
സത്യത്തിൽ ഈ അടുത്ത നാളുകൾ വരെ ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്, 'പരിശുദ്ധ കന്യാമറിയത്തിന്റെ ഭർത്താവായ വിശുദ്ധ യൗസേപ്പ് ' എന്ന വിശേഷണത്തോടെ എന്തുകൊണ്ടാണ് സഭ അദ്ദേഹത്തിൻ്റെ തിരുനാൾ ആചരിക്കുന്നത് എന്ന്. ലോകമെമ്പാടും സ്ത്രീജനങ്ങൾ തങ്ങളുടെ ഭർത്താവിന്റെ പേരിൽ, അല്ലെങ്കിൽ ഭർത്താവിന്റെ കുടുംബപ്പേരിൽ അറിയപ്പെടുമ്പോൾ, ഈയൊരു ഭർത്താവ് തന്റെ ഭാര്യയുടെ പേരിൽ അറിയപ്പെടുന്നതിൽ ഉള്ള അപകർഷതയല്ല എന്നെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. മറിച്ച്, 'യേശുവിന്റെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പ് ' എന്ന് പറയുന്നതല്ലേ കൂടുതൽ അഭികാമ്യം എന്ന ക്രിസ്തു കേന്ദ്രീകൃതമാകാനുള്ള താൽപര്യമാണ് എന്നെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. എന്നാൽ, 'മറിയത്തിന്റെ ഭർത്താവായ വിശുദ്ധ യൗസേപ്പ് ' എന്ന് പറയുന്നതാണ് കൂടുതൽ ശ്രേഷ്ഠതരം എന്ന് ഈയിടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.
മറിയത്തെക്കുറിച്ച് മുമ്പ് എഴുതിയപ്പോഴെല്ലാം എഴുതിയിട്ടുള്ളതാണ് - സഭയുടെ മരിയോളജിക്കൽ ചിന്തയിൽ മറിയം ഒരു വ്യക്തി എന്നതിനെക്കാൾ സഭയുടെ പ്രതിരൂപം എന്ന നിലയ്ക്കാണ് കൂടുതൽ സംഗതമാകുന്നത്. സഭയുടെ വൈയക്തിക സ്വഭാവമാണ് മറിയം. അങ്ങനെ നോക്കുമ്പോൾ മറിയത്തിൻ്റെ ഭർത്താവായ മാർ യൗസേപ്പ് എന്നുപറയുമ്പോൾ, സാർവ്വത്രിക സഭയുടെ മധ്യസ്ഥൻ, പരിപാലകൻ എന്നാണ് അർത്ഥം വരുന്നത്.
ഒരു നല്ല വിപ്ലവകാരിയായിരുന്നു യൗസേപ്പ്. ശരിയായ വിപ്ലവങ്ങളെല്ലാം അതതാളിൻ്റെ മനോഭാവമാറ്റങ്ങളിൽ നിന്നാണ് ഉണ്ടാകേണ്ടത് എന്ന് തിരിച്ചറിഞ്ഞവൻ.
ഒരു നല്ല ഫെമിനിസ്റ്റ് ആയിരുന്നു യൗസേപ്പ്. സ്ത്രീ തുല്യതയെ ബഹുമാനിക്കുകയും സ്ത്രീ സ്വാതന്ത്ര്യത്തെ ആഘോഷിക്കുകയും ചെയ്തയാൾ.
ഒരു നല്ല മനുഷ്യാവകാശ പ്രവർത്തകനായിരുന്നു യൗസേപ്പ്. എതിരിടുന്നതിനെക്കാൾ ഒളിവിൽ പോകലാണ് കൂടുതൽ ഫലവത്തായ രാഷ്ട്രീയ തന്ത്രം എന്ന് തിരിച്ചറിഞ്ഞയാൾ.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തവനായിരുന്നു യൗസേപ്പ്. എപ്പോഴും നീതിക്കുമുകളിലാണ് കാരുണ്യം എന്ന് തിരിച്ചറിഞ്ഞവൻ.
ഒരു തികഞ്ഞ ആത്മീയവാദി ആയിരുന്നു യൗസേപ്പ്.
ഉറക്കത്തിൽ ജാഗ്രത്തായി ഉണർവ്വിൽ പ്രവർത്തിച്ചവൻ.