top of page

മരണത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍

Oct 6, 2024

2 min read

ഡോ. റോയി തോമസ്
a candle

അടുത്തകാലത്ത് രണ്ടു മരണങ്ങള്‍ പലരും ചര്‍ച്ചചെയ്തതാണ്. രണ്ടുപേരും മരണത്തിലേക്ക് സ്വയം നടക്കുകയായിരുന്നു. എം. കുഞ്ഞാമനും കെ.ജെ. ബേബിയും ഇനിയും കര്‍മ്മങ്ങള്‍ ശേഷിക്കെ സ്വയം  മരണം തിരഞ്ഞെടുത്തു. നിത്യവും നമ്മുടെ നാട്ടില്‍ നടക്കുന്ന ആത്മഹത്യകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇവരുടെ മരണം. രണ്ടുപേരും വലിയ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലികള്‍. മുഖ്യധാരയില്‍ ലയിച്ചു ചേരാത്ത വ്യക്തിത്വങ്ങള്‍. നവീനമായ വഴികള്‍ സ്വയം വെട്ടിത്തുറന്നവര്‍. വലിയ വെല്ലുവിളികള്‍ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും നേരിട്ടു മുന്നേറിയവര്‍. എന്നിട്ടും 'എന്തുകൊണ്ട്?' എന്ന ചോദ്യം നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നു.

സമൂഹത്തിന്‍റെ, ലോകത്തിന്‍റെ അടിസ്ഥാനമായ മാറ്റവുമായി ബന്ധപ്പെടുത്തി ഈ മരണങ്ങള്‍ നോക്കിക്കാണേണ്ടതുണ്ടെന്നു തോന്നുന്നു. മനഃശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ അന്വേഷണങ്ങള്‍ക്കും പ്രസക്തിയുണ്ട്. ആഴത്തില്‍ ക്രമം തകരുന്ന സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത തള്ളിക്കളയാനാവില്ല. തനതായ ഇടങ്ങള്‍ നഷ്ടപ്പെട്ടതിന്‍റെ വേദനയുമായി എം. കുഞ്ഞാമന്‍റെയും കെ.ജെ. ബേബിയുടെയും മരണത്തെ കൂട്ടി വായിക്കാം. പ്രസക്തി നഷ്ടമായതിനുശേഷമുള്ള ജീവിതത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല. ഇവര്‍ വ്യാപരിച്ച ഇടങ്ങള്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു. ഗൗരവമായ അന്വേഷണങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാത്ത ഉപഭോക്തൃസമൂഹത്തിന് ഇവരെപ്പോലെയുള്ളവരെ മനസ്സിലാക്കാന്‍ കഴിയാതായിരിക്കുന്നു. പണത്തിനും പദവിക്കുംവേണ്ടി അധികാരത്തോടും മുഖ്യധാരാ സംസ്കാരത്തോടും ചേര്‍ന്ന് നില്‍ക്കുന്നതാണ് ജീവിതവിജയം എന്നു കരുതുന്ന സമൂഹത്തിന് ഈ പ്രതിഭകളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥ പ്രതിഭകള്‍ക്കുപകരം പ്രതിഭകളെന്നു നടിക്കുന്നവരാണ് എവിടെയും കൈയടക്കിയിരിക്കുന്നത്. 'കുതിരകളായി നടിക്കുന്ന' കഴുതകളുടെ കാലത്ത് യഥാര്‍ത്ഥ കുതിരകള്‍ അപ്രസക്തമാകുന്നു.

Kunjaman
എം. കുഞ്ഞാമന്‍

ആദിവാസി വിഭാഗത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് ജൈവബുദ്ധിജീവിയായി മാറിയ എം. കുഞ്ഞാമന്‍ മുഖ്യധാരയോട് എന്നും കലഹിച്ചിരുന്നു. 'എതിര്' എന്നാണ് ആത്മകഥയ്ക്ക് അദ്ദേഹം നല്‍കിയ പേര്. പഠിക്കുന്ന കാലം മുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല. അതുകൊണ്ടുതന്നെ പല നഷ്ടങ്ങളും അദ്ദേഹത്തിനുണ്ടായി. അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍പോലും അദ്ദേഹത്തിനു ലഭിച്ചില്ല. ശരാശരിക്കാരുടെ കൂട്ടത്തിന് ഉയര്‍ന്ന പ്രതിഭയെ ഉള്‍ക്കൊള്ളാനായില്ല. ഉള്ളില്‍ അഗ്നി കാത്തുസൂക്ഷിക്കുന്ന അന്വേഷികള്‍ക്ക് ഇന്നത്തെ ലോകത്ത് നിലനില്‍ക്കാന്‍ പ്രയാസമാണ്. ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടി ഓട്ടപ്പന്തയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കിടയില്‍ 'എതിര്‍'നില്‍ക്കുന്നവര്‍ക്കെന്തു സ്ഥാനം! മതവും രാഷ്ട്രീയവുമെല്ലാം ആഭാസത്തിലേക്കു വീണുപോകുന്ന കാലത്ത് പുത്തന്‍ചിന്തകള്‍ പേറുന്നവര്‍ വഴിയില്‍ വീണുപോകാം.

നൂറുകണക്കിന് വേദികളില്‍, തെരുവുകളില്‍ അരങ്ങേറിയ 'നാടുഗദ്ദി' യിലൂടെ പ്രശസ്തി നേടിയ കെ.ജെ. ബേബി 'കനവ്' സ്കൂള്‍ എന്ന മഹത്തായ സ്വപ്നം ലോകത്തിനു സമ്മാനിച്ചു. വലിയൊരു സാധ്യതയായിരുന്ന ആ കനവിനെ വികസിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടു. നോവലിസ്റ്റായും ജീവചരിത്രകാരനായും ഗായകനായും ചലച്ചിത്ര സംവിധായകനായും അസാധാരണമായ ഊര്‍ജ്ജം പ്രസരിപ്പിച്ച ബേബിക്കും ഇന്നത്തെ സമൂഹത്തില്‍ സ്ഥാനമില്ല. ഈ ഓട്ടപ്പന്തയത്തില്‍ അദ്ദേഹത്തിനു കയറിനില്‍ക്കാനാവില്ല. കാരണം അദ്ദേഹം മറ്റൊരു ലോകത്തിന്‍റെ, കനവിന്‍റെ പ്രതിനിധിയായിരുന്നു. 'പൈക്കിന്‍റോ' എന്ന നാടുഗദ്ദികയിലെ നിലവിളി. നമുക്കുമുമ്പില്‍ അവതരിപ്പിച്ചാണ് കെ.ജെ. ബേബി വിടവാങ്ങിയത്. ഈ വിശപ്പ് മനസ്സിലാക്കാന്‍ നമുക്കു കഴിഞ്ഞില്ല. ഭാര്യയും മക്കളുമെല്ലാം നടന്നത് വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു എന്നതും നാമോര്‍ക്കണം. കരിയറിസത്തിന്‍റെ വഴിയില്‍ മാത്രം സഞ്ചരിക്കുന്ന നമുക്ക് ബേബി ആവിഷ്ക്കരിച്ച ജീവിതദര്‍ശനങ്ങളും ലോകബോധവും ഉള്‍ക്കൊള്ളാനാവില്ല. പരാജയത്തിന്‍റെ സ്വഭാവം കാണാമെങ്കിലും കെ.ജെ. ബേബിയും കൂട്ടരും മഹത്തായ സ്വപ്നങ്ങള്‍ക്കുവേണ്ടിയാണ് യത്നിച്ചത് എന്നു നാം മറന്നു കൂടാ.

photo of K J Baby
കെ.ജെ. ബേബി

ചിന്തിക്കുന്നതു പറയാതിരിക്കുകയും പറയുന്നത് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവരുടെ ലോകത്ത് എം. കുഞ്ഞാമനും കെ.ജെ. ബേബിയും പെട്ടെന്ന് അപ്രസക്തരായി മാറുന്നത് അവര്‍തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവണം എങ്കിലും അവരുടെ മഹദ്സംഭാവനകള്‍ നമ്മുടെ മുന്നിലുണ്ട്. എന്തെങ്കിലും തരപ്പെടുത്താന്‍ വെപ്രാളപ്പെടുന്നവര്‍ക്കിടയില്‍ അവരെ നാം കണ്ടില്ല. പലതും നഷ്ടപ്പെടുത്താന്‍ ധൈര്യമുള്ളവര്‍ക്കു മാത്രമേ പുതിയതെന്തെങ്കിലും കണ്ടെത്താനാവൂ എന്ന് നാം തിരിച്ചറിയുന്നു.

ഇനിയും വലിയ സംഭാവനകള്‍ക്ക് സാധ്യത നിലനില്‍ക്കുമ്പോഴാണ് ഇവര്‍ വിടചൊല്ലിയത്. വര്‍ത്തമാനകാലത്ത് ആശയക്കുഴപ്പങ്ങള്‍ക്കോ ജ്ഞാനത്തിനോ മുന്‍കാലപ്രസക്തിയില്ലാതായിരിക്കുന്നു. വേറിട്ട വഴിയില്‍ സഞ്ചരിക്കുന്നവരെ ഉള്‍ക്കൊള്ളാത്ത മുഖ്യധാരാ കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്നു. ചിന്താശീലരെ വിഷാദത്തിലേക്കു തള്ളിവിടുന്ന ഏതോ ഒരു ശക്തി ഇവിടെ വേട്ടക്കിറങ്ങിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ എം. കുഞ്ഞാമന്‍റെയും കെ.ജെ. ബേബിയുടെയും സ്മരണകള്‍ നമുക്കു വെല്ലുവിളിയായി നില്‍ക്കുന്നു.

Featured Posts

Recent Posts

bottom of page