top of page

പലായനം

Nov 1, 2022

2 min read

റോണി കപ്പൂച്ചിന്‍
picture of escape of israelities from Egypt

ഒരുപാട് പലായനങ്ങളുടെ കഥകള്‍ പറയുന്ന ബൈബിളിലെ പഞ്ചഗ്രന്ഥിയില്‍ രണ്ടെണ്ണം വ്യത്യസ്തവും ശ്രദ്ധേയവുമാണ്. സോദോമില്‍നിന്ന് ഓടിപ്പോകുന്ന ലോത്തിനെയും കുടുംബത്തെയും ഉല്‍പ്പത്തി പുസ്തകം പത്തൊന്‍പതാം അധ്യായത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നു. മറ്റൊന്ന് പുറപ്പാട് പന്ത്രണ്ടാം അധ്യായം വിവരിക്കുന്ന ഈജിപ്തില്‍നിന്നുള്ള ഇസ്രായേല്‍ക്കാരുടെ പലായനം ആണ്. രണ്ടും പ്രാണരക്ഷാര്‍ത്ഥമുള്ള ഓടിപ്പോക്കാണ്. രണ്ടു പലായനങ്ങളും നടക്കുന്നത് ദൈവികമായ ഇടപെടല്‍കൊണ്ടാണ്. ലോത്തിനോടും കുടുംബത്തോടും തിരിഞ്ഞുനോക്കാതെ ഓടണം എന്നുപറയുന്ന ദൈവം ഇസ്രായേല്‍ക്കാരോട് എല്ലാവര്‍ഷവും പുറപ്പാടിന്‍റെ ഓര്‍മ്മ ആചരിക്കണം എന്ന് ആവശ്യപ്പെടുന്നു.

ഓടിപ്പോകുന്നതിനിടയില്‍ ലോത്തിന്‍റെ ഭാര്യ പിന്‍തിരിഞ്ഞുനോക്കി. അവള്‍ക്കു പിന്‍തിരിഞ്ഞുനോക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നില്‍ കത്തിയമരുന്നത് അവരുടെ ജീവിതമായിരുന്നു. സമ്പാദ്യങ്ങളും കരുത്തും നേട്ടങ്ങളും സൗഹൃദങ്ങളും ഭാവിയുമൊക്കെ അഗ്നിക്കിരയാകുന്നതായി അവള്‍ കണ്ടു. അവള്‍ ഒരു ഉപ്പുതൂണായി മാറി. ദൈവത്തിന്‍റെ അഗ്നിയിറങ്ങി നശിപ്പിച്ചത് സോദോം ഗോമോറ ദേശങ്ങളിലെ തിന്മയുടെ ആധിക്യത്തെയായിരുന്നു, അവരുടെ പൂര്‍വ്വകാലം ആയിരുന്നു. ആ തീയില്‍പ്പെടാതെ ദൈവം സംരക്ഷിച്ചവര്‍ പിന്നെ തിരിഞ്ഞു നോക്കാതെ ഓടിപ്പോകേണ്ടതുണ്ട്. തിരിഞ്ഞുനിന്നാല്‍ ചിലപ്പോള്‍ ഉപ്പുതൂണായി മാറിയേക്കാം! കടന്നുപോയ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി ഉപ്പുതൂണായി മാറുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിക്കുന്നുണ്ട്. ഒരുവേള അവരത് അറിയുന്നുപോലുമില്ല. നഷ്ടപ്പെട്ടവയിലേക്കുള്ള തിരിഞ്ഞുനോട്ടം മനുഷ്യനെ അത്ര നന്മയിലേക്കൊന്നും നയിക്കുന്നില്ല. കിട്ടാതെ പോയവ, കളഞ്ഞുപോയവ, കട്ടുകൊണ്ടുപോയവ, നിഷേധിക്കപ്പെട്ടവയൊക്കെ ഓര്‍ത്തോര്‍ത്തിരുന്നാല്‍ ഉള്ളിലെ ശൂന്യത കൂടുകയും ചലനമില്ലാതാകുകയും ചെയ്യും. ജീവന്‍റെ അടിസ്ഥാന ലക്ഷണം തന്നെ ചലനമാണല്ലോ. സ്വന്തം കൈപ്പിഴകളോ അപരന്‍ ഏല്പിച്ച മുറിവുകളോ, കാരണങ്ങളില്ലാത്ത സങ്കടങ്ങളോ ഒക്കെവിട്ട് ഉന്നതങ്ങളിലേക്ക് ഓടിപ്പോകേണ്ടവര്‍ ഇടയ്ക്കുവച്ച് വിട്ടുപോന്നവയിലേക്ക് തിരിഞ്ഞുനോക്കുമ്പോഴാണ് ഉപ്പുതൂണുകളെപ്പോലെ ചലനമറ്റവരായിത്തീരുന്നത്. കഠിനമായ വിഷാദത്തിലേക്കും ക്ഷമിക്കാനാവാത്ത ക്രോധത്തിലേക്കുമൊക്കെ മനുഷ്യന്‍ വീണുപോകുന്നതിന്‍റെ ഒരു കാരണം തങ്ങളുടെതന്നെ ഭൂതകാലത്തോട് രാജിയാകാത്തതാണ്. ദൈവം ക്ഷമിച്ച, അവിടുത്തെ അഗ്നിയിറങ്ങി നിശ്ശേഷം നീക്കിയ ഭൂതകാലം വീണ്ടും വീണ്ടും ഓര്‍ത്തിരുന്നാല്‍ വര്‍ത്തമാനത്തിന്‍റെ സൗന്ദര്യം കാണാതെ കടന്നുപോകേണ്ടിവരും.

വ്യക്തിപരമായ ജീവിതംപോലെ സമൂഹജീവിതത്തിലും ഈ തിരിഞ്ഞുനോട്ടങ്ങള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. കാലവും ചരിത്രവും മറന്നുതുടങ്ങിയ,  ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവങ്ങളെ കുത്തിപ്പൊക്കുന്നതും ചികഞ്ഞെടുക്കുന്നതും പുരോഗമനമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല. സംഘടനകളുടെയും ആശയങ്ങളുടെയും വ്യക്തികളുടെയും നേട്ടങ്ങള്‍ക്കുവേണ്ടി അനാവശ്യമായി ചരിത്രതെറ്റുകളെ ചികഞ്ഞെടുക്കുകയും അവയെ വിഷവിത്തുകളായി തങ്ങളുടെ അനുയായികളില്‍ നിറയ്ക്കുകയും ചെയ്യുന്നത് കാലം പൊറുക്കാത്ത തെറ്റാണ്. പൂര്‍വ്വികരുടെ അറിവില്ലായ്മകളിലും അഹന്തകളിലും സംഭവിച്ച കാര്യങ്ങളെ വാഴ്ത്തുകയോ ഇകഴ്ത്തുകയോ അതിന്‍റെ പേരില്‍ പ്രതികാരം നടത്തുകയോ ചെയ്യേണ്ട ബാധ്യത പിന്‍തലമുറയ്ക്കില്ല. ചരിത്രം പഠിക്കേണ്ടത് ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് വളച്ചൊടിച്ച ചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, വികലമാക്കി അവതരിപ്പിക്കപ്പെടുന്നു. അങ്ങനെ പ്രതികാരമോ വിഭാഗീയതയോ ഒക്കെ തലമുറകളിലേക്ക് കൈമാറാന്‍ ശ്രമിക്കുന്നു. ഇത്തരം തിരിഞ്ഞുനോട്ടങ്ങള്‍ സമൂഹത്തെ ഉപ്പുതൂണുകളാക്കി മാറ്റുന്നു, ചലനമില്ലാതാക്കുന്നു. ചലനരഹിതമായി കെട്ടികിടക്കുന്ന വെള്ളം കുറച്ചുനാള്‍ കഴിയുമ്പോള്‍ ചീഞ്ഞുനാറാന്‍ തുടങ്ങുന്നു.

അടിമത്വത്തില്‍നിന്ന് പുറത്തേക്കു നയിക്കുമ്പോള്‍ ഈ ദിനം എന്നും ഓര്‍മ്മിക്കണം എന്ന് ദൈവം ഇസ്രായേലിനോട് ആവശ്യപ്പെടുന്നുണ്ട്. അതു കൃതജ്ഞതയുടെ ഓര്‍മ്മപുതുക്കലാണ്. കടന്നുപോയ വഴികളില്‍ സംരക്ഷിച്ച ദൈവികസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. അടിമത്വത്തില്‍നിന്ന് എങ്ങനെ മോചിപ്പിക്കപ്പെട്ടു എന്നതിന്‍റെ അനുസ്മരണം ആണത്. ദൈവത്തിന്‍റെ പരിപാലനയെക്കുറിച്ചും നിരന്തരം കൂടെയുള്ള അവിടുത്തെ സാമീപ്യത്തെക്കുറിച്ചുമാണ് ആ തിരിഞ്ഞുനോട്ടം അവരെ ഓര്‍മ്മപ്പെടുത്തിയത്. കൃതജ്ഞതയോടെ തിരിഞ്ഞുനോക്കുന്നവര്‍, അഥവാ തിരിഞ്ഞുനോക്കുമ്പോള്‍ നന്ദിയുള്ളവരാകാന്‍ ഒരു നൂറു കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നവര്‍, ജീവിതത്തില്‍ സംതൃപ്തരാണ്. ദൈവത്തോടും മനുഷ്യരോടും അവര്‍ക്ക് പരാതികളും പരിഭവങ്ങളുമില്ല. ഓരോ ദിവസവും ദൃഢമാകുന്ന സ്നേഹം മാത്രം.

**

ഒത്തിരി നന്മയുള്ളവരാണ് പുതിയ തലമുറ. നൂതന സാങ്കേതികവിദ്യകളുടെയും ഇന്‍റര്‍നെറ്റിന്‍റെയും വിശാലലോകത്തേക്ക് ജനിച്ചുവീണ Generation Z(Gen Z)(1996-2012)ഉം Gen-Alpha (2012) ഉം    മുന്‍തലമുറകളെക്കാള്‍ സാമൂഹികനീതിയിലും സമത്വത്തിലും പ്രത്യേകിച്ച് ലിംഗസമത്വത്തിലൊക്കെ വളരെ തുറവിയുള്ളവരാണ്. അവരുടെ കാഴ്ചപ്പാടുകളും സമീപനങ്ങളും വ്യത്യസ്തമാണ്. എന്നാല്‍ വ്യതിരിക്തം എന്നാല്‍ തെറ്റാണ് എന്നര്‍ത്ഥമില്ലല്ലോ. അവരിലേയ്ക്ക് സാമൂഹിക തിന്മകളെ കുത്തിനിറയ്ക്കാനുള്ള മുതിര്‍ന്ന തലമുറയിലെ ചിലരുടെ പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ലഹരിവസ്തുക്കള്‍, മതതീവ്രവാദം, മറ്റ് അധാര്‍മ്മിക പ്രവൃത്തികള്‍ എന്നിവ ഈ തലമുറ കൂടുതല്‍ സമയം ചെലവഴിക്കുന്ന സൈബര്‍ ഇടങ്ങളില്‍ എത്തിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്നു.

കൂടുതല്‍ ജാഗ്രത മാതാപിതാക്കളും അധ്യാപകരും കുട്ടികളും പുലര്‍ത്തേണ്ടതുണ്ട്. ജീവിതത്തിന്‍റെ ലഹരി കണ്ടെത്താന്‍ പരസ്പരം സഹായിക്കേണ്ടതിന്‍റെ ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.


റോണി കപ്പൂച്ചിന്‍

0

0

Featured Posts

bottom of page