top of page

നമീബിയയിൽ, ഞാൻ ഇപ്പോഴുള്ള ഇടവക കൊറിഹാസ്. ടൗണിൽ നിന്നും ഒരു 120 km ഉള്ളിലോട്ടു മാറി ഉള്ള ചെറിയ ഗ്രാമം.. പാവം മനുഷ്യർ ആണ്.. പണ്ട് ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിൻ്റെ സമയത്ത് അവിടെനിന്നും കയറ്റിവിട്ട റെയിൻഫാഷ്‌സ്മാർക്ക് വിഭാഗവും ഇവിടത്തെ ധമാര എന്ന് വിഭാഗക്കാരും ഹിമ്പകാരും പിന്നെ അറിയാൻ പാടില്ലാത്ത ഏതൊക്കെയോ വിഭാഗക്കാരും ഒരുമിച്ച് താമസിക്കുന്ന ഒരു കല്ലും പ്രദേശം..
സത്യം ഇവിടെ മണ്ണിനെക്കാൾ കൂടുതൽ കല്ലാണ്. ഉള്ളിലോട്ട് പോകുന്നതനുസരിച്ച് കല്ലുകൾ മാത്രം കാണാൻ പറ്റുന്ന സ്ഥലം. എങ്ങനെ ഇത്രയും കല്ലുകൾ ഇവിടെ കിടക്കുന്നു എന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും. നമ്മുടെ നാട്ടില് സമരത്തിന് കല്ലെറിഞ്ഞ് റോട്ടില് കല്ല് കിടക്കില്ല എന്നതുപോലെയാണ് ഇവിടെ പറമ്പിൽ കല്ലു കെടക്കുന്നത്.
ഉച്ചക്ക് ചൂട് കൂടുമ്പോൾ മൊത്തം നാടും ചുട്ടു പഴുക്കുന്ന പോലെ തോന്നും. ഇവിടെ ആദ്യമായി വരുന്നവർക്ക് ഈ ചൂട് വളരെ അസഹ്യമായിരിക്കും പക്ഷേ ഇവിടുത്തെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നോർമൽ ആയുള്ള ഒരു സാഹചര്യമാണ്. ചൂടു കൂടുമ്പോൾ ഞാൻ വല്ലപ്പോഴും പരാതി പറയുന്നതല്ലാത െ ഇവർ അങ്ങനെ പരാതി പറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടില്ല.
കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഇവിടെ വന്നിട്ട്. ഇതുവരെ ഒരു നല്ല മഴ ഞാൻ കണ്ടിട്ടില്ല. ഇവിടുത്തെ കാർന്നോന്മാരോട് ചോദിച്ചപ്പോൾ അവര് പറഞ്ഞു ഒരു രണ്ടുവർഷം മുന്നാണ് ഒരു നല്ല മഴ പെയ്തതെന്ന്.

അങ്ങനെയിരിക്കുമ്പോഴാണ് ഇന്ന് മഴ. മഴയെന്നു പറഞ്ഞാൽ അത്യാവശ്യം നല്ല ഒരു മഴ. മഴയുടെ കൂടെ കാറ്റും. മഴയും കാറ്റും എല്ലാം കഴിഞ്ഞപ്പോൾ പള്ളിയിലെ പാട്ടുപാടുന്ന ചേട്ടത്തിമാർ എല്ലാവരും കൂടെ വൈകുന്നേരം ഒരു മീറ്റിങ്ങിന് വന്നിരുന്നു. മഴ കിട്ടിയതുകൊണ്ട് തന്നെ എല്ലാവരുടെയും മുഖത്ത് വലിയ സന്തോഷം. എല്ലാവർക്കും മഴയെപ്പറ്റിയെ പറയാനുള്ളൂ. പറയുന്നതിന്റെ കൂട്ടത്തിൽ ഒരു ചേട്ടത്തി പറഞ്ഞു.
അച്ചോ എൻറെ വീട് മഴയത്ത് പറന്നു പോയി.

ഇത് കേട്ടതും ഞാൻ ഒഴികെ ബാക്കി എല്ലാവരും കൂട്ടച്ചിരി ചിരിച്ചു. ഒരു വീട് പറന്നു പോയിട്ട് എങ്ങനെയാണ് എല്ലാവരും ചിരിക്കുന്നത്. എന്റെ മുഖം മാത്രം മാറാതിരിക്കുന്നത് കണ്ടപ്പോൾ ആ ചേട്ടത്തി പറഞ്ഞു അത് സാരമില്ല അച്ചോ വീട് നമുക്ക് പിന്നെ ശരിയാക്കാം മഴ നന്നായിട്ട് പെയ്യട്ടെ അതല്ലേ നമുക്ക് ആവശ്യം.
പിന്നീട് കൂടുതൽ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ചേടത്തിക്ക് ടൗണിൽ നിന്ന് കിട്ടിയ സ്ഥലം ഒരു മലയുടെ മേൽ ഭാഗമാണ്. മഴയത്ത് ഉണ്ടായ കാറ്റിൽ ടിൻ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ വീട് പറന്നു പോയി. ഇനി വീടുണ്ടാക്കുക എന്ന് പറഞ്ഞാൽ അത്ര വലിയ പണിയൊന്നുമില്ല. പറന്നുപോയ ടിൻ ഷീറ്റ് എല്ലാം ഒന്നുകൂടെ എടുത്തു വച്ച് നാല് ആണി അടിച്ച് കൂട്ടി ചേർക്കണം. അതുകൊണ്ടുതന്നെ ആയിരിക്കണം വീട് പറന്ന് പോയി എന്ന് കേട്ടപ്പോൾ എല്ലാവരും ചിരിച്ചത്.
വീട് പോയതൊന്നും ചേട്ടത്തിയെ സംബന്ധിച്ച് ഒരു വിഷയമല്ലാത്തത് പോലെ തോന്നി. പിന്നെയും വിഷമം തീരാതെ ഞാൻ ചോദിച്ചു അപ്പോൾ ഇന്ന് എവിടെയാ കിടന്നുറങ്ങുക.
ചേട്ടത്തി വളരെ കൂൾ ആണ്. അതു കുഴപ്പമില്ല മക്കളുടെ ആരുടെ എങ്കിലും വീട്ടിലോട്ട് അങ്ങ് പോകും. നാളെ ആരെയെങ്കിലും കൂട്ടി പറന്നുപോയ വീട് ഒന്നു കൂട്ടിച്ചേർക്കണം. ഇതും പറഞ്ഞു മീറ്റിങ്ങിനു വിളമ്പിയ കോളയും കുടിച്ച് ചേട്ടത്തി ബാക്കിയുള്ളവരോട് വിശേഷം പറയാൻ തിരിഞ്ഞു.

എത്ര ലളിതമാണ് ജീവിതം. പക്ഷേ എനിക്ക് ചില സന്ദേഹങ്ങൾ ഉണ്ട്. ഇങ്ങനെയൊക്കെയാണോ ജീവിക്കേണ്ടത്. എന്തുകൊണ്ട് ദൈവം ചില ഇടങ്ങളെ മാത്രം ധാരാളമായിട്ട് മഴ നൽകുകയും ചില ഇടങ്ങളെ ഇങ്ങനെ വറ ചട്ടി പോലെ മാറ്റിയിടുകയും ചെയ്യുന്നു. ഇവിടുത്തെ ചൂട് കൂടുമ്പോൾ ഞാൻ ഇങ്ങനെ ഇരുന്ന് ആലോചിക്കും ഇവിടെ യുള്ളവർക്ക് നരകത്തിലെ ചൂട് ഒക്കെ നിസ്സാരമായിരിക്കും അല്ലേ എന്ന്.
Featured Posts
Recent Posts
bottom of page