top of page

പരസ്പരം കരുതലുള്ളവരാകുക.

Feb 1, 2022

2 min read

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Family when they get together

ഇത്തവണ അവധിക്കു കുറച്ചുദിവസം വീട്ടില്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി. ചിലരൊക്കെ വീട്ടിലേക്കും വന്നു. ആഹ്ലാദത്തിന്‍റെ ദിവസങ്ങള്‍. എല്ലാവരും പഴയകാര്യങ്ങള്‍ പങ്കുവച്ചും തമാശകള്‍ പറഞ്ഞു ചിരിച്ചും രസിപ്പിച്ചും സമയം കടന്നുപോയതേ അറിഞ്ഞില്ല. വീട്ടിലേക്ക് ആരെങ്കിലും വരുന്നുവെന്ന് അറിഞ്ഞാല്‍ പിന്നെ ഒരാഘോഷമാണ്. ഒരുമിച്ച് വീടും പരിസരവും വൃത്തിയാക്കുന്നതിന്‍റെയും ഭക്ഷണം പാകം ചെയ്യുന്നതിന്‍റെയുമൊക്കെ. അങ്ങനെയുള്ള ദിവസങ്ങളില്‍ 'ഇത് ആരു ചെയ്യും?' 'ഞാനല്ല ഇതു ചെയ്യേണ്ടത്' എന്ന തര്‍ക്കമൊന്നും ഇല്ല. എല്ലാവരും ഒരുമിച്ച് എല്ലാം ചെയ്യുന്നു. പരിഭവവും പരാതിയുമില്ലാതെ. വളരെ സന്തോഷം തോന്നിയ ദിവസങ്ങള്‍. വീട്ടില്‍ വന്നവരോടുകൂടി ഒരുമിച്ചിരുന്ന് സംസാരിച്ചു. ഭക്ഷണം കഴിച്ചു. അവര്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ നിറഞ്ഞ സംതൃപ്തി. ഉള്ളിലെവിടെയോ ആനന്ദം ഉറവെടുക്കുന്നു.  നമ്മുടെ സംതൃപ്തിയുടെ താക്കോല്‍ നമ്മുടെ മാത്രം കൈയിലല്ല ഏല്പിച്ചിരിക്കുന്നത്. എല്ലാവരും ഏകമനസ്സോടെ ശ്രമിച്ചാല്‍ സംതൃപ്തിയുടെ താഴ് തുറന്ന്, അത് അനുഭവിക്കാനും അനുഭവിപ്പിക്കാനും കഴിയും. അനാവശ്യമായ ഔപചാരികതയും ഫോര്‍മാലിറ്റിയും അതിവിനയവും അമിതബഹുമാനവും അഹന്തകളും അനാവശ്യമായ കാര്‍ക്കശ്യങ്ങളും സംസാരങ്ങളും പരിഭവങ്ങളും പരാതികളുമൊക്കെ ഇത്തരം സന്ദര്‍ഭങ്ങളുടെ എല്ലാ ആനന്ദവും സന്തോഷവും ഭംഗിയുമൊക്കെ കെടുത്തിക്കളയുന്നു.

ഫെബ്രുവരി 13, World Marriage Day  ആയി ആഘോഷിക്കപ്പെടുന്നു. തന്‍റെ ചുരുട്ടിയ ഉള്ളം കൈയില്‍ ഇരിക്കുന്ന കുഞ്ഞുകിളി 'ചത്തതോ, അതോ ജീവനുള്ളതോ' എന്ന് ഗുരു ശിഷ്യനോട് ചോദിച്ചു. ശിഷ്യരിലൊരുവന്‍ പറഞ്ഞു: "ആ കുഞ്ഞുകിളിയുടെ ജീവനും മരണവും ഗുരുവിന്‍റെ കൈകളിലാണ്. അങ്ങ് കൈ ഒന്നമര്‍ത്തിയാല്‍ അതു ചത്തുപോകും. കൈ തുറന്നാല്‍ അതു പറന്നുപോകും." കുടുംബബന്ധത്തിന്‍റെ വിജയപരാജയങ്ങള്‍ -ദൃഢത- ഓരോരുത്തരുടെയും കൈകളിലാണ്. തന്‍റെ ഭാഗമാണ് 'ശരി' എന്ന് ഉറച്ചബോധ്യമുണ്ടെങ്കിലും  "Sorry,, എന്‍റെ ഭാഗത്തും തെറ്റുണ്ട്" എന്നു പറയാനായാല്‍ ഭക്ഷണമേശകളിലെ പിരിമുറുക്കം അയയും, സന്തോഷത്തോടെ പരസ്പരം സംസാരിക്കാനാവും. ദാമ്പത്യപ്രശ്നങ്ങള്‍ ഉടലെടുത്താല്‍, ദമ്പതികള്‍ തന്നെ അതിന്‍റെ കാര്യകാരണങ്ങള്‍ ചര്‍ച്ചചെയ്യുക, കാരണം കണ്ടെത്തുക, എങ്ങനെ പരിഹരിക്കാമെന്നു വീട്ടുവീഴ്ചാമനോഭാവത്തോടെ ചിന്തിക്കുക. ഭാര്യയും ഭര്‍ത്താവും ഒരേ തലത്തി(Status)ലാണെന്ന് അംഗീകരിക്കണം. പുരുഷത്വത്തിനോ, സ്ത്രീത്വത്തിനോ ദാമ്പത്യതലത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കല്പിക്കാതിരിക്കുക, പങ്കാളിയെ തരംതാഴ്ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

തന്‍റെ പങ്കാളിയുടെ പോരായ്മകള്‍ മറ്റുള്ളവരുമായി പങ്കുവച്ച് പരിഹസിക്കുന്ന അവസരങ്ങള്‍ക്കിടയാക്കിയാല്‍, കുടുംബബന്ധങ്ങളുടെ വിശ്വാസ്യത തന്നെ തകരും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിലും പൊതു ഇടങ്ങളിലുമൊക്കെ പരസ്പരബഹുമാനത്തോടും താല്പര്യത്തോടും കൂടി സംസാരിച്ചാല്‍ അതു ദമ്പതികള്‍ക്കു തങ്ങളുടെ സ്നേഹബന്ധത്തിന്‍റെ ഊഷ്മളത വര്‍ദ്ധിപ്പിക്കുന്ന ഒരു 'പോസിറ്റീവ് എനര്‍ജി' പ്രദാനം ചെയ്യും. പരസ്പരം കരുതലുള്ളവരാകുക.

പങ്കാളിയുടെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും അകന്നു കഴിയുന്നതും സ്വരചേര്‍ച്ചയിലല്ലാതാകുന്നതും അഭികാമ്യമല്ല. ഇതു ജീവിതസംതൃപ്തിയെ തകര്‍ക്കും. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വഭാവരീതികളുണ്ടെന്നു തിരിച്ചറിഞ്ഞ് അത് അംഗീകരിച്ച്, അവരുമായി പൊരുത്തപ്പെടുമ്പോള്‍ കുടുംബബന്ധങ്ങളും സുദൃഢമാകുന്നു.

പങ്കാളികള്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകളും സുഹൃദ്ബന്ധങ്ങളും എവിടെ പോകുന്നുവെന്നും എപ്പോള്‍ തിരിച്ചെത്തുമെന്നുമൊക്കെ പരസ്പരം അറിയിക്കുക. ഇത്തരം കാര്യങ്ങളിലുള്ള സുതാര്യതകള്‍ ദാമ്പത്യത്തിന്‍റെ കെട്ടുറപ്പു കൂടുതല്‍ ശക്തമാക്കും. ജീവിതപങ്കാളികള്‍ രണ്ടുപേരും ഔദ്യോഗികരംഗങ്ങളില്‍ ഒരേ നിലവാരത്തില്‍ ആയിരിക്കണമെന്നില്ലല്ലോ. പക്ഷേ എല്ലാവരുടെയും ഉള്ളിന്‍റെയുള്ളില്‍ അംഗീകരിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍ മറഞ്ഞിരിപ്പുണ്ട്. തന്‍റെ പങ്കാളിയുടെ ജന്മദിനം, തങ്ങളുടെ വിവാഹദിനം തുടങ്ങി പ്രധാന ദിവസങ്ങള്‍ ഓര്‍ത്തുവയ്ക്കുക. അന്നേ ദിവസം പങ്കാളിക്ക് 'സര്‍പ്രൈസ് ഗിഫ്റ്റ്' നല്കുകയോ, ആഘോഷിക്കുകയോ, അഭിനന്ദിക്കുകയോ ചെയ്യുക. ഇതൊക്കെ ജീവിതത്തിന്‍റെ പുതുമ നിലനിര്‍ത്താനും പരസ്പരം ഒരു ആദരവ് (respect) വളര്‍ത്താനുമൊക്കെയുള്ള എളുപ്പവഴികളാണ്.

അവധി ദിവസങ്ങളില്‍ സിനിമയ്ക്കു പോകുകയോ, പുറത്തുപോയി ഭക്ഷണം കഴിക്കുകയോ, തീര്‍ത്ഥാടനങ്ങള്‍ നടത്തുകയോ, വിനോദയാത്രയ്ക്കു പോകുകയോ, പാര്‍ക്കിലോ മറ്റോ ഒരുമിച്ച് ഇരിക്കുകയോ, നടക്കുകയോ ഒക്കെ ചെയ്യുന്നതു സാധാരണ ദിവസങ്ങളിലെ ആവര്‍ത്തന വിരസത ഒഴിവാക്കും. ജീവിതത്തില്‍ പുതുമ നല്കുന്ന അവസരങ്ങള്‍ പരമാവധി കണ്ടെത്തി പ്രയോജനപ്പെടുത്തുക. വീട്ടില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കാത്ത വിശ്രമദിനങ്ങളില്‍ നല്ല പാട്ടുകള്‍ ആസ്വദിക്കുകയോ, പുസ്തകങ്ങള്‍ വായിക്കുകയോ മറ്റോ ചെയ്ത് ബോറടി മാറ്റുന്നതു ജീവിതത്തെ കൂടുതല്‍ അനായാസമായി (ഈസിയായി) കാണാന്‍ സഹായിക്കും.

ഇന്നത്തെ കാലത്തു മനുഷ്യരില്‍ മാനസിക അസ്വസ്ഥതകളും വിഷാദവുമൊക്കെ കൂടിവരുന്ന സാഹചര്യങ്ങളാണുള്ളത്. വീടുകളില്‍ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷത്തിന് ഇത്തരം അവസ്ഥകളെ ലഘൂകരിക്കാനും സംതൃപ്തിയും ഉന്മേഷവും നല്കാനും സാധിക്കും. വീട്ടില്‍ ആകര്‍ഷകമായ അലങ്കാരവസ്തുക്കള്‍ വിന്യസിക്കുക - അക്വേറിയം, കരകൗശലവസ്തുക്കള്‍, ചുവര്‍ചിത്രങ്ങള്‍, വരകള്‍-  പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുക, വീട്ടുപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വയ്ക്കുക, വൃത്തിയും വെടിപ്പുമായി പരിസരം സൂക്ഷിക്കുക ഇത്യാദി സംഗതികളൊക്കെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കും, പിരിമുറുക്കങ്ങളെ ലഘൂകരിക്കും.  ചിലരൊക്കെ ടെന്‍ഷന്‍ കാരണം ഏറെ വീര്‍പ്പുമുട്ടുന്ന ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനാഭിമാനങ്ങള്‍ക്കും അന്തസ്സിനുമൊക്കെ അനാവശ്യ വില കല്പിക്കാതെ, കുടുംബപ്രശ്നങ്ങളില്‍professional ആയി ഇടപെടാനും  പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിവുള്ള ആളുകളുമായി സംസാരിക്കുക. ശേഷിക്കുന്ന ജീവിതം സന്തോഷകരവും സംതൃപ്തവുമാകട്ടെ.

ജീവിതവിജയത്തിന് ഒത്തിരി ഒത്തിരി കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഇതിലുമേറെ പ്രധാനപ്പെട്ടതെന്നു പറയേണ്ട മറ്റൊരു കാര്യമുണ്ട് - ഇത്തിരി നേരം ഒരുമിച്ച് തമ്പുരാന്‍റെ മുന്നില്‍ ആയിരിക്കുക.  എളിമയോടെ അവിടുത്തോടു സംസാരിക്കുക, അവിടുത്തേയ്ക്കു കാതോര്‍ക്കുക. (ദമ്പതികള്‍ വ്യത്യസ്ത സ്ഥലങ്ങളിലാണെങ്കില്‍ ഫോണ്‍ വഴി/വീഡിയോ കോള്‍ വഴി ഒരുമിച്ചു പ്രാര്‍ത്ഥിക്കുക). ജീവിതം ശാന്തമായി, സൗമ്യമായി അങ്ങനെ ഒഴുകട്ടെ...

കുടുംബം ജീവസ്രോതസ്സിന്‍റെ ഉറവയാണ്. വ്യക്തികളും സമൂഹവും സഭയും തങ്ങള്‍ക്കാവശ്യമായ ജീവജലം വലിച്ചെടുക്കുന്നത് ഈ ഉറവയില്‍ നിന്നാണ്. വിവാഹം പ്രോത്സാഹിപ്പിക്കപ്പെടുകയും ദമ്പതികള്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഓരോ കുടുംബവും, ഇനിയും ദാമ്പത്യപാതയിലേക്ക് എത്താനുള്ളവര്‍ക്കു വഴിവിളക്കുകളാകുന്നു. ജ്ഞാനികള്‍ക്കു നക്ഷത്രം വഴികാട്ടിയതുപോലെ, വിശുദ്ധിയും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യം വരുംതലമുറയുടെ മുന്നില്‍ നന്മ നിറഞ്ഞ ജീവിതപാഠങ്ങളുടെ പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായി ജ്വലിച്ചുനില്ക്കും.

ഫെബ്രുവരി 2 സമര്‍പ്പിതദിനവും, 13 ദമ്പതീ ദിനവും 14 പ്രണയദിനവുമായി ആഘോഷിക്കപ്പെടുന്നു. ഇത്തരുണത്തിലുള്ള ജീവിതത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഉള്‍ക്കാഴ്ചകളും ഓര്‍മ്മപ്പെടുത്തലുമാണ് അസ്സീസി പങ്കുവയ്ക്കുന്നത്. ഫാ. സിജോ നോമ്പിന്‍റെ ചൈതന്യത്തില്‍ ജീവിക്കാന്‍ തന്‍റെ ലേഖനത്തിലൂടെ സഹായിക്കുന്നു. എല്ലാ ആചരണങ്ങളും ആഘോഷങ്ങളും നന്മയില്‍ വ്യാപരിക്കാന്‍ പ്രാപ്തരാക്കട്ടെ.


പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

0

0

Featured Posts

bottom of page