top of page

പുഞ്ചിരി മായുന്നുവോ ?

Jul 1, 2012

3 min read

ഷക
Smiling emoji

ശാന്തമായി സംസാരിക്കാനും സൗമ്യമായി ഇടപെടാനും അറിയാവുന്നവരാണ് പൊതുവേ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍. നേര്‍വിപരീതാനുഭവമാണ് പൊതുവേ സര്‍ക്കാര്‍ ആശുപത്രികളില്‍ നമുക്കു ലഭിക്കുന്നത്. അവിടങ്ങളില്‍ വെള്ളനിറം നേഴ്സുമാരുടെ വസ്ത്രത്തില്‍ മാത്രമാണ്; മിക്കവരുടെയും ഭാവമാകട്ടെ ഇരുണ്ടതും. ശമ്പളസ്കെയിലില്‍ ഇക്കൂട്ടര്‍ ആദ്യത്തെ കൂട്ടരെക്കാള്‍ ഒരുപാടു മുന്‍പിലായിട്ടും എന്തേയിങ്ങനെയെന്ന് പണ്ടു സംശയം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അത്തരം സംശയങ്ങളൊന്നുമില്ല. ഉത്തരങ്ങള്‍ ലഭിക്കുന്നതുകൊണ്ടല്ലല്ലോ ചോദ്യങ്ങളെല്ലാം ഇല്ലാതാകുന്നത്. ചിലതു കാലപ്പഴക്കംകൊണ്ട് തേഞ്ഞുതേഞ്ഞു തീര്‍ന്നുകൊള്ളും. അതുകൊണ്ട് സര്‍ക്കാരാശുപത്രികളില്‍ രോഗികള്‍ ആക്രോശിക്കപ്പെടുന്നതു കാണുമ്പോള്‍ 'ഇതാണ് അതിന്‍റെയൊരു രീതി' എന്നു സമാധാനിക്കുന്നു. എങ്കിലും ചില കാര്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും. നമ്മുടെ നാട്ടിലെ ഏതു ഫോട്ടോസ്റ്റാറ്റുകടയില്‍ ചെന്നാലും എത്ര ഔത്സുക്യത്തോടെയാണ് അവിടെയുള്ളവര്‍ നമുക്കു കാര്യം നടത്തിതരുന്നത്. എന്നാല്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു തരുന്നയാള്‍ക്കും അമര്‍ഷത്തോടെ പെരുമാറാനാകുമെന്ന് അറിയാനിടയായത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെന്നപ്പോഴാണ്. അയാളുടെ പെരുമാറ്റത്തിലാകെ ഔദ്ധത്യമായിരുന്നു. ആളുകളുടെ നേര്‍ക്കൊന്നു നോക്കാന്‍പോലും കൂട്ടാക്കിയുമില്ല അയാള്‍.

മനുഷ്യരുടെ കണ്ണുകളില്‍ നോക്കാതിരിക്കുകയെന്നതു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരു പൊതുസ്വഭാവമാണെന്നു തോന്നുന്നു. പോലീസുകാരന്‍ തടവുപുള്ളിയെ നോക്കിയൊന്നു ചിരിച്ചാല്‍ പിന്നെയെങ്ങനെയാണ് അയാളെ മര്‍ദ്ദിക്കാനാവുക? അതുകൊണ്ട് പോലീസുകാരന്‍ അയാളെ വിളിക്കുന്നതു പേരല്ല, നമ്പറാണ്. സര്‍ക്കാരാശുപത്രിയിലെ നേഴ്സ് അറിയുന്നത് ഒരു രോഗിയെയല്ല, 5-ാം വാര്‍ഡിലെ 18-ാമത്തെ ബെഡിനെയാണ്. പഞ്ചായത്ത് ഓഫീസര്‍ കാണുന്നത് മാടക്കടക്കാരന്‍റെ വിങ്ങലല്ല, കുറെ കടലാസുകഷണങ്ങളാണ്. മനുഷ്യരായിട്ട് ആരും അവരുടെ മുന്‍പില്‍ വരുന്നില്ല. എല്ലാം അവര്‍ക്കു ഫയലുകളും നമ്പറുകളുമാണ്. ഫയല്‍കെട്ടിനുള്ളിലിരിക്കുന്നതു മിടിക്കുന്ന ഒരു ഹൃദയമാണെന്നതും നമ്പറിനു പിന്നില്‍ ഒരു പച്ചമനുഷ്യനുണ്ടെന്നതും അവര്‍ ശ്രദ്ധിക്കുന്നതേയില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലിചെയ്തിരുന്ന നാസിഭടന്മാര്‍ അവിടത്തെ തടവുപുള്ളികളുടെ കണ്ണുകളില്‍ നോക്കിപ്പോകരുതെന്ന ഒരുത്തരവ് നിലവിലുണ്ടായിരുന്നത്രെ. അത്തരം സമ്പര്‍ക്കങ്ങള്‍, അറിയാതെയെങ്ങാനും നാസികളിലൊരു സഹതാപം ഉണര്‍ത്തിയാലോ? ഇതേ രീതിയിലുള്ള ചില ഭയങ്ങള്‍ നമ്മുടെ സര്‍ക്കാര്‍വക സ്ഥാപനങ്ങളെയും ഭരിക്കുന്നുണ്ടെന്നു തോന്നുന്നു. ഒരു കളക്ട്രേറ്റിന്‍റെ മുന്‍പിലിരുന്ന് ഒരു കൂട്ടം മനുഷ്യര്‍ സമരംചെയ്യുന്നത് ഒരിക്കല്‍ കണ്ടു. ഉദ്യോഗസ്ഥരൊക്കെ അവരെയൊന്നു തിരിഞ്ഞുപോലും നോക്കാതെ കെട്ടിടത്തിനുള്ളിലേക്കു കയറിപ്പോകുകയാണ്. നമ്മെ ആരെങ്കിലും തെറിവിളിച്ചാല്‍ - അതിന്‍റെ ന്യായമോ, അന്യായമോ എന്തുമാകട്ടെ - നമുക്കെങ്ങനെയാണ് അതു ശ്രദ്ധിക്കാതിരിക്കാനാവുക? എന്നിട്ടുമെങ്ങനെയാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് ഇത്ര തിരക്കിട്ട് പോകാനാവുന്നത്?

വളരെ ലളിതമായ കാര്യങ്ങളെ അങ്ങേയറ്റം ദുരൂഹമാക്കുകയെന്നത് അധികാരകേന്ദ്രങ്ങളുടെ സ്ഥിരംശൈലിയാണ്. മനുഷ്യനു മനസ്സിലാകാത്ത ഭാഷയില്‍ പ്രാര്‍ത്ഥനകളുരുവിടുന്ന പുരോഹിതന്‍ അതാണു ചെയ്യുന്നത്. ഇംഗ്ലീഷറിയാത്ത രോഗിയുടെ മുന്‍പിലിരുന്ന് അയാളെക്കുറിച്ചുതന്നെ ഇംഗ്ലീഷില്‍ ചര്‍ച്ചയിലേര്‍പ്പെടുന്ന ഡോക്ടര്‍മാരും അതാണ് ചെയ്യുന്നത്. തടിച്ച ഭിത്തികളും നീണ്ട ഇടനാഴികളും ഇരുണ്ട മുറികളും ഗൗരവമേറിയ മുഖങ്ങളുംകൊണ്ട് ബ്യൂറോക്രസി ചെയ്യുന്നതും അതുതന്നെ. ഏതോ 'മഹാസംഭവ'ത്തിന്‍റെ പ്രതീതി സൃഷ്ടിക്കുകയാണ് ഇവരൊക്കെ. ഒരു ഒപ്പിടുന്നതോ ഒരു ഫയല്‍ അപ്പുറത്തെ മേശയിലേയ്ക്കൊന്നു നീക്കുന്നതോ എത്രയോ വലിയ കാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ ജനത്തെ ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 'യെസ് മിനിസ്റ്റര്‍' എന്ന വിഖ്യാതമായ ടിവി സീരിയലിന്‍റെ ആദ്യ എപ്പിസോഡില്‍, മന്ത്രിയായി സ്ഥാനമേറ്റയാള്‍ ആദ്യമായി തന്‍റെ ഓഫീസിലേക്കു വരുമ്പോള്‍, അവിടുത്തെ ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന രംഗമുണ്ട്: "ഞാനാണു സര്‍, ഇവിടത്തെ പെര്‍മനന്‍റ് സെക്രട്ടറി. താങ്കള്‍ക്കും എനിക്കും ഓരോ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി വീതമുണ്ട്. പിന്നെ എന്‍റെ കീഴില്‍ 10 ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറിമാരും 87 അണ്ടര്‍ സെക്രട്ടറിമാരും 219 അസിസ്റ്റന്‍റ് സെക്രട്ടറിമാരുമുണ്ട്. പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ കീഴില്‍ ഇപ്പോഴുള്ള പ്ലെയിന്‍ പ്രൈവറ്റ് സെക്രട്ടറിയെ കൂടാതെ പുതിയ രണ്ട് പാര്‍ലമെന്‍റ് അണ്ടര്‍ സെക്രട്ടറിമാരെക്കൂടി പ്രധാനമന്ത്രി ഉടനെ നിയമിക്കുന്നതാണ്..." സൂചി ഉപയോഗിക്കുന്നിടത്ത് തൂമ്പാ ഉപയോഗിക്കുന്നതുകണ്ട് ആളുകള്‍ അത്ഭുതസ്തബ്ധരായി നില്‍ക്കുകയാണ്. അതിലും കൂടുതല്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇത്രയേറെ കൈകളിലൂടെ കയറിയിറങ്ങി ചില ഫയലുകള്‍ നമ്മുടെ കൈകളില്‍ ഇടയ്ക്കൊക്കെ മടങ്ങിയെത്തുന്നുണ്ട് എന്നതാണ്. അതു സംഭവിക്കണമെങ്കില്‍ പക്ഷേ ഒന്നുകില്‍ നമ്മള്‍ നല്ല ശകുനം കണ്ടിരിക്കണം, അല്ലെങ്കില്‍ നല്ല ശുപാര്‍ശ ഉണ്ടാകണം. (അത്ഭുതം സംഭവിക്കുന്നത് അങ്ങനെയാണല്ലോ - നല്ല ശകുനം കണ്ടാല്‍, അല്ലെങ്കില്‍ ദേവന്മാര്‍ പ്രസാദിച്ചാല്‍.) ശകുനത്തെയോ ശുപാര്‍ശയെയോ ആശ്രയിച്ചാണ് കാര്യങ്ങളുടെ കിടപ്പ്, യുക്തിചിന്തയെയോ നീതിബോധത്തെയോ ആശ്രയിച്ചല്ല. അധികാരത്തിന്‍റെ നീണ്ട ഇടനാഴികളില്‍ ആരുടെയും കൈപിടിക്കാതെ നടക്കാമെന്നുവച്ചാല്‍ കുഴഞ്ഞുവീഴുകയേയുള്ളൂ. 'ജനമാണ് യജമാനന്‍' എന്ന് ക്ലാസ്സ്മുറിയില്‍ കേട്ടത് ഈ ഇടനാഴികളില്‍ അശ്ലീലമായി പ്രയോഗിക്കപ്പെടുന്നു.

മുംബൈ റെയിവേസ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മനുഷ്യരെ ഒരു പോലീസുകാരന്‍ ചൂരല്‍വടികൊണ്ട് പള്ളയ്ക്കു കുത്തി എഴുന്നേല്പ്പിക്കുന്നതു കണ്ടു. തൊപ്പി തലയില്‍വച്ച് ചൂരല്‍ കൈയില്‍ പിടിക്കുമ്പോള്‍ എന്തോ അമാനുഷിക ശക്തി ലഭിക്കുന്നതുപോലെ അയാള്‍ക്കു തോന്നുന്നുണ്ടാവും. അയാളുടെ ഭാര്യ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതും മകള്‍ നൃത്തക്ലാസ്സിനു പോകുന്നതും മകന്‍ പബ്ബില്‍ പോകുന്നതും ആ സാധുക്കള്‍കൂടി കൊടുക്കുന്ന നികുതി ചേര്‍ത്തുവച്ച് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളംകൊണ്ടാണ് എന്ന് അയാള്‍ ചിന്തിക്കുന്നുണ്ടാവില്ല. അനുവാദം ചോദിക്കാതെ ഓഫീസിലേക്കു കയറിവന്ന വൃദ്ധനോട് 'വെളിയിലിറങ്ങടോ' എന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതു കേട്ടിട്ടുണ്ട്. ആന ഉറുമ്പിനെ ചവിട്ടിയരച്ചിട്ട് മേനി നടിക്കുകയാണ്.

സാറുമ്മാരേ, ഈ ആക്രോശവും മേനിനടിക്കലും മാത്രമല്ല നിങ്ങള്‍ നടത്തുന്നതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളും കുനിയാറുണ്ട്, കാലു പിടിക്കാറുണ്ട്. അടിയന്തരാവസ്ഥകാലത്ത് സിവില്‍സര്‍വീസ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് അന്വേഷിച്ച ജസ്റ്റീസ് ഷാ കമ്മീഷന്‍ പറഞ്ഞത് അതാണ്: Asked to bend, they crawled. കുനിയേണ്ടിടത്ത് ഇഴഞ്ഞവരാണ് നിങ്ങള്‍. തന്നോടുതന്നെ തോന്നുന്ന നിസ്സഹായതയില്‍ നിന്നുള്ള മോചനമാകാം സാധാരണ ജനത്തിന്‍റെ മേലുള്ള അധികാരപ്രയോഗത്തിലൂടെ നിങ്ങള്‍ അനുഭവിക്കുന്നത്. കാഫ്കയുടെ ബ്യൂറോക്രാറ്റായ ഒരു കഥാപാത്രം തന്‍റെ ഓഫീസിലിരുന്ന് അതിശയിക്കുന്നുണ്ട്, "എന്തുകൊണ്ടാണ് നിരത്തില്‍നിന്ന് കയറിവന്ന് ജനം തങ്ങളെ തല്ലാത്തതെ"ന്ന്. അതിനു ഞങ്ങള്‍ക്കാകാത്തതിന് ഒരു കാരണം നിങ്ങളോടു ഞങ്ങള്‍ക്കുള്ള സഹതാപമാണ്. ഒന്നുമാത്രം നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞങ്ങള്‍ ആശിക്കുന്നു: ഞങ്ങള്‍ നമ്പറുകളും പേപ്പറുകളുമല്ല. വിശപ്പും വിയര്‍പ്പും ചിരിയുമുള്ളവരാണ് ഞങ്ങള്‍. ഞങ്ങളെ കാത്ത് സഖി ഇരിപ്പുണ്ട് വീട്ടില്‍. പറക്കാന്‍ വെമ്പുന്ന കുഞ്ഞിക്കിളികളുണ്ട് കൂട്ടില്‍. കുഞ്ഞുസ്വപ്നങ്ങളുണ്ട് മനസ്സില്‍. ആട്ടിയിറക്കപ്പെടുമെന്നും വെറുപ്പോടെ വീക്ഷിക്കപ്പെടുമെന്നും അറിഞ്ഞിട്ടും ഞങ്ങള്‍ നിങ്ങളുടെ അടുത്തുവരുന്നത് നിവൃത്തികേടുകൊണ്ടാണ്.

വിള്ളലില്‍ക്കൂടി അരിച്ചിറങ്ങുന്ന വെളിച്ചം കണക്കെ അധികാരത്തിന്‍റെ ഇടനാഴികളില്‍ ചില ജീവിതങ്ങളുണ്ടെന്ന് അറിയാം. അധികാരത്തിന്‍റെ അഴുക്കുപുരളാത്ത അവരോട് ക്ഷമയാചിച്ചുകൊണ്ട്, അവരുടെ ചെറുത്തുനില്പുകളെ ആദരവോടെ അംഗീകരിച്ചുകൊണ്ട് ഈ കുറിപ്പ് നിര്‍ത്തുന്നു.

Featured Posts

bottom of page