top of page

എവിടെയും പൊടി...

Nov 10, 2024

1 min read

ഡോ. റോയി തോമസ്
Opening a dusted book.

"പൊടിയാണ് എവിടെയും

വിഗ്രഹങ്ങളില്‍, വിളക്കുകളില്‍,

പതാകകളില്‍, തിരശ്ശീലകളില്‍,

ഛായാചിത്രങ്ങളില്‍, പുസ്തകങ്ങളില്‍,

വിചാരങ്ങളില്‍, വികാരങ്ങളില്‍,

എവിടെയും പൊടി.

വാക്കിനും അര്‍ത്ഥത്തിനുമിടയില്‍

അടിഞ്ഞുകൂടുന്നു.

സ്മാരകങ്ങളെയും ആശയങ്ങളെയും

നാഗരികതകളെത്തന്നെയും മൂടിക്കളയുന്നു".

-ബാലചന്ദ്രന്‍ ചുള്ളിക്കാട്


വര്‍ത്തമാനകാലത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കവിതയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'പൊടി'. എല്ലാം പൊടികൊണ്ടുമൂടുകയാണ്. വിഗ്രഹങ്ങളും (മതങ്ങളും) പതാകകളും (രാഷ്ട്രീയവും) പുസ്തകങ്ങളും വിചാരങ്ങളും വികാരങ്ങളുമെല്ലാം പൊടിമൂടി മലിനമായിരിക്കുന്നു. വാക്കിനും അര്‍ത്ഥത്തിനുമിടയിലും പൊടി അടിഞ്ഞുകൂടിയിരിക്കുന്നു. വാക്ക് നിഗ്രഹശക്തിയായി മാറുന്നു. എല്ലാ സ്മാരകങ്ങളും ആശയങ്ങളും പൊടിയുടെ ആക്രമണത്തിന് ഇരകളാകുന്നു. അങ്ങനെ നാഗരികതകളെത്തന്നെ പൊടി വിഴുങ്ങിക്കളയുന്നു. പൊടി എല്ലാവിധത്തിലുമുള്ള സങ്കീര്‍ണ്ണതകളെയും മലിനീകരണത്തിന്‍റെയും പ്രതീകമാകുന്നു. നാം കടന്നുപോകുന്ന കാലം സമഗ്രമായി പൊടിമൂടി അതാര്യമായിരിക്കുന്നു. എല്ലാറ്റിന്‍റെയും തെളിച്ചം കുറഞ്ഞിരിക്കുന്നു. ആസക്തമായ ഓട്ടത്തിനിടയില്‍ പൊടിതട്ടിക്കളഞ്ഞ് തെളിച്ചമുള്ള നാഗരികത തിരിച്ചെടുക്കാന്‍, കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല.

വെറും കെട്ടുകാഴ്ചകളായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അകപ്പെട്ട മനുഷ്യന്‍ സത്യാനന്തര കാലത്തിന്‍റെ സൂചകമാകുന്നു. ആത്മാവു നഷ്ടമായ മതങ്ങള്‍ പുറന്തോടുകാട്ടി ശബ്ദകലപികള്‍ മുഴക്കുന്നു. പൊരുളുകള്‍ തിരിച്ചറിയാന്‍ വ്യഗ്രരല്ലാത്ത ആള്‍ക്കൂട്ടം ആധികാരികമല്ലാത്ത സ്വത്വങ്ങളായി പരിണമിക്കുന്നു. ബലിക്കല്ലിലേക്കു നിശബ്ദം നടന്നു നീങ്ങുന്ന ബലിമൃഗത്തെപ്പോലെയുള്ള നിസ്സഹായത ഏവരെയും ചൂഴ്ന്നു നില്‍ക്കുന്നു. പൊടിമൂടിയ കാലം എല്ലാറ്റിനെയും തിരിച്ചറിയാത്തവിധം മാറ്റിമറിക്കുന്നു. ഉരുള്‍പ്പൊട്ടല്‍പോലെ വിനിര്‍ഗളിക്കുന്ന വാക്കുകളില്‍ ആഗാധമായ പൊരുളുകള്‍ സ്പന്ദിക്കുന്നില്ല.

പൊടിമൂടിയ രാഷ്ട്രീയം എല്ലാറ്റിനെയും അരാഷ്ട്രീയമാക്കുന്നു. തെളിമയില്ലാത്ത വ്യാഖ്യാനങ്ങള്‍ നിലനില്പിനുള്ള മുടന്തന്‍ ന്യായങ്ങളാകുന്നു. അധികാരം കൈക്കലാക്കി പൗരനെ കാല്‍ക്കീഴിലാക്കുന്ന ഏകാധിപതികള്‍ ഭൂതകാലത്തിന്‍റെ മഹിമചൊല്ലി വിപ്രതിപത്തിയുണ്ടാക്കുന്നു. നൂതനമായ ഒരു മുളയും കിളിര്‍ക്കാത്ത തരിശുനിലമായി നാടിനെ മാറ്റുന്ന ആധിപത്യത്തിന്‍റെ സ്വരം കഠിനമായി കര്‍ണ്ണങ്ങളില്‍ പതിക്കുന്നു. കാലഹരണപ്പെട്ട ചിന്തകള്‍ തലയില്‍ കുത്തിച്ചെലുത്തി എല്ലാ സര്‍ഗ്ഗാത്മകതയും വലിച്ചൂറ്റിക്കളയുന്ന യന്ത്രമായി പ്രസ്ഥാനങ്ങള്‍ അധഃപതിക്കുന്നു. ഒരു പുതിയ ചോദ്യവും അന്വേഷണവും പ്രതീക്ഷിക്കാനില്ലാത്ത കാലം ഗതാഗമായ ചക്രവാളങ്ങള്‍ സൃഷ്ടിക്കുന്നു.

പുസ്തകങ്ങളും വാക്കുകളും വെളിച്ചത്തിനുപകരം ഇരുട്ട് പ്രസരിപ്പിക്കുന്നതും നാം കാണുന്നു. വെളിച്ചം നിറഞ്ഞ ആശയങ്ങളെ ഇരുട്ടിന്‍റെ കണ്ണുകള്‍കൊണ്ട് വായിച്ചാല്‍ എല്ലായിടത്തം ഇരുളാണ് കാണുന്നത്. വാക്കുകള്‍ക്ക് ആളെക്കൊല്ലാനും കഴിയുമെന്ന് നാമറിയുന്നു. വാക്കിന്‍റെ അര്‍ത്ഥങ്ങള്‍ മാറുമ്പോള്‍ നാഗരികതയും ഒപ്പം അസ്തമിക്കുന്നു. അര്‍ത്ഥവിപര്യയം ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാകുന്നു. സത്യാനന്തരകാലം മാനവികകാലത്തെയും റദ്ദാക്കുന്നു. 'പോസ്റ്റ് ഹ്യൂമന്‍' കാലമായി അടയാളപ്പെടുത്തുന്ന സന്ദര്‍ഭം മാനവികതയ്ക്കു മേല്‍ പൊടി വാരിയെറിയുന്നു. മതം വര്‍ഗ്ഗീയതയിലും രാഷ്ട്രീയം അധികാരമായും വേഷം മാറുന്ന മുഹൂര്‍ത്തം ഇരുട്ടിന്‍റെ സൂചനയാണ്.

പൊടിയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി അനിവാര്യം. അല്ലെങ്കില്‍ ധൂളീപ്രസര്‍ത്തില്‍ നമുക്കു ശ്വാസം മുട്ടാം. പൊടിനീക്കി എല്ലാറ്റിനും തെളിച്ചം നല്‍കുക എന്നത് ഇരുട്ടിനെതിരെ വെളിച്ചത്തിനായുള്ള അന്വേഷണമാണ്. ഇത്രമാത്രം പൊടി, ഇരുട്ട് നാഗരികതയ്ക്ക് താങ്ങാനാകില്ല. ആന്തരികവും ബാഹ്യവുമായ ആക്രമണമാണ് പൊടിക്കാറ്റിന്‍റേത്. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ വലിയ ഉത്തരവാദിത്വമാണ് നമ്മില്‍ അര്‍പ്പിതമായിരിക്കുന്നത്. ജീവിതത്തിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും ധൂളി നീക്കം ചെയ്യാനുള്ള കര്‍മ്മം ഏറ്റെടുക്കുന്നവരാണ് സുതാര്യമായ നാളെ ആവിഷ്ക്കരിക്കുന്നത്.

Featured Posts

Recent Posts

bottom of page