top of page

കണ്ണ് ശരീരത്തിന്‍റെ വിളക്ക്

Oct 1, 2010

1 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Smiling emoticons

വിശുദ്ധ മത്തായിയുടെ സുവിശേഷം 6-ാമദ്ധ്യായത്തില്‍ 22-ാം വചനത്തില്‍ പറയുന്നു: "കണ്ണാണ് ശരീരത്തിന്‍റെ വിളക്ക്, കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും." ഈ തിരുവചനങ്ങള്‍ കര്‍ത്താവ് അരുളിച്ചെയ്തപ്പോള്‍ ശ്രോതാക്കളുടെ മനസ്സില്‍ ഉയര്‍ന്ന ചിന്തകളെന്തായിരിക്കും? അന്നത്തെ ഗ്രീക്കുകാരുടെ ദര്‍ശനസിദ്ധാന്തപ്രകാരം മനുഷ്യന്‍റെ കണ്ണുകളില്‍ ദൈവം അഗ്നിവച്ചിട്ടുണ്ട്. കണ്ണിന്‍റെയുള്ളിലെ അഗ്നി പുറത്തോട്ടുപടരാതിരിക്കുവാന്‍ കണ്ണിനുള്ളില്‍ ജലവും നിക്ഷേപിച്ചിട്ടുണ്ട്. വെള്ളത്തേയും അഗ്നിയേയും പരസ്പരം വേര്‍തിരിക്കുവാന്‍ കണ്ണിനുള്ളില്‍ ചെറിയ കവചങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ചൈനാക്കാരുടെ വിശ്വാസപ്രകാരം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളില്‍ ദൈവം അഗ്നിവച്ചിട്ടുണ്ട്. ഹൃദയത്തിലെ അഗ്നി മുകളിലേയ്ക്ക് പടര്‍ന്നുകയറി കണ്ണുകളെ ജ്വലിപ്പിക്കുന്നു. ഹൃദയത്തിലെ വികാരങ്ങള്‍ക്കനുസരിച്ച് കണ്ണിനുള്ളില്‍ മാറ്റംവരുന്നതായി അവര്‍ വിലയിരുത്തി. കണ്ണുകളില്‍ അഗ്നിയുള്ള ദേവസങ്കല്പങ്ങള്‍ ഭാരതത്തിലുമുണ്ട്. കണ്ണിലെ അഗ്നികൊണ്ട് നോക്കി ഭക്ഷണംപാകപ്പെടുത്തിയ ഒരു പക്ഷിയെപ്പറ്റി ഐതിഹ്യങ്ങളില്‍ വായിക്കുന്നുമുണ്ട്. മുയല്‍, പൂച്ച തുടങ്ങിയ ജീവികളുടെ കണ്ണുകള്‍ രാത്രിയില്‍ തിളങ്ങുന്നതിനെ ഈ കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നവരുമുണ്ട്.

യോഹന്നാന്‍റെ 1-ാം ലേഖനത്തില്‍ 2-ാമദ്ധ്യായത്തില്‍ 15 മുതലുള്ള വാക്യങ്ങളില്‍ കണ്ണുകളുടെ ദുരാശയെപ്പറ്റി പറയുന്നുണ്ട്. നമ്മുടെ ഹൃദയം എങ്ങനെയാണോ അങ്ങനെയാണ് കണ്ണുകള്‍ യാത്രചെയ്യുന്നത്. പുറത്തെ വസ്തുക്കളേക്കാള്‍ കണ്ണുകളാണ് കാഴ്ചയെ തെരഞ്ഞെടുക്കുന്നത്. എന്തു കാണണമെന്നും നോക്കണമെന്നും ഞാനാണ് തീരുമാനിക്കുന്നത്. മഞ്ഞപ്പിത്തമുള്ള ഒരു വ്യക്തിയുടെ കണ്ണുകള്‍കൊണ്ടു ഒരു വസ്തുവിനെ നോക്കിയാല്‍ അതു മഞ്ഞനിറമായി കാണും. വിളക്ക് അതില്‍ത്തന്നെ ശോഭിക്കുന്നതുപോലെ കണ്ണുകള്‍ അതില്‍ത്തന്നെ പ്രകാശിക്കുന്നു. വസ്ത്രഭ്രമമുള്ള ഒരു സ്ത്രീ നഗരത്തില്‍ചെന്നാല്‍ വസ്ത്രങ്ങള്‍തന്നെകാണും. ആഹാരപ്രിയമുള്ളവര്‍ ഹോട്ടലുകളും, ലഹരിപ്രിയമുള്ളവര്‍ ഷാപ്പുകളും ബാര്‍ഹോട്ടലുകളും കാണും. ആഭരണഭ്രമമുള്ളവര്‍ സ്വര്‍ണ്ണക്കടയും, പട്ടികള്‍ കശാപ്പുകടയും മീന്‍കടയും കാണും. നമ്മുടെ യാത്രകളില്‍ നമ്മുടെ കണ്ണുകള്‍ പോകുന്ന വഴികളെ ഒന്നോര്‍ക്കാം.

കണ്ണുദോഷമുള്ള ആള്‍ക്കാരെപ്പറ്റി നാം പറഞ്ഞുകേട്ടിട്ടുണ്ട്. ചിലര്‍ നോക്കിയാല്‍ ദഹിപ്പിക്കുന്ന നോട്ടം പോലെയാണത്. ചിലരുടെ കണ്ണുകള്‍ പതിയുമ്പോള്‍ പശുവിന്‍റെ പാല്‍ വറ്റിപ്പോയെന്നും പ്ലാവും ചക്കയും ചുവടോടെ നിലംപതിച്ചെന്നുമൊക്കെ പറഞ്ഞു കേള്‍ക്കാറില്ലേ? സത്യമെന്തായാലും ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്. കെട്ടിടം പണിയുമ്പോള്‍ മുന്‍വശത്തായി ഒരു വലിയ ബൊമ്മയുണ്ടാക്കി കെട്ടിത്തൂക്കിയിടുന്നതും ചിലരുടെ കണ്ണുകള്‍ നേരെവന്ന് കെട്ടിടത്തില്‍ പതിയാതിരിക്കാനാണ്. ഹൃദയത്തില്‍ ശാന്തതയുള്ളവരെ അവരുടെ കണ്ണില്‍നോക്കി തിരിച്ചറിയാം. ഉള്ളിലെ ചിന്തകള്‍ കണ്ണുകളില്‍ പ്രതിഫലിക്കും. നമ്മുടെ വിചാരവികാരങ്ങളെ വിശുദ്ധീകരിക്കുവാന്‍ ഈ വചനത്തിലൂടെ കര്‍ത്താവ് ഓര്‍മ്മിപ്പിക്കുന്നു. കണ്ണുകളിലെ തിളക്കം ഫലവും ഹൃദയവിചാരങ്ങള്‍ അതിന്‍റെ അടിസ്ഥാനകാരണവുമാണ്. ഒരു നവജാതശിശുവിന്‍റെ നിര്‍മ്മലമായ കണ്ണുകളോടെ നമുക്കു ലോകത്തെ നോക്കാം. ലോകത്തിന്‍റെ മാലിന്യങ്ങള്‍ അകത്തുകയറി നമ്മുടെ കണ്ണുകള്‍ മലിനമാകാതിരിക്കട്ടെ.

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

Recent Posts

bottom of page