top of page

ദേശാടനം

Mar 13, 2021

2 min read

ഫാ. ഷാജി CMI

joseph and mary going to  bethlehem

'എഴുന്നേല്‍ക്കുക, ഈജിപ്ത് ദേശത്തേക്ക് ഓടിപ്പോകുക.എഴുന്നേല്‍ക്കുക, ഇസ്രായേല്‍ദേശത്തേക്ക് മടങ്ങിപ്പോവുക.'മനുഷ്യചരിത്രം ഔപചാരികമായി രേഖപ്പെടുത്താന്‍ തുടങ്ങിയ കാലംതൊട്ടേ പലായനത്തിനും അതില്‍ സ്ഥാനമുണ്ടായിരുന്നു. സ്വന്തം ഇടം ഉപേക്ഷിച്ചുകൊണ്ട് ജീവിതത്തിന്‍റെ  കെട്ടുറപ്പിനും  സുരക്ഷയ്ക്കും വേണ്ടി എണ്ണമറ്റ ദേശാടനങ്ങള്‍ മനുഷ്യര്‍ നടത്തി. അതില്‍ ദൈവം  വഴിനടത്തിയ പുറപ്പാട് യാത്രയുണ്ട്, മനുഷ്യന്‍ സ്വയം നടത്തുന്ന 'യോനാ' യാത്രയുണ്ട്. ഈ യാത്രകളിലൊക്കെ മുന്‍നിശ്ചയമില്ലാത്ത സ്വച്ഛന്ദതയും സാഹസികതയും മുറ്റിനില്‍ക്കുന്നു. ശോകാകുലമായ വ്യക്തിചിത്രങ്ങള്‍ മിഴിച്ചുനില്ക്കുന്നു. ഏതു സമയത്തും  പൊട്ടിത്തെറിക്കാവുന്ന മൗനം പൊതിഞ്ഞുനില്ക്കുന്നു. യാത്രകള്‍ മനുഷ്യന്‍റെ പ്രാഥമിക രുചിയാണെങ്കിലും, 'പര്‍പ്പസ് ഓഫ് വിസിറ്റ്' ഇല്ലാത്ത ഒരു പുറപ്പെട്ടുപോക്കാണ് ദേശാടനങ്ങള്‍. പുറപ്പെട്ടുപോവുക എന്നൊരു 'നാടന്‍ മുങ്ങല്‍' എണ്‍പതുകളുടെ കാലഘട്ടങ്ങളില്‍ നാട്ടില്‍  സര്‍വ്വസാധാരണമായിരുന്നു. 'പര്‍പ്പസ് ഓഫ് വിസിറ്റ്' ഇല്ലാതെ കള്ളവണ്ടി കയറി അതിസാഹസികമായി ബോംബെയിലും മദിരാശിയിലും ചേക്കേറിയിരുന്ന ചെറുപ്പക്കാര്‍  ജീവിതം പച്ചപിടിപ്പിക്കുക എന്നുളള ലക്ഷ്യത്തേക്കാള്‍  നാട്ടിലെ പട്ടിണിയില്‍ നിന്നുളള ഒളിച്ചോട്ടങ്ങളായിരുന്നു അവയില്‍ മിക്കതും. അത്തരം ദേശാടനങ്ങളില്‍ 'ചെലോല്‍ത് ശരിയാകും, ചെലോല്‍ത് ശരിയാവൂല്യ.'

അങ്ങനെ ദൈവം ഒരുക്കിയ കള്ളവണ്ടി കയറി ജീവന്‍റെ സുരക്ഷക്കായി ദേശാടനം നടത്തിയ ജോസഫിനും, ജീവന്‍റെ കെട്ടുറപ്പിനു വേണ്ടി ദേശാടനം നടത്തുന്ന പ്രവാസികള്‍ക്കും വന്ദനം പറയുന്നു.

ഈ ലേഖനത്തിലൂടെ ജോസഫ് നായകനായ തിരുക്കുടുംബത്തിന്‍റെ തുടക്കം പോലും ഇത്തരം പുറപ്പെട്ടുപോക്കില്‍ നിന്നാണ്. നസ്രത്തില്‍ നിന്നും ബെത്ലെഹെമിലേക്ക് നടത്തിയ യാത്രാവസാനം മേരി, തന്‍റെ കുഞ്ഞിന് ജന്മം നല്‍കുന്നു. കുഞ്ഞ് മിഴിതുറക്കും മുമ്പ് 'എഴുന്നേല്‍ക്കുക, ഈജിപ്ത് ദേശത്തേക്ക്  ഓടിപ്പോവുക' എന്ന വിസ ലഭിക്കുന്നു. തങ്ങളുടെ പിതാക്കന്മാര്‍ അടിമകളായി കഴിഞ്ഞ ദേശത്തേക്ക് വീണ്ടും ഓടിപ്പോകാനുളള ആജ്ഞ. ഒരിക്കല്‍ പ്രാണരക്ഷാര്‍ത്ഥം ആ ദേശത്തുനിന്ന് അതിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പലായനം നടത്തിയ വംശപരമ്പരയുടെ ഇങ്ങേ അറ്റത്താണ് ക്രിസ്തു പിറക്കുന്നത്. ഇപ്പോള്‍ ഇതാ ജോസഫിന്‍റെയും മേരിയുടെയും കടിഞ്ഞൂല്‍ പുത്രന്‍റെ പ്രാണന്‍ സംരക്ഷിക്കാന്‍ ഈജിപ്തിലേക്ക് ഒരു തിരിച്ചോട്ടം. ഒരു 'ആന്‍റി ക്ലോക്ക് ചലനം.'

'എഴുന്നേല്‍ക്കുക, ഇസ്രായേല്‍ ദേശത്തേക്ക് മടങ്ങുക' എന്ന അടുത്ത കല്പനയും ഉടന്‍ എത്തി. 'ഈജിപ്തില്‍ നിന്നും ഞാന്‍ എന്‍റെ പുത്രനെ തിരികെ വിളിച്ചു' എന്ന പ്രവാചക ശബ്ദത്തിന്‍റെ നിറവേറലിന് ഇത് അനിവാര്യമായിരുന്നു. 'അവന്‍ നസ്രായന്‍ എന്നു വിളിക്കപ്പെടും' എന്ന വചനം പൂര്‍ത്തിയാകാന്‍ ഇങ്ങനെയൊക്കെ സംഭവിക്കണമായിരുന്നു. ഉടലിനെ അന്വേഷിക്കുന്ന ആത്മാവിനെപ്പോലെ പുറപ്പാടിന്‍റെ ഓര്‍മ്മ അവരുടെ ജീവിതത്തിന്‍റെ ഓരോ ഘട്ടവും സന്ദര്‍ശിക്കുന്നു.

പുറപ്പാട് സംഭവങ്ങളുടെ കൈമുദ്രകള്‍ ജോസഫിന്‍റെ ജീവിതസംഭവങ്ങളില്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്നത് നമുക്ക് കാണാം. പഴയ നിയമത്തില്‍ വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്‍റെയും ജോസഫിന്‍റെയും ജീവിതങ്ങളില്‍ ഈ മുദ്രകള്‍ നാലെണ്ണം നന്നായി വായിച്ചെടുക്കാനാകും.

1. തങ്ങളുടെ ഭാര്യമാരുടെ അസാധാരണമായ ഗര്‍ഭധാരണവും, അതിനെത്തുടര്‍ന്നുണ്ടായ വിഹ്വലതകളും.

2. അജ്ഞാതദേശത്തേക്കുളള പുറപ്പാടും ദേശാടനവും.

3. പ്രവാസിജീവിതം.

4. ബലിവസ്തുക്കളായി തീരുന്ന മക്കള്‍.

വസുധ തന്‍റെ ഏതോ അഗാധതകളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സ്വര്‍ണ്ണമാകെ മീനച്ചൂടില്‍ ഉരുക്കിയെടുത്ത സൗവര്‍ണകിങ്ങിണികളെ  താലിമാലകളാക്കി  മേലാകെ അണിഞ്ഞു വിലസുന്ന കണിക്കൊന്നപോലെ, ദേശാടനത്തിന്‍റെ വറുതികളിലും ജോസഫ് പൂത്തുലഞ്ഞു നില്പുണ്ട്. മേരിയുടെ വിവാഹവുമായി ബന്ധപ്പെട്ട മിത്തിലെ പുഷ്പിച്ചവടിപോലെ - മേരിക്കനുയോജ്യനായ പുരുഷന്‍ കയ്യിലെടുക്കുന്ന ഉണക്കച്ചില്ല കണിക്കൊന്നപോലെ  പൂവിടും എന്നായിരുന്നു വിശ്വാസം. ജോസഫ് കയ്യിലെടുത്ത ഉണക്കച്ചില്ല ഹൃദയസ്വപ്നം പുനര്‍ജനിച്ചാലെന്നപോലെ പൂത്തുലയുകയാണ്. ഒന്നാം സങ്കീര്‍ത്തനത്തില്‍ നീതിമാനെ വാഴ്ത്തിപ്പാടുംപോലെ ഒരിക്കലും വാടാത്ത ഒരാളായി ജോസഫ് ദേശാടനത്തിന്‍റെ വറുതിയിലും പൂത്തുലഞ്ഞങ്ങനെ... ഇവ മുനിഞ്ഞു കത്തുന്ന നമ്മുടെ സ്വപ്നങ്ങളെ പൊടുന്നനെ പ്രദീപ്തമാക്കുന്നു. നമ്മുടെ ഉള്ളിലും കണിക്കൊന്നകള്‍ പൂത്തുലയുന്നുണ്ട്.

ജീവന്‍റെ കെട്ടുറപ്പിനുവേണ്ടി ദേശാടനം നടത്തുന്ന പ്രവാസികളുടെ ജീവിതത്തെ ബുര്‍ജ് ഖലീഫയോളം വലുതാക്കുന്നു ഈ 'ഒറ്റമുറി'കവിത.

ബുര്‍ജ് ഖലീഫയുടേയും

ആന്‍റല്ലയുടേയും

പൊക്കമളന്നവര്‍ക്ക്

ഈഒറ്റമുറിക്കുളളിലെ

കട്ടിലിന്‍റെ ഉയരം

അളക്കാനാവില്ല.

കൂടിയ താപനിലയും

കുറഞ്ഞതാപനിലയും

രേഖപ്പെടുത്തുന്നകാലാവസ്ഥ

ശാസ്ത്രജ്ഞന്മാര്‍ക്ക്

ഈ ഒറ്റമുറിക്കുളളിലെ

താപനില തിട്ടപ്പെടുത്താനാവില്ല.

ആയിരത്തൊന്നു രാവുകള്‍

കഥപറഞ്ഞ് വിസ്മയപ്പെടുത്തിയവര്‍ക്ക്

ഈ ഒറ്റമുറിക്കുളളിലെ

കഥ പറഞ്ഞു തീര്‍ക്കാനാവില്ല.

ലോകഭാഷകള്‍വിവര്‍ത്തനം ചെയ്യുന്ന

വിവര്‍ത്തകര്‍ക്കൊന്നും

ഈ ഒറ്റമുറിക്കുളളിലെ

ഭാഷ വഴങ്ങി കൊടുക്കില്ല.

അറബിക്കടലിന്‍റെകേരളതീരങ്ങള്‍

പ്രക്ഷുബ്ധമാകുമ്പോഴും

ഈ ഒറ്റമുറിക്കുളളിലെ

കടലിരമ്പം ആരുംകാണുന്നില്ല,

കേള്‍ക്കുന്നുമില്ല.


Featured Posts

bottom of page