top of page

കൊറോണ കാലത്ത്

Jun 1, 2020

2 min read

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

image of corona

കൊറോണ വൈറസ് എന്ന ഇത്തിരിക്കുഞ്ഞന്‍ ലോകമെമ്പാടുമുള്ള എല്ല മനുഷ്യരെയും നിസ്സഹായരാക്കി  വളര്‍ന്ന് വലുതാകുന്നു. ചൈനയില്‍ നിന്നാരംഭിച്ച വൈറസ് സാധാരണ ജീവിതത്തെ അടിമുടി ബാധിച്ചിരിക്കുന്നു; ജീവിതവും ജീവനും അപകടത്തിലാക്കുന്ന സന്ദര്‍ഭത്തില്‍ ഭയചകിതരായി തളരാതെ ജാഗരൂകരായി അതിജീവനത്തിനായി പൊരുതാന്‍ ശ്രമങ്ങള്‍ നടക്കുന്നു. പ്ലേഗും ക്ഷയവും കുഷ്ഠവും വസൂരിയും എയ്ഡ്സും എബോളയും ഡെങ്കിപ്പനിയും നിപ്പയും മറ്റ് പകര്‍ച്ചവ്യാധികളെയും അതിജീവിച്ച ജനതക്ക് ഈ വൈറസിനെയും പോരാടി തോല്‍പിക്കാമെന്ന  പ്രതീക്ഷക്ക് ഇനിയും മങ്ങലേറ്റിട്ടില്ല. കൊറോണ കാലത്ത്  ചര്‍ച്ചയായ സിനിമയാണ് കണ്ടേജിയന്‍. ലോകത്തിന്‍റെ വ്യത്യസ്ത ഇടങ്ങളില്‍ വൈറസ് ബാധിച്ച് മനുഷ്യര്‍ വായില്‍നിന്ന് നുരയും പതയും ഒലിച്ച്, കുഴഞ്ഞുവീണ് മരിക്കുന്നു. ലോകത്താകെ പടര്‍ന്ന വൈറസിനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും വാക്സിന്‍ കണ്ടുപിടിച്ച് വൈറസിനെ കീഴടക്കുന്നതും ചിത്രീകരിക്കുന്ന സിനിമ ശുഭപര്യവസായിയായി അവസാനിക്കുന്നു. സിനിമയിലെപ്പോലെ ശുഭമാകട്ടെ ലോകം മുഴുവനും എന്നാണ് പ്രാര്‍ത്ഥന.


കൊറോണ -ലോക്ഡൗണ്‍

* കുടുംബത്തില്‍ ചെലവഴിക്കാന്‍ സമയം കിട്ടാതിരുന്നവര്‍ക്ക്, കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലതാണെന്ന തിരിച്ചറിവു വന്നു തുടങ്ങിയിരിക്കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും പ്രാര്‍ത്ഥിക്കാനും കുട്ടികളോടൊപ്പം കളിക്കാനും മണ്ണില്‍ നിന്നകന്നുപോകുന്ന കുട്ടികളെയും പറമ്പിലിറക്കി  വിത്തുനടാനും കൊറോണ കാലം സഹായിച്ചു.

ഭയന്നിട്ടാണെങ്കില്‍ പോലും സ്വന്തമായി പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളും ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മണ്ണില്‍ ചീരയും വഴുതനയും തക്കാളിയും നട്ട് വരുംകാലത്തെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു. അവശ്യം അനാവശ്യം അത്യാവശ്യം ആഡംബരം എന്ന വേര്‍തിരിവ് മനസിലാക്കി, ഭക്ഷ്യവിഭവങ്ങളെയും മറ്റു വസ്തുക്കളെയും കരുതലോടെ ഉപയോഗിക്കാന്‍ പഠിക്കുന്നു. അതുകൊണ്ടാണല്ലോ ചക്ക കൊറോണകാലത്തിന്‍റെ ഹീറോ ആയത്.

* മദ്യം, ആഘോഷങ്ങള്‍, അനാവശ്യയാത്രകള്‍, ധൂര്‍ത്ത് എന്നിവ ഇല്ലാതെയും ജീവിക്കാമെന്ന ചിന്താധാര സജീവമായിരിക്കുന്നു.

* ഉച്ചഭാഷിണികളില്‍ നിന്നുയരുന്ന ആക്രോശങ്ങളില്‍ നിന്നു വന്ന ശബ്ദമലിനീകരണം ഇല്ലാതായതോടെ നിശ്ശബ്ദതയുടെ സൗരഭ്യം ആസ്വദിക്കാനും പ്രകൃതിയിലെ വിവിധ ശബ്ദങ്ങളെ തിരിച്ചറിയാനും, അവയുടെ മനോഹാരിതയില്‍ ലയിക്കാനും കഴിയുന്നു. വെറുതെ ഇരുന്ന് അസ്വസ്ഥമായ മനസ്സില്‍ നിന്ന് ക്രമേണ തന്നില്‍ത്തന്നെ സ്വസ്ഥമായിരിക്കാന്‍, നിശ്ചലമാകാന്‍, അങ്ങനെ ശൂന്യതയെ, ഭയത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു.

* പുസ്തകവായന, കൃഷി, സിനിമ, പാചകം, ചിത്രരചന, പാട്ട്, പഠനം, പ്രാര്‍ത്ഥന, ഉറക്കം, കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം ഇവയിലൂടെ ജീവിതത്തിന്‍റെ സംതൃപ്തിയുടെ ചരടുകള്‍ പൊട്ടാതെ ജീവിക്കാനും - വ്യക്തിശുചിത്വം, പരിസരം മലിനമാക്കാതിരിക്കല്‍, അപരനോടുള്ള കരുതല്‍,  ജീവിതവൃത്തി ഇവയിലും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു.

ബസിലെ യാത്രയും കാഴ്ചകളും പാട്ടും ബഹളവും തിരക്കും എന്ന് ആസ്വദിക്കാനാവും... ഒരുമിച്ചുള്ള ഹോട്ടലിലെ ഭക്ഷണവും സൗഹൃദവും തീയേറ്ററുകളിലെ സിനിമാസ്വാദനവും വര്‍ത്തമാനങ്ങളും അത്ര പെട്ടെന്ന് തിരികെ വരുമോ... തൊട്ടടുത്തുള്ള സുഹൃത്തിനെ വീഡിയോയില്‍ കണ്ടു സായൂജ്യമടയേണ്ട ഗതികേട്... എല്ലാവരും തങ്ങളുടെ ചിരിയും കരച്ചിലും വികാരങ്ങളും മാസ്കില്‍ ഒളിപ്പിച്ചിരിക്കുന്നു. ദൈവാലയങ്ങളും കുമ്പസാരകൂടുകളും പകരുന്ന ഊര്‍ജം എത്രയുണ്ടെന്ന് തിരിച്ചറിയുന്നു. വഴികളില്‍ സ്കൂള്‍ യൂണിഫോമിന്‍റെ തിളക്കത്തില്‍ ചിരിച്ചുല്ലസിച്ച് പോകുന്ന കുട്ടികളെ കാണാനില്ല. എപ്പോഴും കയറിച്ചെല്ലാറുള്ള വീടുകളില്‍ പഴയതുപോലെ ഓടിചെല്ലാന്‍ ഒരു ഭയം. ലാഘവത്തോടെ അടുത്തുണ്ട് എന്നു കരുതിയ ജീവിത ചുറ്റുപാട് അകന്നു നില്‍ക്കുന്നു. ചിരപരിചിതത്വം മൂലം വിരസമെന്നു തോന്നിയതിനെ ചേര്‍ത്തുപിടിക്കാന്‍ മനസ്സ് തീവ്രമായി ആഗ്രഹിക്കുന്നു. വെറുതെ കിട്ടുന്നതല്ല ഒന്നും. ഏതു നിമിഷവും നഷ്ടമായേക്കാം. ഇന്നിന്‍റെ  സൗന്ദര്യത്തെ ചുറ്റുപാടിനെ ആദരവോടെ അത്ഭുതത്തോടെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാം.

ചിലപ്പോള്‍ നാളെ അതില്ലെങ്കിലോ...!

അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും അദ്ഭുതങ്ങളിലും മാത്രം ദൈവത്തെ പരിമിതപ്പെടുത്തിയവര്‍ ഭയക്കുന്ന ചോദ്യമാണ് 'ദൈവം എവിടെ?' ഈശ്വരനെ സ്നേഹിക്കുക, തന്നെയും അപരനെയും സ്നേഹിക്കുക എന്ന് കല്പനകള്‍ ചുരുക്കുമ്പോള്‍ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നത് വീടിന്‍റെ നിശ്ശബ്ദതയിലും അവനവനിലേക്കുള്ള യാത്രയിലും അപരന്‍റെ മുറിവിലും വേദനയിലും കാണുന്നത് ഈശ്വരനെയാണെന്നാണ്. തനിച്ച് പ്രാര്‍ത്ഥിക്കുന്ന, വാഴ്ത്തി, വിഭജിച്ച് മുറിച്ച് കൊടുക്കുന്ന ക്രിസ്തു തന്നിലും സഹോദരങ്ങളിലേക്കുമുള്ള ആത്മീയബലത്തെയാണ് തെളിച്ചുകാട്ടുന്നത്.

പറഞ്ഞുവച്ചിരിക്കുന്നത് ഇത്രമാത്രം. ഈ ദിനങ്ങളൊന്നും വെറുതെയായില്ല. നമ്മെ അവ മറ്റൊരുതരത്തില്‍ വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. പക്ഷെ ഒന്നുറപ്പാണ്  നമ്മുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെ ആയിരിക്കില്ല. കൊറോണ വൈറസ് ഭൂമിയിലെ ഓരോ മനുഷ്യനിലും അതിന്‍റേതായ ആഘാതമുണ്ടാക്കും. എല്ലാവരും അതിന്‍റേതായ വില നല്കേണ്ടി വരികയും ചെയ്യും. പരസ്പരം താങ്ങാവുന്ന സഹവര്‍ത്തിത്വം വളര്‍ത്തി, അകന്നിരിക്കുമ്പോഴും മനോഘടനയില്‍, അറിവില്‍, കാഴ്ചപ്പാടില്‍, പ്രവൃത്തിയില്‍ മാറ്റം വരുത്തി ഹൃദയംകൊണ്ട് അടുത്ത് ഈ ദുരിതകാലത്തെയും നമുക്ക് അതിജീവിക്കാം.  

 

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

0

0

Featured Posts

bottom of page