
സെപ്റ്റംബർ ലക്കം 'ദുക്രാന'യിൽ ഫാ. തോമസ് തെക്കേക്കര മാർ സ്സീവായുടെ പുകഴ്ച്ച തിരുനാളിനെ ആസ്‌പദമാക്കി എഴുതിയ ലേഖനത്തിൽ ഇപ്രകാരം എഴുതുന്നു: "ഈശോ ഉത്ഥിതനും മഹത്ത്വിക്യതനും വീണ്ടും വരുവാനിരിക്കുന്നവനുമാകയാൽ അവിടുത്തെ സ്ലീവാ ഇനിമേൽ പീഡനത്തിൻ്റെയും മരണത്തിൻ്റെയും ഉപകരണമല്ല. പിന്നെയോ, അവൻ്റെ വൻവിജയത്തിൻ്റെ - ഉയിർപ്പിൻ്റെ , വലിയ നാമത്തിൻ്റെ -അടയാളമാണ്. കുരിശിൻ്റെ പുറത്ത് ഈശോ വിജയത്തിലേക്കു സവാരി ചെയ്യുകയായിരുന്നു എന്നാണു മാർ അപ്രേം പറയുന്നത്. അതേ സ്ലീവായുടെ പുറത്തുതന്നെ സഭയുടെ മഹത്ത്വീകരണവേളയിൽ അവിടുന്നു തിരികെ എത്തുകയും ചെയ്യും". ഈ പ്രസ്താവന തീർത്തും വികലവും ഭ്രാന്തവുമായ ഒരു സങ്കല്പ്പ പ്രവചനമായിട്ടു തോന്നുന്നു. സ്ലീവാ ഒരു സവാരിമൃഗത്തിൻ്റെയോ പറക്കും തളികയുടെയോ ധർമം നിർവഹിക്കുമെന്നാണല്ലോ ഫാ തെക്കേക്കര പറഞ്ഞുവെയ്ക്കുന്നത് (കാള, ഗരുഡൻ, മൂഷികൻ പുലി എന്നിവയെല്ലാം ദേവന്മാരുടെ വാഹനങ്ങളായിട്ടാണല്ലോ ഹൈന്ദവ സങ്കല്പം). ഇപ്രകാരം മഹത്ത്വീകൃതനായ ക്രിസ്തു സ്ലീവായെ വാഹനമാക്കും എന്ന പ്രസ്താവന അനുവദനീയമാണോ? അംഗീകാരം ലഭിച്ച ദൈവശാസ്ത്ര വീക്ഷണമാണോ തെക്കേക്കര അവതരിപ്പിക്കുന്നതെന്ന് അസ്സീസിയിലൂടെ വിശദമാക്കിയാൽ കൊള്ളാം,
ജെയിംസ് ഐസക്
കുടമാളൂർ
പ്രീയപ്പെട്ട ജെയിംസ് ഐസക്
യേശുവിൻ്റെ രണ്ടാമത്തെ വരവിനെ പരാമർശിച്ചുകൊണ്ട് സെപ്റ്റംബർ ലക്കം 'ദുക്രാന'യിൽ ബഹു. തോമസ് തെക്കെക്കരയച്ചൻ എഴുതിയ ചില വാക്യങ്ങളാണല്ലോ സംശയത്തിനു കാരണമായത്. ഉത്തരമായി എന്തെങ്കിലുമെഴുതുന്നതിനു മുമ്പ് യേശുവിൻ്റെ "രണ്ടാമത്തെ വരവ് അഥവാ "ദ്വിതീയാഗമനം" എന്ന വിശ്വാസ സത്യത്തെ പറ്റി തന്നെ അല്പം ചിന്തിക്കുന്നതു പ്രയോജനപ്രദമായിരിക ്കും.
ദ്വിതീയാഗമനത്തെപറ്റിയുള്ള പ്രവചനങ്ങൾ
മനുഷ്യപുത്രനായ യേശു യുഗാന്തത്തിൽ വിധിയാളനായി വീണ്ടും വരുമെന്നത് പുതിയ നിയമത്തിൻ്റെ ആദ്യ താളുകൾ മുതൽ അന്ത്യ താളുകൾ വരെ സാക്ഷ്യപ്പെടുത്തുന്ന ഒരു ബോധ്യമാണ്. സുവിശേഷ പ്രഘോഷണത്തിനിടയ്ക്കു പല സാഹചര്യങ്ങളിൽ യേശുനാഥൻ തന്നെ ഊന്നൽ കൊടുത്തു പറഞ്ഞിട്ടുള്ള വാക്കുകളാണ് ഈ ബോധ്യത്തിന് അടിസ്ഥാനം. "മനുഷ്യപുത്രൻ സ്വപിതാവിൻ്റെ മഹത്ത്വത്തിൽ തൻ്റെ ദൂതന്മാരോടൊത്തു വരാനിരിക്കുന്നു. അപ്പോൾ അവൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്കും" (മത്താ 16, 27). "അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻ്റെ അടയാളം പ്രത്യക്ഷപ്പെടും, ഭൂമിയിലെ സർവഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്ത്വത്തോടുംകൂടി വരുന്നതു കാണുകയും ചെയ്യും” (മത്താ 24, 30). "പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയിൽ എന്നെകുറിച്ചോ എൻ്റെ വചനങ്ങളെകുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തൻ്റെ പിതാവിന്റെ മഹത്ത്വത്തിൽ പരിശുദ്ധന്മാരോടുകൂടെ വരുമ്പോൾ ലജ്ജിക്കും" (മർക്കോ 1, 38). “കള്ളൻ ഏതുമണിക്കൂറിൽ വരുമെന്നു ഗൃഹനാഥൻ അറിഞ്ഞിരുന്നെങ്കിൽ തൻ്റെ വീടു കുത്തിത്തുറക്കുവാൻ അനുവദിക്കുമായിരുന്നില്ല . നിങ്ങളും ഒരുങ്ങിയിരിക്കുവിൻ എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്" (ലൂക്കാ 12, 39-40) എപ്പോഴാണ് മനുഷ്യപുത്രന്റെ ആഗമനമെന്ന് അറിഞ്ഞതുകൂടാത്തതിനാൽ, തന്റെ അനുയായികൾ സദാ ജാഗ്രതയോടെ കാത്തിരിക്കണമെന്നത് യേശുനാഥന്റെ അടിയന്തിരമായ സന്ദേശമാണ് (കാണുക: മത്താ. 24, 42 44, 50, മർക്കോ. 13, 33-37, ലൂക്കാ 12, 35-36). യേശു അരുൾചെയ്തിട്ടുള്ള പല ഉപമകളിലും നാം കാണുന്ന മുഖ്യപ്രമേയമാണ് മനുഷ്യപുത്രന്റെ രണ്ടാമത്തെ വരവ്. സമാന്തര സുവിശേഷങ്ങളിൽ നാം വായിക്കുന്ന ഇപ്രകാരമുള്ള യേശുനാഥന്റെ വാക്കുകളെ അടിസ്ഥാനമാക്കി മറ്റു പുതിയനിയമ ഗ്രന്ഥകാരന്മാരെല്ലാവരും തന്നെ അവിടത്തെ ദ്വിതീയാഗമനത്തെ പരാമർശിക്കുകയും അതിനുവേണ്ടി ഒരുക്കത്തോടെ കാത്തിരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
ദ്വിതീയാഗമനത്തിനു മുന്നോടിയായ അടയാളങ്ങൾ
പഴയനിയമം "യാഹ്‌വേയുടെ ദിവസം, "കർത്താവിൻ്റെ ദിവസം", "വിധിയുടെ ദിവസ'മെന്നൊക്കെ പറഞ്ഞിരുന്നത്, യേശുവിന്റെ ദ്വിതീയാഗമനത്തിന്റെ ദിവസമായിട്ടാണ് പുതിയനിയമം മനസ്സിലാക്കുന്നത്. ദൈവരാജ്യത്തിൻ്റെ സമ്പൂർണമായ സാക്ഷാത്ക്കാരം, ലോകത്തിൻ്റെയും ചരിത്രത്തിൻറെയും പൂർത്തീകരണം, മരിച്ചവരുടെ ഉയിർപ്പ്, പൊതുവിധി ഇതെല്ലാം യേശുനാഥൻ്റെ രണ്ടാമത്തെ വരവോടുകൂടി സംഭവിക്കുമെന്നതാണ് ക്രൈസ്തവവിശ്വാസം. എപ്പോഴാണ് ഈ രണ്ടാമത്തെ വരവെന്നു കൃത്യമായി പറയാൻ ആർക്കും സാധ്യമല്ലെങ്കിലും (മത്താ. 24, 16; മർക്കോ. 13, 32), അതിനുമുന്നോടിയായ അഥവാ അതിനോടനുബന്ധിച്ചുള്ള ചില അടയാളങ്ങൾ സുവിശേഷകന്മാരും മറ്റു വിശുദ്ധഗ്രന്ഥകാരന്മാരും നല്കുന്നുണ്ട്. ലോകമെമ്പാടും ഭയങ്കരമായ യുദ്ധങ്ങളും കലഹങ്ങളും പല സ്‌ഥലങ്ങളിലും വലിയ ഭൂകമ്പങ്ങളും, പകർച്ചവ്യാധികളും ക്ഷാമങ്ങളുമുണ്ടാകും. ഭീകര സംഭവങ്ങളുണ്ടാകുകയും ആകാശത്തിൽനിന്നു വലിയ അടയാളങ്ങൾ കാണപ്പെടുകയും ചെയ്യും. ക്രിസ്തുവിന്റെ നാമത്തെപ്രതി അവിടുത്തെ അനുയായികൾക്കു പല പീഡനങ്ങളും സഹിക്കേണ്ടിവരും. ഇതെല്ലാം ഈറ്റുനോവിൻ്റെ ആരംഭം മാത്രമത്രേ. തുടർന്ന് ലോകാരംഭം മുതൽ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ ഭീകരദുരിതങ്ങൾ സംഭവിക്കും. കർത്താവ് ഈ ഭീകര ദുരിതങ്ങളുടെ ദിവസങ്ങൾ ചുരുക്കിയില്ലായിരുന്നെങ്കിൽ ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി അവിടുന്ന് ആ ദിവസങ്ങൾ ചൂരുക്കിയിരിക്കുന്നു. ഈ ദുരിതങ്ങളോടൊപ്പം കള്ള ക്രിസ്തുമാരും വ്യാജ പ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അത്ഭുതങ്ങളും അവർ പ്രവർത്തിക്കും (മത്താ. 24, 3-28; മർക്കോ. 13, 3-23, ലൂക്കാ 27, 7-19). ആ ദിവസങ്ങൾക്കു ശേഷം പെട്ടെന്നു സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴുകയും ആകാശ ശക്തികൾ ഇളകുകയും ചെയ്യും. കടലിന്റെയും തിരമാലകളുടെയും ഇരമ്പൽ ജനപദങ്ങളിൽ സംഭ്രമമുളവാക്കും. സംഭവിക്കാൻ പോകുന്നവയെ ഓർത്തുള്ള ഭയവും ആകുലതയും കൊണ്ട് മനുഷ്യർ പ്രജ്‌ഞയറ്റവരെപ്പോലെയായി തീരും (മത്താ. 24, 29, മർക്കോ. 13, 24; ലൂക്ക. 21, 25-27).
ദ്വിതീയാഗമനം
മനുഷ്യപുത്രൻ്റെ ആഗമനത്തിനുള്ള മുന്നോടിയാണ് ഈ സംഭവങ്ങളെല്ലാം. അവയ്ക്കുശേഷം ആകാശത്തിൽ അവിടുത്തെ അടയാളം പ്രത്യക്ഷപ്പെടും. ഭൂമിയിലെ സർവഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്ത്വത്തോടും കൂടിവരുന്നതു കാണുകയും ചെയ്യും. അവിടന്നു തന്നെ ദൂതന്മാരെ വലിയ കാഹളശബ്ദത്തോടു കൂടി എല്ലായിടത്തേക്കും അയക്കും. അവർ ഭൂമിയുടെ അതിർത്തികൾ മുതൽ ആകാശത്തിന്റെ അതിർത്തികൾവരെ നാലുദിക്കുകളിലും നിന്ന് അവിടത്തെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും (മത്താ. 24, 30-11; മർക്കോ 13, 26-27) ലൂക്കാ. 21, 27). അവരെ നിത്യമായ ശാന്തിയിലേക്കും രക്ഷയിലേക്കും നയിച്ചുകൊണ്ട് മനുഷ്യപുത്രൻ സർവവും പിതാവായ ദൈവത്തിന് അർപ്പിക്കും. അങ്ങനെ രക്ഷാകര ചരിത്രം പൂർത്തിയാകും. ദൈവം എല്ലാറ്റിലും എല്ലാമാകുകയും, മനുഷ്യപുത്രൻറെ മഹത്വം എല്ലാവരും ദർശിക്കയും അവിടത്തെ കർതൃത്ത്വം എല്ലാവരും അംഗീകരിക്കുകയും ചെയ്യും. ഇതാണ് ഏറെക്കുറെ യേശുവിന്റെ ദ്വിതീയാഗമനത്തെപ്പറ്റി ബൈബിൾ നൽകുന്ന ചിത്രം.
ദ്വിതീയാഗമന സുവിശേഷം നൽകുന്ന സന്ദേശം
യുഗാന്ത്യത്തെയും യേശുനാഥൻ്റെ രണ്ടാമത്തെ വരവിനെയുംപറ്റി ബൈബിൾ നല്‌കുന്ന ഈ വിവരണത്തിൽ രണ്ടുകാര്യ ങ്ങൾ നാം വിവേചിച്ചറിയേണ്ടതുണ്ട്. ഒന്ന്, ഈ വിവരണം ഉൾക്കൊള്ളുന്ന സനാതന സന്ദേശം, രണ്ട്, ഈ സന്ദേശം നല്കുവാൻ ബൈബിൾ ഉപയോഗിക്കുന്ന ഭാഷാശൈലിയും സാഹിത്യസാങ്കേതികത്വങ്ങളും അനാദിമുതൽ ദൈവം ആവിഷ്ക്കരിച്ച് യേശൂനാഥൻറെ ജീവിതത്തിലും മരണത്തിലും ഉയിർപ്പിലും കൂടി സാക്ഷാത്ക്കരിച്ച രക്ഷാകരപദ്ധതിയുടെ വിജയവും പരിസമാപ്തിയുമാണ് യേശുവിന്റെ രണ്ടാമത്തെ വരവു സൂചിപ്പിക്കുന്ന യാഥാർഥ്യം. ദൈവം മനുഷ്യനു നൽകുന്ന അനശ്വരജീവൻ, മനുഷ്യനും ദൈവവും തമ്മിൽ സ്നേഹത്തിലുള്ള സമ്പൂർണമായ ഐക്യം, മനുഷ്യ ഹൃദയം കൊതിക്കുന്ന സൗഭാഗ്യത്തിന്റെ, ശാന്തിയുടെ സാഫല്യം, മനുഷ്യകുലത്തിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള പരിപൂർണമായ യോജിപ്പും സൗഹാർദവും, ലോകത്തിൻറെയും ചരിത്രത്തിന്റെയും രൂപാന്തരീകരണവും പൂർത്തീകരണവും - ഇതെല്ലാം രക്ഷാകരചരിത്രത്തിന്റെ പരിസമാപ്തിയിൽ സാക്ഷാത്ക്കരിക്കപ്പെടുമെന്ന് ബൈബിൾ നമുക്കുറപ്പുനൽകുന്നു.
ദ്വിതീയാഗമന വിവരണത്തിന്റെ ഭാഷാശൈലി
പഴയനിയമത്തിൽ നിന്നും സമകാലിക ചിന്താരീതികളിൽ നിന്നും ചില പ്രതീകങ്ങളും ബിംബങ്ങളും സാഹിത്യ സങ്കേതങ്ങളുമെല്ലാം ഉപയോഗിച്ചാണ് ബൈബിൾ നമുക്ക് ഈ സന്ദേശം നൽകുന്നത്. മുഖ്യമായി മൂന്ന് ഉറവിടങ്ങളെ നമുക്കു വേർതിരിച്ചറിയുവാൻ കഴിയും.
ഒന്നാമതായി, യാഹ്‌വയുടെ സ്വയം വെളിപ്പെടുത്തലിന് (Theophany) പഴയനിയമം ഉപയോഗിക്കുന്ന ഭാഷയും പ്രതീകങ്ങളും. ഉദാഹരണം: മർക്കോ. 13, 24-27-ൽ മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റി പറയുന്നത് നിയ 30, 4: ഏശയ്യ. 13 , 10; 34, 41 എസക്കി. 32, 7-8 ജോയേ 2. 10-11; സഖ 2, 10 ദാനി. 7, 13 തുടങ്ങിയ പഴയനിയമ ഭാഗങ്ങളിൽനിന്നു കടം കൊണ്ട ഭാഷാശൈലിയിലും പ്രതികങ്ങളിലും കൂടിയാണ്.
രണ്ടാമതായി, ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടുമുതൽ ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ടുവരെ പ്രബലപ്പെട്ടിരുന്ന "വെളിപാടു ചിന്ത" (Apocalyptic thought). ദാനിയേലിന്റെ പുസ്‌തകത്തിലാണ് ഈ വെളിപാടുചിന്ത ആദ്യമായി ബൈബിളിൽ പ്രത്യക്ഷപ്പെടുന്നത് (ദാനി. 7, 9-14 കാണുക). കാനോനികമല്ലാത്ത പഴയനിയമ-പുതിയനിയമ പുസ്തകങ്ങളിലാണ് (Apocryphal books of the Old and New Testaments) വെളിപാടുചിന്ത തഴച്ചുവളർന്നതെന്നു പറയാം. പുതിയ നിയമത്തിലെ അവസാനത്തെ പുസ്തകവും ദൈവികസന്ദേശം നൽകുവാൻ ഉപയോഗിക്കുന്ന മാർഗമാണ് വെളിപാടുചിന്തയും അതിൻ്റെ സാങ്കേതികത്വങ്ങളും. ഈ വെളിപാടുചിന്തയുടെ പ്രത്യേകതകളാണ് യുഗാന്ത്യത്തോട് അനുബന്ധിച്ചുള്ള സൂര്യചന്ദ്രന്മാരുടെ തമസ്കരണവും നക്ഷത്രങ്ങളുടെ പതനവും ഭൂമികുലുക്കവും മറ്റും. ഈ ചിന്തയുടെ ഭാഷാശൈലിയും സാങ്കേതികത്വങ്ങളും ഉപയോഗിച്ചാണ് സുവിശേഷകന്മാർ യുഗാന്തത്തെയും യേശുവിന്റെ രണ്ടാമത്തേ വരവിനെയും വിവരിക്കുന്നത്.
മൂന്നാമതായി ഗ്രീക്ക് ഹെല്ലനിസ്‌റ്റിക് മേഖലകളീൽ പതിവുണ്ടായിരുന്ന "രാജകീയാഗമനം". രാജകീയടയാളമായ പതാകയുമേന്തി അനേകം സേവകരുടെ അകമ്പടിയോടും കാഹളധ്വനിയോടും കൂടിയുള്ള രാജാക്കന്മാരുടെയും ഉന്നതോദ്യോഗസഥന്മാരുടെയും ചക്രവർത്തിയുടെയും എഴുന്നള്ളത്തിനു പറയുന്ന സാങ്കേതിക പദമായിരുന്നു 'പറൂസിയ' (Parousia - പ്രത്യക്ഷപെടൽ ) എന്നത് ഈ പദം തന്നെയാണ് യേശുവിന്റെ രണ്ടാമത്തെ വരവിനെ സൂചിപ്പിക്കാൻ മത്താ. 24, 3. 27. 37 39 എന്നി വാക്യങ്ങളിൽ സുവിശേഷകൻ ഉപയോഗിക്കുന്നതും പൗലോസ്‌ശ്ലീഹായും യേശുവിൻ്റെ ദ്വിതീയാഗമനത്തെ ക്കുറിക്കുവാൻ ഉപയോഗിക്കുന്ന പദം ഇതുതന്നെയാണ് (1 കോറി 15, 23; 1 തെസ. 2, 19; 3, 13; 4, 15; 5, 23,; 2 തെസ. 2, 1-8). 2 പത്രോ. 1, 16: 3, 4. 12: യാക്കോ 3, 7-8; 1 യോഹ. 2, 28 എന്നീ വാക്യങ്ങളിലും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രതികങ്ങളും സാദൃശ്യങ്ങളും
യുഗാന്ത്യത്തെയും യേശുവിൻറെ രണ്ടാമത്തെ വരവിനെയും പറ്റി സുവിശേഷം നൽകുന്ന സന്ദേശത്തിന് ഒരിക്കലും മാറ്റമില്ല അതു ദൈവവചനമാണ്. വിശ്വാസസത്യമായി നാം സ്വീകരിക്കുകയും വേണം. എന്നാൽ, ഈ വിശ്വാസസത്യം പ്രഖ്യാപിക്കാൻ പഴയനിയമത്തിൽനിന്നും വെളിപാടുചിന്തയിൽ നിന്നും ഗ്രിക്കു ഹെല്ലനിസ്റ്റിക്ക് സംസ്കാരമേഖലകളിൽ നിന്നും സുവിശേഷകന്മാർ കടംകൊണ്ടിരിക്കുന്ന സാഹിത്യസങ്കേതങ്ങൾ അക്ഷരാർഥത്തിലല്ല നാം മനസ്സിലാക്കേണ്ടത്. അവ പ്രതികങ്ങളും സാദൃശ്യങ്ങളും ഉപമകളുമാണ്. ഇവയെ യാഥാർഥ്യങ്ങളായി തെറ്റിദ്ധരിച്ച് യുഗാന്ത്യ ദൈവശാസ്ത്രത്തെ (Eschatology) ആവിഷ്കരിക്കുന്ന പ്രവണത പരമ്പരാഗത ദൈവശാസ്ത്രത്തിൽ ഒരിക്കൽ ഉണ്ടായിരുന്നു. എന്നാൽ, ബൈബിൾ വിജ്‌ഞാനീയത്തി ലും ദൈവശാസ്ത്രത്തിലുമെല്ലാം ഈ നൂറ്റാണ്ടിലുണ്ടായ ആഴമേറിയ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ ഈ പ്രവണതയെ പണ്ഡിതന്മാർ പണ്ടേ പുറംതള്ളിക്കളഞ്ഞതാണ്. നിർഭാഗ്യവശാൽ, നമ്മുടെയിടയിൽ ചിലർ ഇത്തരം പ്രവണതകൾ ഇന്നും വെച്ചുപുലർത്തുന്നതിൻെറ ഉദാഹരണമാണ് കത്തിൽ പരാമർശന വിഷയമായ 'ദുക്രാന'യിലെ ലേഖനഭാഗം.
" കുരിശുസവാരി''?
യുഗാന്ത്യത്തെയും യേശുവിൻ്റെ രണ്ടാമത്തെ വരവിനെയും പറ്റി സുവിശേഷകന്മാർ നല്കുന്ന വിവരണം അക്ഷരാർഥത്തിലല്ല മനസ്സിലാക്കേണ്ടതെങ്കിൽ, "സ്ലീവായുടെ പുറത്തുതന്നെ സഭയുടെ മഹത്ത്വീകരണവേളയിൽ അവിടുന്ന് തിരികെ എത്തുകയും ചെയ്യും" എന്നു പറയുന്നതിൽ അർഥമില്ലല്ലോ. ഇന്നത്തെ വിശ്വാസികൾക്ക് ഈ പ്രസ്താവന "തീർത്തും വികലവും ഭ്രാന്തവുമായ ഒരു സങ്കല്പപ്രവചനമായിട്ടു തോന്നുന്നു"വെങ്കിൽ, അവരെ ഏതായാലും പഴിക്കാൻ ആവില്ല. പ്രഥമദൃഷ്ടിയിൽ, മാർ അപ്രേമിനെ കൂട്ടുപിടിച്ചു കൊണ്ടുള്ള ഒരു പ്രസ്‌താവനയാണിത്. എന്നാൽ, യഥാർഥത്തിൽ മാർ അപ്രേം ഈ പ്രസ്താവനക്കു കൂട്ടുനില്ക്കുന്നില്ലെന്നതാണു വാസ്തവം. "കുരിശിന്റെ പുറത്ത് ഈശോ വിജയത്തിലേക്കു സവാരി ചെയ്യുകയായിരുന്നു എന്നാണ് മാർ അപ്രേം പറയുന്നത്" എന്നു ലേഖകൻ എഴുതുന്നു. പീഡാനുഭവത്തിലും മരണത്തിലും കൂടി യേശു ഉയർപ്പിന്റെ മഹത്ത്വത്തിലേക്കു പ്രവേശിച്ചുവെന്ന വിശ്വാസ സത്യമാണ് മാർ അപ്രേം ഇവിടെ സൂചിപ്പിക്കുന്നത്, അല്ലാതെ അവിടത്തെ രണ്ടാമത്തെ വരവിനെപ്പറ്റിയല്ല. പീഡാനുഭവത്തിലും കുരിശുമരണത്തിലും കൂടി ഉയിർപ്പിലേക്കുള്ള കടന്നുപോകലിനെ "കുരിശിന്റെ പുറത്തുള്ള ഒരു സവാരി "ആക്കിയത് ലേഖകന്റെ പരിഭാഷയുടെ സവിശേഷതയാണ്, അല്ലാതെ മാർ അപ്രേമിന്റെ ഉത്തരവാദിത്വമല്ല. ഈ കുരിശുസവാരി ലേഖകന്റെ സ്വന്തം ദൈവശാസ്ത്രമാണ്. മറ്റാരെങ്കിലും ഇങ്ങനെയൊരാശയം അവതരിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഇവിടെ ലേഖകന്റെ മൗലികത നാം അംഗീകരിച്ചേ മതിയാവൂ. സഭയുടെ അംഗികാരം ഏതായാലും ഇതുവരെ ഈ കുരിശുസവാരിക്കൂ കിട്ടിയിട്ടില്ലെന്നുവേണം പറയാൻ. (മാർ അപ്രേമിൻ്റെ പ്രസ്‌താവനയുടെ ഉറവിSമായി De Azyomo 13, 8 ആണ് അടികുറിപ്പിൽ കൊടുത്തിരിക്കുന്നത്. ലേഖകൻ ഉദ്ദേശിച്ചത് De Azymo 13, 8 ആയിരിക്കണം. അടിക്കുറിപ്പിനെപറ്റി പറഞ്ഞതുകൊണ്ട്. മറ്റൊരുകാര്യം കൂടി: Encyclopedia of Religion and Ethics-ന്റെ 328- മത്തെ പേജും New Catholic Encyclopedia യുടെ 479-മത്തെ പേജും അടികുറിപ്പുകളായി കൊടുക്കുമ്പോൾ, ഈ എൻസൈക്ലോപീഡിയാകളിൽ ആദ്യം പറഞ്ഞതിന് 12 വാല്യങ്ങളും രണ്ടാമതു പറഞ്ഞതിന് 17 വാല്യങ്ങളുമുള്ളതിനാൽ ഏതു വാല്യം എന്നുകൂടി കൊടുക്കുന്നത് നന്നായിരിക്കും).
എന്താണ് "മനുഷ്യപുത്രൻ്റെ അടയാളം"?
ദ്വിതീയാഗമനത്തിൽ യേശു കുരിശടയാളത്തോടുകൂടി വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നു മാത്രമാണ് നമ്മുടെ ആരാധനക്രമത്തിലെ ചില പ്രാർഥനകളിൽ പറയുന്നത്. ഇതിനാധാരമായി ലേഖകൻ അടിക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്ന സുവിശേഷവാക്യം മത്താ 24, 20 ആണ്. എന്നാൽ യേശുവിൻ്റെ രണ്ടാമത്തെ വരവ് കുരിശടയാളത്തോടുകൂടി ആയിരിക്കുമെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. "അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും" എന്നു മാത്രമാണു മത്താ 24, 30-ൽ നാം വായിക്കുന്നത്. "മനുഷ്യപുത്രന്റെ അടയാളം" എന്നു പറയുന്നതു കുരിശാണെന്നു ബൈബിളിൽ ഒരു സൂചനയുമില്ല. ഇതെല്ലാം എപ്പോൾ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്ത്യത്തിന്റെയും അടയാളമെന്താണന്നും ഞങ്ങൾക്കു പറഞ്ഞുതരണമേ!" എന്നു ശിഷ്യന്മാർ യേശുവിനോടു ചോദിച്ചതായി മത്താ. 24, 3-ൽ നാം വായിക്കുന്നു.
ഈ ചോദ്യത്തിനുള്ള ഭാഗികമായ ഉത്തരമാണ് മത്താ. 24, 36-ൽ യേശു നല്കുന്നത്. “ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗ്ഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിഞ്ഞറിഞ്ഞുകൂടാ"യെങ്കിലും (മത്താ: 24, 36), അവർക്കു മനസ്സിലാക്കാവുന്ന ഒരടയാളം അവിടന്നു നൽകുന്നു. അതാണ് “മനുഷ്യപുത്രന്റെ അടയാളം". എന്താണ് ഈ അടയാളമെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ചിലരുടെ അഭിപ്രായത്തിൽ, മനുഷ്യപുത്രൻ തന്നെയാണ് ഈ അടയാളം. ദാനി. 7, 13 ആണ് ഈ അഭിപ്രായത്തിന് ആധാരമായി അവർ ചൂണ്ടിക്കാണിക്കുന്നത്. മറ്റുചിലരുടെ അഭിപ്രായത്തിൽ അതൊരു വാൽനക്ഷത്രമോ വെറും നക്ഷത്രമോ പ്രകാശഗോളമോ ആകാം. വേറെ ചിലർ കുരിശായും ഈ അടയാളത്തെ മനസ്സിലാക്കുന്നു. ഡിഡാക്കെ 16, 6 ആണ് അതിന് അവർക്ക് ആധാരം. അവിടെ പറയുന്ന "ആകാശത്തിലെ വിരിക്കലിന്റെ അടയാളം" എന്നത് കുരിശിൽ കൈകൾ വിരിച്ച ക്രിസ്തുവിനെപറ്റിയാണെന്ന ധാരണയിൽനിന്നാണ് ഈ വ്യാഖ്യാനത്തിൽ അവർ എത്തിച്ചേരുന്നത്.
ചില സഭാപിതാക്കന്മാരും കുരിശായി ഈ അടയാളത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ, പ്രാമാണികരായ പല ബൈബിൾ പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ, മനുഷ്യപുത്രന്റെ വരവ് ആഘോഷ പൂർവകമാക്കുന്ന അദ്ദേഹത്തിന്റെ ഔദ്യോഗികപതാകയാണ് ഈ അടയാളം. കാഹളധ്വനി ഈ വരവിനെ വിളംബരം ചെയ്യുന്ന ശ്രവണോപാധിയായിരിക്കുന്നതു പോലെ, പതാക ഇതിനെ വിളംബരം ചെയ്യുന്ന ദർശനോപാധിയത്രേ. ഈ അർഥത്തിൽ പഴയനിയമത്തിൽ പലയിടത്തും, ഖുംറാൻ സാഹിത്യത്തിലും റാബിമാരുടെ പ്രാർഥനകളിലുമൊക്കെ കാഹളധ്വനിയും പതാകയും ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നതു നാം കാണുന്നുണ്ട്: ഉദാഹരണമായി, ഏശ. 18, 3: ജെറമിയ 4, 21; 6, 1; 51, 27; 1 Q M 2, 15 - 3, 11; 3, 12-4, 17. (cfr. Joachim Gnilka, Das Matthaeus Evangelium, 2. Teil. (Herder) Freiburg 1988, 329-30; Eduard Schweizer, Das Evangelium nach Mutthaeus, NTD 2, Goettingen 1973, 297-98). പാതാകയും കാഹളധ്വനിയും ആകാശമേഘങ്ങളും അകമ്പടി സേവിക്കുന്ന ദൈവദൂതന്മാരുമെല്ലാം അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ട യാഥാർഥ്യങ്ങളല്ല, പിന്നെയോ മനുഷ്യപുത്രന്റെ അന്തിമവിജയത്തെയും മഹത്ത്വത്തെയും ദ്യോതിപ്പിക്കുന്ന പ്രതികങ്ങളാണെന്നു വ്യക്തമാണല്ലോ.
കുരിശിന്റെ ദൈവശാസ്ത്രം
"ഈശോ ഉത്ഥിതനും മഹത്ത്വീകൃതനും വീണ്ടും വരാനിരിക്കുന്നവനുമാകയാൽ അവിടത്തെ സ്ലീവാ ഇനിമേൽ പീഡനത്തിൻ്റെയും മരണത്തിൻറെയും ഉപകരണമല്ല' എന്നു ലേഖകൻ എഴുതുന്നതു വളരെ ശരിയാണ്. ഒരു സഭയും പീഡനത്തിൻ്റെയും മരണത്തിന്റെയും ഉപകരണമായി കുരിശിനെ ഉപയോഗിക്കുന്നില്ല. ഭരണാധികാരികൾ പോലും ഒരിടത്തും ഇന്നു കുരിശിനെ കഴുമരമായി കാണുന്നില്ല. എന്നാൽ ലേഖകന്റെ അടുത്ത വാക്യം ഈ വാക്യത്തോടു കൂട്ടിചേർക്കുമ്പോൾ അതു ദ്യോതിപ്പിക്കുന്ന അർഥം ഒരുപാടു തെറ്റിദ്ധാരണകൾക്ക് ഇടയാക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സ്ലീവാ യേശുവിൻ്റെ ഉയിർപ്പിൻ്റെയും വിജയത്തിൻ്റെയും അടയാളമാണെന്ന സത്യം തീർച്ചയായും ആരും നിഷേധിക്കുകയില്ല. എന്നാൽ സ്ലീവാ പ്രഥമവും പ്രധാനവുമായി ത്യാഗത്തിന്റെ, സ്വയം ശൂന്യവത്കരണത്തിന്റെ , സ്നേഹത്തിലുള്ള സ്വയംദാനത്തിന്റെ ഉദാത്തമായ പ്രതീകമാണെന്നും , ഈ ത്യാഗത്തിലും സ്വയംശൂന്യവൽക്കരണത്തിലും, സ്നേഹത്തിലുള്ള സ്വയംദാനത്തിലും കൂടി മാത്രമേ അത് ഉയിർപ്പിൻ്റെയും വൻവിജയത്തിന്റെയും അടയാളമായി തീരുകയുള്ളുവെന്നുമുള്ള അനിഷേധ്യമായ ക്രൈസ്തവ വിശ്വാസ സത്യത്തിന് മങ്ങലേല്പിക്കയല്ലേ ഇത്തരത്തിലുള്ള പ്രസ്താവനകൾ ചെയ്യുന്നത്? കുരിശിനെപ്പറ്റി യേശുനാഥൻ ആവിഷ്ക്കരിച്ച ദൈവശാസ്ത്രം ഇതാണു പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് മത്താ. 10, 38; 16, 24; മർക്കോ. 8, 34; ലൂക്ക. 9, 23; 14, 27 കാണുക. പൗലോസ്ലീഹാ പഠിപ്പിക്കുന്ന കുരിശിന്റെ ദൈവശാസ്ത്രവും മറ്റൊന്നല്ല. ഉദാഹരണം: റോമാ. 6, 3-11; 1 കോറി.1, 18-31; 2, 1-5, 2 കോറി. 13, 4; ഗലാ. 2 19-20; 3, 1.13; 5, 11. 24; 6, 14; ഫിലിപ്പി. 2. 8; 3, 18.
പൗലോസ് ശ്ലീഹായുടെ കാലത്തുതന്നെ സഭയിൽ ചിലടത്തെല്ലാം പ്രത്യക്ഷപ്പെട്ട ഒരു പാഷണ്ഡതയായിരുന്നു "അമിതോത്സാഹവാദം" (Enthusiasm) കുരിശിനെയും ക്രൂശിതനെയും പരിത്യാഗത്തിന്റെയും സ്വയം ശൂന്യവൽക്കരണത്തിന്റെയും പ്രതീകമായി കാണാൻ കൂട്ടാക്കാതെ, ഉയിർപ്പിന്റെ വിജയത്തിൽ കേന്ദ്രീകരിച്ച ഒരു ക്രിസ്തുദർശനം അവതരിപ്പിക്കുകയും, തങ്ങൾ ക്രിസ്തുവിനോടുകൂടി ഉയിർപ്പിക്കപ്പെട്ടു കഴിഞ്ഞുവെന്നു വീമ്പിളക്കിക്കൊണ്ട് ക്രൂശിതനായ യേശുവിനെ തള്ളിപ്പറയുകയും ചെയ്ത ഈ പാഷണ്ഡവാദികൾക്കെതിരെയാണ് പൗലോശ്ലീഹാ കുരിശിന്റെ ദൈവശാസ്ത്രം ആവിഷ്ക്കരിച്ചതുതന്നെ. ഈ അബദ്ധസിദ്ധാന്തം ഇന്നും തലപൊക്കുന്നില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബൈബിൾ പണ്‌ഡിതനും സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനുമായ ഏണസ്‌റ്റ് കേയ് സ്മാന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: "A Christianity which is supremely conscious of participation in the glory of its Lord, flees from the loneliness in which it is set on earth and in which alone it can be of benefit to the exalted one" (തന്റെ നാഥന്റെ മഹത്വത്തിലുള്ള പങ്കാളിത്തത്തെപറ്റി അമിതാവബോധമുള്ള ഒരു സഭ, ലോകത്തിലെ അതിൻ്റെ എളിയ അവസ്ഥയിൽനിന്ന് ഓടിയൊളിക്കുകയാണു ചെയ്യുക. എന്നാൽ ഈ എളിയ നിലയിൽ മാത്രമാണ് മഹത്ത്വകൃതനായ ക്രിസ്‌തുവിനു സഭയെക്കൊണ്ടു പ്രയോജനമുള്ളത്. Ernst Kaesemann, Commentary on Romans, Grand Rapids 1980, 339)
അസ്സീസി മാസിക, നവംബർ, 1994