top of page

ദൈവം ശിക്ഷിക്കുമോ?

May 1, 2004

2 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

ദൈവശാസ്ത്രവേദി


ദൈവത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ

ദൈവത്തെപ്പറ്റിയുള്ള പലരുടേയും സങ്കല്പത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഒരാശയമാണ്, അവിടുന്നു ശിക്ഷിക്കുന്ന ഒരു ദൈവമാണെന്നത്. ദൈവം നന്മയെ സ്നേഹിക്കുകയും തിന്മയെ വെറുക്കുകയും ചെയ്യുന്നുവെന്നതു ശരിതന്നെ. കാരണം പ്രകൃത്യാതന്നെ ദൈവം നന്മയാണ്. തിന്മയാകട്ടെ ദൈവപ്രകൃതിക്കു വിപരീതവും. തിന്മ, വിശിഷ്യ സാന്മാർഗ്ഗികതിന്മ അഥവാ പാപം, ചെയ്യുമ്പോൾ ഒരുവൻ ദൈവസ്നേഹത്തെയും മനുഷ്യസ്നേഹ ത്തെയും നിഷേധിക്കുന്നു. അത് എപ്പോഴും ദുരന്തം വരുത്തിവെയ്ക്കും. തിന്മചെയ്‌ത് ഒരുവൻ ദുരന്തത്തിന് ഇരയാകുന്നത് ദൈവത്തിൻ്റെ ഇഷ്ട‌മല്ല. ഈ സത്യം ഊന്നിപ്പറയുവാനാണ് വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ ചിന്തിക്കുന്ന വിശുദ്ധ ഗ്രന്ഥകർത്താക്കൾ പാപത്തെ ഭയങ്കരമായി ശിക്ഷിക്കുന്നവനായി ദൈവത്തെ ബൈബിളിൽ ചിത്രീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് സങ്കീ 89:32, ഏശ 13:11, 24:21 ജെറമിയ 9:9, 21:14; ഹോസി 2:13, 8:13 തുടങ്ങിയ ഭാഗങ്ങൾ കാണുക. പ്രകൃതിക്ഷോഭം മൂലമോ സ്വന്തം തെറ്റുകൊണ്ടോ മറ്റുള്ളവരുടെ ദുഷ്‌ടതകാരണമോ മനുഷ്യനുണ്ടാകുന്ന അനർത്ഥങ്ങളും ദുരന്തങ്ങളും പോലും പാപത്തിനുള്ള ദൈവശിക്ഷയായിട്ടാണ് ബൈബിൾ കാണുന്നത്. ജലപ്രളയം, സോദോം ഗോമോറാ നഗരങ്ങളുടെ തിരോധാനം. ഇസ്രായേലിന്റെയും അവരുടെ ശത്രുരാജ്യങ്ങളുടെയും അധിനിവേശങ്ങളിലും പടയോട്ടങ്ങളിലും പരാജയപ്പെട്ട രാജ്യങ്ങളുടെയും പട്ടണങ്ങളുടെയും നാശം, തുടങ്ങിയ കഥകളും സംഭവങ്ങളും ഈ ചിന്താഗതിക്കുള്ള ഉദാഹരണങ്ങളാണ്.


പാപി സ്വയം ശിക്ഷിക്കുന്നു


പാപം ദൈവത്തിൽ നിന്നുള്ള അകൽച്ചയാണ്. ഈ അകൽച്ച തന്നെയാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം, ഏറ്റവും വലിയ ശിക്ഷ. മനുഷ്യനെ ദൈവം സൃഷ്‌ടിച്ചിരിക്കുന്നത് അവിടുത്തോടു കൂടിയായിരിക്കുന്നതിനാണ്, അവിടുത്തോട് ഐക്യപ്പെട്ടിരിക്കുന്നതിനാണ്. പാപം ചെയ്യുമ്പോൾ അറിവോടും സമ്മതത്തോടും സ്വാതന്ത്ര്യത്തോടും കൂടിയാണ് ഒരുവൻ ദൈവ ത്തിൽനിന്ന് അകലുന്നത്. അതിനാൽ ദൈവത്തിൽ നിന്നുള്ള അകൽച്ചയ്ക്ക് ഉത്തരവാദി ദൈവമല്ല, മനുഷ്യൻ തന്നെയത്രേ. എല്ലാ പാപത്തിനും ശിക്ഷയുണ്ട് എന്നത് മിക്കവാറും എല്ലാ മതവിശ്വാസികളുടെയും അവബോധമാണ്. എന്നാൽ, ഈ ശിക്ഷ വെളിയിൽ നിന്ന് ആരും ഏല്പിക്കുന്നതല്ല. പ്രത്യുത അതു പാപത്തിൽത്തന്നെ അടങ്ങിയിട്ടു ള്ളതാണ്. പാപം ചെയ്യുന്നവൻ സ്വയം ഈ ശിക്ഷ ഏറ്റുവാങ്ങുന്നുവെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.


നിത്യശിക്ഷ


കത്തോലിക്കാ വിശ്വാസം പാപത്തിനുള്ള രണ്ടുതരം ശിക്ഷകളെപ്പറ്റി പറയുന്നുണ്ട്. ഒന്ന് നിത്യശിക്ഷ മറ്റേത് കാലത്തിനടുത്ത ശിക്ഷ. നിത്യ ശിക്ഷ എന്ന പദം വിവക്ഷിക്കുന്നത്, ഒരാൾ ഗൗരവമായ അഥവാ മാരകമായ പാപത്തിൽ (ചാവു ദോഷത്തിൽ) ഉൾപ്പെട്ടിട്ട്, അനുതപിക്കുകയോ, ദൈവവും സഹോദരങ്ങളുമായി അനുരഞ്ജനപ്പെ ടുകയോ ചെയ്യാതെ മരിച്ചാൽ കിട്ടുന്ന ശിക്ഷയെയാണ്. പാപം ദൈവത്തിൽ നിന്നുള്ള അകൽച്ചയാണെന്നു പറഞ്ഞല്ലോ. പൂർണ്ണമായ അറിവോടും സമ്മതത്തോടും സ്വാതന്ത്ര്യത്തോടും കൂടെ ഒരാൾ ഗൗരവമായ ഒരു കാര്യത്തിൽ ദൈവത്തിൽനിന്നു പൂർണ്ണമായി അകലുകയും ആ അകൽച്ചയിൽതന്നെ ബോധപൂർവ്വം മരണം വരെ നിലകൊള്ളുകയും ചെയ്‌താൽ ഉണ്ടാകുന്ന പരിണതഫല മാണിത്. അങ്ങനെ ജീവിക്കുകയും മരിക്കയും ചെയ്യുന്നയാൾ സ്വയം ഏല്പിക്കുന്ന അഥവാ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നാണ് നിത്യശിക്ഷ അഥവാ "നിത്യനരകം". ജീവിതത്തിൽ ദൈവവുമായുള്ള പൂർണ്ണമായ അകൽച്ചയിൽ ജീവിച്ചയാൾ മരിക്കുമ്പോൾ അയാളുടെ അവസ്ഥ നിത്യമാകുന്നു, നിത്യശിക്ഷയാകുന്നു. അനന്തനന്മയും അനന്ത സ്നേഹവുമായ ദൈവത്തിൽനിന്നുള്ള നിത്യമായ അകൽച്ചയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ദൗർഭാഗ്യം, ഏറ്റവും വലിയ നരകയാതന. ഇത് ദൈവം ഏല്പ്‌പിക്കുന്ന ശിക്ഷയല്ല പിന്നെയോ മനുഷ്യൻ സ്വയം ഏല്പിക്കുന്ന ശിക്ഷയത്രേ. ഇങ്ങനെ നിത്യമായ ശിക്ഷ സ്വയം ഏല്പിക്കുന്ന മനുഷ്യ രുണ്ടോ? അതു നമുക്കറിഞ്ഞുകൂടാ. ദൈവത്തിനു മാത്രമേ അറിയൂ, എന്നാൽ, ഇതൊരു സാധ്യതയാണെന്നകാര്യം നിഷേധിക്കാനാവില്ല. അതാണ് "നിത്യനരകം" എന്ന വിശ്വാസസത്യം അർത്ഥമാക്കുന്നത്.


കാലത്തിനടുത്ത ശിക്ഷ


രണ്ടാമത്തേത്, കാലത്തിനടുത്ത ശിക്ഷയാണല്ലോ. ഇത് അർത്ഥമാക്കുന്നത്: ആദ്യമായി, ഗൗരവമായ പാപത്തിന് അനുതാപത്തിലൂടെ, അനുരഞ്ജനകൂദാശയിലൂടെ മോചനം ലഭിച്ചെങ്കിലും, പൂർണ്ണമായ സ്നേഹത്തിലേയ്ക്കു വളരാത്തതിനാൽ ആ പാപം ഇനിയും ഒരുവനിൽ അവശേഷിപ്പിക്കുന്ന തിന്മയിലേക്കുള്ള പ്രവണതയും തഴക്കവും ഇല്ലാതാക്കാൻ ആവശ്യമായ പരിശ്രമവും അതിനു വേണ്ടി സഹിക്കേണ്ടിവരുന്ന ത്യാഗവുമാണെന്നു പറയാം. നന്മയിലും സ്നേഹത്തിലും വളരാനുള്ള ബുദ്ധിമുട്ടും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള വൈഷമ്യവുമൊക്കെ പാപം ഒരുവനിൽ അവശേഷിപ്പിക്കുന്ന വടുക്കളാണെന്നു പറയാം. പ്രാർത്ഥ നയിലൂടെയും സഹോദര സ്നേഹത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും മറ്റും ദൈവത്തോടു കൂടുതൽ അടുക്കുമ്പോളാണ് ഈ വടുക്കൾ അപ്രത്യക്ഷമാകുന്നത്.


രണ്ടാമതായി, മാരകമല്ലാത്ത പാപങ്ങളും അപൂർണ്ണതകളും മറ്റും സ്നേഹത്തെ ബലക്ഷയമാക്കുകയും ചെയ്യാറുണ്ട്. ഇവിടെയും ദൈവേഷ്‌ടം നിറവേറ്റുന്നതിനും സ്നേഹത്തിൽ വളരുന്നതിനും കഠിനമായ അദ്ധ്വാനവും ത്യാഗവും ആത്മനിയന്ത്രണവുമാവശ്യമാണ്. ഇതിനു 'കാല ത്തിനടുത്ത ശിക്ഷ' എന്നു പറയാം. ഈ ശിക്ഷയും ആരും പുറത്തുനിന്ന് ഏല്‌പിക്കുന്നതല്ല, പിന്നെയോ പാപത്തിൽ തന്നെ അടങ്ങിയിരിക്കുന്ന ശിക്ഷയാണ്; മനുഷ്യൻ സ്വയം ഏല്‌പിക്കുന്ന ശിക്ഷയാണ്.


ദൈവം ശിക്ഷിക്കുന്നില്ല


ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമായിരിക്കുമെന്നു കരുതുന്നു. എല്ലാ പാപത്തിനും ശിക്ഷയുണ്ട്. ഈ ശിക്ഷ വെളിയിൽ നിന്ന് ആരും ഏല്പി ക്കുന്നതല്ല, പിന്നെയോ പാപത്തിൽതന്നെ അടങ്ങിയിരിക്കുന്ന ശിക്ഷയാണ്. പാപം തിരഞ്ഞെടുക്കു ന്ന മനുഷ്യൻ അതിനുള്ള ശിക്ഷയും സ്വയം തിരഞ്ഞെടുക്കുന്നു. ദൈവം ആരെയും ശിക്ഷിക്കുന്നില്ല. അവിടുന്നു ശിക്ഷിക്കുന്ന ദൈവമല്ല, രക്ഷിക്കുന്ന ദൈവമത്രേ. എന്നാൽ, മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഇല്ലായ്‌മ ചെയ്‌തുകൊണ്ട് ദൈവം അവനെ രക്ഷിക്കയില്ല. കാരണം, സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യനു നല്‌കിയ ദാനമാണ്. ഒരിക്കൽ നല്കിയ ദാനം അവിടുന്നു തിരിച്ചെടുക്കുകയില്ലല്ലോ. ഏതായാലും, യേശുനാഥൻ വെളിപ്പെ ടുത്തിയ ദൈവം ശിക്ഷിക്കുന്നവനല്ല, രക്ഷിക്കുന്നവനാണ്. രക്ഷിക്കുന്ന ഈ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും സ്നേഹത്തിൽ നമ്മെ വളർത്തുകയും പാപത്തിൽ നിന്നും ശിക്ഷയിൽനിന്നും നമ്മെ അകറ്റി നിർത്തുകയും ചെയ്യും.

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

87

Featured Posts

Recent Posts

bottom of page