
"പോൾ, അപ്പോസ്സൽ ഓഫ് ക്രൈസ്റ്റ്" എന്ന ചലച്ചിത്രം 2018 റിലീസ് ചെയ്തതാണ്. അപ്പസ്തോലനായ പൗലോസിന്റെ ജീവിതത്തിലെ അവസാന ദിവസങ്ങളാണ് ചിത്രത്തിന്റെ പരിസരം. പൗലോസ് റോമിലെ തടവറയിലാണ്. റോമിൽ തീപിടുത്തം ഉണ്ടായതിൽ നീറോ ചക്രവർത്തി ക്രിസ്ത്യാനികളെയാണ് പ്രതിസ്ഥാനത്ത് നിറുത്തിയത്. അതിന്റെ ഗൂഢാലോചനയിൽ പൗലോസും പങ്കെടുത്തു എന്ന് ഒരു കുറ്റപത്രം ഉണ്ടാക്കി അദ്ദേഹത്തെ ഭരണകൂടം ചാട്ടവാറിന് അടിക്കുന്നു. പൗലോസ് റോമിൽ കാരാഗൃഹത്തിൽ ആണ് എന്നറിഞ്ഞ് അദ്ദേഹത്തിന്റെ പ്രേഷ്ഠശിഷ്യനായ ലൂക്കാ രഹസ്യമായി നഗരത്തിലേക്ക് എത്തുന്നു. കാരാഗൃഹപാറാവുകാരനെ സ്വാധീനിച്ച് ലൂക്കാ പൗലോസിനെ സന്ദർശിക്കുന്നു. ക്രിസ്ത്യാനികളെ കൊല്ലുന്നതും തെരുവോരങ്ങളിൽ നാട്ടിനിർത്തി പച്ചക്ക് കത്തിക്കുന്നതും ചക്രവർത്തിയുടെ വിനോദമായിരിക്കുന്നു. തടവറയിൽ പതിവുസന്ദർശകനാകുന്നു, ലൂക്കാ. പൗലോസിൻ്റെ മാനസാന്തരത്തിന്റെയും ശിഷ്യത്വത്തിൻ്റെയും വിശദാംശങ്ങൾ നിർബന്ധപൂർവ്വം ചോദിച്ചറിയുന്നുണ്ട് ലൂക്കാ. പൗലോസ് പറഞ്ഞു കൊടുക്കുന്ന തിമത്തിയോസിനുള്ള ലേഖനം കേട്ടെഴുതിയെടുക്കുകയും ചെയ്യുന്നു അയാൾ.
അവസാനം, തനിക്ക് അപ്പസ്തോലനായി വന്നവനെ കൊലക്കളത്തോളം
അനുയാത്ര ചെയ്യുന്നുണ്ട്, ലൂക്കാ.
വലിയതോതിൽ ഉപകഥകളോ തിരിവുകളോ ചലച്ചിത്രത്തിൽ ഇല്ല. എന്നിട്ടും ചിത്രം നമ്മെ പിടിച്ചിരുത്തുന്നുണ്ട്. അതിനുള്ള ഒരു പ്രധാന കാരണം വെള്ളിത്തിരയിൽ പൗലോസായി ജീവിക്കുന്ന ജെയിംസ് ഫാക്ക്ന്ർ -ൻ്റെ അഭിനയ മികവുതന്നെയാണ്. എന്നെ സ്പർശിച്ചത് ചിത്രത്തിലെ രണ്ടു കാര്യങ്ങളാണ്. റോമിൻ്റെ അതിർത്തിക്കകത്ത് മതപീഡനം ഉണ്ടായ ആദിമസഭാകാലത്ത് ക്രൈസ്തവരെ വേട്ടയാടിപ്പിടിച്ചപ്പോൾ ക്രൂരമായ ശാരീരികമായ പീഡനങ്ങളെ കണ്ടുഭയന്ന കുറേപേരെങ്കിലും വിശ്വാസം ഉപേക്ഷിക്കുകയോ വിശ്വാസിയല്ലന്ന് കള്ളം പറഞ്ഞ് പീഡനങ്ങളെ ഒഴിവാക്കുകയോ ചെയ്തിരുന്നു എന്ന് വായിച്ചിട്ടുണ്ട്. എന്നാൽ, കുറേപ്പേരെങ്കിലും വിശ്വാസിയായി നിന്നുകൊണ്ടുതന്നെ പ്രത്യാക്രമണത്തിന്റെ മാർഗ്ഗത്തിലേക്ക് തിരിയാതിരുന്നത് എങ്ങനെയാണ് എന്നത് എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുള്ള കാര്യമാണ്. 'ക്രിസ്തുവിൻ്റെ അപ്പസ്തോല'-നിൽ മുതിർന്നവർ പിന്തുടരുന്ന സഹനമാർഗ്ഗത്തോട് പൊരുത്തപ്പെടാനാവില്ല എന്നുപറഞ്ഞുകൊണ്ട് ' ആയുധമെടുക്കാൻ മുതിരുന്ന ചെറുപ്പക്കാരുടെ ചോരത്തിളപ്പിൻ്റെ ഒരംശംകൂടി നാം കാണുന്നുണ്ട് എന്നതാണ് ഒന്നാമത്തെ വസ്തുത.
പൗലോസിൻ്റെ സ്വർഗ്ഗ പ്രവേശനമാണ് ചിത്രത്തിൽ എന്നെ ഏറ്റവും ആകർഷിച്ച ഹൈലൈറ്റ്. ഗ്ലാഡിയേറ്ററും ടൈറ്റാനിക്കും ഒക്കെ പോലെ എത്രയോ ചിത്രങ്ങളിൽ സുന്ദരമായ സ്വർഗ്ഗപ്രവേശനങ്ങൾ നാം കണ്ടിരിക്കുന്നു! എന്നാൽ, അവയെക്കാളെല്ലാം ആഴമുണ്ടന്നു തോന്നി പൗലോസിൻ്റെ സ്വർഗ്ഗപ്രവേശനാഖ്യാനത്തിന്. കാരാഗൃഹപാലകനോടടക്കം എല്ലാവരോടും നന്ദിയോടെ യാത്ര പറയുന്ന പൗലോസ്, ഗളഛേദം ചെയ്യാൻ സ്ഥാപിക്കപ്പെട്ടിട്ടുള്ള മരക്കുറ്റിയിൽ തൻ്റെ തല ചായ്ക്കുന്നു. ഉന്നം പിടിച്ച് ആരാച്ചാരുടെ വാൾ ഉയർന്നു പൊങ്ങുമ്പോൾ ക്യാമറയുടെ ദൃഷ്ടി ആകാശങ്ങളിലേക്ക് ഉയരുകയാണ്. തൊട്ടടുത്ത ഷോട്ടിൽ നാം കാണുന്നത്, ആശ്ചര്യവും പരിഭ്രമവും കലർന്ന കണ്ണുകളോടെ പൗലോസിനെയും, ആനന്ദത്തോടെ - നിറസ്മിതങ്ങളോടെ അദ്ദേഹത്തെ എതിരേല്ക്കാൻ വരുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഒരു സംഘത്തെയുമാണ്. ഓരോരുത്തരെയും പൗലോസ് തിരിച്ചറിയുന്നുണ്ട്. ഓടിവന്ന് തന്നെ കെട്ടിപ്പിടിക്കുന്ന ബാലികയും പിന്നാലെ വരുന്ന സ്തേഫാനോസും മറ്റുള്ളവരും : താർസുസുകാരൻ സാവൂൾ അഴിച്ചുവിട്ട മതപീഡനത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികൾ! എന്തൊരു പ്രഹരശേഷിയുണ്ട് ആ ഒരൊറ്റ സീനിന്! അവന്റെ കണ്ണുകൾ
വീണ്ടും തിരയുമ്പോൾ ശിരസ്സ് മൂടിയ ഒരു രൂപം ദൂരേനിന്ന് സാമാന്യം വേഗതയിൽ നടന്നുവരുന്നുണ്ട് - സാവൂൾ പീഡിപ്പിച്ച യേശു!