top of page

സ്വപ്നം കാണുന്ന പുരുഷനും സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കുന്ന സ്ത്രീയും

Jul 1, 2014

4 min read

ജക
'How Old Are You' Malayalam Movie Poster.

അടിസ്ഥാനപരമായ സ്ത്രീപക്ഷചോദ്യം ഇതുതന്നെയാണ്: "സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് ആരാണ് കാലപരിധി നിശ്ചയിക്കുന്നത്?" വിവാഹിതയാകുന്നതോടെ തീരുന്നതാണോ ആ സ്വപ്നങ്ങള്‍? പിന്നെയവള്‍ ജീവിക്കേണ്ടത് മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി മാത്രമാണോ? ഏതൊരു മഹാന്‍റെ പിന്നിലും ഒരു സ്ത്രീയുടെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രോത്സാഹനത്തിന്‍റെയും ഒരദൃശ്യകരമുണ്ടെന്ന് പറഞ്ഞ് പുരുഷന്മാര്‍ മാത്രം മഹാന്മാരാകുകയും സ്ത്രീകളെന്നും അദൃശ്യരായിത്തീരുകയും ചെയ്തുവോ?- ഈയൊരു ചോദ്യത്തെ ഇന്നത്തെ മദ്ധ്യവര്‍ഗ്ഗ കുടുംബിനികളുടെ ജീവിതപശ്ചാത്തലത്തില്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിഷയമാക്കിക്കൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത "ഹൗ ഓള്‍ഡ് ആര്‍ യൂ?" എന്ന ചലച്ചിത്രം ഒരു മാസം മുന്‍പ് നമ്മുടെ തീയറ്ററുകളില്‍ എത്തിയത്. എന്നാല്‍, ഈ പ്രശ്നത്തെ കുറച്ചുകൂടി തീവ്രമായി രണ്ട് വര്‍ഷം മുന്‍പ് "ഒഴിമുറി" എന്ന ചലച്ചിത്രത്തിലൂടെ മധുപാല്‍ അവതരിപ്പിച്ചപ്പോള്‍ പശ്ചാത്തലജീവിതങ്ങളെക്കുറിച്ചുള്ള അപരിചിതത്വം കൊണ്ടും അഭിനേതാക്കളുടെ താരശോഭക്കുറവുകൊണ്ടും അധികം ചര്‍ച്ച ചെയ്യപ്പെടാതെ കടന്നുപോയി.


കഥകള്‍ ചുരുക്കത്തില്‍ ഇങ്ങനെ :


'ഹൗ ഓള്‍ഡ് ആര്‍ യൂ' നിരുപമ രാജീവ് എന്ന പട്ടണവാസിയായ ഒരു യൂ.ഡി. ക്ലാര്‍ക്കിന്‍റെ കഥ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ആത്മവിര്യവും കഴിവും ഉണ്ടായിരുന്ന നിരുപമ ഭാര്യയും അമ്മയും ആകുന്നതോടുകൂടി വളരെ സാധാരണക്കാരിയായ ഒരു വീട്ടമ്മയായിത്തീരുന്നു. അവളുടെ ജീവിതം മുഴുവന്‍ വെറും ആവ്റേജുകാരനായ ഭര്‍ത്താവിനും മകള്‍ക്കും വേണ്ടിയാണ്. എന്നാല്‍ ഭര്‍ത്താവ് രാജീവും മകളും ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണുകയും അവ സാക്ഷാത്കരിക്കാന്‍ അയര്‍ലണ്ടിലേക്ക് ചേക്കേറുകയും അവള്‍ തഴയപ്പെടുകയും ചെയ്യുന്നിടത്താണ് നിരുപമയുടെ ജീവിതത്തിലെ വഴിത്തിരിവ്. അവള്‍ കുടുംബജീവിതത്തിന് വേണ്ടി ബലികഴിച്ച തന്‍റെ പഴയ ജീവിതസ്വപ്നങ്ങളെ തിരിച്ച് പിടിക്കുന്നു. ചോര്‍ന്നുപോയ ആത്മാഭിമാനം പുനരാര്‍ജ്ജിക്കുന്നു. ഔന്നത്യങ്ങളുടെ പടവുകള്‍ കയറുന്നു. ആത്മാഭിമാനത്തോടെ ഒരു പെണ്ണായി ജീവിക്കുന്നു.


'ഒഴിമുറി' മരുമക്കത്തായ കുടുംബവ്യവസ്ഥയില്‍ നിന്ന് മക്കത്തായ കുടുംബവ്യവസ്ഥയിലേക്ക് ചുവടുമാറുന്ന ഒരു സമൂഹത്തിലെ മൂന്ന് തലമുറകളിലെ പെണ്ണുങ്ങളുടെ (ഒപ്പം ആണുങ്ങളുടെയും) കഥ പറയുന്ന ചിത്രമാണ്. 'ഒഴിമുറി' എന്നാല്‍ പെണ്‍കോയ്മയുള്ള മാതൃദായക്രമത്തില്‍ പെണ്ണുങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് കൊടുക്കുന്ന 'വിവാഹമോചന' ചീട്ടാണ്. പെണ്‍കോയ്മയില്‍ നിന്ന് ആണ്‍കോയ്മയിലേക്ക്, കാളിപ്പിള്ളയില്‍ നിന്ന് മകന്‍ താണുപിള്ളയിലേക്ക്, അധികാരം കൈമാറപ്പെടുമ്പോള്‍ മേല്‍ക്കോയ്മക്കും (വിധേയത്വത്തിനും) ലിംഗഭേദങ്ങളില്ലെന്നും അധികാരപ്രയോഗത്തിന്‍റെ ഇരുമ്പുമുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞമരുന്നത് വിധേയത്വത്തോടെ നില്‍ക്കുന്ന 'അടിമ'കളുടെ ജീവിതങ്ങളാണെന്നും വെളിവാകുന്നു. കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പും ആദര്‍ശമുഖവും കാട്ടിക്കൊടുക്കാന്‍ പഴയതലമുറയിലേക്ക് വിരല്‍ ചൂണ്ടുന്നവരോട്, പെണ്ണിന്‍റെ ബലിജീവിതത്തില്‍ തകരാതെ നിന്ന ഒരു അടിമ-ഉടമ വ്യവസ്ഥിതിയായിരുന്നു അത് എന്ന് പുതുതലമുറ പറയുന്ന ചിത്രമാണിത്. പുതുതലമുറയെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന പഴമക്കാരോട് സ്ത്രീപുരുഷസമത്വത്തിന്‍റെ ചില സുന്ദര പാഠങ്ങള്‍ പുത്തന്‍തലമുറയുടെ കുടുംബജീവിതത്തെ നോക്കി പഠിക്കാന്‍ കൂടി ഒരു ഓര്‍മ്മപ്പെടുത്തലുണ്ട് ഈ സിനിമയില്‍. ദാമ്പത്യജീവിതകാലം മുഴുവന്‍ പതിവ്രത ചമഞ്ഞ് അടിമയെപ്പോലെ ജീവിച്ച മീനാക്ഷിയമ്മ ഭര്‍ത്താവ് താണുപിള്ളയ്ക്ക് 'ഒഴിമുറി' ചീട്ടുകൊടുത്ത് സ്വതന്ത്രയാകുമ്പോള്‍ ഒന്നേ പറയാനുള്ളു: "വെറുപ്പു കൊണ്ടോ സങ്കടം കൊണ്ടോ എടുത്ത തീരുമാനമല്ലിത്. എനിക്ക് ആരോടും വെറുപ്പില്ല, സ്നേഹം മാത്രമേയുള്ളു. പെണ്ണായി ജീവിക്കാന്‍ എന്‍റെ അമ്മാവി എനിക്ക് പഠിപ്പിച്ചുതന്ന പാഠം ജീവിക്കാന്‍ ശ്രമിക്കുക മാത്രമാണ്."


യജ്ഞ കുണ്ഡത്തില്‍ വീണുപോയ പെണ്‍ ഈയാംപാറ്റകള്‍


സ്വന്തം നിലയ്ക്ക് സ്വപ്നങ്ങള്‍ കാണാനാവാത്ത വിധം തങ്ങളുടെ സ്വപ്നങ്ങളെ കുടുംബത്തിന് വേണ്ടി ബലികഴിച്ചവരാണ് നമ്മുടെ സ്ത്രീകള്‍. അതാണ് നിരുപമ ഭര്‍ത്താവ് രാജീവിനോട് പറയുന്നത്: "ഞാനും പലതും വേണ്ടെന്ന് വച്ചിട്ടുണ്ട്, രാജീവിനും നമ്മുടെ മോള്‍ക്കും വേണ്ടി." കുടുംബങ്ങളെ സ്ത്രീകളുടെ ത്യാഗത്തിന്‍റെ പുണ്യത്തില്‍ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ സംസ്കാരവും മതങ്ങളും വലിയ താത്പര്യം കാട്ടിയിട്ടുണ്ട്. ക്രൂരമായ പീഡനങ്ങളും അവഹേളനങ്ങളും ഏല്‍ക്കുമ്പോഴും 'മക്കളെയോര്‍ത്ത്' പൊറുത്തും സഹിച്ചുമാണ് സ്ത്രീകള്‍ കുടുംബം എന്ന സ്ഥാപനത്തെ തകരാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. 'ഒഴിമുറി'യിലെ പുത്തല്‍ തലമുറക്കാരി ബാല എന്ന വക്കീല്‍ ശരത്തിനോട് പറയുന്നതിങ്ങനെ: "ഇവിടെയുള്ള മിക്ക അമ്മമാരും ഭാര്യമാരും അടീം തൊഴീം വാങ്ങിട്ടാ ജീവിക്കണെ. നാട്ടുകാരെ ഭയന്നിട്ടാ. ഇവിടെ ഡൈവോഴ്സ് എളുപ്പമായിരുന്നെങ്കില്‍ നിലവിലുള്ള പകുതി കുടുംബങ്ങളും ഇല്ലാതായേനേ. കുടുംബം എന്നത് ആണിനും പെണ്ണിനും സുഖിക്കാനുള്ളതല്ല, കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്." ഇങ്ങനെയാണ് നമ്മുടെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും ചിന്തിക്കുന്നത്. കുടുംബം തകരാതിരിക്കാന്‍ ഇവര്‍ ചെയ്യുന്ന സഹനത്തെയും ത്യാഗത്തെയും ആദര്‍ശവത്കരിക്കുന്നിടത്താണ് പ്രശ്നം.


ലളിതാംബിക അന്തര്‍ജനത്തിന്‍റെ 'അഗ്നിസാക്ഷി' എന്ന നോവലില്‍ ഉണ്ണിയേട്ടന്‍ തങ്കത്തോട് പറയുന്നതിങ്ങനെ: "ഇവിടെ സുഖത്തിനല്ല ധര്‍മ്മത്തിനാണ് ഗൃഹസ്ഥാശ്രമം. ഭോഗത്തിനല്ല ത്യാഗത്തിനാണ് ദാമ്പത്യം.ജീവിതം ഒരു യജ്ഞമാണെന്ന് ഒടുവില്‍ ഏട്ടത്തിക്കും മനസ്സിലാകും." നമ്മുടെ കുടുംബങ്ങളും സമൂഹവും ഇന്നോളം ത്യാഗത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും പാഠങ്ങള്‍ ചൊല്ലിക്കൊടുത്തത് സ്ത്രീക്കാണ്. അവളത് കേട്ട് സത്യമെന്ന് വിശ്വസിച്ചു, അനുസരിച്ചു. അവസാനം, ബാലയുടെ വേദംപാട്ടി പറയുന്നതുപോലെ "കുട്ടികളെ പെറ്റ്, മുലകൊടുത്ത്, തീറ്റയുണ്ടാക്കി, അടിയും ഏറും കൊണ്ട് പോറ്റിവളര്‍ത്തണത് പെണ്‍പട്ടി തന്നെ. വിശന്ന് വലഞ്ഞ് എല്ലും തോലുമായി പെണ്‍പട്ടി അലയണത് കണ്ടിട്ടില്ലേ? ദൈവത്തോട് വല്ല ന്യായവും പറയാന്‍ പറ്റ്വോ?" കാര്യം സാധിച്ച് പോയ ആണ്‍പട്ടിയെവിടെ? കുടുംബം എന്ന സാമൂഹികവ്യവസ്ഥയെ താങ്ങി നിര്‍ത്തേണ്ടതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം എങ്ങനെ ഈ പെണ്‍പട്ടികളുടെ തലയില്‍ വന്നു? ത്യാഗവും യജ്ഞവും ധര്‍മ്മവും ഇവിടെ അവള്‍ക്ക് മാത്രമോ? ദൈവത്തോട് (പുരുഷനോട്) ചോദ്യങ്ങള്‍ പാടില്ലല്ലോ!


സുമംഗലിയായിരിക്കുക, പതിവ്രതയാവുക, നല്ല കുടുംബിനിയാവുക... ഇങ്ങനെ പോകുന്ന പെണ്ണിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന കുലീനപുണ്യങ്ങളുടെ പുരുഷനിര്‍മ്മിത പട്ടിക. പെണ്ണിന്‍റെ അടക്കവും ഒതുക്കവും ചാരിത്രശുദ്ധിയും ഇത്ര വിലപ്പെട്ടതാകുമ്പോഴും പുരുഷന്‍റെ ദുര്‍നടപ്പിനെ നാമെന്താണ് വളരെ ലാഘവത്തോടെ കാണുന്നത്? 'ആണുങ്ങളല്ലേ, അങ്ങനെയൊക്കെ ചിലതെല്ലാം കാണും. നമ്മള്‍ പെണ്ണുങ്ങള്‍ കണ്ടില്ലെന്ന് നടിച്ചേക്കണം.' എന്നുതന്നെയാണ് പഴയതലമുറസ്ത്രീകള്‍ ഇന്നും നമ്മുടെ പെണ്‍കുട്ടികളോട് ഉപദേശിക്കുന്നത്. സുമംഗലിയാവുക എന്നതുതന്നെ പെണ്ണിന് ഒരു പണിയാണ്. പുരുഷന്‍ പുറത്ത് പണിയെടുക്കുമ്പോള്‍ വീട്ടിലിരുന്ന് മക്കളെ പെറ്റുവളര്‍ത്തി, കഞ്ഞിയും കറിയുംവച്ച്, വീട് വൃത്തിയാക്കി, ഭര്‍ത്താവിനെ ശുശ്രൂഷിച്ച് ജീവിക്കുക എന്നത് വെറും ഒരു തലമുറയ്ക്കപ്പുറം നമ്മുടെ സ്ത്രീകളുടെ വീട്ടമ്മജോലിയായിരുന്നു. കഴിഞ്ഞ തലമുറ ചില മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സ്ത്രീ വിദ്യാഭ്യാസം നേടിയതോടുകൂടി അവള്‍ വീടിന്‍റെ അകത്തങ്ങള്‍ വിട്ട് പൊതുവിടങ്ങളിലേക്ക് ജോലിക്കെത്തിത്തുടങ്ങി. എന്നാല്‍, ഈ സാമൂഹികമാറ്റത്തിന്‍റെ ആദ്യകാലഘട്ടത്തില്‍ സംഭവിച്ചത് വിവാഹനാള്‍ വരെ സ്ത്രീ ഉദ്യോഗസ്ഥയായിരിക്കുയും വിവാഹം കഴിഞ്ഞാല്‍ വീട്ടുജോലി അവളുടെ ഉദ്യോഗമായി മാറുകയും ചെയ്യുന്ന രീതിയാണ്. രണ്ടാം പകുതിയിലാകട്ടെ വിവാഹശേഷവും ജോലിക്ക് പോകുന്ന ഭാര്യമാരെയാണ് നാം കണ്ടത്. അപ്പോള്‍ സ്ത്രീവിമോചനം പൂര്‍ത്തിയായെന്ന് നാം വിചാരിച്ചു. എന്നാല്‍ സത്യമതായിരുന്നില്ല. പുറംലോകത്തില്‍ അവള്‍ സാമ്പത്തിക പര്യാപ്തതയുള്ള സ്വതന്ത്രവ്യക്തിയായിരുന്നപ്പോള്‍ കുടുംബത്തിനുള്ളില്‍ അവള്‍ അപ്പോഴും കീഴുദ്യോഗസ്ഥയും ശിപായിപ്പണി ചെയ്യുന്നവളുമായിരുന്നു. കുടുംബത്തിനുള്ളില്‍ സ്വന്തം നിലയ്ക്ക് വരുമാനം പോലുമില്ലാത്ത ഭര്‍ത്താവ് തന്നെയായിരുന്നു അവളുടെ മേലുദ്യോഗസ്ഥന്‍. ആദരവും ശുശ്രൂഷയും വിധേയത്വവും നോട്ടക്കൂലിയിനത്തില്‍ പറ്റുന്ന മേലാളന്‍.


ഭീരുത്വത്തിന്‍റെ മേല്‍ക്കോയ്മയും ആത്മവീര്യത്തിന്‍റെ അടിമത്തവും


പാരമ്പര്യവും ആഢ്യത്വവും അവകാശപ്പെട്ട പണ്ടത്തെ കുടുംബങ്ങളുടെയൊക്കെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു - കാലുകള്‍ കൈപ്പിടിയില്‍ കയറ്റിവച്ച് മലര്‍ന്ന് കിടക്കാന്‍ മാത്രം ചാരുള്ള കവഞ്ചിക്കസേര. കുടുംബത്തിലെ പുരുഷാധിപത്യത്തിന്‍റെ പ്രതീകാത്മകമായ സിംഹാസനമായിരുന്നു അത്. ആ കസേരയ്ക്ക് മുന്നില്‍ വരാനോ അതിലൊന്ന് കയറിയിരിക്കാനോ വീട്ടിലെ സ്ത്രീകളും കുട്ടികളും ഭയപ്പെട്ടു. ശക്തമായ പുരുഷമേധാവിത്വം പുരുഷനെ ഭയക്കേണ്ടതാണെന്ന ധാരണ ജനിപ്പിക്കുകയും സ്നേഹിക്കപ്പെടുന്നതിനെക്കാള്‍ ഭയപ്പാടോടെ വീക്ഷിക്കപ്പെടുന്നതില്‍ പുരുഷന്‍ ആത്മാഭിമാനം കണ്ടെത്തുകയും ചെയ്തു. പുരുഷന്മാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം.


'ഒഴിമുറി'യിലെ താണുപിള്ള പുരുഷമേല്‍ക്കോയ്മയുടെ ആള്‍രൂപമായി, മീനാക്ഷിയമ്മയെന്ന തന്‍റെ ഭാര്യയെ തല്ലിയും ചതച്ചും വരച്ചവരയ്ക്ക് നിര്‍ത്തിയും കുടുംബത്തില്‍ കൊടികുത്തിവാണ ആളാണ്. അവസാനം മീനാക്ഷിയമ്മ അദ്ദേഹത്തില്‍നിന്ന് തന്‍റെ ജീവിതസായാഹ്നത്തില്‍ വിവാഹമോചനം നേടുന്നു, ശേഷകാലമെങ്കിലും ആത്മാഭിമാനത്തോടെ ഒരു പെണ്ണിനെപ്പോലെ ജീവിക്കാന്‍. കോടതിയില്‍ വിവാഹബന്ധം വേര്‍പെടുത്തി മകന്‍ ശരത്തിനോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശരത്തിന്‍റെ കൂട്ടുകാരി വക്കീല്‍ ബാലയെയും അവര്‍ തമ്മിലുള്ള പ്രണയത്തെയും അറിയുന്ന താണുപിള്ള മകനോട് പറയുന്നതിങ്ങനെയാണ്: "അവള്‍ തന്‍റേടമുള്ള പെണ്ണാണ്. നീ അവളെ ഭയപ്പെടരുത്. പെണ്ണിനെ പേടിച്ചാ പിന്നെ കുടുംബജീവിതമില്ല. എനിക്ക് നിന്‍റെ അമ്മയെ പേടിയായിരുന്നു. അതാ പകയായത്. നിന്‍റെ അമ്മയെ കെട്ടിയപ്പം അവളെയൊന്ന് പേടിപ്പിച്ച് എന്‍റെ കാലിന് കീഴെ നിര്‍ത്താന്‍ നോക്കി. പെണ്ണിനെ തല്ലണ ശുംഭന്മാരൊക്കെ അവരെ പേടിച്ചിട്ടാ തല്ലണെ."


പൂമുഖപ്പടിയില്‍ നിന്ന് കവഞ്ചിക്കസേരകള്‍ മാറ്റപ്പെടുമ്പോള്‍ വരും തലമുറയുടെ പുരുഷന്മാരെങ്കിലും ഭയരഹിതരായി കുടുംബങ്ങളില്‍ ജീവിക്കുമെന്ന് പ്രത്യാശിക്കേണ്ടതുണ്ട്. തണ്ടുംതടിയും പിരിച്ചുവച്ച മീശയും ഊതിവീര്‍പ്പിച്ച അഹന്തയും ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെട്ട് ആക്രോശിച്ച് കാതടപ്പിക്കുന്ന ഗര്‍വ്വുമല്ലെങ്കില്‍ പിന്നെന്താണ് ഈ 'പൗരുഷം'? ആനയെ ഇത്തിരിപ്പോന്ന പാപ്പാന്മാര്‍ ഒരു കൊച്ചുതോട്ടികൊണ്ട് ഭയപ്പെടുത്തി വഴിനടത്തിയപ്പോഴൊന്നും ആന അതിന്‍റെ വലിപ്പം തിരിച്ചറിഞ്ഞില്ല. അങ്ങനെയാണ് ആന അടിമയും ഇത്തിരിപ്പോന്ന മനുഷ്യന്‍ ഉടമയുമായത്. ഈ അടിമത്തത്തെ തന്ത്രപൂര്‍വ്വം സ്ത്രീയില്‍ അടിച്ചേല്പ്പിക്കാനാണ് എല്ലാ അമ്മാവന്മാരും ആണ്‍പിറന്ന താണുപിള്ളമാരെ ഉപദേശിച്ചിട്ടുള്ളത്. അങ്ങനെ കുടുംബത്തെ ഒരു അടിമ-ഉടമ വ്യവസ്ഥയില്‍ ഭദ്രമാക്കാമെന്ന ചിന്തയോടെ. അധീശവര്‍ഗ്ഗവുമായി അടുത്ത് ഒന്നുചേര്‍ന്ന് ജീവിക്കുന്ന സമൂഹത്തിലെ ഏക അടിമവിഭാഗം സ്ത്രീകളാണെന്ന് ഇവ്ലിന്‍ കുണ്ണിങ്ഹാം നിരീക്ഷിച്ചിട്ടുണ്ട്. പാശ്ചാത്യന്‍റെ തകരുന്ന കുടുംബബന്ധങ്ങളെ നോക്കി പുച്ഛിച്ചുകൊണ്ട് അഭിമാനപൂര്‍വ്വം നാം ഉയര്‍ത്തിക്കാട്ടുന്ന നമ്മുടെ കുടുംബഭദ്രത ഈ അടിമ-ഉടമ വ്യവസ്ഥിതിയുടെ ഭദ്രതയാണ്.

മേല്‍ക്കോയ്മയും വിധേയത്വത്തിന്‍റെ ഭയവുമുള്ള ഒരു അധികാരശ്രേണിയില്‍ സ്നേഹത്തിന് നിലനില്‍പ്പില്ല. നിരന്തരം പീഡിപ്പിച്ചും അവഹേളിച്ചും സ്വാതന്ത്ര്യം നിഷേധിച്ചും തന്നെ അടിമത്ത്വത്തിന്‍റെ കുടുംബതടവറയില്‍ പാര്‍പ്പിച്ച ഭര്‍ത്താവിനേയും മരുമക്കത്തായ ക്രമത്തില്‍ ഭരിച്ചും പെണ്‍കോയ്മയുടെ ധാര്‍ഷ്ട്യം കാണിച്ചും ജീവിച്ച അമ്മായിയമ്മയേയും അവസാനം വരെ ഒരു വാക്ക് മറുത്ത് പറയാതെ ഒരു പതിവ്രതയെപ്പോലെ ക്ഷമയോടെ ശുശ്രൂഷിച്ച മീനാക്ഷിയമ്മയോട് ഭര്‍ത്താവ് താണുപിള്ള മരണത്തോട് അടുത്ത ഒരു വേളയില്‍ ഇങ്ങനെ പറയുന്നുണ്ട്: "എന്‍റെ അമ്മ ഒരു മഹാരാജ്ഞിയാണ്. നീ വെറും അടിമയാണ്. അന്നേ എന്‍റെ അമ്മ പറഞ്ഞതാണ് നീ നെറികെട്ടവളാണെന്ന്. അതെനിക്ക് ബോധ്യപ്പെട്ടത് എപ്പോഴാണെന്ന് അറിയണോ? നിന്‍റെ അച്ഛന്‍ ചാവാന്‍ കിടന്നപ്പോള്‍ ഞാന്‍ വിലക്കിയതുകൊണ്ട് നീ പോയില്ല. നീ പോകുമെന്നാണ് ഞാന്‍ കരുതിയത്. നേരുള്ള പെണ്ണായിരുന്നെങ്കില്‍ നീ പോകുമായിരുന്നു. പകരം, നീ വീട്ടിലിരുന്ന് കരഞ്ഞു. മനസ്സില്‍ നീ എന്നെ എന്തുമാത്രം ശപിച്ചിട്ടുണ്ടാവും?"


സ്ത്രീകള്‍ ഇനിയും അറിയേണ്ട ഒന്നുണ്ട് - അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ആരും അവര്‍ക്ക് കൊടുക്കേണ്ടതല്ല, സ്വയം എടുക്കേണ്ടതാണ്. മീനാക്ഷിയുടെ അമ്മാവി അവള്‍ക്ക് ജീവിതംകൊണ്ട് കാട്ടിക്കൊടുത്ത സത്യമതാണ്. 'വാര്‍ദ്ധക്യത്തിലെ ആണിന്‍റെ തുണയാണ് ഭാര്യ' എന്ന നാട്ടുനടപ്പ് ചിന്തയെ വെല്ലുവിളിക്കും വിധമാണ് കാളിപ്പിള്ള എന്ന അമ്മാവി ജീവിച്ചത്. തനിയെ നില്‍ക്കാന്‍ കരുത്തുള്ളവര്‍ക്കേ സ്നേഹിക്കാനും കഴിയൂ എന്നതാണ് മീനാക്ഷിയമ്മ നമുക്കായി പറഞ്ഞുവച്ച അവസാന വാക്ക്:


"അന്നെനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഞാന്‍ സ്നേഹം നിറഞ്ഞ ഒരു പതിവ്രതയാണെന്നാണ് കരുതിയിരുന്നത്. സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം അടിമക്കില്ലെന്ന് മനസ്സിലായി. അവര്‍ക്ക് പറഞ്ഞിട്ടുള്ളത് സേവയാണ്. അടിമയുടെ സ്നേഹം പട്ടിയുടെ വാലാട്ട് മാതിരിയാണ്. അടിമയായി ഇത്രയും കാലം ജീവിച്ചെടീ ചാവണെങ്കിലും അന്തസ്സുള്ള ഒരു സ്ത്രീയായി ചാവണം."

ജക

0

0

Featured Posts

bottom of page