
യേശുവിന്റെ ഉപമകൾ പലതും നമുക്ക് സ്വാസ്ഥ്യം തരാത്തവയും നമ്മുടെ ഉറക്കം കെടുത്തുന്നവയുമാണ്. അവയിൽ ഏറ്റവും മുഖ്യമായ ഒന്ന് ധനവാന്റെയും ലാസറിന്റെയും ഉപമയാണ്. അവർ തമ്മിലുള്ള അന്തരം ശ്രോതാക്കളെ അനുഭവിപ്പിക്കാൻ തീർച്ചയായും യേശുവിന് കഴിഞ്ഞിട്ടുണ്ട്. ധനവാൻ എന്നും ഏറ്റവും വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുകയും വിഭവസമൃദ്ധമായ വിരുന്നുണ്ണുകയും ചെയ്യുന്നു. അയാളുടെ വീട്ടുപടിക്കൽ കിടക്കുന്ന ലാസർ എന്ന ദരിദ്രൻ വ്രണങ്ങൾ നിറഞ്ഞ ശരീരവുമായാണ് കഴിഞ്ഞത്. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങളെങ്കിലും ലഭിച്ചിരുന്നെങ്കിൽ അയാൾ നന്ദിയുള്ളവനായിരുന്നേനേ. "Even 'the' dogs" എന്നാണ് ഇംഗ്ലീഷ് ബൈബിളിൽ. അതായത് പ്രസ്തുത നായ്ക്കൾ ധനവാൻ്റെ വളർത്തു നായ്ക്കളായിരുന്നു എന്നാണ് സൂചന. ധനവാൻ്റെ മേശയിലെ ബാക്കിയുടെ അവകാശികൾ. (അശുദ്ധമൃഗങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന നായ്ക്കളെ യഹൂദർ വളർത്തുക സാധാരണമല്ലായിരുന്നു). കാനാൻകാരി സ്ത്രീയുമായുള്ള യേശുവിന്റെ സംഭാഷണത്തിൽ "നായ്ക്കളും യജമാനന്മാരുടെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷ്ണങ്ങൾ തിന്ന് ജീവിക്കുന്നുണ്ടല്ലോ" എന്നാണവൾ പറയുന്നത്. അക്കാലത്ത് ധനികരായിരുന്നു നായ്ക്കളെ വളർത്തിയിരുന്നത്. ചുരുക്കത്തിൽ യേശുവിൻ്റെ ഉപമയിൽ 'അയാളുടെ നായ്ക്കൾക്ക് പോലും ലാസർ എന്ന ദരിദ്രനോട് അനുകമ്പ ഉണ്ടായിരുന്നു. അത്രപോലും അനുകമ്പ അയാൾക്ക് ഇല്ലാതെപോയി' എന്നാണ് സൂചന.
ഇനി പറയുന്ന കാര്യം എന്നെ ഒത്തിരിപ്പേർക്ക് അനഭിമതനാക്കും എന്നെനിക്കറിയാം. എങ്കിലും പറയുകയാണ്. ലോകത്തിലെ ധനിക രാജ്യങ്ങളിൽ ഓമന മൃഗങ്ങൾക്ക് ആ രാജ്യങ്ങൾ ചെലവാക്കുന്ന സമ്പത്ത് എന്ന് പറയുന്നത് സഹസ്ര കോടികളാണ്. സ്പെഷാലിറ്റി ആശുപത്രികളും അവയ്ക്ക് നല്കുന്ന സ്പാ, പിറന്നാൾ സമ്മാനങ്ങൾ, ക്രിസ്തുമസ് സമ്മാനങ്ങൾ, ഡൂഡിൾ കുപ്പായങ്ങൾ, അവയുടെ വാക്സിനേഷനുകൾ, അവയ്ക്കുള്ള ട്രെയിനിങ്ങ്, ഗ്രൂമിങ്ങ്, കളിപ്പാട്ടങ്ങൾ എല്ലാം ചേർന്ന് അതിബ്രഹത്തായ ഒരു വ്യവസായ മേഖല തന്നെയാണ് അത്. അമേരിക്കയിൽ മാത്രം പോയ വർഷം ഓമന മൃഗങ്ങൾക്കായി ചെലവഴിക്കപ്പെട്ടത് 150 ബില്യൺ ഡോളറാണ്! ലോകത്തിലെ മൊത്തം അതിദാരിദ്ര്യം തുടച്ചുനീക്കാൻ ആകെ വേണ്ടത് 300 ബില്യൺ ഡോളറാണ്. അതായത്, അമേരിക്കയിൽ മാത്രം ഈയൊരു മേഖലയിൽ രണ്ടുവർഷം ചെലവഴിക്കപ്പെടുന്ന തുകയുണ്ടെങ്കിൽ ലോകത്തിലെ അതിദാരിദ്ര്യം മുഴുവൻ തുടച്ചുനീക്കാൻ കഴിയുന്നതാണ്. ഇതര ഹൈ ഇൻകം രാജ്യങ്ങൾ (HICs) ഈ മേഖലയിൽ ചെലവാക്കുന്ന പണം കൂടി കൂട്ടിയാൽ കഥ പറയാനുമില്ല!