top of page

മതനിരാസം

7 days ago

1 min read

ജോര്‍ജ് വലിയപാടത്ത്

പുതിയ തലമുറ എന്തുകൊണ്ട് മതത്തിൽ നിന്ന് അകലുന്നു? അതിനുള്ള മുഖ്യമായ കാരണങ്ങൾ എന്തെല്ലാമാണ് എന്നാരാഞ്ഞിട്ടുണ്ടോ? ഈയുള്ളവൻ എത്തിച്ചേരുന്ന നിഗമനങ്ങളിൽ ചിലത് ഇവിടെ കുറിക്കണമെന്ന് തോന്നി. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, പുതിയ തലമുറ മതങ്ങളെയും ഞാനുൾപ്പെടുന്ന മുൻതലമുറയെയും വെറുക്കുന്നു. അതിനെ അവർ 'തന്ത വൈബ്' എന്നോ തത്തുല്യമായ മറ്റെന്തെങ്കിലും പദങ്ങൾ കൊണ്ടോ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിൽ മാത്രമല്ല, ഉത്തരാധുനിക ചിന്ത കടന്നു ചെന്നിട്ടുള്ള ലോകത്തിന്റെ ഏതാണ്ട് എല്ലാ മുക്കിലും മൂലയിലും സ്ഥിതി ഒന്നുതന്നെയാണ്.


എന്താണ് മതങ്ങളുടെയും മുതിർന്ന തലമുറയുടെയും പ്രധാന പോരായ്ക? സിംപിളായി പറഞ്ഞാൽ, തങ്ങൾ മറ്റുള്ളവരെക്കാൾ നല്ലവരാണ് എന്ന മനോഭാവവും ചിന്തയും, അന്യരെ ചെറുതാക്കുന്ന സംഭാഷണങ്ങളും. ഇംഗ്ലീഷിൽ പറഞ്ഞാൽ self-righteousness. ഈയൊരു മേഖലയിലാണ് മതങ്ങളെല്ലാം തന്നെ പരാജയപ്പെടുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും ബൗദ്ധരും യഹൂദരും എല്ലാം മോശമാണ്; തങ്ങളാണ് ഏറ്റവും നല്ലവർ എന്ന് ക്രിസ്ത്യാനികൾ കരുതുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യും. ക്രിസ്ത്യാനികളും മുസ്ലീങ്ങളും യഹൂദരും എല്ലാം മോശമാണ് തങ്ങളാണ് ഏറ്റവും നല്ലവർ എന്ന് ഹൈന്ദവർ കരുതും. മറ്റെല്ലാ മതക്കാരും മോശമാണ്, തങ്ങളാണ് ഏറ്റവും നല്ലവർ എന്ന് മുസ്ലിങ്ങൾ കരുതും. (മത തത്ത്വങ്ങളെ കുറിച്ചല്ല, മതവിശ്വാസികളെ കുറിച്ചാണ്). ഈയൊരു മേഖലയിലാണ് എല്ലാ മതങ്ങളിലും അന്ധത ഉള്ളത് എന്ന് തോന്നുന്നുണ്ട്.


സത്യത്തിൽ സുവിശേഷങ്ങളിലെ യേശുവിന്റെ പ്രബോധനങ്ങളെയും പ്രതികരണങ്ങളെയും നിരീക്ഷിച്ചാൽ ക്രിസ്തു അനുയായികൾ ഈയൊരു കെണിയിൽ വീണ് പോകരുതാത്തതാണ്. കാരണം യേശുവിന്റെ കാലത്ത് അവൻ ഏറ്റവും അധികം കലഹിച്ചത് സ്വയം-നീതിമത്കരണം/കാപട്യം എന്ന പാപത്തോടായിരുന്നു. ഫരിസേയരിലും നിയമജ്ഞരിലും സദുക്കായരിലും ഉണ്ടായിരുന്ന അന്ധത ഇതു തന്നെയായിരുന്നു. തങ്ങളാണ് നിയമം പാലിക്കുന്നവർ എന്നും മറ്റുള്ളവരെല്ലാം പാപികളാണ് എന്നും അവർ കരുതിയിരുന്നു. തങ്ങൾ നീതിമാന്മാരാണ് എന്നൊരു ധാരണ വന്നുപോയാൽ ആത്മീയ അഹന്തയും മേധാവിത്വ മനോഭാവവും ആദരവില്ലായ്മയും, മറ്റുള്ളവരെ വിധിക്കുന്ന പ്രവണതയും ഉടൻ വന്നുചേരുകയായി. അതു തന്നെയാണ് കാപട്യവും. യേശു എത്ര തവണ മേൽപ്പറഞ്ഞ പാപങ്ങളെക്കുറിച്ച് പ്രബോധിപ്പിച്ചു; മറിച്ച് കൊലപാതകം, മോഷണം, വ്യഭിചാരം, കള്ളസാക്ഷ്യം എന്നിവയെക്കുറിച്ച് എത്ര തവണ പ്രബോധിപ്പിച്ചു എന്ന് ആരാഞ്ഞാൽ മതിയല്ലോ! യേശുവിൻ്റെ നിലപാടനുസരിച്ച് ദൈവം ഏറ്റവും വെറുക്കുന്നത് കൊലപാതകമാേ വ്യഭിചാരമോ കള്ളസാക്ഷ്യമോ അല്ല - ആത്മീയാഹങ്കാരമാണ്, സ്വയം നല്ലവരാണെന്ന നിലപാടാണ്, മറ്റുള്ളവരെ വിധിക്കൽ ആണ്, മറ്റുള്ളവരുടെ ആവശ്യങ്ങളോട് സെൻസിറ്റീവ് ആകാതിരിക്കലാണ്.


പ്രയോഗത്തിൽ എല്ലാ മതങ്ങളും തന്നെ ഇന്ന് ഒരേപോലെയായിട്ടാണ് കാണപ്പെടുന്നത്. ആത്മീയ അന്ധത മാറ്റാൻ മതങ്ങളൊന്നും ഉപകാരപ്പെടുന്നില്ല എന്ന് വന്നാലോ?!

അങ്ങനെയാണെങ്കിൽ, മതങ്ങളെ വിട്ടുകളയാം എന്ന നിലപാടിലേക്കെത്തുന്നു, സമകാലിക യുവലോകം.

ആരാണതിന് ഉത്തരവാദി?


Featured Posts

bottom of page