top of page

മാന്യതയും കപടസദാചാരവും

May 1, 2012

3 min read

അനില്‍കുമാര്‍ കേശവക്കുറുപ്പ്
A directional board with multiple indications.

മനുഷ്യനായിരിക്കുക എന്നതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ദുര്യോഗം. ആ ദുര്യോഗം ഏറ്റവും പ്രകടമാകുന്നത് ദൈവത്തില്‍നിന്നും ദൈവികമെന്നും വിളിക്കുന്നവയില്‍ നിന്നും -നന്മയോ, സ്നേഹമോ എന്തുമാകട്ടെ- മനുഷ്യന് അകന്നു ജീവിക്കേണ്ടിവരുമ്പോഴാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് പഠിച്ചുപോന്ന കോണ്‍വെന്‍റ് സ്കൂളിലെ താഴ്ന്നക്ലാസ്സിലെ പാഠ്യവിഷയങ്ങളില്‍ ഒന്ന് 'സന്മാര്‍ഗ്ഗ ശാസ്ത്ര'മായിരുന്നു. വിഷയത്തിന്‍റെ പ്രതിപാദ്യവിഷയവും 'ശാസ്ത്രം' എന്ന വിശേഷണവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നതായി തോന്നിയിട്ടില്ല. അനുഭവവേദ്യമായ കാര്യങ്ങളെയും നിരീക്ഷണങ്ങളെയും സിദ്ധാന്തങ്ങളുമായി തട്ടിച്ച് നോക്കികൊണ്ടുള്ള പഠനമാണല്ലോ ശാസ്ത്രം. അങ്ങനെയെങ്കില്‍ ധാര്‍മ്മികതയെയും സന്മാര്‍ഗ്ഗനിയമങ്ങളെയും എങ്ങനെ ഒരു ശാസ്ത്രവിഷയമായി പരിഗണിക്കാനാവും? ധാര്‍മ്മികത നന്മ-തിന്മകള്‍ എന്ന തത്വത്തില്‍ അടിസ്ഥാനപ്പെട്ട ഒരു ജീവിതശൈലിയാണ്.

നന്മനിറഞ്ഞ ഒരു ജീവിതത്തെ നയിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ധാര്‍മ്മികതയുടെ ഉള്‍ക്കാമ്പ് എന്നിരിക്കെ ഇവിടെ കാപട്യത്തിന് എവിടെ സ്ഥാനം? നീതിനിഷ്ഠ, മനസ്സാക്ഷിക്കനുസൃതമായ ജീവിതം, മാതാപിതാക്കളോടും മുതിര്‍ന്നവരോടുമുള്ള ബഹുമാനം, നിസ്വാര്‍ത്ഥത, സത്യസന്ധത, ധൈര്യം, സ്നേഹം, ദൈവ'ഭയം' ഇങ്ങനെ പോകുന്ന ഈ ലിസ്റ്റില്‍ കാപട്യത്തിന് സ്ഥാനമില്ല.

പലപ്പോഴും നമ്മുടെ സന്മാര്‍ഗ്ഗജീവിതത്തിന്‍റെ അളവുകോലായി വര്‍ത്തിക്കുന്നത് സ്വര്‍ഗ്ഗസമ്മാനത്തെക്കുറിച്ചുള്ള അതിയായ ആഗ്രഹമോ നരകശിക്ഷയെക്കുറിച്ചുള്ള അമിതഭയമോ ആണ്. അല്ലാതെ, മനസ്സാക്ഷിയനുസരിച്ച് ജീവിക്കാനുള്ള ആഗ്രഹമോ അപരന്‍റെ സഹനങ്ങളെ ദൂരീകരിക്കാനുള്ള പ്രേരണയുടെ ഭാഗമോ ആയിക്കൊള്ളണമെന്നില്ല. 'ദൈവത്തിന്‍റെ സ്വന്തം നാട്ടു'കാരായ നമുക്ക് കൈവരിച്ച മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്‍റെ പേരിലും സാമ്പത്തികവളര്‍ച്ചയുടെ പേരിലും മറ്റുള്ളവരേക്കാള്‍ സദാചാരപരമായ എന്തെങ്കിലും മെച്ചം അവകാശപ്പെടാനുണ്ടോ? സദാചാരമെന്നാല്‍ ലൈംഗികസദാചാരമെന്ന് മാത്രം വായിച്ചെടുക്കുന്ന ഒരു ചുരുങ്ങിയ മനസ്സാണ് മലയാളിയുടേത്. സദാചാരത്തിന് മനുഷ്യജീവിതത്തെ മൃഗജീവിതത്തില്‍നിന്ന് വ്യത്യസ്തമാക്കുന്ന എത്രയോ തലങ്ങളുണ്ട്.

ബെറ്റ്ട്രാന്‍സ്റ്റ് റസ്സല്‍ ഇങ്ങനെ എഴുതി: "നിങ്ങളുടെ ജീവിതകാലത്ത് ഒരിക്കല്‍പോലും കാരുണ്യത്തിന്‍റെയോ ഔദാര്യത്തിന്‍റേയോ അന്യര്‍ക്ക് ഉപയുക്തമായ ഒരു പ്രവൃത്തിപോലും നിങ്ങള്‍ ചെയ്തില്ലെങ്കിലും കൊലപാതകം, കളവ്, വ്യഭിചാരം, കള്ളസാക്ഷ്യം, ദൈവദൂഷണം, മാതാപിതാക്കളോടും മതത്തോടും ഭരണാധികാരിയോടുമുള്ള അനാദരവ് എന്നിവ നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നാല്‍ സമൂഹം നിങ്ങളെ മാന്യരായി പരിഗണിക്കും. ഇത് നന്മനിറഞ്ഞ ജീവിതത്തെക്കുറിച്ച് പരമ്പരാഗത സാമൂഹ്യ സദാചാര മനസ്സില്‍ നിന്നുരുത്തിരിഞ്ഞ വളരെ അപര്യാപ്തമായ ഒരു ധാരണയും, അനേകം ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതുമാണ്." അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സുലഭ്യതയില്‍ സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഇന്ത്യയിലെ മറ്റ് ജനതകളേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു എന്ന് സ്വയം അഭിമാനിക്കുന്ന മലയാളി സ്വന്തം സുഖത്തിന്‍റെ കൊക്കൂണുകള്‍ക്കുള്ളിലിരുന്നുകൊണ്ട് തന്നെ നേരിട്ടു ബാധിക്കാത്ത അനീതിയുടെ എല്ലാ സമൂഹിക വ്യവസ്ഥിതിയോടും ഒരു നിര്‍വികാരിത പുലര്‍ത്തുന്നു. അതിന്‍റെ വ്യക്തമായ പ്രകടനരീതിയാണ്, എല്ലാ സാമൂഹ്യതിന്മകള്‍ക്കും കാരണം മറ്റുള്ളവരില്‍ പഴിചാരിക്കൊണ്ട് മലയാളി അനുഭവിക്കുന്ന ഒരുതരം തരംതാണ സന്തോഷവും സ്വന്തം കാര്യത്തില്‍ വരുമ്പോള്‍ വ്യത്യസ്തമായ മാനദണ്ഡമുപയോഗിച്ച് ചെയ്തികളെ വിലയിരുത്തി ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതും.

"നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടാത്തവ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്" (കണ്‍ഫ്യൂഷ്യസ്). എന്തുകൊണ്ടാണ് സ്വയം വിധിക്കാനുപയോഗിക്കുന്നതില്‍നിന്ന് വ്യത്യസ്തമായ ഒരു മാനദണ്ഡം മറ്റുള്ളവരെ വിധിക്കുന്നതിന് നാം ഉപയോഗിക്കുന്നത്? ഒരേ കാര്യത്തില്‍ സ്വയം നടക്കുന്ന വിധിയും മറ്റുള്ളവരുടെമേല്‍ നടത്തുന്ന വിധിയും തമ്മിലുള്ള അന്തരമാണ് കപടസദാചാരത്തിന്‍റെ ആകെ തുക. മനുഷ്യര്‍ പൊതുവില്‍ എല്ലായ്പ്പോഴും അങ്ങനെ തന്നെയായിരുന്നു, ഏതെങ്കിലും രീതിയില്‍ പിടിക്കപ്പെടില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നും ഉറപ്പുള്ളപ്പോള്‍ തനിക്കു നേട്ടമുള്ള കാര്യമാണെങ്കില്‍ "മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നത് നിങ്ങള്‍ അവര്‍ക്കായി ചെയ്തു കൊടുക്കുവിന്‍" (Lk. 6:31) എന്ന ധാര്‍മ്മികതയുടെ സുവര്‍ണ്ണനിയമം മനസ്സിലുള്ളപ്പോഴും അസന്മാര്‍ഗ്ഗികമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ മനുഷ്യന് മടിയൊന്നുമില്ല. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി കേരളത്തില്‍ അരങ്ങേറിയ സ്ത്രീപീഡനകഥകളും അവയോടനുബന്ധിച്ച വാര്‍ത്താപ്രചരണ പരിപാടികളും നാം നിരന്തരം കണ്ടുവരികയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളെയും സ്ത്രീകളെയും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഹാജരാക്കുമ്പോള്‍ കാണികളായ ഒരു വലിയ ജനക്കൂട്ടവും മാധ്യമപ്രവര്‍ത്തരുടെ ക്യാമറയുടെ നിലയ്ക്കാത്ത ഫ്ളാഷ് ലൈറ്റുമുണ്ടാകും. ഇവരാരും ഈ ഹതഭാഗ്യരായ പെണ്‍കുട്ടികള്‍ ഇവരുടെ അവജ്ഞയോടെയുള്ള തുറിച്ച് നോട്ടത്തിനുമുന്നില്‍ അനുഭവിക്കുന്ന ആന്തരിക സംഘട്ടനങ്ങള്‍ അറിയുന്നതേയില്ല. എന്താണ് വ്യക്തികളുടെ ആത്മാഭിമാനത്തെ പിച്ചിചീന്തി പീഡിപ്പിക്കുന്ന ഈ കാണികളുടെ ആവശ്യം, ഞങ്ങള്‍ ഇക്കൂട്ടരേക്കാള്‍ ധാര്‍മ്മികമായി മെച്ചപ്പെട്ടവരാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുകയോ, അതോ ഈ ദുര്‍കൃത്യത്തിലൊന്നും പങ്കാളികളല്ലാത്ത മാന്യരാണ് ഞങ്ങള്‍ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയോ? നസ്രത്തിന്‍റെ യേശുവിന്‍റെ ഗഹനമായ വചനങ്ങള്‍ നാം മറന്നുപോകുന്നുവോ: "വിധിക്കപ്പെടാതിരിക്കാന്‍ വിധിക്കാതിരിക്കുക. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ."

വരേണ്യ ജീവിതശൈലികളെ എപ്പോഴും ആദരവോടു കൂടി കാണുക എന്നതു നമ്മുടെ സമൂഹത്തിന്‍റെ സ്ഥിരം ശൈലിയാണ്. ചേരികളില്‍ സാധാരണയായി കാണുന്ന വീട്ടുകലഹങ്ങളെ ഒരുതരം തരംതാണ സംസ്കാരമായിട്ടാണ് നമ്മള്‍ പരിഗണിക്കുന്നത്. ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന ദരിദ്രസ്ത്രീയെ സമൂഹം നിരന്തരം വേട്ടയാടുമ്പോഴും, ഉന്നതന്മാരുടെ ഇടയില്‍ വളരെ വ്യവസ്ഥാപിതമായി നടക്കുന്ന പരസംഗം, കൂട്ടിക്കൊടുപ്പ,് വെച്ചുമാറ്റം ഇവയെക്കുറിച്ചൊക്കെ നാം അജ്ഞരെന്ന് നടിക്കുന്നു. പണവും അതിന്‍റെ അനുബന്ധങ്ങളുമാണ് ഇവിടെ നീതിന്യായങ്ങളെയും നന്മപുണ്യങ്ങളെയും തീരുമാനിക്കുന്നത്. വിചിത്രമാണ് സമൂഹത്തിന്‍റെ മൂല്യവ്യവസ്ഥകള്‍! ചൂഷണത്തിലൂടെയും അഴിമതിയിലൂടെയും പണം സമ്പാദിക്കുന്ന മനുഷ്യന്‍റെ ചെയ്തികളെ വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കാനും തള്ളിപ്പറയാനും അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും തയ്യാറാകുമോ? ശുദ്ധമല്ലാത്ത വഴികളിലൂടെ സമ്പാദിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ നിങ്ങളുടെ ഉപകാരിയാണെങ്കില്‍ അദ്ദേഹവുമായുള്ള ബന്ധത്തില്‍ നിങ്ങള്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും? ഞാന്‍ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോള്‍ രാമായണത്തിലെ ഒരു കഥ പറഞ്ഞുതന്നത് ഓര്‍മ്മിക്കുന്നു. രാമായണ കര്‍ത്താവായ വാല്മീകിയുടെ ഭൂതകാലം ഒരു കൊലപാതകിയും പിടിച്ചുപറിക്കാരനുമായ കാട്ടാളന്‍റേതായിരുന്നു. വനയാത്ര നടത്തുന്ന നിസ്സഹായരായ യാത്രക്കാരെ കൊള്ളയടിച്ചാണ് അദ്ദേഹം തന്‍റെ കുടുംബത്തെ പോറ്റിയിരുന്നത്. ഒരിക്കല്‍ ആ വഴി കടന്നുപോകുന്ന രണ്ട് യുവസന്ന്യാസികള്‍ കാട്ടാളനാല്‍ ആക്രമിക്കപ്പെട്ടു. കവര്‍ച്ചക്കിടെ അവരില്‍ മുതിര്‍ന്ന സന്ന്യാസി ഇങ്ങനെ സ്നേഹപൂര്‍വ്വം കാട്ടാളനെ ഓര്‍മ്മപ്പെടുത്തി: "കവര്‍ച്ചയിലും കൊലപാതകത്തിലും മുഴുകിയ ഒരു ജീവിതം പാപകരമാണ്." അതിനോട് കാട്ടാളന്‍റെ മറുപടി ഇങ്ങനെയായിരുന്നു: "പാപമെങ്കില്‍ പാപമായിക്കൊള്ളട്ടെ. ഞാന്‍ പാപം ചെയ്യുന്നെങ്കില്‍ എന്‍റെ വീട്ടിലുള്ളവര്‍ക്ക് ആഹാരം സമ്പാദിച്ച് കൊടുക്കാനാണ്." അപ്പോള്‍ മുതിര്‍ന്ന സന്ന്യാസി അവനോട് നിര്‍ദ്ദേശിച്ചു; "അങ്ങനെയെങ്കില്‍ ഈ ദുഷ്ചെയ്തിയുടെ ഫലം അവര്‍ കൂടി പങ്കിട്ടനുഭവിക്കുമോ എന്ന് ഭാര്യയോടും മക്കളോടും തിരക്കുന്നതുകൂടി ഉചിതമായിരിക്കും." ഈ ഉത്ബോധനത്തില്‍ മനസ്സുറച്ച കാട്ടാളന്‍ വീട്ടില്‍ചെന്ന് ഭാര്യയോടും മക്കളോടും സന്ന്യാസി ഉന്നയിച്ച കാര്യം തിരക്കുമ്പോള്‍ അവരുടെ മറുപടി ഇങ്ങനെ: "സ്വയം ചെയ്യുന്ന ദുഷ്കൃത്യങ്ങളുടെ ഫലം സ്വയം അനുഭവിച്ചു തീര്‍ക്കുക എന്നതാണ് പ്രകൃതിനിയമം." കഥയിലെ ഭാര്യയുടെയും മക്കളുടെയും ധാര്‍മ്മിക നിലവാരം അവസരവാദപരമാണ്. അല്ലാതെ കാട്ടാളനായ വാല്മീകിയുടേതിനേക്കാള്‍ മെച്ചമാണെന്ന് അവകാശപ്പെടുന്നില്ല. തിന്മയ്ക്ക് പ്രേരണയാകുന്നവര്‍ തിന്മചെയ്യുന്ന വ്യക്തിയേക്കാള്‍ വലിയ പാപിയാണെന്നത് ധാര്‍മ്മികതയുടെ മറ്റൊരു നിയമമാണ്. ഏറ്റവും വലിയ പകല്‍കൊള്ള നടത്തുന്നവര്‍ ഇവിടുത്തെ രാഷ്ട്രീയക്കാരാണെന്നുതന്നെ ചിലപ്പോള്‍ പറയേണ്ടിവരും. എന്നാല്‍ ഇവരെല്ലാവരുംതന്നെ സമൂഹത്തില്‍ മാന്യതയുടെ മുഖം സൂക്ഷിക്കുന്നവരും ദേവാലയങ്ങളില്‍ നേര്‍ച്ചകാഴ്ചകളര്‍പ്പിച്ച് 'ദൈവത്തിന്‍റെ സ്വന്തം' എന്ന് ഉറപ്പുവരുത്തുന്നവരുമാണ്.

എന്നാല്‍ സമൂഹം മുഴുവന്‍ ഇവരുടെ ചെയ്തികളോട് ഇങ്ങനെ പറഞ്ഞ് കണ്ണടയ്ക്കുന്നു: "കള്ളത്തരമുണ്ടെങ്കിലും മറ്റുള്ളവരെ കുറച്ചൊക്കെ സഹായിക്കുന്നുണ്ടല്ലോ." "നൂറ് വെട്ടിക്കുമ്പോള്‍ പത്തെങ്കിലും നാടിനു വേണ്ടി ചെയ്യുന്നുണ്ടല്ലോ." കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതും അതുകൊണ്ട് ദാനധര്‍മ്മം ചെയ്യുന്നതും ഒരു തിന്മയെ നന്മയായി ചിത്രീകരിക്കുന്ന മാന്യതാവത്ക്കരണം നടത്താന്‍ നമുക്ക് പ്രചോദനമാകുന്നു.

സന്മാര്‍ഗ്ഗജീവിതത്തെക്കുറിച്ച് പ്രസംഗിക്കുകയും എഴുതുകയും ഉപദേശിക്കുകയും ചെയ്യുന്ന മാന്യവ്യക്തികളുടെ കാപട്യമാണ് പലപ്പോഴും അതിശയപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിസംരക്ഷണത്തെക്കുറിച്ചും പ്രകൃതിജീവനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ പോലും വ്യക്തിപരമായ പ്രായോഗിക ജീവിതത്തില്‍ വൈരുദ്ധ്യങ്ങളുടെ എതിര്‍സാക്ഷ്യമാണ് ജീവിക്കുന്നത്. വീട്ടില്‍നിന്ന് നടപ്പുദൂരം മാത്രമുള്ള ചന്തയില്‍ പോകാന്‍ മോട്ടോര്‍ വാഹനങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ഇവരില്‍ പലരും തയ്യാറാകുന്നില്ലല്ലോ. ഒരു താപസ്സജീവിതം പരസ്നേഹത്തിലധിഷ്ഠിതമായ ഒരു സാധാരണ ജീവിതത്തേക്കാള്‍ ഒട്ടും മെച്ചപ്പെട്ടതല്ല. അതുപോലെതന്നെ ധാര്‍മ്മിക ശോഷണം നേരിടുന്ന കപട ജീവിതങ്ങള്‍ പുറമേ മാന്യമെന്നു തോന്നിയാലും ആത്യന്തികമായ വിലയിരുത്തലില്‍ സ്തുത്യര്‍ഹമല്ല.

അനില്‍കുമാര്‍ കേശവക്കുറുപ്പ്

0

0

Featured Posts

Recent Posts

bottom of page