
'പൗലോസ്, ക്രിസ്തുവിന്റെ അപ്പോസ്തലൻ' എന്ന ചലച്ചിത്രത്തെക്കുറിച്ചാണല്ലോ ഇന്നലെ എഴുതിയത്. പ്രസ്തുത ചിത്രത്തിൽ, റോമൻ സഭയിലെ നേതാക്കളായ അക്വിലയോടും പ്രഷില്ലയോടും വിയോജിക്കുന്ന ഒരു ചെറുപ്പക്കാരനാണ് കാഷ്യസ്. ബാലനായ അവന്റെ കസിൻ സഹോദരൻ പീഡകരാൽ കൊല്ലപ്പെടുന്നു. അതോടെ നിരാശയും കോപവും കൊണ്ട് കാഷ്യസ് നിയന്ത്രണം വിട്ടുപോകുന്നു. അയാൾ അവരുമായി തർക്കത്തിൽ ഏർപ്പെടുമ്പോൾ ലൂക്കാ അവിടെ ഉണ്ടായിരുന്നു. കാഷ്യസിനോട് ലൂക്കാ ശബ്ദമുയർത്തിത്തന്നെ പറയുന്നു, 'തന്നെ പീഡിപ്പിക്കുന്ന ആരോടും പ്രതികാരം ചെയ്യാനോ ദ്രോഹിക്കാനോ പൗലോസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല". എന്നാൽ, അല്പ നേരത്തിനുശേഷം റോമൻ പട്ടാളക്കാർ ക്രിസ്ത്യാനികളോട് ചെയ്യുന്ന ക്രൂരത നേരിൽ കണ്ടപ്പോൾ, പ്രതികാരം ചെയ്യണമെന്നുതന്നെ ലൂക്കാ ചിന്തിക്കാൻ തുടങ്ങുന്നു. അദ്ദേഹം അത് പൗലോസിനോട് പറഞ്ഞു. പൗലോസിൻ്റെ നിലപാട് വളരെ കർക്കശവും ദൃഢവുമായിരുന്നു. അവർ തമ്മിലുള്ള സംഭാഷണം പിന്നെ ഇങ്ങനെയാണ്.
ലൂക്കാ: "ഈ ലോകത്തിന് സ്നേഹത്തെക്കുറിച്ച് ഒന്നും അറിയില്ല"
പൗലോസ്: " എന്നുകരുതി, ക്രിസ്തു നമ്മെ കൈവിടാത്തപ്പോൾ, നീ ലോകത്തെ കൈവിട്ടു കളയുമോ?"
ലൂക്കാ: "എന്തുകൊണ്ട് പാടില്ല?"
പൗലോസ്: "പാടില്ല!"
ലൂക്കാ: "എന്തുകൊണ്ട് പാടില്ല?"
പൗലോസ്: "സ്നേഹം മാത്രമാണ് ഏക വഴി. ദീർഘമായി ക്ഷമിക്കുന്ന സ്നേഹം. ദയയുള്ള, അസൂയപ്പെടാത്ത, അഹങ്കാരമില്ലാത്ത സ്നേഹം. അപമാനിക്കാത്ത, സ്വാർത്ഥം അന്വേഷിക്കാത്ത സ്നേഹം. എളുപ്പം കോപിക്കാത്ത സ്നേഹം. സത്യത്തിൽ സന്തോഷിക്കുന്ന സ്നേഹം. തിന്മയിൽ ഒരിക്കലും ആനന്ദിക്കാത്ത സ്നേഹം. എല്ലാം സംരക്ഷിക്കുന്ന, വിശ്വസിക്കുന്ന, പ്രതീക്ഷിക്കുന്ന, സഹിക്കുന്ന സ്നേഹം. അത്തരമൊരു സ്നേഹം".
***
രണ്ടാം ലോകമഹായുദ്ധത്ത് കൊളോണിലെ ജർമ്മൻ തടങ്കൽപ്പാളയത്തിന്റെ നിലവറയുടെ ചുവരിൽ ഏതോ അജ്ഞാതനായ ഒരു ജൂത തടവുകാരൻ എഴുതിയിട്ടതായി ഒരു കവിത യുദ്ധാനന്തരം നാം കണ്ടിട്ടുണ്ട്. ആ വരികൾ പിന്നീട് വളരെ വിഖ്യാതമായി:
"ഞാൻ സൂര്യനിൽ വിശ്വസിക്കുന്നു,
അത് പ്രകാശം ചൊരിയാത്തപ്പോഴും
ഞാൻ സ്നേഹത്തിൽ വിശ്വസിക്കുന്നു,
അങ്ങനെ ആരും ഇല്ലാത്തപ്പോഴും.
ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു,
അവൻ നിശബ്ദനായിരിക്കുമ്പോഴും."
ഒരുപക്ഷേ, അതെഴുതിയതിൻ്റെ പിറ്റേന്നാൾ അയാൾ കൊല്ലപ്പെട്ടിരിക്കാം!