top of page

വിശ്വാസം

Jul 2, 2004

2 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

ദൈവശാസ്ത്രവേദി




ക്രിസ്തീയാസ്തിത്വത്തിൻ്റെ അടിസ്ഥാന ശിലയാണു വിശ്വാസമെന്നു നമുക്കറിയാം. എങ്കിലും, എന്താണു വിശ്വാസമെന്നു ചോദിച്ചാൽ, ക്രൈസ്തവരിൽ തന്നെ പലരുടെയും ഉത്തരങ്ങൾ പലതരത്തിലായിരിക്കും. വ്യക്തമായ ഒരുത്തരം നല്‌കാൻ പലർക്കും കഴിയുകയില്ല. എന്താണ് യഥാർത്ഥത്തിൽ വിശ്വാസം? ദൈവം വെളിപ്പെടുത്തിയിട്ടുള്ളതെല്ലാം സത്യമാണെന്ന മനസ്സിൻ്റെ ബോധ്യമാണു വിശ്വാസം എന്നു പണ്ടു മതപഠന ക്ലാസ്സുകളിൽ നാം പഠിച്ചിട്ടുണ്ടാകും. എന്നാൽ ഇതു വിശ്വാസത്തിൻ്റെ ഒരു ഘടകം മാത്രമാണ്. വിശ്വാസത്തിൻ്റെ പൂർണ്ണമായ അർത്ഥം ആകുന്നില്ല. വിശ്വാസത്തെ ആഴത്തിൽ മനസ്സിലാക്കിയാൽ മാത്രമേ ക്രൈസ്തവ ജീവിതത്തിൻ്റെ അന്തഃസത്തയെന്തെന്ന് അറിയുവാൻ സാധിക്കയുള്ളു.


അനുദിന ഉപയോഗത്തിൽത്തന്നെ പല അർത്ഥങ്ങളാണ് 'വിശ്വാസം' എന്ന വാക്കിനുള്ളത്. ഉദാഹരണമായി, നാം ഒരു സുഹൃത്തിനു കത്തെഴുതുമ്പോൾ, 'താങ്കൾക്കു സുഖമാണെന്നു വിശ്വസിക്കുന്നു' എന്നെഴുതാറുണ്ട്. പ്രത്യാശ (trust) എന്ന അർത്ഥമാണ് ഇവിടെ വിശ്വാസത്തിനുള്ളത്. കുടയില്ലാതെ പുറത്തേക്കിറങ്ങുമ്പോൾ നാം പറയാറുണ്ട്, 'മഴ പെയ്യുകയില്ലെന്നു വിശ്വസിക്കുന്നു' എന്ന്. ഇവിടെ വിശ്വാസത്തിൻ്റെ അർത്ഥം പ്രതീക്ഷ (expectation) ആണെന്നു പറയാം. നാം പോകുന്ന സ്ഥലത്തേയ്ക്കുള്ള വഴി നിശ്ചയമില്ലെങ്കിൽ, വഴിയിൽ കാണുന്ന ആളോടു നാം വഴി അന്വേഷിക്കുന്നു. അയാൾ പറയുന്നതു സത്യമാണെന്നു നാം ഏറെക്കുറെ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നതിൽ രണ്ടു കാര്യങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഒന്ന്, അയാൾ പറഞ്ഞതിൻ്റെ സത്യാവസ്ഥയെപ്പറ്റിയുള്ള ബോധ്യം രണ്ട്, അയാൾ വിശ്വാസയോഗ്യനാണ് എന്ന ബോദ്ധ്യം. ഈ രണ്ടാമത്തെ ബോധ്യത്തിൻ്റെ ഉറപ്പനുസരിച്ചായിരിക്കും ആദ്യത്തെ ബോധ്യത്തിൻ്റെ ആഴം; അഥവാ, അയാൾ പറഞ്ഞുതന്ന വഴിയെപ്പറ്റിയുള്ള നിശ്ചിതത്വം. അയാളുടെ വിശ്വാസയോഗ്യതയെപ്പറ്റി സംശയമുണ്ടെങ്കിൽ, മറ്റു ചിലരോടു നമ്മുടെ അന്വേഷണം ആവർത്തിക്കും. വഴി പറഞ്ഞുതരുന്നതു നമ്മുടെ പരിചിതനോ സുഹൃത്തോ ആണെങ്കിൽ അയാളുടെ വിശ്വാസയോഗ്യതയിൽ നമുക്കു കൂടുതൽ ബോധ്യമുണ്ട്. അതുകൊണ്ട് അയാൾ പറഞ്ഞകാര്യത്തിൽ നാം സംശയിക്കയില്ല. അപ്പോൾ നമ്മുടെ വിശ്വാസത്തെ സംബന്ധിച്ച്, അയാൾ പറഞ്ഞത് സത്യമാണെന്ന ബോധ്യത്തിനുപരി, അഥവാ അതിനോടൊപ്പം പ്രാധാന്യമുള്ള കാര്യമാണ്, അയാൾ വിശ്വാസ യോഗ്യനാണെന്ന ബോധ്യം.


മാനുഷിക തലത്തിൽ തന്നെ ഇതിലുമുപരിയായ ഒരു വിശ്വാസമുണ്ട്. പ്രണയബദ്ധയായ ഒരു യുവതി തൻ്റെ സ്നേഹഭാജനമായ യുവാവിനോടു പറയുന്നു: 'ഞാൻ നിന്നെ വിശ്വസിക്കുന്നു.' ഇവിടെ വിശ്വാസത്തിൻ്റെ അർത്ഥം, യുവാവു പറയുന്ന കാര്യങ്ങൾ സത്യമാണെന്ന ബോധ്യം എന്നതിലുപരി, അവർ തമ്മിലുള്ള വ്യക്തിബന്ധത്തിൻ്റെ യാഥാർത്ഥ്യമാണ്. ആ വ്യക്തിബന്ധത്തിൽ വിശ്വാസയോഗ്യതയും വിശ്വസ്‌തതയും പ്രത്യാശയും സ്നേഹവുമെല്ലാം അടങ്ങിയിരിക്കുന്നു. അതു കൊണ്ട് സ്വയംമറന്ന് ആ യുവാവിനു തന്നെത്തന്നെ ഏല്പിച്ചുകൊടുക്കുവാനും അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ സ്വന്തം ഇഷ്ടാനിഷ്ടങ്ങളാക്കുവാനും ആ യുവതിക്കു കഴിയുന്നു. ഈ വിശ്വാസത്തിൻ്റെയും കഴിവിൻ്റെയും പശ്ചാത്തലം അവർ തമ്മിലുള്ള പരിചയവും പരസ്പ്‌പരാനുഭവവുമാണ്. ക്രൈസ്തവജീവിതത്തിൻ്റെ അടിത്തറയായ ദൈവത്തിലുള്ള വിശ്വാസവും ഏറെക്കുറെ ഇതുപോലെയാണ്. എന്നാൽ ഇതിൻ്റെ പശ്ചാത്തലം ഈ യുവ മിഥുനങ്ങൾ തമ്മിലുള്ള പരിചയത്തിലും അറിവിലും അനുഭവത്തിലുമെല്ലാം ഉപരിയായ, ഉദാത്തമായ ദൈവാനുഭവമാണ്.


വിശുദ്ധ ഗ്രന്ഥത്തിലുടനീളം ദൈവം നമ്മോടു സംസാരിക്കയും നമുക്കു സ്വയം പരിചയപ്പെടുത്തിത്തരികയും ആഴമേറിയ ദൈവാനുഭവത്തിലേയ്ക്കു നമ്മെ ക്ഷണിക്കയും ചെയ്തിട്ടുണ്ട്. എന്നാൽ, അവിടുത്തെ വചനം ശ്രവിക്കയും ക്ഷണം സ്വീകരിക്കയും ചെയ്യുന്നതിൽ നാം പരാജയപ്പെട്ടു. അപ്പോഴാണ് മനുഷ്യാവതാരം ചെയ്ത ദൈവവചനമായ യേശുക്രിസ്‌തുതന്നെ നമുക്കു ദൈവത്തെ വെളിപ്പെടുത്തിത്തന്നത്.


അവിടുന്നു വ്യവസ്ഥയില്ലാതെ സ്നേഹിക്കയും നിരുപാധികം ക്ഷമിക്കയും ചെയ്യുന്ന പിതാവാണ് എന്നും, നീതിമാന്മാരെ മാത്രമല്ല, പാപികളെയും അവിടുന്നു സ്നേഹിക്കുന്നുവെന്നും, നൂറ് ആടുകളുണ്ടായിരിക്കേ അതിൽ ഒന്നു നഷ്ടപ്പെട്ടു പോയാൽ, ബാക്കി തൊണ്ണൂറ്റിഒൻപതിനേയും മരുഭൂമിയിൽ വിട്ടിട്ടു, കാണാതെ പോയ ഒന്നിനെ തേടി അന്വേഷിച്ച് അലയുകയും കണ്ടുകിട്ടിയാലുടനെ അതിനെ തോളിലേറ്റി ലാളിക്കയും ചെയ്യുന്ന ഇടയനാണ് ദൈവമെന്നും, തൻ്റെ മുതലെല്ലാം തിന്നും കുടിച്ചും വേശ്യകളോടൊപ്പം ധൂർത്തടിച്ചും നശിപ്പിച്ച ശേഷം തിരിച്ചുവരുന്ന ധൂർത്തപുത്രനെ ഓടി വന്നു കെട്ടിപ്പിടിച്ചാശ്ലേഷിക്കുന്ന പിതാവാണു ദൈവമെന്നുമെല്ലാം യേശു പഠിപ്പിച്ചു.

സ്വപുത്രൻ്റെ അതിഭീകരമായ പീഡാനുഭവത്തിലും മരണത്തിലും കൂടി സ്ഥിരീകരിക്കപ്പെട്ട പിതാവിൻ്റെ ആ സ്നേഹം അനുഭവിക്കുന്നതിനും, ആ സ്നേഹാനുഭവത്തിൽ നിന്നുകൊണ്ട് അങ്ങിൽ വിശ്വസിച്ച് അങ്ങേയ്ക്കു സ്വയം ഏല്പിച്ചു കൊടുക്കുന്നതിനുമാണ് യേശുനാഥൻ മനുഷ്യരെ ആഹ്വാനം ചെയ്‌തത്. "അനുതപിച്ച് സുവിശേഷത്തില്‍ വിശ്വാസിക്കുവിൻ" (മർക്കോ 1:15) എന്ന് പ്രഘോഷിച്ചപ്പോൾ യേശു ഉദ്ദേശിച്ചത്, പിതാവിൻ്റെ അളവുകളും അതിരുകളുമില്ലാത്ത ഈ സ്നേഹത്തിൽ നമുക്കു പൂർണ്ണമായ വിശ്വാസവും പ്രത്യാശയും അർപ്പിക്കാമെന്നും, നമ്മെത്തന്നെ അവിടുത്തേയ്ക്ക് ഏല്പ്പിച്ചുകൊടുക്കാമെന്നും, അവിടുത്തെ ഇഷ്‌ടാനിഷ്ടങ്ങൾ നമ്മുടെയും ഇഷ്‌ടാനിഷ്‌ടങ്ങളായി ഏറ്റെടുക്കാമെന്നുമായിരുന്നു. യേശുവിൻ്റെ ഈ മനോഭാവവും സമർപ്പണവുമാണ് വിശ്വാസത്തിൻ്റെ അന്തഃസത്ത.


ഈ വിശ്വാസത്തിൻ്റെ ഏറ്റവും ഉദാത്ത മാതൃക യേശുതന്നെയാണ്. യേശുവിൻ്റെ ജീവിതം മുഴുവനും പിതാവിനു സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു. ഈ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം, ഒരേയൊരു നിയോഗം, പിതാവിൻ്റെ ഇഷ്ടം നിറവേറ്റുക എന്നതായിരുന്നു. അവിടുന്നു പറഞ്ഞു: “ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എൻ്റെ ഇഷ്ടം പ്രവർത്തിക്കാനല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടം നിറവേറ്റാനാണ്" (യോഹ 6:31). വീണ്ടും അവിടുന്നു പറയുന്നു. “എന്നെ അയച്ചവൻ്റെ ഇഷ്ടം പ്രവർത്തിക്കുകയും അവൻ്റെ ജോലി പൂർത്തിയാക്കുകയുമാണ് എൻ്റെ ഭക്ഷണം ” (യോഹ 4 : 34). അങ്ങനെ വിശ്വാസമെന്തെന്നും എങ്ങനെയാണു നാം വിശ്വസിക്കേണ്ടതെന്നും യേശുതന്നെ നമുക്കു കാണിച്ചു തന്നിരിക്കുന്നു.

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

3

Featured Posts

Recent Posts

bottom of page