top of page

മല്ലയുദ്ധം

Sep 17, 2016

3 min read

നിധിൻ  കപ്പൂച്ചിൻ
Jesus talk to a samarian  woman

ക്രിസ്തു ജറുസലേമിലേക്കുള്ള യാത്രക്കിടയില്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. അവന്‍ ജറുസലേമിലേക്ക് പോകുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോള്‍ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു, ഗുരോ സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ. അവന്‍ തിരിഞ്ഞുനിന്ന് അവരെ ശകാരിച്ചു. (ലൂക്ക 9:54) ഗുരുവിനോടുള്ള അന്ധമായ സ്നേഹത്താല്‍ പ്രതികാരത്തിന്‍റെ സ്നേഹത്തിലേക്ക് കടക്കുന്ന ശിഷ്യന്മാര്‍.


തലേമാക്കൂസിന്‍റെ ആദ്യത്തെ റോമായാത്രയായിരുന്നു അത്. എ. ഡി. 400 ആണ് കാലം. റോമാനഗരം ചുറ്റിക്കാണുന്നതിനിടയില്‍ മുന്നോട്ട് നീങ്ങുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ അയാളും പെട്ടുപോയി. പിന്നെ അവരോടൊപ്പമുള്ള യാത്ര അദ്ദേഹത്തെ എത്തിച്ചത് കൊളോസിയത്തിലാണ്. പതിനായിരങ്ങളില്‍ ഒരുവനായി അയാളും ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചു. അല്പം കഴിഞ്ഞപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് ഇത് താന്‍ കേട്ടിട്ടു മാത്രമുള്ള മല്ലയുദ്ധത്തിന്‍റെ വേദിയാണ്. രണ്ടുപേരില്‍ ഒരാള്‍ മരിക്കുമെന്നുറപ്പുള്ള മല്ലയുദ്ധം. യുദ്ധം തുടങ്ങിയപ്പോള്‍തന്നെ അയാള്‍ക്ക് തന്‍റെ ഇരിപ്പ് ഉറപ്പിക്കാനായില്ല. സ്നേഹത്താല്‍ നിറഞ്ഞ് ക്രിസ്തുവിനെപ്രതി യുദ്ധം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് അയാളും നടുത്തളത്തില്‍ ഇറങ്ങി. കളിയുടെ രസം കളഞ്ഞതില്‍ ക്ഷുഭിതരായ കാണികള്‍ അയാളെ എറിഞ്ഞിട്ടു. അപ്പോഴും അയാള്‍ നിലവിളിച്ചു, ക്രിസ്തുവിനെ പ്രതി ഈ കളി നിര്‍ത്തൂ. ചീറിപ്പാഞ്ഞുവന്ന കല്ലുകള്‍ അയാളുടെ പ്രാണനെ കവര്‍ന്നെടുത്തു. പിന്നെ എവിടെയും നിശ്ശബ്ദത പരന്നു. ഒടുവില്‍ നിഷ്കളങ്കന്‍റെ രക്തം വീഴ്ത്തി എന്ന സങ്കടത്താല്‍ ഓരോരുത്തരായി കൊളോസിയം വിട്ട് പുറത്തിറങ്ങി. റോമിന്‍റെ മനസ്സാക്ഷിയെ അയാളുടെ സ്നേഹം തൊട്ടു. അന്നുതന്നെ മല്ലയുദ്ധം നിരോധിച്ചുകൊണ്ടുള്ള വിളംബരം ചക്രവര്‍ത്തി നടത്തി. മണ്ണില്‍ ജയിച്ചിട്ടുള്ള യുദ്ധങ്ങളെല്ലാം സ്നേഹത്തിന്‍റെ യുദ്ധങ്ങളായിരുന്നു. അതിലെ പടയാളികളാകട്ടെ സ്നേഹത്തിന്‍റെ തീവ്രവാദികളും.


എല്ലാ പ്രശ്നങ്ങളെയും കായികബലം കൊണ്ട് അതിജീവിക്കാം, കീഴടക്കാം എന്ന തെറ്റായ പാഠമാണ് മനുഷ്യന്‍ ആദ്യം പഠിച്ചെടുക്കുന്നത്. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മൃഗങ്ങളെ മെരുക്കിയ മനുഷ്യന്‍, തന്‍റെ ഒപ്പമുള്ള സഹജീവികളെ നേടാന്‍ എടുത്ത ഉപായവും ഇതു തന്നെ. അടിച്ചമര്‍ത്തലിന്‍റെ, ഭീഷണിയുടെ തീവ്രസമരമുഖങ്ങള്‍.


ഒരു മനുഷ്യന്‍റെ ജീവിതം എന്നത് അവന്‍ ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധം നിലനിര്‍ത്തിയുള്ള ഒന്നാണ്. ഒരുവനെ അവനാക്കി തീര്‍ക്കുന്നതുപോലും ഈ ബന്ധങ്ങളാണ്. ഈ ബന്ധങ്ങള്‍ അവന്‍റെ സത്തയുടെ ഭാഗമാണ്. ഒരുവന്‍റെ രാജ്യം, മതം, കുടുംബം, ചിന്ത, പ്രണയം എന്നിങ്ങനെ പലതും അവന്‍റെ സ്വത്വത്തിന്‍റെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. ഈ ബന്ധങ്ങള്‍ക്ക് ഇളക്കം തട്ടുന്ന പ്രവൃത്തി അവന്‍റെ അഹത്തെ മുറിപ്പെടുത്തുന്നതാണ്. ഈ മുറിവുകളെ അവന്‍ ഏതു വിധേനയും ചെറുത്തുനില്‍ക്കുക തന്നെ ചെയ്യും. എത്രമാത്രം ആഴത്തിലാണോ ഈ ബന്ധം അത്രമാത്രം തീവ്രമായിരിക്കും അവന്‍റെ ചെറുത്തുനില്പ്. തീവ്രമായി സ്നേഹിക്കുന്ന ഒന്നിനുവേണ്ടിയുള്ള നിലനില്പ് ഒരുവനെ തീവ്രവാദിയാക്കി മാറ്റുന്നു.


കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. 6 എന്ന അക്കത്തെ മുകളില്‍നിന്നും താഴേനിന്നും നോക്കുന്ന രണ്ടുപേര്‍. ഒരേ കാര്യം രണ്ടുപേര്‍ക്കും രണ്ടായിതോന്നുന്നു. പക്ഷേ ഞാന്‍ പറയുന്നതാണ് ശരിയെന്ന പിടിവാശി ഇരുവരിലും ശത്രുത ഉളവാക്കുന്നു. സ്വന്തം ശരികളെ അപരന്‍റെ കണ്ണില്‍ക്കൂടി നോക്കാനുള്ള വിശാലതയാണ് യഥാര്‍ത്ഥത്തില്‍ നമുക്കു വേണ്ടത്. എ യുടെ ശരി ബി ക്ക് തെറ്റും, ബി യുടെ ശരി എ യ്ക്ക് തെറ്റുമാകാം. അതുകൊണ്ടുതന്നെ നമ്മുടെ അവസ്ഥ ആനയെ കാണാന്‍പോയ അന്ധന്മാരുടെ കണക്കാണ്. ഞാന്‍ കണ്ടത് സത്യം എന്ന വാദം അപരന്‍റെ സത്യങ്ങളെ കാണാന്‍പോലും കൂട്ടാക്കാത്ത അന്ധതയിലേക്കാണ് നമ്മെ നയിക്കുന്നത്. കാഴ്ചയുടെ ലോകത്തില്‍ 90% അന്ധരായ മനുഷ്യരാണ് നമ്മള്‍. എന്നിട്ടും 10% കിട്ടുന്ന കാഴ്ചയുടെ പിന്‍ബലത്തില്‍ എല്ലാം മനസ്സിലാക്കിയവര്‍ എന്ന ഭാവത്തില്‍ മറ്റുള്ളവന്‍റെ വശങ്ങളെ കേള്‍ക്കാനോ അംഗീകരിക്കാനോ സാധിക്കാത്ത വിധം സങ്കുചിതം ആയി മാറുകയാണ് നമ്മുടെ മനസ്സ്. ഇവിടെ അപരന്‍റെ സാന്നിധ്യം എനിക്ക് അന്ധത ഉളവാക്കുന്ന ഒന്നായി മാറുന്നു. ഇങ്ങനെ അസ്വസ്ഥത ഉളവാക്കുന്ന ഒരുവനെ ഒന്നെങ്കില്‍ ഞാന്‍ കീഴടക്കണം അല്ലെങ്കില്‍ അവന്‍റെ കാഴ്ചകളെ ഞാന്‍ അംഗീകരിക്കണം. 90% ആളുകളും കീഴടങ്ങാന്‍ തയ്യാറാവുകയില്ല. അതുകൊണ്ടുതന്നെ അപരനെ കീഴടക്കാനുള്ള സഹജവാസനയില്‍ മുന്നോട്ടു പോകും. അപരനെ കീഴടക്കാന്‍ മനുഷ്യന്‍റെ സഹജവാസനയിലുള്ള ഉപാധികളാകട്ടെ. ഭീഷണിയും അടിച്ചമര്‍ത്തലും. എന്നാല്‍ ഭയത്തിന്‍റെ നിഴലിലുള്ള കീഴടക്കലുകള്‍ ഒരിടത്തും വിജയം വരിച്ചിട്ടില്ല. കാരണം മനുഷ്യനെ ഒരു പരിധിക്കപ്പുറം ഭയപ്പെടുത്താനാവില്ല. ആധുനികകാലത്തില്‍ അതിന്‍റെ ഏറ്റവും വലിയ അടയാളമാണ് വിയറ്റ്നാം ഗവണ്‍മെന്‍റിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് എതിരെ 1963 ജൂണ്‍ 10 ന് സ്വയം തീകൊളുത്തി മരിച്ച വിയറ്റ്നാമിലെ ബുദ്ധ സന്ന്യാസിയായ ക്വാങ് ഡെക്ക് (Quang duc). ഇരുന്ന ഇരിപ്പില്‍ കത്തിത്തീര്‍ന്നതല്ലാതെ അയാളില്‍ നിന്ന് ഒരു സ്വരമോ ഒരു ചലനമോ പുറപ്പെട്ടില്ല. ഭീഷണിയുടെയും കാര്‍ക്കശ്യത്തിന്‍റെയും പിന്‍ബലത്തില്‍ അപരനെ വരുതിക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമങ്ങളെല്ലാം തന്നെ ഒരു കാലത്തിന് അപ്പുറം  തോല്‍ക്കുകതന്നെ ചെയ്യും.


കുരിശിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ ക്രിസ്തുവിനെ നോക്കുക. കിട്ടിയ വാളുകൊണ്ട് പടയാളിയുടെ ചെവി മുറിക്കുന്ന പത്രോസിനെ എത്ര കണിശമായിട്ടാണ് ക്രിസ്തു മടക്കുന്നത്. അതിനോട് ചേര്‍ത്ത് ക്രിസ്തു തന്‍റെ സൈന്യബലത്തെപ്പറ്റി പറയുന്നുണ്ട്. എന്നിട്ടും അവന്‍ ആക്രമണത്തിന് മുതിരുന്നില്ല. സ്നേഹത്തിന്‍റെ തീവ്രവാദത്തില്‍ ആക്രമണത്തിന് സാധ്യതയില്ല. ഭീഷണിപ്പെടുത്തി എല്ലാം നേടിയെടുക്കാമെന്ന മനുഷ്യന്‍റെ സഹജവാസനയെ  തിരുത്തുന്നത് ഓരോ കാലത്തിലെയും ഗുരുക്കന്മാരാണ്. അവര്‍ അങ്ങനെ ചെയ്തതാകട്ടെ സ്വന്തം ജീവന്‍ നല്കിക്കൊണ്ടും. സ്നേഹത്തിന്‍റെ തീവ്രവാദത്തിനു മാത്രമേ ഭൂമിയില്‍ ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.


തീവ്രവാദങ്ങളുടെ അസഹിഷ്ണുത പതിയെ സമൂഹത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കേണ്ടത് നമ്മിലേക്കു തന്നെയാണ്. കാരണം എന്‍റെ  കാഴ്ചയുടെ സങ്കുചിതാവസ്ഥയാണ് ഈ അന്ധതയ്ക്കു കാരണം. ഇതിന്‍റെ ബാലപാഠങ്ങളാകട്ടെ നമ്മുടെ കുടുംബത്തില്‍ നിന്നും തുടങ്ങുന്നു. വെറുതെയൊന്ന് ഓര്‍മ്മകളിലേക്ക് കടന്നുപോകുക. നമുക്ക് ഒരു കാലം ഉണ്ടായിരുന്നു, എല്ലാവരുടെയും വീടുകളില്‍ കടന്നുചെന്ന് അവരോടൊപ്പം ആയിരിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്ന കാലം. തലമുറ മാറിയപ്പോള്‍ കുശലാന്വേഷണങ്ങള്‍ക്കു പോലും കയറിച്ചെല്ലാന്‍ നമ്മള്‍ തിരയുന്ന ഭവനങ്ങള്‍ എത്ര സെലക്ടീവ് ആണ്.


സ്നേഹത്തിന്‍റെ തീവ്രവാദികള്‍ എന്നും അമ്മമാര്‍ തന്നെ. ഒരു സഹപാഠി വിളിച്ചിരുന്നു കഴിഞ്ഞദിവസം. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഉദരത്തില്‍ പേറുകയാണ്. ശക്തമായ ബ്ലീഡിങ്ങാണ്. എല്ലാവരും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറയുമ്പോള്‍ ഫോണില്‍ വിളിച്ച് പറയുകയാണ് കുഞ്ഞിനുവേണ്ടി അപേക്ഷിക്കാന്‍. കാണാത്ത കുഞ്ഞിനുവേണ്ടിയുള്ള ഒരു അമ്മയുടെ സ്നേഹത്തോടെയുള്ള നിലപാട്.


ലോകത്തിന്‍റെ മുറിവുകള്‍ക്ക് ഇനിയും അവന്‍റെ ലേപനം മാത്രമേ ചേരുകയുള്ളൂ. "ശത്രുക്കളെ  സ്നേഹിക്കുവിന്‍, ദ്രോഹിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍, വെറുക്കുന്നവരെ അനുഗ്രഹിക്കുവിന്‍" സ്നേഹത്തിന്‍റെ ചാവേറാകാന്‍ ഇറങ്ങാം.



Featured Posts

Recent Posts

bottom of page