
1994 ലാണ് ഡോ. വി. സി. ഹാരിസിനെ പരിചയപ്പെടുന്നത്. ആതിരപ്പിള്ളിയിലെ ഹസന്‍മന്‍സിലിലുള്ള വെളിച്ചം കുറഞ്ഞ മുറികളില്‍ ഒരു കാലഘട്ടത്തിന്‍റെ വിജ്ഞാനം രൂപംകൊള്ളുകയായിരുന്നു. ഡോ. യൂ. ആര്‍. അനന്തമൂര്‍ത്തി സ്ഥാപിച്ച 'സ്കൂള്‍ ഓഫ് ലെറ്റേഴ്സ്' ഉത്തരാധുനിക ചിന്തകളുടെ ഈറ്റില്ലമായി. അതിനു നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു ഡോ. വി. സി. ഹാരിസ്. അപാരമായ മനുഷ്യപറ്റാണ് അദ്ദേഹത്തെ ഏവരോടും ചേര്‍ത്തു നിര്‍ത്തിയത്. തന്‍റെ പാണ്ഡിത്യത്തെ മററുള്ളവരില്‍ നിന്ന് അദ്ദേഹത്തെ അകറ്റിനിര്‍ത്തിയില്ല. ഏവരെയും തന്‍റെ സൗഹൃദവലയത്തിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. നവീനമായ ഏതു വിജ്ഞാനത്തെയും സ്വീകരിക്കാന്‍ കഴിയുന്ന ഒരു സ്പര്‍ശിനി അദ്ദേഹത്തിനുണ്ടായിരുന്നു. അരികുവത്കരിക്കപ്പെട്ട എല്ലാ സമൂഹങ്ങളോടും അദ്ദേഹം സാഹോദര്യം സ്ഥാപിച്ചു.
അദ്ധ്യാപകന്‍, പ്രഭാഷകന്‍, നിരൂപകന്‍, വിവര്‍ത്തകന്‍, നടന്‍ എന്നിങ്ങനെ പല മുഖങ്ങളാണ് ഡോ. ഹാരിസിനുണ്ടായിരുന്നത്. ഇതെല്ലാം പരസ്പരം ലയിച്ചുചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. സംവാദാത്മകമായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. 'ക്ലാസുകള്‍ ജനാധിപത്യവത്കരിച്ച അധ്യാപകന്‍' എന്നു പറയുമ്പോള്‍ ലളിതമാണെന്നു തോന്നാം. എന്നാല്‍ അദ്ധ്യാപകന് ജനാധിപത്യം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. പുതിയ ചോദ്യങ്ങളെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം അദ്ധ്യാപകരും. അവിടെയാണ് ഡോ. ഹാരിസ് വ്യത്യസ്തനാകുന്നത്. അദ്ദേഹത്തെ യാത്രയാക്കാന്‍ തടിച്ചുകൂടിയ ശിഷ്യഗണങ്ങളുടെ ഈറനണിഞ്ഞ കണ്ണുകള്‍ അതിനു സാക്ഷ്യം നല്കുന്നു. ശിഷ്യന്‍റെ മനസ്സിനെ, ബുദ്ധിയെ, ഹൃദയത്തെ തൊടുന്ന ഗുരുവായി അദ്ദേഹം ഉയര്‍ന്നു നില്‍ക്കുന്നു.
നേതാക്കന്മാരുടെ തിണ്ണനിരങ്ങി സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നവര്‍ക്കിടയില്‍ ഡോ. ഹാരിസിനെ നാം കണ്ടില്ല. അധികാരത്തോട് അദ്ദേഹത്തിന് അധികം കാമമില്ലായിരുന്നു. അദ്ദേഹത്തിന്‍റെ കഴിവിന്‍റെ നൂറിലൊരംശമില്ലാത്തവര്‍ പല പദവികളിലുമിരുന്ന് വിലസുമ്പോള്‍ അദ്ദേഹം നിര്‍മ്മമനായി, കാറ്റുപോലെ നടന്നുനീങ്ങി. ഒരു കാലഘട്ടത്തെ പ്രചോദിപ്പിച്ച, പ്രകാശിപ്പിച്ച ഡോ. വി. സി. ഹാരിസ് ശിഷ്യഗണങ്ങളുടെ മനസ്സില്‍ വളരെക്കാലം ജീവിക്കും എന്നതില്‍ സംശയമില്ല.
- ഡോ. റോയി തോമസ്