top of page

Dogtooth

Oct 3, 2017

4 min read

രഎ
dogtooth

പുതിയകാല ലോക സിനിമാസംവിധായക വക്താക്കളില്‍  ഒരാളാണ് യോര്‍ഗോസ് ലാന്തിമോസ്. യൂറോപ്യന്‍ സിനിമാ രംഗത്ത് നിന്നും പലപ്പോഴായി സിനിമ ആസ്വാദകരെ ഞെട്ടിക്കുന്ന തരത്തിലുള്ള സിനിമകള്‍ കടന്നുവരാറുമുണ്ട്. എന്നാല്‍, ഇവരില്‍ നിന്നുമൊക്കെ അല്‍പ്പം അകലം പാലിച്ചുകൊണ്ട്, തന്‍റെ സിനിമകളില്‍ തന്‍റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താന്‍ ലാന്തിമോസ് എന്ന സംവിധായകനു സാധിക്കുന്നു എന്നിടത്താണ് ഒരു കലാകാരന്‍റെ വൈഭവം നാം മനസ്സിലാക്കേണ്ടത്. ഈ നൂറ്റാണ്ടിലെ സംവിധായകരില്‍ നിന്നും വലിയൊരു കൂട്ടം സിനിമ ആസ്വാദകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള, അല്ലെങ്കില്‍ വളരെയധികം സമയപ്രാധാന്യമുള്ള വിഷയങ്ങള്‍ അതിസൂക്ഷ്മമായി തന്‍റേതായ ശൈലിയില്‍ പറഞ്ഞു പോകുന്നതിലാണ് ലാന്തിമോസ് ചിത്രങ്ങള്‍ വേറിട്ടു നില്‍ക്കുന്നത്. ലാന്തിമോസ് ചിത്രങ്ങള്‍  'അബ്സര്‍ഡിസ' ത്തിന്‍റെ വ്യക്തമായ നേര്‍ക്കാഴ്ചകളാണ്. അദ്ദേഹത്തിന്‍റേതായി ഞാന്‍ കണ്ട രണ്ട് ചിത്രങ്ങളില്‍ (മറ്റൊന്ന് 'ദി ലോബ്സ്റെര്‍') പ്രതിജ്ജ്വലിച്ച് നില്‍ക്കുന്ന ഒരു കാര്യം ആണത്. അതിനാല്‍ തന്നെ വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുള്ളതാണ് 2009 ല്‍ ഇറങ്ങിയ 'ഡോഗ്ട്ടൂത്' എന്ന ഈ ചിത്രം. ആ വര്‍ഷത്തെ തന്നെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ "Uncertain Regard' വിഭാഗത്തില്‍ പുരസ്കാരത്തിനും, അക്കാദമി അവാര്‍ഡിലേക്കുമായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതാണ്. 

'ഡോഗ്ടൂത്തി'ന്‍റെ കഥാപശ്ചാത്തലം ഒരു കുടുംബത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അവരുടെ ദൈനംദിനവും കടന്നു പോയതുമായ ജീവിതത്തിന്‍റെ അസ്വാഭാവികതയാണ് ചിത്രത്തിന്‍റെ കാതല്‍. ഈ അസ്വഭാവികത സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ ഒരുപക്ഷെ നാം മുമ്പൊരിക്കലും കണ്ടു പരിചയം ഇല്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ്. ഈ കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നതാകട്ടെ ചിത്രത്തിലെ കുടുംബനാഥനായ അച്ഛനും; ഇവിടെ തുടങ്ങുന്നു ചിത്രത്തില്‍ നാം നേരിടാന്‍ പോകുന്ന മറ്റു സങ്കീര്‍ണ്ണതകള്‍. അച്ഛനും അമ്മയും മൂന്നു മക്കളും അടങ്ങിയ കുടുംബത്തിലാര്‍ക്കും സിനിമയില്‍ പേര് നല്‍കുന്നില്ല. മൂത്ത കുട്ടിയെ 'മൂത്തവള്‍' എന്നും രണ്ടാമനെ 'രണ്ടാമന്‍' എന്നും ആണ് കുടുംബത്തിലെ ബാക്കിയുള്ളവര്‍ അഭിസംബോധന ചെയ്യുന്നത്. ഈ അച്ഛന്‍ ചെയ്യുന്നത് എന്തെന്നാല്‍ ബാക്കിയുള്ളവരെ സ്വന്തം വീട്ടില്‍ തന്നെ ഒരു തരത്തില്‍ ബന്ധനസ്ഥരാക്കുകയാണ്. വീടിനു ചുറ്റുമുള്ള വലിയ മതിലിന്‍റെ വെളിയില്‍ കുട്ടികള്‍ക്ക് മറ്റൊരു സഹോദരനുണ്ടെന്നും, അവനെ കാണാനെന്നുമുള്ള പേരിലും അച്ഛന്‍ വീടിനു പുറത്തേക്കു ദിവസവും രാവിലെ സഞ്ചരിക്കുന്നു. വീടിന്‍റെ പുറത്തേക്കു പോകുന്നതില്‍ ബാക്കിയുള്ളവര്‍ക്ക് വിലക്കുമുണ്ട്. ചിത്രത്തിലെ മക്കളുടെ ജനനം മുതല്‍ ആ വീട്ടിലാണ് ചിലവഴിച്ചിരിക്കുന്നതെന്നും സാധാരണമായ മനുഷ്യജീവിതത്തെപ്പറ്റി അവര്‍ക്കൊന്നും അറിയില്ലെന്നും മുന്നോട്ടു പോകുമ്പോള്‍ നാം മനസ്സിലാക്കുന്നു. അവരുടെ ഇപ്പോഴത്തെ ജീവിതമാകട്ടെ അച്ഛന്‍റെ വിചിത്രമായ നിയമങ്ങള്‍ക്കു വഴങ്ങിക്കൊണ്ടുമാണ്. ഈ നിയമങ്ങളും രീതികളും വളരെ വൈദേശികവും സാധാരണമായ ഒരു മനുഷ്യന്‍റെ യുക്തിബോധങ്ങള്‍ക്ക് നിരക്കാത്തതുമാണ്. ചിത്രത്തിന്‍റെ ആദ്യസീനില്‍ നിന്ന് തന്നെ ഇത് വളരെ വ്യക്തമാക്കപ്പെടുന്നു. ഇവിടെ സാധാരണമായി നാം ഉപയോഗിക്കാറുള്ള പദങ്ങള്‍ക്ക് ആശ്ചര്യകരമായ വ്യാഖ്യാനങ്ങള്‍ ഒരു ടേപ്പിലൂടെ കേട്ടു പഠിക്കുന്ന കുട്ടികളെ നാം കാണുന്നു. നേരംപോക്കിനായി അവര്‍ കളിക്കുന്നതു പോലും വ്യക്തമായി നിര്‍ദ്ദേശിച്ച തരത്തിലുള്ള കളികളാണ്. അമ്മയ്ക്കാകട്ടെ സാധാരണ ജീവതത്തെപ്പറ്റി അറിവുണ്ടായിട്ടും ഭര്‍ത്താവിന്‍റെ വ്യവസ്ഥകളെ മാനിച്ചുകൊണ്ടോ, ഭീഷണിയുടെ ഭയം കൊണ്ടോ, കഴിഞ്ഞ കാലത്തെ മറ്റെന്തോ കാരണം കൊണ്ടോ ആ വീട്ടില്‍ കഴിഞ്ഞു കൂടുന്നു. ഇങ്ങനെ പല തരത്തില്‍ കെട്ടിയടക്കപ്പെട്ടിട്ടുള്ള മക്കളുടെ ജീവിതവും, എന്നാല്‍ എത്രയൊക്കെ ബന്ധിക്കപ്പെട്ടാലും സ്വാതന്ത്ര്യത്തിലേക്ക് ഏതെങ്കിലുമൊക്കെ തരത്തില്‍ തിരിച്ചു വരാനുള്ള മനുഷ്യന്‍റെ മൗലികമായ ത്വരയാണ് ഈ ചിത്രം തേടുന്നത്. അതില്‍ വലിയ രീതിയില്‍ തന്നെ നീതി പാലിക്കാന്‍ ഈ ചിത്രത്തിന് സാധിക്കുന്നു. 

കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണതകള്‍ കൊണ്ടും കഥാഗതിയുടെ വൈവിധ്യം കൊണ്ടും നമ്മെ അതിശയപ്പെടുത്തുന്ന സിനിമകളുണ്ട്. എന്നാല്‍ അവയില്‍ നിന്നുമൊക്കെ വളരെ വ്യത്യസ്തമായി ഈ സിനിമയ്ക്കു ഇതിന്‍റെതായ ഒരു ശൈലി അവകാശപ്പെടാനുണ്ട്. പറഞ്ഞു വയ്ക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതിനാവശ്യമായ നിഷ്കളങ്കതയോടും ക്രിയാത്മകതയോടും കൂടി പറയാന്‍ ഇതിനു സാധിക്കുന്നിടത്ത് ഇതിന്‍റെ വ്യാപ്തിയും, അര്‍ത്ഥബോധങ്ങളും ഉറങ്ങിക്കിടപ്പുണ്ട്. ചിത്രത്തിന്‍റെ തുടക്കം മുതല്‍ തന്നെ കഥാന്തരീക്ഷത്തിനു ആവശ്യമായ നിഗൂഢത നല്‍കുന്നതു വഴി കാഴ്ചക്കാരന്‍റെ ശ്രദ്ധ പിടിച്ചു പറ്റാനും കഥാപാത്രങ്ങളെപ്പറ്റി വിചാരിതരാക്കാനും സംവിധായകനു സാധിക്കുന്നു. തികച്ചും സൂക്ഷ്മമായ കഥാസഞ്ചാരം ആണെങ്കിലും രൂക്ഷമായി പല രാഷ്ട്രീയവും ഏകാധിപത്യപരവുമായ ചിന്തകളെ വിമര്‍ശിക്കാനും ദാര്‍ശനികമായ ചില ചിന്തകള്‍ പറഞ്ഞു വെക്കാനും ചിത്രത്തിന്‍റെ ഈ ശൈലിക്ക് സാധിക്കുന്നു. സിനിമയില്‍ അച്ഛന്‍ കഥാപാത്രം ഒരു ഏകാധിപതിയായാണ് സ്ഥിതി ചെയ്യുന്നത്. ഈ ഏകാധിപത്യത്തിനു പല മാനങ്ങള്‍ നമുക്ക് കൊടുക്കാനാവും. മനുഷ്യനെ മനുഷ്യന്‍ ആക്കുന്ന പല ഘടങ്ങളുണ്ട്. അവയൊക്കെ ഇല്ലാതാകുമ്പോള്‍, അല്ലെങ്കില്‍ അത് അടച്ചിടുമ്പോള്‍ 'മനുഷ്യന്‍' എന്ന സങ്കല്പം ഒരു വിധത്തില്‍ ഇല്ലാതാകുകയാണ്. ഈ ഘടകങ്ങളുടെ അഭാവത്തില്‍ അവന്‍ എന്തായി തീരും എന്ന് ഒരു വശത്ത് നിന്നുകൊണ്ട് ഈ ചിത്രം ആരായുന്നുണ്ട്. ജനിച്ച കാലം മുതല്‍ കണ്ടും കേട്ടും വളരുന്ന കാര്യങ്ങള്‍ ആണ് നമ്മെ പൂര്‍ണ്ണമാക്കുന്നത്. നിര്‍ബന്ധമായി പഠിക്കേണ്ടി വരുന്ന കാര്യങ്ങള്‍ക്ക് അവിടെ താഴേക്കിടയില്‍ ഉള്ള സ്ഥാനമേ വരുന്നുള്ളു. മറ്റുള്ള ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഗുണവും അതാണ്. അങ്ങനെ ചുററുമുള്ള ലോകം (ഒരു വിധത്തില്‍ നാം അടച്ചിടപ്പെട്ടിരിക്കുന്നു) നമുക്ക് മുമ്പിലേക്ക് തരാനുള്ള കാര്യങ്ങളുടെ നിരീക്ഷണം കൊണ്ടും അവ മനസ്സിലാക്കപ്പെടുന്ന രീതിയിലും ഇരിക്കും ഓരോരുത്തരുടെയും ജീവിത വളര്‍ച്ച. ഇതുപോലെ തന്നെ ജനിച്ചു വീണ് പൊതുവേ കുട്ടികള്‍ എല്ലാവരും ആദ്യം പറയുന്ന വാക്ക് അമ്മയാണെന്നതും (അതിപ്പോള്‍ ലോകത്ത് എവിടെയായാലും), വളര്‍ച്ചയുടെ തുടക്ക ഘട്ടത്തില്‍ നമുക്കു എല്ലാത്തരത്തിലും ലഭിക്കുന്ന സ്വാധീനം നമ്മുടെ മാതാപിതാക്കളില്‍ നിന്നാണെന്നതും ഭിന്നാഭിപ്രായം ഇല്ലാത്ത ഒരു വസ്തുതയാണ്. മനുഷ്യ ജീവിതത്തില്‍ സമൂഹത്തിന്‍റെയും, അനുബന്ധപ്പെട്ടവരുടെയും പ്രഭാവം ഏല്ക്കാനും താമസം എടുക്കുന്നു. 'ഡോഗ് ടൂത്തി' ല്‍ സംവിധായകന്‍ ഇത് തന്നെയാണ് അതിന്‍റെ പരിപൂര്‍ണ്ണതയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതും. ഇവിടെ കൗമാരപ്രായക്കാരായ മൂന്നു കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതാരംഭം മുതല്‍ അവരുടെ വീട്ടില്‍ തന്നെ ചിലവഴിക്കുന്നവരും, പുറംലോക വസ്തുതകളെയോ രീതികളെയോ പറ്റി യാതൊരു അറിവും ഇല്ലാത്തവരും ആണ്. ആ നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുന്നതാണ് അവരുടെ ലോകം. കഥാരംഭത്തില്‍ അവര്‍ ഇതില്‍ നിന്നും ഒരു മോചനം നേടാന്‍ ആഗ്രഹിക്കുന്നതായി കാണാന്‍ സാധിക്കുന്നില്ല. പകരം അവര്‍ ഇപ്പോള്‍ ജീവിക്കുന്ന അതിരുകള്‍ ഉള്ള ജീവിതത്തിന് ഉള്ളില്‍ നിന്നു കൊണ്ട് അത് ആനന്ദകരമാക്കാനും പുതിയ അനുഭവങ്ങള്‍ നേടാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ യഥാര്‍ത്ഥബോധത്തില്‍ അവരുടെ ജീവിതം തടവിലാക്കപ്പെട്ടിരിക്കുന്ന മൃഗങ്ങള്‍ക്ക് സമാനമാണ്. ഈ തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാകുന്നില്ല എന്നിടത്താണ് സിനിമയുടെ ഭയാനകമായ മുഖം ഒളിഞ്ഞു കിടക്കുന്നത്. മനുഷ്യന്‍ മൃഗത്തിന് സമാനം ആകുമ്പോള്‍ അതനുസരിച്ച് അവന്‍റെ ലോകവും പ്രവൃത്തികളും ചുരുങ്ങുകയും മുഴുവനായി അവനു മറ്റൊരു രൂപം പ്രാപിക്കുകയുമാണ് ചെയ്യുന്നത്. പക്ഷെ ചിത്രം അതിന്‍റെ അധികമായ വിസ്താരങ്ങളില്‍ നിന്നും മനഃപൂര്‍വ്വം ഒഴിഞ്ഞു മാറുന്നു. ഈ പൈശാചികമായ തടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ അവനു വളരെ ചെറിയ സാഹചര്യം മതി (അതാണ് അവനെ മറ്റുള്ള ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത്). അത് സിനിമയിലെ അച്ഛന്‍ കഥാപാത്രത്തിനും വ്യക്തമായി അറിയാം. അതിനാല്‍ തന്നെ അതൊക്കെ പരമാവധി അടക്കാന്‍ അയാള്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഏതൊരു കഥാഗതിയിലും ആത്യന്തികമായി സംഭവിക്കേണ്ട 'കീ മൊമെന്‍റ്' ഇവിടെ സംഭവിക്കുന്നത് തന്‍റെ ആണ്‍കുട്ടിയുടെ രതിയനുഭവത്തിനായി അച്ഛന്‍ തന്നെ ഏര്‍പ്പാട് ചെയ്യുന്ന സ്ത്രീ അറിഞ്ഞോ അറിയാതെയോ ഉള്ള അവരുടെ പ്രഭാവം ഈ കുട്ടികളില്‍ പെടുത്തുമ്പോഴാണ്. 

ചിത്രത്തില്‍ ഈ സ്ത്രീയുടെ കഥാപാത്ര രൂപീകരണം അഥവാ കഥാഗതിയിലെ അവരുടെ സ്ഥാനം യഥാക്രമം വളരെയധികം മികച്ചതും സുപ്രധാനവും ആണ്. അവരാണ് യഥാര്‍ത്ഥത്തില്‍ പുറംലോകത്തെ മനുഷ്യരെ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടു തന്നെ അവരെ ഒഴിച്ചു നിര്‍ത്തി നമുക്കൊരു ചിത്രം സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. അത് അപൂര്‍ണ്ണവും അവലക്ഷണവുമായേനെ. പ്രത്യക്ഷമായി അവര്‍ സ്വകാര്യ ജീവിതത്തില്‍ രൂക്ഷമായ ഏകാന്തതയും ഉന്മേഷരാഹിത്യവും അനുഭവിക്കുന്നവളാണ്. കൂടാതെ ദൈനംദിന ജീവിതം കഴിച്ചു കൂട്ടാന്‍ പറ്റാത്ത രീതിയിലുള്ള ദാരിദ്ര്യവും അനുഭവിക്കുന്നു. ഇവയൊക്കെയാണ് കഥയിലെ അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ക്ക് ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിപ്പെടേണ്ടി വന്നത്. പക്ഷെ എത്രയൊക്കെ ഒഴിവാക്കിയാലും അനിവാര്യമായത് സംഭവിക്കും എന്നു പറയുന്നതു പോലെ, ഇവരുടെ സ്വാധീനം കുട്ടികളില്‍ പതിക്കുകയും, ചെറിയ രീതിയില്‍ അവര്‍ മാറാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കുന്ന അച്ഛന്‍ ഉടന്‍ തന്നെ ആ സ്ത്രീയെ പുറത്താക്കുകയും, അവരുടെ വീട്ടില്‍ ചെന്ന് മര്‍ദ്ദിക്കുകയും ചെയ്യുന്നു. ഇതിന്‍റെ തുടര്‍ച്ച ആയി അയാളുടെ വീട്ടില്‍ സംഭവിക്കുന്ന മറ്റു വികാസങ്ങള്‍ ഞെട്ടിക്കുന്നതാണ്. 

ഈ കുട്ടികള്‍ക്ക് മതിലിനു വെളിയില്‍ കടക്കാന്‍ അനുവാദം ലഭിക്കുന്നത് അവര്‍ക്ക് 'ഡോഗ് ടൂത്ത്' വളര്‍ന്നു കഴിയുമ്പോള്‍ ആണെന്ന് അച്ഛന്‍റെ നിയമാവലിയിലുണ്ട്. അവിടെയാണ് ചിത്രത്തിന്‍റെ പേരിന്‍റെയും അതിന്‍റെ തന്നെ ബാഹ്യമായ അര്‍ത്ഥത്തിനും വഴിയൊരുങ്ങുന്നത്. കാരണം ഇത് ഒരിക്കലും സംഭവിക്കാത്ത ഒരു വസ്തുതയാണ്. അപ്പോള്‍ അച്ഛന്‍റെ കാഴ്ചപ്പാടില്‍ അയാള്‍ അവരെ എന്നെന്നേക്കുമായി ആ വീട്ടില്‍ തന്നെ അടച്ചിടാനുള്ള സംവിധാനം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. കഥയുടെ അവസാനത്തോടടുക്കുമ്പോള്‍ കുട്ടികളില്‍ ഒരാള്‍  പുറത്തേക്കു പോകാനുള്ള പ്രവണതകള്‍ കാട്ടുന്നു. അവളുടെ പിന്നീടുള്ള അനിശ്ചിതത്വവും തീരുമാനവും ആണ് ചിത്രത്തിന്‍റെ അന്ത്യത്തോട് അടുക്കുമ്പോള്‍ നാം കാണുന്നത്. ഇത് വളരെ ഗംഭീരവും ഞെട്ടിപ്പിക്കുന്നതുമായ ക്ലൈമാക്സിലേക്കാണ് ചിത്രത്തെ നയിക്കുന്നത്. 

ഇത്തരത്തില്‍ വളരെ ക്രിയാത്മകവും, എന്നാല്‍ അതെ സമയം തന്നെ വളരെ വഴി തെറ്റാന്‍ സാധ്യതയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുമ്പോഴും, അതിനെ അതിന്‍റെ പരമാവധി രീതിയില്‍ ഉപയോഗപ്പെടുത്താനും, അങ്ങനെ തന്‍റെ സിനിമയെ അതിന്‍റെ നാലു കോണുകളും കൂട്ടി യോജിപ്പിക്കത്ത തരത്തില്‍ സമ്പൂര്‍ണ്ണമായ ഒരു ഉല്‍പ്പന്നം ആക്കിത്തീര്‍ക്കാനും ലാന്തിമോസിനു സാധിക്കുന്നു. സിനിമയുടെ എടുത്തു പറയേണ്ട മറ്റു പ്രധാന ഘടകങ്ങള്‍ ആണ് അതിന്‍റെ വസ്ത്രാലങ്കാരവും ലൈറ്റിംഗും കോംപസിഷനും സിനെമാറ്റൊഗ്രഫിയും ഒപ്പം അഭിനേതാക്കളുടെ മികവും. സിനിമയിലെ പ്രബലമായ നിറം വെള്ളയാണെന്ന് നമുക്ക് ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലാവുന്നു. ഏകദേശം എല്ലാ ഫ്രെയിമിലും തന്നെ വെള്ളനിറത്തിന്‍റെ സാന്നിദ്ധ്യം നമുക്ക് കാണാന്‍ സാധിക്കുന്നു. ഇത് ഇങ്ങനെ ഉപയോഗിക്കുന്നതു വഴി ചിത്രത്തിന് സമാധാനപരമായ ഒരു അന്തരീക്ഷം നല്‍കാന്‍ സാധിക്കുന്നതിനു പുറമേ ഒരു ആക്ഷേപമായിട്ടാണ് ഒരു തരത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ തന്നെ സിനിമയ്ക്ക് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു. ഇത് തീര്‍ച്ചയായും സിനിമയുടെ വിജയം ആയിട്ടാണ് കണക്കാക്കേണ്ടത്. മനുഷ്യ ജീവിതത്തിലെ ശൂന്യതയുടെ നിറഭേദങ്ങളാണ് ഒരു തരത്തില്‍ സിനിമ പറഞ്ഞുവെക്കുന്നതെന്ന് പറയാം. കാരണം, പുതിയ അനുഭവങ്ങളുടെയും പുത്തന്‍ അറിവുകളുടെയും ലോകം നമുക്ക് മുന്‍പില്‍ അടയ്ക്കപ്പെടുകയാണെങ്കില്‍ എത്രമാത്രം അസൗന്ദര്യവും, മങ്ങിയതുമാവും ഓരോ മനുഷ്യന്‍റെയും ജീവിതം എന്നും, അതുമൂലം ഉണ്ടാകുന്ന അവന്‍റെ ഒറ്റപ്പെടലിന്‍റെ വേദനയും ചിത്രം ആരായുന്നു. യൂറോപ്യന്‍ ന്യൂ വേവ് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്നതാണ് ഈ ചിത്രം. അതുപോലെ തന്നെ ലോക സിനിമയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള വളരെ അതുല്യമായ സിനിമകളുടെ ഗണത്തിലും പെടുത്താവുന്നതാണ്. ഓരോ സിനിമാ സ്നേഹിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം!


രഎ

0

0

Featured Posts

bottom of page