ്മളോ അല്ല). സ്നേഹത്തില്‍ നിന്ന്, പുത്രനിലൂടെ പുത്രനു വേണ്ടിയാണ് പിതാവ് സൃഷ്ടി നടത്തുന്നത് എന്നതിനാല്‍, സ്നേഹത്തില്‍ ഒന്നാകുക എന്നതു തന്നെയായിരുന്നു സൃഷ്ടികര്‍മ്മത്തിന്‍റെ ഉദ്ദേശ്യം (യോഹ. 17:21). അതിനാല്‍, മനുഷ്യകുലം പാപം ചെയ്താലും ചെയ്തില്ലെങ്കിലും ദൈവം മനുഷ്യനോട് ഒന്നാകാന്‍ മനുഷ്യാവതാരം ചെയ്യുമായിരുന്നു. തന്നില്‍താനായ ദൈവത്തെ ബാഹ്യമായ യാതൊന്നും നിശ്ചയിക്കുന്നോ നിര്‍ണ്ണയിക്കുന്നോ ഇല്ല. ആദം പാപം ചെയ്തു എന്നു കരുതി ദൈവത്തില്‍ മാറ്റം വരുന്നില്ല. ദൈവത്തില്‍ മാറ്റം വരുത്താന്‍ സൃഷ്ടി ക്കോ സൃഷ്ടിയുടെ ഏതെങ്കിലും പ്രവൃത്തിക്കോ സാധ്യമല്ല.
ദൈവപുത്രനായ ക്രിസ്തു അതിനാല്‍ ചരിത്രത്തിന്‍റെ ഇടയ്ക്ക് കയറി വരുന്നവന്‍ മാത്രമല്ല. അവനാണ് ആദി. അവനാണ് അന്ത്യം. അവനാണ് മദ്ധ്യ വും. ക്രിസ്തു വിശ്വസാന്നിധ്യമാണ്. ഇക്കാരണത്താല്‍ മനുഷ്യന്‍റെ പാപത്തിനല്ല പ്രാമുഖ്യം, മറിച്ച് ദൈവത്തിന്‍റെ സ്നേഹത്തിനും ദൈവത്തിന്‍റെ പദ്ധതിക്കുമാണ് പ്രാമുഖ്യം. ദൈവത്തിന്‍റെ ഇഷ്ടമായിരുന്നു മനുഷ്യരെ ആശ്ലേഷിക്കുക എന്നതും മനുഷ്യരാല്‍ ആശ്ലേഷിക്കപ്പെടുക എന്നതും. ഫ്രാന്‍സിസിന്‍റെ ചിന്തയെ ബോനവെഞ്ചറും ബോനവെഞ്ചറിന്‍റെ ചിന്തയെ സ്കോട്ടസും അതിനെ മറ്റനേകം പേരും പൂര്‍ത്തിയാക്കുന്നത് അങ്ങനെയാണ്.
ആദിമകാലത്തെ ചിന്തയനുസരിച്ച് മനുഷ്യ കുലം പാപത്തിന് അടിപ്പെട്ടതിനാല്‍ സാത്താന് അവകാശപ്പെട്ടതായി മാറി. അതിനാല്‍, മനുഷ്യരെ 'വീണ്ടെടുക്കണ' മെങ്കില്‍ മോചനദ്രവ്യം കൊടുക്കണം (Ransom theory). സാത്താന് ആണ് അത് കൊടുക്കേണ്ടത്. ചുരുക്കത്തില്‍ പാപപരിഹാരാര്‍ത്ഥമുള്ള ക്രിസ്തുവിന്‍റെ ദാരുണ മരണം സാത്താനു കൊടുക്കേണ്ട കപ്പം ആയിരുന്നു. ദൈവം തന്‍റെ സ്നേഹത്തില്‍ നിന്ന് സൃഷ്ടിച്ച സൃഷ്ടിയെ തുടര്‍ന്നും സ്നേഹിക്കാന്‍ സാത്താന്‍റെ അനുവാദം വേണ്ട എന്നതിനാല്‍ ഈ ചിന്ത നിലനില്ക്കില്ല എന്നു കണ്ടാണ് പിന്നീട് ചിന്തകര്‍ മറ്റൊരു ചിന്തയിലേക്കു നീങ്ങിയത്. മനുഷ്യര്‍ പാപം ചെയ്തു ദൈവത്തെ ദ്രോഹിച്ചു. പാപം പെറ്റുപെരുകി ഭൂമി നിറഞ്ഞു. സൃഷ്ടിയായ മനുഷ്യന് ഒരിക്കലും ദൈവവുമായുള്ള ഐക്യം വീണ്ടെടുക്കാനാവില്ല. അതിനാല്‍, ദൈവപുത്രന്‍ തന്നെ മനുഷ്യനായി അവതരിച്ച് പീഡകള്‍ സഹിച്ച് മരിച്ച് ദൈവത്തോടു മാനവകുലത്തെ അനുരഞ്ജനപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ പുത്രന്‍റെ പാപപരിഹാര ബലി പിതാവിനു വേണ്ടിയാണ്. പുത്രന്‍റെ രക്തരൂക്ഷിതമായ സ്വയം ബലിയില്ലാതെ മനുഷ്യകുല ത്തോട് പൊറുക്കാത്ത ഒരു ദൈവത്തെയാവും ഇത്തരം ചിന്ത വരച്ചിടുക. അതുകൊണ്ടാണ് മറ്റൊരു വിശദീകരണം വേണ്ടി വന്നത്. സൃഷ്ടിയുടെ വേളയില്‍ ദൈവം ചില നീതികളെ പ്രപഞ്ചത്തില്‍ സ്ഥാപിക്കുന്നുണ്ട്. മനുഷ്യര്‍ പാപം ചെയ്തതിനാല്‍ നീതിയുടെ തത്ത്വമനുസരിച്ച് ദൈവത്തിന് അവരുടെമേല്‍ അവകാശമില്ല. അവര്‍ ദൈവമേഖലയ്ക്ക് വെളിയിലാണ്. അതിനാല്‍ ദൈവംതന്നെ മനുഷ്യനായി പാടുപീഡ സഹിച്ച് മരിച്ച് തന്‍റെ വില യറ്റ രക്തം ചിന്തി താന്‍തന്നെ സ്ഥാപിച്ച നീതിയെ തൃപ്തിപ്പെടുത്തേണ്ടിയിരുന്നു (Restitution theory) വേലീൃ്യ). ഈ വാദവും 'രക്തം ചിന്താതെ പാപമോചനമില്ല' എന്ന യഹൂദ വിശ്വാസത്തിന്‍റെ ഉത്പന്നമായിരുന്നു. ചെമ്മരിയാടുകളെയും കോലാടുകളെയും കാളക്കിടാങ്ങളെയും കൊന്ന് പാപപരിഹാരബലി നടത്തിക്കൊണ്ടിരുന്ന യഹൂദ ജനതയുടെ സാമൂഹിക-മത പശ്ചാത്തലത്തിലാണ് തന്‍റെ പരസ്യ ജീവിതകാലത്ത് യേശു പലരോടും 'നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു' എന്ന് പറയുന്നത്. ഒരു ബലിമൃഗത്തെ കൊന്ന് രക്തം ചിന്താതെ എങ്ങനെയാണ് ദൈവത്തിന് പാപം ക്ഷമിക്കാന്‍ കഴിയുക എന്നതാണ് അവര്‍ക്ക് മനസ്സിലാകാതിരുന്നത്. ഭൂമിയില്‍ മനുഷ്യപുത്രന് പാപമോചനാധികാരം ഉണ്ട് എന്നാണ് യേശുവിന്‍റെ പ്രഖ്യാപനം.
അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ഉള്‍ക്കാഴ്ചയനുസരിച്ച് ദൈവം വിനയമാണ്. (പൗലോസ് ശ്ലീഹാ എഴുതുംപോലെ: 'ഒരേ കാര്യങ്ങള്‍ ചിന്തിച്ചു കൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായിക്കണം: ചുരുക്കത്തില്‍ സ്നേഹവും ഐക്യവും വേണം. താഴ്മ വേണം. കാരണം ക്രിസ്തുവും താഴ്മയായിരുന്നു. അങ്ങേയറ്റം താഴ്ത്തിയതിനാലാണ് ദൈവം അവനെ ഉയര്‍ത്തിയത് (ഫിലി. 2:1-11). ക്രിസ്തു ദൈവ പ്രകൃതിയെ പ്രതിഫലിപ്പിച്ചവനും ദൈവ പ്രകൃതിയെ വെളിപ്പെടുത്തിയവനുമായിരുന്നു). സ്നേഹം സ്വയം ദാനമായതിനാലാണ് സ്നേഹം സ്വയം ശൂന്യവല്ക്കരണവുമാകുന്നത്. അതു കൊണ്ടു തന്നെയാണ് ദൈവം ദാരിദ്ര്യം ആകുന്നതും (മത്താ. 19:21).
ദൈവപുത്രന്‍ ദാരുണമായ പീഡകള്‍ സഹിച്ച് മരിക്കുവാന്‍ സ്വയം വിട്ടുകൊടുക്കുന്നത് നമ്മോടുള്ള അവന്‍റെ അതിരറ്റസ്നേഹത്താലായിരുന്നു. എന്നാല്‍ത്തന്നെയും ഇപ്പുറത്തുനിന്ന് ചിന്തിക്കുമ്പോള്‍, ദൈവപുത്രന്‍ ദാരുണമായ മരണം സ്വീകരിക്കേണ്ടിവരുന്നത് തീര്‍ച്ചയായും മനുഷ്യ കുലത്തിന്‍റെ പാപം മൂലമായിരുന്നു. ഏറ്റവും മൂര്‍ത്തമായി നാം അവിടെ പാപത്തെ കാണുന്നത് അവനോടുള്ള യഹൂദമത നേതൃത്വത്തിന്‍റെ എതിര്‍പ്പിലും വെറുപ്പിലാണ്, അവരുടെ സ്വാര്‍ത്ഥതയിലാണ്, അവനെ ക്രൂശിക്കുക എന്ന് വിളിച്ചു പറയുകയും പറയിക്കുകയും ചെയ്യുന്നവരുടെ പകയിലും ക്രോധത്തിലുമാണ്, അവന്‍ ചോദ്യം ചെയ്ത അവരുടെ വിശ്വാസ സംഹിതയുടെ ക്ഷമാരാഹിത്യത്തിലാണ്, അവരില്‍ ചിലരുടെ അസൂയയിലാണ്, തന്‍റെ അധികാരസ്ഥാനം നിലനിര്‍ത്താനുള്ള പീലാത്തോസിന്‍റെ സ്വാര്‍ത്ഥതയിലാണ്, തങ്ങളുടെ കൈയില്‍ കിട്ടുന്ന എല്ലാവരോടും പട്ടാളക്കാര്‍ കാട്ടുന്ന കാരണമില്ലാത്ത ഹിംസയിലാണ്, നേരും നെറിവുമില്ലാത്ത ആള്‍ക്കൂട്ടത്തിന്‍റെ കൊലവെറിയി ലാണ്... അവരിലൂടെയെല്ലാം നാമെല്ലാവരും അവിടെ സന്നിഹിതരുമായിരുന്നു. അതിനാല്‍, നമ്മളെല്ലാം അടങ്ങുന്ന മനുഷ്യകുലത്തിന്‍റെ പാപങ്ങളാലാണ് അവന്‍ അതിദാരുണമായി കൊല്ലപ്പെടുന്നത്. ഇവിടെ നാം യേശുവിലെ കോസ്മിക്ക് ക്രിസ്തുവിനെ കാണുന്നുണ്ട്. തങ്ങള്‍ കുത്തി മുറിവേല്പിച്ചവനെ അവര്‍ നോക്കിനില്ക്കും എന്നാണ് പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യേശു പറയുന്നത്. അങ്ങനെ നോക്കിനില്ക്കുമ്പോഴാണ് നമ്മില്‍ പശ്ചാത്താപം ഉറഞ്ഞുകൂടുക. എനിക്കു തോന്നിയതെല്ലാം ചെയ്ത് ഞാന്‍ നീതിമാനെ കൊന്നു എന്നു തിരിച്ചറിയുമ്പോഴാണ് ഞാന്‍ എന്നിലെ പാപത്തെ തിരിച്ചറിയുക. അപ്പോഴാണ് നാം മാനസാന്തരപ്പെടുക. മാനസാന്തരം നമ്മെ ദൈവസ്നേഹത്തിലേക്കാണ് ഉയര്‍ത്തുക.
ചുരുക്കത്തില്‍, ദൈവസ്വഭാവം സ്നേഹമായതിനാലാണ് ദൈവപുത്രന്‍ ദരിദ്രനാകുന്നതും അവന്‍ സ്വയം ശൂന്യനാക്കുന്നതും കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തുന്നതും. അങ്ങനെ നോക്കുമ്പോള്‍, പുത്രന്‍ തനിക്ക് അനുരൂപനാകുന്നതിനാലാണ് പിതാവ് അവനില്‍ സംപ്രീതനാകുന്നത്. പിതാവ് ഒരു രക്തദാഹിയായതുകൊണ്ടല്ല.
നമ്മെ തന്‍റെ പുത്രനോട് അനുരൂപരാക്കുക എന്നത് പിതാവിന്‍റെയും നാം അവനെ അനുധാ വനം ചെയ്യുകയെന്നത് പുത്രന്‍റെയും താല്പര്യമാണ്. അതുകൊണ്ടുതന്നെയാണ് 'ആരെങ്കിലും എന്‍റെ ശിഷ്യരാകുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തന്നെത്തന്നെ പരിത്യജിച്ച്, തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ' (ലൂക്കാ 9:23) എന്ന് അവന്‍ ക്ഷണിക്കുന്നത്. കുരിശെടുക്കലും മരിക്കലും ക്രിസ്തുവിന്‍റെ മാത്രം കാര്യമല്ല, ക്രിസ്തു ശിഷ്യരുടെയും വിളിയാണത്. വിശ്വത്തിന്‍റെ ആധാരമാണ് ക്രിസ്തു. വിശ്വത്തിന്‍റെ ആധാരമായ ഭാവമാണ് സ്നേഹം. ആ സ്വയം ശൂന്യവല്ക്കരണത്തിന്‍റെ സ്നേഹമാണ് ക്രിസ്തു-അനുയായിയുടെ വഴി. അതുകൊണ്ടാണ് 'ഞാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ കല്പന നല്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ച തുപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍' (യോഹ. 13: 34) എന്ന ഒറ്റവരിയില്‍ നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും പൂര്‍ത്തീകരണം ഉണ്ടാകുന്നത്. അതു മനസ്സിലായതുകൊണ്ടാണ് യോഹന്നാന്‍ 'സ്നേഹം... സ്നേഹം.... സ്നേഹം' എന്നു മാത്രം ഉരുവിട്ടുകൊണ്ടിരുന്നത്.
മനുഷ്യന്‍റെ പാപത്തിലല്ലാതെ ത്രിയേക ദൈവത്തിന്‍റെ സ്നേഹത്തിന് ഊന്നല്‍ നല്കുന്ന ഈ ദൈവശാസ്ത്ര ചിന്താധാര (ഈ ലേഖകന് അത് പൂര്‍ണ്ണമായും എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് തോന്നുന്നത്) നൂറ്റാണ്ടുകളോളം ഏറെ വേരോട്ടമുണ്ടാക്കിയില്ലെങ്കിലും ഈയടുത്ത കാലത്തായി കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമായി തോന്നുന്നുണ്ട് എന്നാണ് കാണുന്നത്. നമ്മുടെ കാലഘട്ടത്തിലെ ഒരു മിസ്റ്റിക് ഫിലോസഫറായ അമേരിക്കന്‍ ഫ്രാന്‍സിസ്കന്‍, റിച്ചാര്‍ഡ് റോര്‍ (Richard Rohr, OFM) തന്‍റെ ഗ്രന്ഥങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഈ വഴിയെ തന്നെയാണ് സംഭാഷിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സിസിന്‍റെ നാമം സ്വീകരിച്ചതു മുതല്‍ വി. ഫ്രാന്‍സിസിന്‍റെ മനസ്സോടെ ചിന്തിക്കാനാണ് ഫ്രാന്‍സിസ് പാപ്പാ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യവസ്ഥാപിതമായ തോമിസ്റ്റ് ധാരയില്‍ മാത്രം ദൈവശാസ്ത്രം ഗ്രഹിച്ചിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ വാക്കുകളും ചിന്തകളും തീരെ വഴങ്ങാതെ വരുന്നതിന് കാരണവും അതു തന്നെയാണ്.
Featured Posts
bottom of page