top of page
വികസനം വിനാശകരമായി അനുഭവപ്പെടുന്ന ജനസമൂഹങ്ങള്‍ ലോകത്തെമ്പാടും പലവിധ സമരരൂപങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന കാലം. ഈ കാലഘട്ടത്തിലാണ് നാം വര്‍ഷങ്ങളായി 'ഇക്കോളജി' എന്ന വാക്കിന് അതിന്‍റെ അര്‍ത്ഥവ്യാപ്തി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദം കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ക്ഷമാപണത്തോടെയാണെങ്കിലും ആ പദം അതേപടി ഉപയോഗിക്കുകയാണ്. 'പരിസ്ഥിതി വിജ്ഞാനീയം' എന്നോ പാരിസ്ഥിതിക ചിന്ത എന്നോ പരിഭാഷപ്പെടുത്തിയാല്‍ ആ പദത്തിന്‍റെ വിവക്ഷിതാര്‍ത്ഥം പരിമിതപ്പെട്ടുപോകും എന്ന ഭയമാണ് "ecology' എന്ന ഇംഗ്ലീഷ് പദം അതേപടി ഉപയോഗിക്കാന്‍ കാരണം.
പാലസ്തീന്‍ ജൂതനായ, നസ്രായ നായ യേശുവിന്‍റെ, 'ദൈവത്തിന്‍റെ മകന്‍', 'മനുഷ്യപുത്രന്‍', 'ലോകരക്ഷകന്‍' എന്നീ പേരുകള്‍ നമുക്ക് സുപരിചിതങ്ങളാണ്. എന്നാല്‍ ജീസസ്സ് ദ ഇക്കോളജിസ്റ്റ് എന്ന നാമം അധികമൊന്നും നാം കേട്ടുകാണില്ല.
പാലസ്തീന്‍ പ്രദേശങ്ങളും അവിടത്തെ ജീവിതരീതിയും പൂര്‍ണമായി അറിയാമായിരുന്ന യേശു തന്‍റെ പരസ്യജീവിതത്തിനും പിതാവായ ദൈവത്തിന്‍റെ മനുഷ്യകുലത്തോടുള്ള സ്നേഹം വിളംബരം ചെയ്യുന്നതിനും ആ പ്രദേശത്തെ പ്രകൃതിയും ജീവിതക്രമങ്ങളും തന്നെയായിരിക്കും ഉപയോഗിച്ചിരുന്നത് എന്ന് തീര്‍ച്ചയായും കരുതുന്നതില്‍ തെറ്റില്ല.
"ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍" (മത്താ. 6:26) യേശു ചുറ്റുമുള്ള സര്‍വ്വസാധാരണ വസ്തുക്കളെ, ലില്ലിപൂക്കള്‍, ആകാശത്തിലെ പക്ഷികള്‍, പുല്ല്, ചെടി എന്നിവയെ അനുസ്മരിച്ചുകൊണ്ട് ദൈവപരിപാലനയില്‍ വിശ്വാസത്തോടെ ആശ്രയിക്കാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു. മാത്രമല്ല തുറന്ന കണ്ണുകളോടെയും ഹൃദയങ്ങളോടെയും ചുറ്റുപാടുമുള്ള വസ്തുക്കളില്‍ സ്രഷ്ടാവിനെ ദര്‍ശിക്കാനും അനുഭവിക്കാനും തുറവിയോടെ നമ്മെ ഓരോരുത്തരെയും വിളിക്കുന്നു. സ്രഷ്ടവസ്തുക്കളോടുള്ള ദയാവായ്പും ഔദാര്യവും പ്രകടമാക്കിക്കൊണ്ട്, എന്നെയും നിങ്ങളെയും നമ്മുടെ ജീവിതത്തില്‍ ആ അനുഭവം പ്രകടമാക്കുന്നതിനും മറ്റുള്ളവരോട് സമാധാനത്തില്‍ വര്‍ത്തിക്കുന്നതിനും ഉദ്ബോധിപ്പിക്കുന്നു.
ചുറ്റുപാടുമുള്ള പ്രകൃതിയുടെ വര്‍ണ്ണനയില്‍ മാത്രമല്ല, ദൈവത്തിന്‍റെ മനുഷ്യാവതാരവും ഉത്ഥാനവും തീര്‍ച്ചയായും ഒരു ഇക്കോളജിയുടെ വീക്ഷണത്തിലൂടെ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാകുന്നത് തീര്‍ത്തും ഉചിതമാണ്. യേശുവില്‍, ദൈവം പരിപാലിക്കുന്ന എല്ലാറ്റിന്‍റെയും നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു സ്രഷ്ടാവായി നിലകൊള്ളുന്നു. ദരിദ്രനില്‍ ദരിദ്രനായി എളിമപ്പെട്ടുകൊണ്ടും സഹിക്കുന്നവര്‍ക്ക് ദൈവരാജ്യം ഉറപ്പാക്കിക്കൊണ്ടും പാപത്തിന്മേലും തിന്മയുടെമേലും ദൈവത്തിനുള്ള അധികാരം തിരഞ്ഞെടുത്ത ശിഷ്യഗണത്തെ ഏല്പ്പിക്കുക കൂടി ചെയ്തുകഴിഞ്ഞ്, സഹായകനെ വാഗ്ദാനം ചെയ്തിട്ടേ പിതാവിന്‍റെ സന്നിധിയിലേക്ക് യേശു മടങ്ങിയുള്ളൂ.
സ്വന്തം ജീവിതത്തിലൂടെ എളിയ സഹോദരര്‍ക്ക് സുവിശേഷാനുസൃതജീവിതം കാണിച്ചുകൊടുക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിനെ മാത്രമാണ് രക്ഷകനും അനുകരണീയനുമായി കണ്ടത്. സ്രഷ്ടവസ്തുക്കളില്‍ മുഴുവനും ജീവനുള്ളതിലും ഇല്ലാത്തതിലും ദൈവത്തെ ദര്‍ശിച്ചു സഹോദരി സഹോദരരായി എല്ലാറ്റിനെയും സ്വീകരിച്ചു. ഇതിന്‍റെ ഉത്തമ ഉദാഹരണമാണല്ലോ സൂര്യകീര്‍ത്തനം.
1967 ല്‍ ലിന്‍ വൈറ്റ് എന്ന ഇക്കോളജിസ്റ്റ് വിശുദ്ധ ഫ്രാന്‍സിസിനെ ഇക്കോളജിയുടെ, ഇക്കോളജിസ്റ്റുകളുടെ മധ്യസ്ഥനായി വരച്ചുകാട്ടി. 12 വര്‍ഷങ്ങള്‍ക്കു ശേഷം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 1979ല്‍ അതു പ്രഖ്യാപിച്ചു. ഒരുപാട് ജൂണ്‍ 5 കള്‍ നാം ഇതിനകം കണ്ടുകഴിഞ്ഞു. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കില്‍ ഇനിയും നാം കാണും. പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, എന്നാല്‍ ശ്രമിക്കാത്ത, പല പ്രതിജ്ഞകളും നമ്മള്‍ എടുത്തെന്നുവരാം. എന്നാല്‍ സ്വന്തം ജീവിതത്തില്‍, പ്രായോഗികമായ മാറ്റം വരുത്തിക്കൊണ്ട് എല്ലാറ്റിനെയും വിവേചന ബുദ്ധിയാല്‍ സ്നേഹിച്ചുകൊണ്ട് ആവശ്യമുള്ളപ്പോള്‍, ആവശ്യമുള്ളിടത്ത്, ആവശ്യക്കാരന് ആവശ്യമുള്ളതായി തീര്‍ന്നുകൊണ്ടുവേണം, അങ്ങനെ തുടര്‍ന്നുകൊണ്ടും ജീവന്‍റെ മൂല്യത്തിന്‍റെ വക്താക്കളായി നിലകൊണ്ടും വേണം ഇനി അങ്ങോട്ടു ജീവിക്കാന്‍.
Featured Posts
bottom of page