top of page

ചുറ്റുപാടുകളും നിങ്ങളും (പ്രസാദത്തിലേക്കു പതിനാലുപടവുകള്‍)

Oct 15, 2021

2 min read

ടോം മാത്യു
human brain and Stathescope

ലോകം വിഷാദരോഗത്തിന്‍റെ പിടിയിലാണെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നവിധം വിഷാദരോഗ (depression) വും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവമാനസിക വ്യതിയാന (Bipolar depression) വും ഇന്നു വ്യാപകമായിരിക്കുന്നു. മരുന്നുകളുപയോഗിച്ചുള്ള മനോരോഗചികിത്സ ശാശ്വതഫലം തരുന്നില്ലെന്നു മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ വലിയ ദോഷങ്ങളും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഡോ. ലിസ് മില്ലര്‍ സ്വന്തം അനുഭവത്തില്‍ നിന്നു രൂപം നല്കിയ മനോനിലചിത്രണം (Mood Mapping) എന്ന മരുന്നില്ലാ പ്രായോഗികപരിഹാരം പ്രത്യാശയാകുന്നത്. ന്യൂറോ സര്‍ജന്‍ എന്ന നിലയില്‍ ശോഭനമായ ഭാവി പടിവാതില്‍ക്കല്‍ നില്‍ക്കെ വിഷാദരോഗത്തിലേക്കും വിരുദ്ധ ധ്രുവമാനവികവ്യതിയാനത്തിലേക്കും വഴുതിവീണു വര്‍ഷങ്ങളോളം സാനിറ്റോറിയങ്ങളില്‍ കഴിഞ്ഞ് എല്ലാം നഷ്ടപ്പെട്ട് എന്നിട്ടും വിഷാദരോഗിയായി തുടര്‍ന്ന ലിസ്മില്ലറുടെ മടങ്ങിവരവും പിന്നീട് അവര്‍ നയിച്ച പ്രസാദപൂര്‍ണമായ ജീവിതവും തന്നെ പതിനാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രായോഗികചികിത്സയുടെ ഫലപ്രാപ്തി വ്യക്തമാക്കുന്നു.


ആറാം ദിനം

"ഒന്നുകില്‍ ആ ചുവര്‍ചിത്രം പോകും, ഇല്ലെങ്കില്‍ ഞാന്‍"ഓസ്കാര്‍ വൈല്‍ഡിന്‍റെ അവസാനവാക്കുകള്‍നമുക്കു ചുറ്റുമുള്ള ലോകം നമുക്കു പ്രശ്നമാണ്. ഒരു ജയിലില്‍ കഴിയാന്‍ നാമാരും ആഗ്രഹിക്കുന്നില്ല. പഞ്ചനക്ഷത്രഹോട്ടലില്‍ കഴിയാന്‍ അതിയായി ആഗ്രഹിക്കുന്നു. ആഡംബരഹോട്ടല്‍ ഒരു പുരസ്കാരമായി പരിഗണിക്കപ്പെടുമ്പോള്‍ ജയിലറ ശിക്ഷയായി അനുഭവപ്പെടുന്നു. നാം എവിടെ ജീവിക്കുന്നു, എവിടെ ജോലി ചെയ്യുന്നു എന്നത് അസ്വാഭാവികമാംവിധം നമ്മെ  സ്വാധീനിക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കുന്നതിനുള്ള നമ്മുടെ കഴിവിനെയും അതു ബാധിക്കുന്നു.

ഇവിടെ ഉപയോഗിക്കുന്ന 'ചുറ്റുപാട്' എന്ന പദം, നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ചുറുചുറുക്കിനെയും സ്വാധീനിക്കുന്ന ബാഹ്യഭൗതികലോകത്തെ കുറിക്കുന്നു. സൂര്യപ്രകാശം മുതല്‍ സുരക്ഷവരെ, ഗ്രാമത്തിലെ കുടില്‍ മുതല്‍ നഗരത്തിലെ ഫ്ളാറ്റ് വരെ നാം ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന ഇടവും ചുറ്റുപാടിന്‍റെ സ്വഭാവവും നമ്മുടെ മനോനിലയെ ഗണ്യമായി ബാധിക്കുന്നു.

പരിണാമത്തിന്‍റെ കാഴ്ചപ്പാടില്‍, ജീവിതം ശരിയായ താമസസ്ഥലം കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നു കാണാം. ഒരു കാലത്ത്, കാട്ടുമൃഗങ്ങളും കൊള്ളക്കാരായ ഗോത്രവര്‍ഗങ്ങളും നമ്മുടെ നിലനില്പിനു തന്നെ ഭീഷണിയായിരുന്നു. ജീവിക്കാന്‍ ഉചിതമായ സ്ഥലം കണ്ടെത്തുക എന്നതു നമ്മുടെ ജീവിതത്തിനും സുരക്ഷയ്ക്കും നിര്‍ണായകമാംവിധം പ്രധാനമാണ് എന്നാണല്ലോ അതിനര്‍ത്ഥം. ഇന്ന്, ഓഫീസില്‍ എളുപ്പം എത്താവുന്നത്ര അകലത്തിലുള്ള പൂന്തോട്ടത്തോടുകൂടിയ വീട് തുടങ്ങിയ അത്ര ഗൗരവമല്ലാത്ത പരിഗണനകളില്‍ പലതും പ്രസാദാത്മകമായ ചുറ്റുപാട് എന്ന അടിസ്ഥാന പരിഗണന മറക്കുന്നു. നമ്മുടെ മനോനിലയ്ക്ക് അത് ഏറെ പ്രധാനമാണെന്നത് അവഗണിക്കുന്നു. ശരിയായ താമസസ്ഥലം കണ്ടെത്തുന്നത് ജീവന്മരണ പ്രശ്നമായിരുന്ന കാലത്തേക്കു നാം ശരിക്കും മടങ്ങേണ്ടതുണ്ട്.

  വ്യക്തിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തില്‍ ചുറ്റുപാടുകള്‍ക്കുള്ള പ്രാധാന്യം നൂറ്റാണ്ടുകള്‍ക്കുമുന്‍പ് വിക്ടോറിയന്‍ ജനത മനസ്സിലാക്കി.    വിക്ടോറിയന്‍ സംരംഭകര്‍, തൊഴിലാളികള്‍ സുരക്ഷിതമായ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നു എന്നുറപ്പുവരുത്തുന്നതിനായി പണിത ഒട്ടേറെ 'മാതൃകാഗ്രാമങ്ങള്‍' ഇംഗ്ലണ്ടില്‍ അവിടിവിടെ ഇപ്പോഴും കാണും. പിന്നീട് 1950 കളിലും 1960 കളിലും രൂപം നല്കിയ സമൂഹപാര്‍പ്പിട സംവിധാനത്തില്‍ ഇതിന്‍റെ സ്വാധീനം കാണാം. ഇന്ന് അധികൃതര്‍ സമൂഹപാര്‍പ്പിടങ്ങളേക്കാള്‍ വീടിനുള്ള ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. പക്ഷേ ആശയം ഒന്നുതന്നെ - ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മനുഷ്യന് മികച്ച അന്തരീക്ഷമുള്ള താമസസ്ഥലം പ്രാപ്യമാക്കുക.(തുടരും)

Featured Posts

Recent Posts

bottom of page