
യേശുവിനെ എങ്ങനെയെങ്കിലും പൂട്ടാൻ വഴി തേടി നടന്നിരുന്നു, ഫരിസേയരും നിയമജ്ഞരും. അതിനായി ഏതറ്റംവരെ പോകാനും അവർക്ക് മടിയില്ലായിരുന്നു. അങ്ങനെയാണ് ഒരു പ്രഭാതത്തിൽ അവർ ഒരു ലൈംഗിക തൊഴിലാളിയെ തേടിയിറങ്ങിയത്. എവിടെ ചെന്നാൽ അത്തരം ഒരാളെ സംഘടിപ്പിക്കാൻ കഴിയും എന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു. അവരുടെ കണക്കുകൂട്ടൽ തെറ്റിയില്ല. ബലി കൊടുക്കാൻ പറ്റിയ ഒന്നിനെ അവർക്ക് കിട്ടുകതന്നെ ചെയ്തു. ആ ബലിയാടിനെയും തൂക്കിയെടുത്ത് പോരുമ്പോൾ, എക്കാലത്തെയും പോലെ മറ്റുള്ളവരെ കല്ലെറിയാൻ വിജ്രംഭിച്ചു നിൽക്കുന്ന കുറേ സദാചാരവാദികളെയും വഴിയിൽ നിന്ന് അവർക്ക് കൂട്ടിനുകിട്ടി. അങ്ങനെയാണ് വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ആ സ്ത്രീയെയും കൊണ്ട് ഒരു ജനാവലി ജെറുസലേം ദേവാലയ പരിസരത്തക്ക് എത്തുന്നത്. മിക്കവാറും വിജാതീയരുടെ അങ്കണത്തിൻ്റെ ആൾത്തിരക്കില്ലാത്ത ഒരു കോണിൽ ഇരുന്ന്, തന്നെ കേൾക്കാൻ എത്തിയ ജനത്തെ പഠിപ്പിക്കുകയാണ് യേശു. "ഇത്തരം ആളുകളെ കല്ലെറിഞ്ഞു കൊല്ലണം" എന്ന് മോശ കൽപ്പിച്ചിട്ടുണ്ട് എന്ന നിയമത്തിന്റെ അനുച്ഛേദവും പൊക്കിപ്പിടിച്ചുകൊണ്ടാണ് അവർ യേശുവിനെ സമീപിക്കുന്നത്. യേശുവാകട്ടെ കുനിഞ്ഞ് വിരൽ കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു എന്നാണ് കാണുന്നത്. വീണ്ടും വീണ്ടും അവർ ചോദ്യം ആവർത്തിച്ചപ്പോൾ, തല ഉയർത്തി യേശു അവരോടായി പറയുന്നു: "നിങ്ങളിൽ പാപം ചെയ്യാത്തയാൾ ആദ്യം അവളെ കല്ലെറിയട്ടെ." അതുകേട്ട് അവിടെ കൂടിയവരിൽ മുതിർന്നവർ തൊട്ട് ഓരോരുത്തരായി പോയിക്കളഞ്ഞു എന്ന് സുവിശേഷം പറയുന്നു.
"കല്ലെറിഞ്ഞു കൊല്ലണം" എന്ന് പല പാപങ്ങൾക്കും നിയമ പുസ്തകം ശിക്ഷ അനുശാസിക്കുന്നുണ്ടെങ്കിലും, യേശുവിന്റെ കാലത്ത് റോമാക്കാർ ഭരണം ഏറ്റെടുത്തതിനു ശേഷം മതകോടതിയുടെ ഇത്തരം വിധികളെല്ലാം റദ്ദാക്കി കളഞ്ഞിരുന്നു. ഗവർണർ ആയ പീലാത്തോസ് തന്നെയായിരുന്നു വിധിയാളനും. ചുരുക്കത്തിൽ, 'അവളെ ഒന്നും ചെയ്യേണ്ട' എന്ന് പറഞ്ഞാൽ യേശു യഹൂദ നിയമം ലംഘിച്ചവനാകും; കല്ലെറിഞ്ഞു കൊല്ലാൻ പറഞ്ഞാൽ റോമൻ നിയമം ലംഘിച്ചവനാകും. അത്തരം ഒരു സന്ദിഗ്ദ്ധ ഘട്ടത്തിലാണ് നേരത്തേ പറഞ്ഞ യേശുവിന്റെ വിധിവാചകം വരുന്നത്.
എന്നിട്ടും എന്തുകൊണ്ടാവാം മുതിർന്നവർ തൊട്ട് ഓരോരുത്തർ കല്ലുകൾ ഇട്ടിട്ട് പോയത്? കാരണം യേശു അവരെ ബുദ്ധിമുട്ടിലാക്കിക്കളഞ്ഞു. ആരെങ്കിലും ഒരാൾ അവളെ കല്ലെറിഞ്ഞാൽ അയാൾ നിയമം ലംഘിച്ചവനും ദൈവദൂഷണം പറഞ്ഞവനും ആയിപ്പോകും. കാരണം കല്പനകൾ തുടങ്ങി എത്രയോ വട്ടം ഹെബ്രായ ബൈബിളിൽ അത് കാണാം: "ദൈവം മാത്രമാണ് പരിശുദ്ധൻ."
("നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആരോപിക്കാൻ കഴിയും?" എന്ന് യേശു മറ്റൊരിക്കൽ ചോദിക്കുമ്പോൾ അവൻ തന്നെത്തന്നെ ദൈവമാക്കുകയാണ് എന്ന് ഓർക്കണം)!
മതം തലയ്ക്കു പിടിച്ചവർ പോയിക്കഴിഞ്ഞപ്പോൾ അവൻ അവളോട് ചോദിക്കുന്നു: "സ്ത്രീയേ, അവരെല്ലാം എവിടെ? ആരും നിന്നെ വിധിച്ചില്ലേ?"
"ഞാനും നിന്നെ വിധിക്കുന്നില്ല. പോയിക്കൊള്ളുക. മേലിൽ പാപം ചെയ്യരുത്"
വ്യക്തിയെ വിധ ിക്കാത്തവൻ തിന്മയെ തള്ളിപ്പറയാനും മറക്കുന്നില്ല.
ആശയത്തെയും വ്യക്തിയെയും വ്യവഛേദിക്കേണ്ടതിൻ്റെ ഈയൊരു വിവേകം നമുക്കൊക്കെ എന്നാണ് ഉണ്ടാവുക?!