top of page

യേശുവിലുള്ള വിശ്വാസം

Aug 5, 2004

3 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

ദൈവശാസ്ത്രവേദി

Jesus heals a blind

എന്താണു ദൈവത്തിലുള്ള വിശ്വാസമെന്നും എങ്ങനെയാണ് ഈ വിശ്വാസത്തിൽ നാം ജീവിക്കേണ്ടതെന്നും യേശു നമ്മെ പഠിപ്പിച്ചു. വിശ്വാസത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു അവിടുത്തെ ജീവിതം. അതുകൊണ്ടാണ് വിശ്വാസത്തിന്റെ സാക്ഷിയും (വെളി 15) ആരംഭകനും പൂർണ്ണതയിലെത്തിക്കുന്നവനുമായി (ഹെബ്രാ. 12:2) വിശുദ്ധ ഗ്രന്ഥം യേശുവിനു സാക്ഷ്യം നല്കുന്നത്. എന്നാൽ, ക്രൈസ്‌തവരായ നമുക്ക് വിശ്വാസത്തിൻ്റെ മാതൃകയും സാക്ഷിയും ആരംഭകനും പൂർണ്ണതയിലെത്തിക്കു ന്നവനും മാത്രമല്ല, വിശ്വാസത്തിൻ്റെ വിഷയവു മാണ് യേശു: "ദൈവത്തിൻ്റെ ഏകപുത്രനും സകല സൃഷ്ട‌ികൾക്കും മുൻപുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പു പിതാവിൽ നിന്നു ജനിച്ചവനും എന്നാൽ സൃഷ്ട‌ിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്നു വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നുണ്ടല്ലോ. യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നവരാണ് ക്രൈസ്‌തവർ. എന്നാൽ, യേശുവിലുള്ള വിശ്വാസത്തിൻ്റെയും ഈ ഏറ്റുപറച്ചിലിന്റെയും ഈ ജ്ഞാനസ്‌നാനത്തിന്റെയും യഥാർത്ഥമായ അർത്ഥം ഇനിയും നമ്മിൽ പലരും ഗ്രഹിച്ചിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.


'പരിശുദ്ധത്രിത്വത്തിലെ രണ്ടാം ആളായ പുത്രൻ മനുഷ്യനായി പിറന്ന് യേശു എന്ന പേരിൽ ജീവിക്കയും പീഡകൾ സഹിക്കയും മരിക്കയും മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളിപ്പോയി പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു' എന്ന മനസ്സിൻ്റെ ബോധ്യവും സമ്മതവുമാണ് യേശുവിലുള്ള വിശ്വാസം എന്നു പറയുമ്പോൾ ഏറെക്കുറെണപലരും മനസ്സിലാക്കുക. ഈ 'വിശ്വാസം' അധരങ്ങൾകൊണ്ടു പ്രഖ്യാപിക്കുന്നതിനെയാണ് 'ഏറ്റുപറച്ചിൽ' എന്നതുകൊണ്ട് അവർ അർത്ഥമാക്കുന്നത്. ഇത്രയുമായാൽ ജ്ഞാനസ്‌നാനത്തിനുള്ള അവശ്യ വ്യവസ്ഥയും ഒരുക്കവുമായി എന്നും അവർ കരുതുന്നു. ക്രൈസ്തവകുടുംബങ്ങളിൽ ജനിക്കുന്നവർ സ്വീകരിക്കുന്നതു ശിശു മാമ്മോദീസായാകയാൽ, വിശ്വാസത്തിൻ്റെ ഈ ഏറ്റുപറച്ചിൽ നടത്തുന്നതും അവരല്ല, അവർക്കു വേണ്ടി മറ്റുള്ളവരാണ്. ഈ ജ്ഞാനസ്നാനം തന്നെ സാമൂഹികമായ ഒരാചാരമോ മതപരമായ ഒരനുഷ്‌ഠാനമോ മാത്രമായിട്ടാണു പലരും പരി ഗണിക്കുക. ഇങ്ങനെ ജ്ഞാനസ്നാനം സ്വീകരിച്ചവർ ക്രൈസ്‌തവരായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.


പിന്നീടിങ്ങോട്ടുള്ള അവരുടെ ജീവിതത്തിൽ യേശുനാഥൻ്റെ അരൂപിയോ മൂല്യങ്ങളോ അധികമൊന്നും കാണാതെ വരുമ്പോൾ, അതു ക്രൈസ്‌തവവിശ്വാസത്തിന്റെ പരാജയമാണെന്നു പറഞ്ഞ് പലരും മുറവിളി കൂട്ടാറുണ്ട്. "ക്രിസ്തുമതം പരാജയപ്പെട്ടുവെന്നു പറയുന്നതിനെക്കാൾ, അതൊരിക്കലും പരീക്ഷിച്ചു നോക്കിയിട്ടില്ല എന്നു പറയുന്നതായിരിക്കും ശരിയെന്നു" ജി.കെ. ചെസ്റ്റർട്ടൺ പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ക്രൈസ്‌തവരെന്നു വിളിക്കപ്പെടുന്ന പലരുടെയും ജീവിതം ക്രൈസ്ത‌വമല്ലെങ്കിൽ, അതു ക്രൈസ്തവ വിശ്വാസം പരാജയപ്പെട്ടതുകൊണ്ടല്ല. പിന്നെയോ വിശ്വാസവും ജ്ഞാനസ്നാനവുമെന്തെന്നു ശരിയായി മനസ്സിലാക്കുകയോ ജീവിക്കാൻ ശ്രമിക്കയോ ചെയ്‌തിട്ടില്ലാത്തതുകൊണ്ടാണ്


ഒന്നാമതായി, യേശുവിലുള്ള വിശ്വാസം എന്നു പറയുന്നത് ചില വിശ്വാസസത്യങ്ങളെപ്പ റ്റിയുള്ള മനസ്സിൻ്റെ വെറും ബോധ്യമോ (intellectual conviction) സമ്മതമോ മാത്രമല്ല എന്നു നാം ധരിക്കണം. യേശുവിൻ്റെ വിശ്വാസം എന്തായിരുന്നുവെന്നു മുൻലക്കത്തിൽ നാം കണ്ടു - പിതാവിൻ്റെ വ്യവസ്ഥയില്ലാത്ത സ്നേഹം സ്വീകരിച്ചുകൊണ്ട് അവിടുത്തേക്കു സ്വയം സമ്പൂർണ്ണമായി ഏല്പ്പിച്ചു കൊടുക്കുകയും ജീവിതത്തിൻ്റെ ഓരോ നിമിഷവും അവിടുത്തെ ഇഷ്ട‌ം നിറവേറ്റുകയും ചെയ്യുന്നതിനുള്ള പ്രതിബദ്ധതയും സന്നദ്ധതയുമായിരുന്നു, ചുരുക്കിപ്പറഞ്ഞാൽ, യേശു വിന്റെ വിശ്വാസം. പിതാവിന്റെ ഇഷ്‌ടം ഓരോ മനുഷ്യന്റെയും എല്ലാ മനുഷ്യരുടെയും സമഗ്രമായ മോചനവും സർവ്വതോന്മുഖമായ സൗഭാഗ്യവുമാണെന്ന ഉൾക്കാഴ്ചയിൽ, ഇതിനുവേണ്ടിയുള്ള ഒരു തീവ്രയത്നമായിരുന്നു യേശുവിൻ്റെ ജീവിതം മുഴു വനും. അതിനുവേണ്ടി അവിടുന്നു ജീവിച്ചു, പ്രവർത്തിച്ചു. സ്വയം അർപ്പിച്ചു മനുഷ്യൻ്റെ സാകല്യത അഥവാ സമ്പൂർണ്ണമായ സൗഭാഗ്യം ദൈവത്തിന്റെ തിരുമനസ്സ് ആയതിനാൽ, അതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും യേശുവിനു ദൈവരാജ്യം സ്ഥാപിക്കാനുള്ള പ്രയത്നമായിരുന്നു.


ദൈവരാജ്യം അഥവാ ദൈവത്തിൻ്റെ ഭരണം സാക്ഷാത്ക്കരിക്കപ്പെടുന്നത്, യേശുവിന്റെ കാഴ്ച്‌ചപ്പാടിൽ, ദൈവത്തിന്റെ മക്കളായ എല്ലാ മനുഷ്യരും സ്വതന്ത്രരായി സമത്വത്തിലും സാഹോദര്യത്തിലും ഐക്യത്തിലും പരസ്‌പരം സ്നേഹിച്ചും സേവിച്ചും ജീവിക്കുമ്പോളാണ്. അതിനാൽ, എല്ലാത്തരത്തിലുമുള്ള അടിമത്തങ്ങളിലും അടിച്ചമർത്തലുകളിലും നിന്നു മനുഷ്യനെ മോചിപ്പിക്കുന്നതിൽ അവിടുന്നു ദത്തശ്രദ്ധനായി. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമെല്ലാം സാമൂ ഹികവും സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ വ്യവസ്ഥിതികൾ മനുഷ്യൻ്റെ മേൽ അടിചേല്പിക്കുന്ന തിന്മകളും സാത്താൻ്റെ ഭരണ ത്തിന്റെ പ്രതീകങ്ങളുമായി അവിടുന്നു തിരിച്ചറിഞ്ഞു. മനുഷ്യനെ അസ്വതന്ത്രനാക്കിയ, ചൂഷണം ചെയ്ത, എല്ലാ സംവിധാനങ്ങളെയും സ്ഥാപന ങ്ങളെയും അവിടുന്നു ചോദ്യം ചെയ്‌തു. "ദരിദ്രരെ സുവിശേഷം അറിയിക്ക'യും ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ച‌യും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായവത്സരവും പ്രഖ്യാപിക്ക"യും ചെയ്യുക യാണ് തന്റെ ജീവിതദൗത്യമെന്നു പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽത്തന്നെ അവിടുന്നു വ്യക്തമാക്കുകയുണ്ടായി (ലൂക്കാ 4:18-19). സമൂഹത്തിലെ നിന്ദിതരുടെയും പീഡിതരുടെയും പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് അവിടുന്നു ഇറങ്ങിച്ചെന്നു. നിയമത്തിൻ്റെ വിലക്കുകളെയെല്ലാം അവഗണിച്ചുകൊണ്ട് അവരോടൊത്തു പന്തിഭോജനം നടത്തുകയും അവരോടുള്ള ഉള്ളടുപ്പവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുയും ചെയ്ത്, അവരെ ആത്മാവബോധത്തി ലേക്കും ആത്മാഭിമാനത്തിലേക്കും കൈപിടിച്ചുയർത്തി. എന്നാൽ, സത്യത്തിനും നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള യേശുവിൻ്റെ നില പാട്ട് അവിടത്തേക്ക് ധാരാളം ശത്രുക്കളെ ഉണ്ടാക്കി. സ്വാർത്ഥതയുടെ, തിന്മയുടെ ഈ ശക്തികൾ യേശുവിൻ്റെ സുവിശേഷത്തെ മാത്രമല്ല, യേശുവിനെത്തന്നെ ഇല്ലായ്മചെയ്യാനുള്ള ശ്രമമായി. അവരുടെ ഗൂഢാലോചനയും തൻ്റെ ജീവനു നേരെയുള്ള ഭീഷണിയുമെല്ലാം അറിഞ്ഞിട്ടും. പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നതിൽ നിന്ന് അണു വിടപോലും വ്യതിചലിക്കുവാൻ അവിടുന്നു തയ്യാറായില്ല. അവസാനം വരെ മനുഷ്യർക്കുവേണ്ടി, അവരുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി, അവിടുന്നു നിലകൊണ്ടു. അതിൻ്റെ ഫലമായിരുന്നു അവിടുത്തെ അറസ്റ്റും പീഡാനുഭവവും കുരിശുമരണവും:


എന്നാൽ, പിതാവ് യേശുവിനെ മരിച്ചവരിൽ നിന്നുയിർപ്പിച്ച് നമ്മുടെ രക്ഷകനും നാഥനുമാക്കി. യേശുവിനെപ്പോലെ, പിതാവിൻ്റെ വ്യവസ്ഥയില്ലാത്ത സ്നേഹം സ്വീകരിച്ചുകൊണ്ട്, അവിടുത്തെ ഇഷ്‌ടമനുസരിച്ച് തങ്ങളുടെ സഹോദരീസഹോദരങ്ങളായ എല്ലാ മനുഷ്യരുടെയും സമഗ്രമായ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി നില കൊള്ളുകയും ജീവിക്കയും വേണ്ടി വന്നാൽ സ്വജീവൻ തന്നെ കൊടുക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുന്നവർ. അങ്ങനെ ചെയ്യുകയെന്നു വച്ചാൽ, സ്വാർത്ഥതയിൽ കേന്ദ്രീകരിച്ചുള്ള. മറ്റുള്ളവരുടെ സുഖദുഃഖങ്ങളെയും വേദനകളെയുമെല്ലാം അവഗണിച്ചുകൊണ്ടുള്ള, പാപകരമായ ജീവിതശൈലിക്ക് അറുതി വരുത്തുകയെന്നാണ് അർത്ഥം. അതാണ് അനുതാപം, അഥവാ മാനസാന്തരം ഈ അനുതാപത്തിലേക്കും വിശ്വാസത്തിലേക്കുമാണ് യേശു ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ അനുതപിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെ ദൈവം യേശുവിൻ്റെ ഉയിർപ്പിൽ പങ്കാളികളാക്കുന്നു. അവരാണ് ദൈവരാജ്യത്തിന് അവകാശികൾ. ഈ അനുതാപവും വിശ്വാസവുമാണ് ക്രിസ്‌തീയാദ്ധ്യാത്മികതയുടെ അന്തഃസത്ത.


യേശുവിലുള്ള വിശ്വാസം ഏറ്റുപറയുകയെ ന്നതിൻ്റെ അർത്ഥം അധരങ്ങൾകൊണ്ട് ഒരു പ്രസ്‌താവനയോ പ്രഖ്യാപനമോ നടത്തുക എന്നല്ല, പ്രത്യുത യേശുവിനെപ്പോലെ വിശ്വസിക്കുവാനും അവിടുത്തെ ജീവിതശൈലി - മറ്റുള്ളവരുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി ജീവിക്കയും സ്വയം ചെലവഴിക്കയും ചെയ്യുന്ന ജീവിതശൈലി - നമ്മുടെ ജീവിതശൈലിയാക്കു വാനും പ്രതിബദ്ധമായിത്തീരുക, ദൃഢപ്രതിജ്ഞയെടുക്കുക എന്നാണ്. അങ്ങനെ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതാണ് ജ്ഞാനസ്നാനത്തിനുള്ള വ്യവസ്ഥയും ഒരുക്കവും ഈ വിചിന്തനത്തിൻ്റെ വെളിച്ചത്തിൽ, യേശുവിലുള്ള നമ്മുടെ വിശ്വാസത്തെയും അതിൻ്റെ ഏറ്റുപറച്ചിലിനെയും പറ്റിയുള്ള ഒരാത്മശോധന ഉപയോഗപ്രദമായിരിക്കും.



ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

0

Featured Posts

Recent Posts

bottom of page