top of page

യേശു വീണ്ടുമൊരിക്കല്‍ക്കൂടി വന്നുവോ!

May 1, 2013

3 min read

ഡഐ
Kids playing.

ലോകജനതയുടെ ഭൂരിഭാഗവും നൂറ്റാണ്ടുകള്‍ക്കിപ്പുറവും യേശുവിന്‍റെ പാത പിന്തുടര്‍ന്നു ജീവിതം സാര്‍ഥകമാക്കുന്നു. എന്നാല്‍, ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭയാശങ്കകളുടെയും അക്രമങ്ങളുടെയും പീഡനങ്ങളുടെയും കിരാതമായ മനുഷ്യാവകാശധ്വംസനങ്ങളുടെയും ശാസ്ത്രസാങ്കേതികത തീര്‍ത്ത മലീമസ വിഷഭൂമികയുടെയും വംശീയ-പ്രാദേശിക-ലിംഗപര സങ്കുചിതചിത്തവൃത്തികളുടെയും ഇടയില്‍ക്കുരുങ്ങി ആഗോളക്രൈസ്തവ സഭാസമൂഹവും സംത്രാസങ്ങളില്‍പ്പെട്ടുഴലുകയാണ്, ഇതര വിശ്വാസസമൂഹങ്ങളെന്നപോലെതന്നെ. ക്രൈസ്തവവിശ്വാസത്തെ സംബന്ധിച്ച് ഏറ്റവും ആപല്‍ക്കരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ദശാസന്ധി, ഭൗതികതയിലേക്കുള്ള ഭ്രാന്തമായ പലായനവ്യഗ്രതയാണ്. സമ്പത്തിന്‍റെയും പദവിയുടെയും രാഷ്ട്രീയാധികാരത്തിന്‍റെയും സുഖഭോഗങ്ങളുടെയും അനിയന്ത്രിതമായ പിന്‍വിളിക്കു കാതോര്‍ക്കുന്നവിധത്തില്‍ ഒരു മൂല്യച്യൂതി മുന്‍പെങ്ങുമില്ലാത്തവിധം ക്രൈസ്തവസഭയെ വിലോഭിപ്പിക്കുന്നു എന്നത് ഒരാത്മപരിശോധനയുടെ അനിവാര്യത ആവശ്യപ്പെടുകയാണിന്ന്.


പൗരധര്‍മ്മത്തിലും വിശ്വാസധര്‍മ്മത്തിലും സഭാസമൂഹത്തെ മടക്കിക്കൊണ്ടുവരണമെങ്കില്‍ ദൈവവചനത്തിന്‍റെ പ്രാഭവത്തിലേക്കു മടങ്ങുകയല്ലാതെ മറ്റു പോംവഴികളില്ല. അടിസ്ഥാന മാനവികമൂല്യങ്ങളുടെ ആധ്യാത്മികവും വിശ്വാസപരവുമായ ആവിഷ്കരണമാണല്ലോ ആത്യന്തികമായും വിശ്വാസജീവിതം. അതിനാല്‍ സാമൂഹികവും സ്വാര്‍ഥപരവുമായ തിന്മകളെ ഉള്ളില്‍നിന്നും പുറത്തുനിന്നും ഉച്ചാടനം ചെയ്യുക എന്ന ശുദ്ധീകരണപ്രക്രിയയ്ക്കു ഒന്നടങ്കം തയ്യാറാവുക എന്നതാണു സഭയുടെ കാലികദൗത്യം. ഈ കാഴ്ചപ്പാട് വേണ്ടതിലധികം സ്വാംശീകരിച്ച ഒരപൂര്‍വ വ്യക്തിവൈശിഷ്ട്യമാണ്, ഫ്രാന്‍സിസ് അസ്സീസിയുടെ പിന്‍ഗാമിയായി സ്വയം വിശേഷിപ്പിച്ചുകൊണ്ട് സഭാസമൂഹത്തെ നയിക്കാനുള്ള നിയോഗം സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പായുടേത്.


കേവലവും സാങ്കേതികവുമായ ആചാരങ്ങള്‍ക്കു പ്രസക്തിയില്ലെന്ന തിരിച്ചറിവോടെ കീഴ്വഴക്കങ്ങള്‍ പലതും വകഞ്ഞുമാറ്റി സുധീരമായിത്തന്നെ അര്‍ഥപൂര്‍ണമായ വിശ്വാസജീവിതത്തിന്‍റെ ബദലുകള്‍ തേടുന്ന ഈശോസഭാധിഷണ കൂടിയായ പിതാവിനെ ലോകവും സഭാസമൂഹവും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. 2013 ഫെബ്രുവരി 28 ന് ആഗോളസഭയുടെ പരമാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത മാര്‍പാപ്പ തന്‍റെ ആദ്യത്തെ നോമ്പാചരണം വ്യതിരിക്തമായ മനുഷ്യദര്‍ശനത്തിന്‍റെ അര്‍ഥപരിസരം സൃഷ്ടിച്ചുകൊണ്ടാണാരംഭിച്ചത്. ദൈവവചനത്തിന്‍റെ ആഴങ്ങള്‍ ഗ്രസിച്ചു സഭാപഠനങ്ങളുടെ കാലികപ്രസക്തി തിരയുന്ന നിതാന്താന്വേഷിയായ പിതാവ് സഭയുടെ പൂര്‍വപുണ്യപരിപാകമാണ്. അര്‍ജന്‍റീനയുടെ ആത്മീയസ്വപ്നമെന്നു പിതാവിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും തന്‍റെ പൗരജീവിതത്തിലും ഒരു വ്യക്തിയെന്നുള്ള ഉത്തരവാദിത്വത്തിലും ആധ്യാത്മികതയുടെ അത്യപൂര്‍വപ്രാഭവത്തെ തെളിയിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധ്യമായതുകൊണ്ടുതന്നെയാണ്.


ചുറ്റുമുള്ളവരില്‍ യേശുവിനെ ദര്‍ശിക്കുകയും മാനുഷികവും ധാര്‍മികവുമാകാത്തവയൊക്കെയേയും മനസ്സുകൊണ്ടും കര്‍മ്മംകൊണ്ടും നിരാകരിക്കുകയും ചെയ്തുകൊണ്ടു കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുന്ന പ്രവാചകദൗത്യം എത്രയും അനായാസമായിത്തന്നെ പാപ്പ പ്രവൃത്തിപഥത്തിലെത്തിച്ചിരിക്കുന്നു. കാലപ്പഴക്കംകൊണ്ട് ആലസ്യമാണ്ടുപോയ കര്‍ത്തവ്യത്തിന്‍റെ ബാലപാഠങ്ങള്‍ തോറ്റിയെടുത്ത് യേശു വിഭാവനം ചെയ്ത ദൈവരാജ്യം സാക്ഷാത്കരിക്കാന്‍, മനുഷ്യര്‍ പേറുന്ന കുരിശുകളുടെ ഭാരം ലഘൂകരിക്കാനുള്ള വെല്ലുവിളി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതിന്‍റെ സൂചനകളാണ് ഇതിനോടകം ലോകം തിരിച്ചറിയുന്നത്.


സഭയുടെ ചരിത്രത്തില്‍ ആദ്യമായി വി. പത്രോസിന്‍റെ പിന്‍ഗാമികളിലൊരാള്‍ പെസഹാചരണദിനത്തില്‍ തടവുകാരുടെയും അനാഥരുടെയും കാലുകഴുകല്‍ നടത്തി. 14 നും 21 നും ഇടയില്‍ പ്രായമുള്ള തടവുകാരില്‍ രണ്ടു യുവതികളും ആ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കാളികളായിരുന്നു. അവരിലൊരാള്‍ ഇന്നു ലോകത്തിലെവിടെയും എത്രയും പീഡകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മുസ്ലീംസ്ത്രീ തന്നെയായതും ഏറ്റവും പ്രതീകാത്മകമായി. പിതൃമേധാവിത്വത്തിന്‍റെയും അതിഭൗതികതയുടെയും ആചാരങ്ങളിലമര്‍ന്നു കിടക്കുന്ന വിശ്വാസസമൂഹത്തിന് ആ നിമിഷം കൈവന്നത് സ്വര്‍ഗീയമായ സ്വാതന്ത്ര്യവും ഉണര്‍വുമാണ്. ചരിത്രത്തിലെ എല്ലാ നിഷേധാത്മകതകള്‍ക്കും പാപവിമോചനം നല്കിയ അതിധന്യമുഹൂര്‍ത്തം! ഇത് ഒരു പെസഹാത്തിരുന്നാളിന്‍റെ മാത്രം അത്ഭുതമല്ല. യുഗങ്ങളായി ഇത്തരമൊരു സമത്വാധിഷ്ഠിത ആധ്യാത്മികതയ്ക്കായി പ്രാര്‍ത്ഥനാപൂര്‍വം കാത്തിരുന്ന 'ഇരുളില്‍ക്കഴിയേണ്ടിവന്ന' സുമനസ്സുകളുടെ പുണ്യസാക്ഷാത്കാരം! പങ്കിടലെന്ന ഉദാത്തതയുടെ പ്രതീകമായ ദിവ്യകാരുണ്യസ്ഥാപനം... പൗരോഹിത്യത്തിന്‍റെ സാര്‍ഥകത... ഒക്കെയായിരുന്നു ആ നിമിഷം! ദൈവരാജ്യത്തിന്‍റെ നിസ്തുലമാതൃക!


കുറ്റവാളികളെയും സമൂഹം പരിത്യജിക്കുന്നവരെയും ഒപ്പം രണ്ടാം പൗരത്വത്തിലേയ്ക്കു മാറ്റിനിര്‍ത്തിയിരിക്കുന്ന സ്ത്രീകളെയും സാധാരണ മനുഷ്യവ്യക്തികള്‍തന്നെയെന്നുകണ്ട് അവരെ സമഭാവത്തോടെ അംഗീകരിക്കാന്‍ കേരളീയ സഭാസമൂഹത്തിന് ഇന്നും സാധ്യമായിട്ടില്ല എന്ന നിര്‍ഭാഗ്യകരമായ അവസ്ഥയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം പരിശുദ്ധപിതാവിന്‍റെ നിര്‍വ്യാജസ്നേഹപ്രവൃത്തിയെ വിശകലനം ചെയ്യാന്‍.


ഇങ്ങ് ഭാരതത്തില്‍, കേരളതലസ്ഥാനത്തിലെ ഒരു ഇടവകപ്പള്ളിയിലും ഇത്തരത്തില്‍ സാര്‍ഥകമായ ഒരു നോമ്പാചരണം നടന്നു. പേട്ട ഫെറോനാപ്പള്ളി ദുഃഖവെള്ളിയാഴ്ചയിലെ പരിഹാരസ്ലീവാപ്പാത (കുരിശിന്‍റെ വഴി) ആചരിച്ചത് സമകാലികസംഭവങ്ങളിലെ കുരിശാരോഹണത്തിനു വിധേയരായ മനുഷ്യരുടെ ജീവിതഗാഥകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ്.


സഭ നിര്‍ദ്ദേശിക്കുന്ന പതിനാലു സ്ഥലങ്ങളിലൂടെ ആബേലച്ചന്‍റെ ഭാവനിര്‍ഭരവും ഭക്തിദായകവുമായ ഗാനങ്ങള്‍.. പള്ളിയങ്കണത്തിന്‍റെ ഒത്തനടുക്ക് ഉയര്‍ത്തിവച്ച കുരിശുമരം... ചോരവീണ മുറിപ്പാടുകളുടെ അവശേഷിപ്പുകള്‍.. സ്ഥൂലസാന്നിധ്യം വെടിഞ്ഞു സൂക്ഷ്മസാന്നിധ്യത്തിന്‍റെ സ്വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ പകര്‍ന്ന ദിവ്യരക്ഷകന്‍റെ സാമീപ്യം പ്രതീകമാക്കുന്ന വെളുത്ത അങ്കി... വചനവിചിന്തനം നല്കിയ വികാരിയച്ചന്‍റെ ആഖ്യാനത്തില്‍ സമകാലിക കുരിശനുഭവങ്ങളുടെ ശക്തമായ തിരിച്ചറിവുകള്‍... ധ്യാനാനുഭവങ്ങള്‍! ഇന്നിന്‍റെ ലോകത്തില്‍ യേശു ആവശ്യപ്പെടുന്ന ക്രൈസ്തവികതയെന്തെന്നും വിശ്വാസജീവിതം എന്തെന്നുമുള്ള പാഠാന്തരങ്ങള്‍!

പെണ്‍കുട്ടികള്‍ക്കും പഠിക്കണം എന്ന ബോധ്യം പ്രചരിപ്പിച്ച പാകിസ്ഥാനിലെ സ്വാത് താഴ്വരയിലെ മലാല യൂസഫ് സായ് എന്ന 12 കാരിയെ താലിബാന്‍ കുറ്റക്കാരിയല്ലെങ്കില്‍പ്പോലും കുറ്റക്കാരിയാണെന്നു വിധിച്ചു. തലനാരിഴയുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും സ്വന്തം ഗ്രാമത്തിലോ വീട്ടിലോ ഇനിയൊരിക്കലും പോകാനാകാതെ അവള്‍ പ്രവാസിയാകുന്നു...


പന്ത്രണ്ടുവര്‍ഷമായി മനുഷ്യാവകാശത്തിനുവേണ്ടി നിരാഹാരസമരമെന്ന കുരിശുപേറുന്ന മണിപ്പൂരിലെ ഇറോം ശര്‍മിള. ഏറ്റവും ഒടുവിലത്തെ സമരത്തിനു ഡല്‍ഹിലെത്തിയ അവര്‍ ദ്രാവകഭക്ഷണത്തിനുള്ള ട്യൂബ് പറിച്ചെറിഞ്ഞു...ഇന്ന് ആത്മഹത്യാശ്രമത്തിന്‍റെ പേരില്‍ ഒരു കേസുകൂടി... കാല്‍വരി എവിടെയെന്നുപോലുമറിയാത്ത ഒരു കുരിശുയാത്ര!


ക്രിസ്തുമത വിശ്വാസത്തിലേക്കു മടങ്ങിയതിനു 15 വര്‍ഷത്തെ തടവു വിധിക്കപ്പെട്ട ഈജിപ്തിലെ നാദിയാ യൂസഫലി. അവര്‍ വിവാഹത്തിനുവേണ്ടി മുസ്ലീം ആയതാണ്. ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്ന് 23 വര്‍ഷത്തിനുശേഷം പൂര്‍വവിശ്വാസത്തിലേക്കു മടങ്ങിയതിനുള്ള ശിക്ഷ. ഏഴു മക്കളും തടവിലാണ്. മതന്യൂനപക്ഷങ്ങള്‍ ഇന്നും ഭൂമുഖത്തു കുരിശുമായി വീഴുന്നു!


പിറക്കും മുന്‍പും പിറന്നശേഷവും കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതൃത്വത്തെ പഴിചാരുമ്പോഴും അമ്മയുടെ ആഴങ്ങള്‍ ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു! മരണത്തിന്‍റെ വഴിയില്‍ തളരാതെ കൂടെ വരുന്ന അമ്മമാര്‍... തൃശൂരിലെ ചക്കാലപ്പറമ്പിലെ ഗിരിജ തന്‍റെ കരളിന്‍റെ പാതി മകനും വൃക്കയിലൊന്നു മകള്‍ക്കും പകുത്തുനല്കി അവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു!


ശിമയോനെപ്പോലെയായി പിറവം എടയ്ക്കാട്ടുഗ്രാമക്കാര്‍. സ്വാതികൃഷ്ണയെന്ന 16കാരിക്കുവേണ്ടി ഒറ്റദിവസംകൊണ്ട് അവര്‍ സമാഹരിച്ചത് 17ലക്ഷം രൂപ! അവള്‍ക്ക് കരള്‍ മാറ്റിവയ്ക്കാന്‍ പാതിമുറിച്ചു കൊടുത്തത് അമ്മയുടെ അനുജത്തിയും.


വെറോനിക്കയുടെ ആത്മാര്‍ത്ഥസ്നേഹം ഇവിടെ ഗ്രഹാം സ്റ്റൈനിന്‍റെ വിധവ ഗ്ലാഡിസ് സ്റ്റെന്‍ പ്രത്യക്ഷമാക്കി. തന്‍റെ പ്രിയതമനെയും അരുമക്കിടാങ്ങളെയും ചുട്ടുകൊന്നവര്‍ക്കു മാപ്പു നല്കുകയും പ്രിയന്‍റെ നിയോഗങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ശത്രുതയെ സ്നേഹം കൊണ്ടു വെല്ലുന്ന സ്ത്രീ!.


ജീവിതയാത്രയില്‍ അര്‍ബുദരോഗത്തോടു പൊരുതുന്ന മോന്‍സിയെന്ന പന്തളംകാരനായ യുവകവി. ജീവന്‍ പാളിയണയുമ്പോഴും താന്‍ മരണത്തെപ്പേടിക്കുന്നില്ലെന്നു പാടുന്നു മോന്‍സി...


"നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയുമോര്‍ത്തു കരയുവിന്‍"... ഇന്നും ആ വാക്കുകള്‍ അന്വര്‍ത്ഥമാവുന്നു... ജീവിതത്തിന്‍റെ പകല്‍ വെളിച്ചം ഒന്നു കാണുമ്പോഴേക്കും പ്രമേഹരോഗിയായ ഓട്ടോതൊഴിലാളി ശ്രീകുമാരനും കൂലിപ്പണിചെയ്തു കുടുംബം പോറ്റിയ ഭാര്യ തങ്കവും മരണത്തിലേക്കു കണ്ണടച്ചു. അനാഥരായ മൂന്നു പെണ്‍കുട്ടികള്‍! കാര്‍മല്‍ സ്കൂളിലെ പെണ്‍കുട്ടികള്‍ അവരുടെ സമ്മാനത്തുക ഈ അനുജത്തിമാര്‍ക്കായി പങ്കുവെച്ചു... ഇവര്‍ക്കുവേണ്ടി കരയാനും കരുതാനും നമ്മളുണ്ടോ?


അമേരിക്കയിലെ ആമിഷ് ഗോത്രവര്‍ഗക്കാര്‍ സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പേരുകേട്ടവര്‍. ഒരുനാള്‍ അവരുടെ പെണ്‍കുട്ടികള്‍ അക്രമികളുടെ തോക്കിനിരയായി. തകര്‍ന്നു വീണുപോയ അമ്മമാര്‍ തിരികെച്ചെന്നു അക്രമികളുടെ ഭാര്യമാരെ ആശ്വസിപ്പിച്ചു... വീഴുമ്പോഴും അപരന്‍റെ കണ്ണീരിന്‍റെ വിലയറിയുന്നവര്‍!


യേശുവിന്‍റെ കുരിശാരോഹണത്തിന് എത്ര സമാനമാണ് ഡിസംബറിലെ രാവിലൊന്നില്‍ യാത്രയ്ക്കിടയില്‍ മാനഭംഗത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായി മരിച്ച പെണ്‍കുട്ടി! ലോകം സ്ത്രീകള്‍ക്കു സുരക്ഷയില്ലാത്തതായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂറിലും ഒരു സ്ത്രീയെങ്കിലും അക്രമത്തിനിരയാവുന്നു. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്കിടയിലുള്ളവരാണ് ഇരകളില്‍ ഏറിയപങ്കും. ആരാവും വിശ്വസിക്കാവുന്ന കാവലാളുകള്‍!


ആണികളാല്‍ കുരിശില്‍ തറയ്ക്കപ്പെടുന്നതുപോലെയാണ് കടക്കെണികള്‍! കേരളത്തില്‍ തിരിച്ചടയ്ക്കാത്ത വായ്പകളെക്കാളും എത്രയോ കൂടുതലാണ് ജീവിച്ചുതീരാത്ത കനവുകള്‍! ആവശ്യങ്ങള്‍ക്കുവേണ്ടി, ഉയരാന്‍ വേണ്ടി സാമ്പത്തികബാധ്യതയിലേയ്ക്കു വീണുചിതറുമ്പോഴും അരികിലെത്താനോ ആശ്വസിപ്പിക്കാനോ നല്ല സമരിയാക്കാരില്ലാതാകുന്നു!


ജീവിതത്തിലെ ഏറ്റവും വലിയ ബോധത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞു, യേശുവിനെ പിന്തുടര്‍ന്ന രക്തസാക്ഷികളില്‍ കേരളത്തില്‍നിന്നും ഒരു ദേവസഹായം പിള്ള കൂടി. യേശുവില്‍ വിശ്വസിച്ചതിനു സ്വന്തം പ്രാണന്‍ പകരമായി നല്കേണ്ടിവന്നു മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്‍റെ സൈനികത്തലവനായ നീലകണ്ഠപ്പിള്ളയ്ക്ക്!


അമ്മയുടെ മടിത്തട്ടില്‍ യേശുവിന്‍റെ നൊമ്പരങ്ങള്‍ക്കു അന്ത്യവിശ്രമം... മാതൃത്വം അതും താങ്ങി. കോഴിക്കോട് മലാപ്പറമ്പയിലെ അമ്പിളിക്ക് വിവാഹത്തിന് ഒന്നരമാസത്തിനു ശേഷം ഒരപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ഗുരുതരാവസ്ഥയില്‍ ജീവനുവേണ്ടി പോരാടി. മരുന്നുകളും മാനസികവ്യഥകളും വേട്ടയാടിത്തിരിഞ്ഞപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞു താന്‍ ഒരമ്മയാവുകയാണെന്ന്, ഡോക്ടര്‍മാര്‍ക്കു ആശങ്കയുണ്ടായിരുന്നു കുഞ്ഞിനു വൈകല്യം സംഭവിക്കാമെന്ന്. ബന്ധുക്കളും ആ കുഞ്ഞിനെ വേണ്ടെന്നുവെയ്ക്കാന്‍ അവളെ ഉപദേശിച്ചു. അമ്പിളി ചെറുത്തുനിന്നു. ഒടുവില്‍ ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് അവള്‍ ജന്മംനല്കി. അമ്മയ്ക്കു കുഞ്ഞിനെ തിരസ്ക്കരിക്കാനാവില്ല, ഏതു നിലയിലും...


ഇന്നും മനുഷ്യമക്കള്‍ക്കു തലചായ്ക്കാന്‍ ഇടമില്ല.. കൊല്ലം ജില്ലാആശുപത്രിയിലെ അനാഥശരീരങ്ങള്‍ക്ക് എന്നാല്‍ സന്തോഷ് ഉണ്ട്, അവയെ ചുമന്നുകൊണ്ടുപോയി ആദരവോടെ മറവുചെയ്യാന്‍. സന്തോഷിനു അല്‍ജസീറയുടെ പുരസ്കാരവും ചെറുതെങ്കിലും ഒരു ജോലിയും കിട്ടി...


ഈ ദൗത്യമാണു യഥാര്‍ത്ഥ ക്രൈസ്തവരുടേത്. യേശു ഒരിക്കല്‍ക്കൂടി മാനവകുലത്തിന്‍റെ അനുഭവസങ്കീര്‍ണ്ണതകളിലേക്കു മടങ്ങിവന്നാല്‍...! പരിശുദ്ധപാപ്പ ആ നിയോഗം ഏറ്റെടുക്കുകയാണ്. അതു വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് കേരളക്രൈസ്തവസഭാവിഭാഗങ്ങള്‍ വിശ്വാസസമൂഹത്തിന്‍റെ ധാര്‍മികത വളര്‍ത്തുന്നതില്‍ കൂടുതല്‍ ജാഗരൂകമാകേണ്ടതുണ്ട്. അഭിമാനിക്കാവുന്ന വിധത്തില്‍ ഏറെ മുന്നിലെത്തിയിട്ടുണ്ടാകണം നമ്മില്‍ പലരും. എന്നാല്‍ എല്ലാം തകര്‍ന്നവര്‍... എല്ലാം നഷ്ടപ്പെട്ടവര്‍... ദുരന്തങ്ങളുടെ തിരത്തള്ളലില്‍ അകലങ്ങളിലായവര്‍... ഇവരെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ആരും പദവികളും പുരസ്കാരങ്ങളും നല്കിയെന്നിരിക്കില്ല. എങ്കിലും മനുഷ്യമനസ്സില്‍ യേശുവിന് ഒരാവാസഗൃഹം എന്നാണ് നമ്മള്‍ പണിയുക! അന്നേ യേശുവിന്‍റെ പീഡാനുഭവം അന്വര്‍ത്ഥമാകൂ. കാലത്തിന്‍റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ ദൈവവചനം ശക്തി തേടൂ. അനുകരണയോഗ്യമായി ഇനിയും ഫ്രാന്‍സിസ് പാപ്പ എത്രയെങ്കിലും നന്മകള്‍ ചെയ്യട്ടെ. മനുഷ്യായുസ്സില്‍ അന്വര്‍ത്ഥമായി എന്തെങ്കിലും ഒരു നന്മ ചെയ്യാന്‍ നമുക്കും സാധ്യമാകട്ടെ!

Featured Posts

bottom of page