top of page

ലാവണ്യമുള്ളവര്‍

Aug 21, 2020

2 min read

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

a butterfly sitting on a flower

"കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് 15 പുലര്‍ച്ചെ 12 ന് കൂട്ടആത്മഹത്യ ചെയ്യുമെന്ന ബോർഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവച്ച് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ 45 കാരനാണ് കുണ്ടൂര്‍ വിശ്വന്‍. വിശ്വന്‍ സകുടുംബം മരിക്കുമോ, ഇല്ലയോ? നമ്മുടെ ഉറക്കംകെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന്‍ നമ്മോടൊപ്പം ലൈനിലുണ്ട്."

കൊമാല, സന്തോഷ് എച്ചിക്കാനം 

ആത്മഹത്യയില്‍ മരിക്കണം എന്ന ചിന്തയും, തുടര്‍ന്നുള്ള പ്രവൃത്തിയും ആവശ്യമായതിനാല്‍ ഏകാന്തത അനുഭവിക്കുന്നവരും മാനസികമായ പ്രശ്നങ്ങളുള്ളവരും, മാധ്യമങ്ങളിലെ മഹത്ത്വവത്കരിക്കപ്പെടുന്ന, നിറം പിടിപ്പിച്ച റിപ്പോര്‍ട്ടുകളാല്‍ സ്വാധീനിക്കപ്പെടാം. എല്ലാ ആത്മഹത്യകള്‍ക്കു പിന്നിലും പരപ്രേരണ നേരിട്ടോ, അല്ലാതെയോ ഉണ്ട്. മാധ്യമങ്ങള്‍ തുടര്‍ന്നുവരുന്ന നാടകീയവത്കരണവും കാല്‍പനികസ്വഭാവവും ബോധമനസ്സിലും ഉപബോധമനസ്സിലും അന്തര്‍ലീനമായിക്കിടന്ന് പിന്നീട് മരണത്തില്‍, ആത്മഹത്യയില്‍ അഭയം കണ്ടെത്താന്‍ സാധ്യതയുണ്ട്. ബ്ലുവെയില്‍ ഗെയിം 2013 ലാണ് അവതരിക്കുന്നത്. ഒറ്റപ്പെട്ടു കഴിയുന്ന, കാര്യമായി സൗഹൃദങ്ങളില്ലാത്ത കൗമാരപ്രായക്കാരെയാണ് കൊലയാളി ഗെയിം നിര്‍മ്മിച്ച റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ വലയില്‍ കുരുക്കിയത്.

വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് സമൂഹത്തിന്‍റെ, കുടുംബത്തിന്‍റെ ചങ്ങലക്കണ്ണികളില്‍ നിന്ന് മനസ്സുകൊണ്ട് അകന്നുനില്‍ക്കുന്നവരാണ് ഈ വിധത്തിലുള്ള കെണികളില്‍ വീഴുന്നത്."ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഞാന്‍ നിന്നെ മനസ്സിലാക്കുന്നു" എന്നത് വക്കോളം പകരുന്നവരാണ് ഭൂമിയില്‍ ഏറ്റവും ലാവണ്യമുള്ളവര്‍.

ഭര്‍ത്താവിന്‍റെ മരണശേഷം ഭാര്യ പറയുന്നു: "അയാള്‍ ഒരിക്കലും എന്നെയും മക്കളെയും സ്നേഹിച്ചിരുന്നില്ല. അയാള്‍ക്ക് അയാളോടു മാത്രമേ സ്നേഹമുണ്ടായിരുന്നുള്ളൂ. ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് പലതവണ ഓര്‍ത്തിട്ടുണ്ട്. ഈ മക്കളെ കാണുമ്പോള്‍ പിടിച്ചുനില്ക്കും. എങ്കിലും അദ്ദേഹം പോയത് വലിയ വിഷമമാണ്."ഭൂമിയിലെ ഏറ്റവും ക്രൂരമെന്നോ, അരുചികരമെന്നോ തോന്നുന്ന വാക്കുകളാണ്, 'നീ നിന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ...' ഒരിക്കലും കേള്‍ക്കാനിഷ്ടപ്പെടാത്തത്. പകര്‍ന്നു കൊടുക്കേണ്ട സ്നേഹത്തെ പൂഴ്ത്തിവച്ച് പ്രകാശത്തില്‍നിന്ന് അന്ധകാരത്തിലേക്ക് എത്ര പേരെ പറഞ്ഞുവിട്ടിട്ടുണ്ടാകും. 1കൊറി. 13 ല്‍ പൗലോസ് ശ്ലീഹാ പറയുന്ന സ്നേഹശൈലി ഉള്‍ക്കാഴ്ചയായി മാറിയിരുന്നെങ്കില്‍ മരിച്ചു ജീവിക്കുന്നവരുടെയും കൊഴിഞ്ഞുപോയവരുടെയും എണ്ണത്തില്‍ കുറവു വന്നേനെ. ഒരു പൂവ് അടര്‍ത്തിയെടുക്കുന്ന ലാഘവത്തോടെ ജീവിതത്തെ സ്വയം ഇല്ലായ്മ ചെയ്തവരൊക്കെ ചിന്തിച്ചിരുന്നത് 'എന്നെ ആരും മനസ്സിലാക്കാനില്ല' എന്നാവാം. ഒരാളെങ്കിലും ഉണ്ടെന്ന നിറവ് ജീവിച്ചിരിക്കാനുള്ള പ്രകാശമാകും.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ നോട്ടം കൊണ്ടോ, വാക്കുകള്‍ കൊണ്ടോ ക്രിസ്തുവും കൂടി വിചാരണ നടത്തിയിരുന്നെങ്കില്‍ കല്ലെറിയപ്പെടുന്നതിനു മുന്‍പുതന്നെ ജീവിച്ചിരിക്കാനുള്ള ആഗ്രഹത്തെ മനസ്സില്‍ കെടുത്തിക്കളഞ്ഞേനെ. വാക്കുകള്‍ കൊണ്ടു സൗഖ്യം നല്കിയ ക്രിസ്തു പകര്‍ന്നതിത്രമാത്രം: ഞാന്‍ നിന്നെ മനസ്സിലാക്കുന്നു. ജീവിച്ചിരിക്കാന്‍ പ്രേരിപ്പിച്ച ചിന്തയും അതുതന്നെ; ഭൂമിയില്‍ എന്നെ മനസ്സിലാക്കുന്ന, അറിയുന്ന ഒരാള്‍ ഉണ്ടെന്ന പൂര്‍ണബോധ്യം.

ആത്മഹത്യയില്‍ ആശ്രയം കണ്ടെത്തി പടിയിറങ്ങിപ്പോയ ചില മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരുമ്പോള്‍, പീലാത്തോസിനെപ്പോലെ കൈകഴുകി അകന്നുനില്‍ക്കാനാകുമോ? ചെയ്യാന്‍ പറ്റാത്ത നന്മ, സ്നേഹം, കനിവ്, അനാവശ്യമായ കാര്‍ക്കശ്യം, പരിഹാസം, നിസ്സംഗത, അവഗണന... കൊണ്ടൊക്കെ ജീവിതം ഇട്ടെറിഞ്ഞുപോയ ദുര്‍ബലരായ മനുഷ്യരെ ഓര്‍ക്കുമ്പോള്‍...

ചെറുപ്പക്കാരായ ദമ്പതികള്‍ ജോലിസംബന്ധമായി പുതിയ വീട്ടിലേക്ക് താമസം മാറ്റി. രാവിലെ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത വീട്ടിലെ തുണികള്‍ കഴുകി അയയില്‍ ഉണങ്ങാനിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭാര്യ പറഞ്ഞു: തുണികളില്‍ മുഴുവന്‍ ചെളിയാണല്ലോ. ചിലപ്പോള്‍ അവരുപയോഗിക്കുന്ന സോപ്പ് നല്ലതായിരിക്കില്ല. ഇല്ലെങ്കില്‍ അവര്‍ക്ക് അലക്കാനറിയില്ല. തുണികള്‍ ഉണങ്ങാനിട്ടിരുന്നപ്പോഴെല്ലാം ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാവിലെ അവള്‍ ഭര്‍ത്താവിനെ വിളിച്ചുപറഞ്ഞു: നോക്കിക്കേ, തുണി വൃത്തിയായി ഉണങ്ങാനിട്ടിരിക്കുന്നു. ആരാണാവോ അവരെ പഠിപ്പിച്ചത്? അപ്പോള്‍ തന്‍റെ ഭാര്യയോട് ചെറുപ്പക്കാരന്‍ പറഞ്ഞു: ്യൂഞാന്‍ രാവിലെ എഴുന്നേറ്റ് നമ്മുടെ ജനലിന്‍റെ ചില്ല് നന്നായി തുടച്ചു വൃത്തിയാക്കി.കാഴ്ചപ്പാടുകളും കാഴ്ചവട്ടങ്ങളും കുറച്ചുകൂടി വിശാലമാക്കിയാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഹൃദയത്തിലെ അഴുക്കുകള്‍ തുടച്ചുകളഞ്ഞ് മനുഷ്യരെ കാണുക. എങ്കിലേ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാകാന്‍ സാധിക്കൂ. നിരന്തരം ചിരിച്ച് സദാ സന്തോഷവും ഊര്‍ജ്ജവും വാരി വിതറി നടക്കുന്നവരില്‍ പലരുടെയും ഉള്ളില്‍ നെരിപ്പോടുകളാവാം. വരൂ... ചില്ലുകള്‍ തുടച്ച് മനുഷ്യരിലേക്കിറങ്ങാം.*** ***ജീവിതം ജീവയോഗ്യമാണോ? പ്രത്യാശയുടെ മുനമ്പിലേക്കുള്ള യാത്രയാണോ എന്നത് ചിന്തയുടെ പിന്‍ബലത്തോടെ തന്‍റെ ദാര്‍ശനികശൈലിയില്‍ ജോസ് സുരേഷ്, ആത്മഹത്യ അസ്വസ്ഥമാക്കിയ ബാല്യകൗമാരത്തില്‍നിന്ന് പറന്നുയര്‍ന്ന് ജീവിതത്തിന്‍റെ അര്‍ത്ഥം നഷ്ടപ്പെട്ട അനേകര്‍ക്ക് കരുത്തും കരുതലുമായ ഷെറിന്‍ നൂറുദ്ദീന്‍റെ അനുഭവങ്ങള്‍, കുടുംബത്തിലെ സൗഹൃദാന്തരീക്ഷം ആത്മഹത്യയിലേക്കുള്ള യാത്രയെ പിന്‍വലിക്കാമെന്ന് എണ്‍പതിന്‍റെ നിറവില്‍ നില്‍ക്കുന്ന ഡോ. കെ. ബാബു ജോസഫ്, ജീവിതം നൈസര്‍ഗികമായി ഒഴുകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഡോ. ചാരുലത, വി. ക്ലാര ലോകത്തെ പ്രകാശിപ്പിക്കുന്ന തേജോഗോളമെന്ന് സി. എലൈസ്, കോവിഡ് -19 മഹാമാരിയുടെ കാലത്ത് വി. ക്ലാരയുടെ സഹാനുഭൂതിയും സൗഖ്യശുശ്രൂഷയും കാലത്തിന്‍റെ അനിവാര്യമെന്ന് ജോയി പ്രകാശ് ഒ. എഫ്. എം., ഫെര്‍ഡിനാന്‍റ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍ എഴുതുന്ന, 800 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അസ്സീസിയും സുല്‍ത്താനുമായുള്ള കണ്ടുമുട്ടലിന്‍റെ ആന്തരികതയിലേക്കും ഒപ്പം മതാന്തര സംവാദത്തിലേക്കുമുള്ള തുടര്‍പരമ്പര, തുടങ്ങി നിരവധി കാലികപ്രസക്തമായ വ്യത്യസ്ത ചിന്തകളുമായി ഈ ലക്കത്തെ അസ്സീസി സമ്പന്നമാകുന്നു.

ആരവങ്ങളില്‍ ഉന്മത്തരാകാതെ പരാജയങ്ങളില്‍ പതറി നിരാശരാവാതെ സമചിത്തതയോടെ ഈ കാലവും കടന്നുപോകട്ടെ.

ക്ലാര പുണ്യവതിയുടെ തിരുനാള്‍ ആശംസകള്‍  

  പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

 

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

0

0

Featured Posts

bottom of page