top of page

കുടുംബവും ചില അധികാര പ്രശ്നങ്ങളും

Oct 1, 2011

2 min read

ഫജ
Image portraying the instabilities that come up in today's attempt for gender equalization.

ഏതു സമൂഹവും നിലനില്‍ക്കുന്നത് അതില്‍ത്തന്നെ ഉരുത്തിരിയുന്ന അധികാരകേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണ്. കുടുംബം ഏറ്റവും ചെറിയ സമൂഹമാണ്. അതിനുള്ളിലും അധികാരകേന്ദ്രങ്ങളും ശ്രേണികളുമുണ്ട്. സമൂഹത്തിന്‍റെ കെട്ടുറപ്പ് അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെതന്നെ കുടുംബത്തിന്‍റെ ഭദ്രതയും അതിലെ അധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നമ്മുടേത് ഒരു പുരുഷാധിപത്യ സംസ്കാരം (patriarchal) ആണ്. അതുകൊണ്ട് നമ്മുടെ സമൂഹത്തിലെ പാരമ്പര്യമായി നിര്‍വചിക്കപ്പെട്ട അധികാര കേന്ദ്രങ്ങളും ശ്രേണികളും പുരുഷപക്ഷപാതപരവുമാണ്. അതുപോലെ തന്നെ കുടുംബനിയമങ്ങളും സ്വത്തും എല്ലാം ഈ അധികാരിയുടെ 'കൈവശം' ആണുതാനും. നായന്മാരുടേതുപോലെയുള്ള ചില സമൂഹങ്ങളിലൊഴികെ മറ്റെല്ലായിടത്തും പുരുഷ അധികാരി കുടുംബത്തെ നിയന്ത്രിച്ചു വന്നു. ആര്‍ക്കും അതില്‍ വലിയ തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ല.

എന്നാല്‍ കാലഗതിയില്‍ കാര്യങ്ങള്‍ വ്യത്യാസപ്പെടാന്‍ തുടങ്ങി. സാമ്പത്തികവും സാംസ്കാരികവും ഒക്കെയായ ഒത്തിരി കാരണങ്ങളതിനുണ്ട്. ഇവയെയൊന്നും വിശകലനം ചെയ്യാന്‍ ഞാന്‍ തുനിയുന്നില്ല. എന്നാല്‍ മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കുടുംബത്തിലെ അധികാര കേന്ദ്രീകരണവും അതിലെ വൈവിധ്യങ്ങളും കുടുംബത്തിന്‍റെയും കുടുംബാംഗങ്ങളുടെയും സ്വഭാവത്തില്‍ വരുത്തുന്ന സ്വാധീനത്തെപ്പറ്റിയാണ് ഇവിടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്.

രണ്ടുപേര്‍ വിവാഹിതരാകുമ്പോള്‍ ഒരു കുടുംബം ജനിക്കും. അപ്പോള്‍ മുതല്‍ കുടുംബം വളരുകയാണ്. ആദ്യം ഭാര്യയും ഭര്‍ത്താവും മാത്രമാണുള്ളത്. അവരില്‍ ഒരാളാവും അധികാര കേന്ദ്രം. എന്നാല്‍ കുഞ്ഞുങ്ങളുണ്ടാകുന്നതോടെ കുടുംബം വളരുന്നു. അതോടൊപ്പം കുടുംബത്തിന്‍റെ അധികാരവും വികേന്ദ്രീകരിക്കപ്പെടും. കുട്ടികള്‍ കൗമാരത്തിലെത്തുന്നതോടെ കുടുംബത്തിലെ അധികാര കേന്ദ്രീകരണത്തില്‍ വീണ്ടും വ്യത്യാസങ്ങള്‍ വരുന്നു. അവര്‍ മുതിരുമ്പോഴും, വിവാഹിതരാകുമ്പോഴും, മാതാപിതാക്കളാകുമ്പോഴും, സ്വത്തുവകകള്‍ നിയന്ത്രണത്തിലാകുമ്പോഴും ഒക്കെ തുടര്‍ച്ചയായി അധികാര കേന്ദ്രീകരണത്തില്‍ വലിയ വ്യതിയാനങ്ങളാണുണ്ടാകുന്നത്. വളര്‍ച്ചയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാനാവാത്ത കുടുംബങ്ങള്‍ അനാരോഗ്യകരമാകും. വഴക്കും കുഴപ്പങ്ങളും അവിടെ സ്വസ്ഥജീവിതം നശിപ്പിക്കും.

മറ്റൊരു ശ്രദ്ധേയമായ കാര്യം അധികാരശ്രേണിയിലെ വൈവിധ്യമാണ്. അച്ഛനോ, അമ്മയോ ആണ് പ്രധാന ശക്തികേന്ദ്രമെങ്കില്‍ മക്കളിലും അധികാരകേന്ദ്രങ്ങളുണ്ട്. അതായത് ഒരു കുടുംബത്തില്‍ തന്നെ അധികാര കേന്ദ്രീകരണത്തില്‍ പല തലങ്ങളുണ്ട്. അവര്‍ തമ്മില്‍ power struggleളും ഉണ്ട്. അമ്മയും അപ്പനും തമ്മില്‍ ശക്തിപരീക്ഷണം ഉള്ളതുപോലെ മക്കള്‍ തമ്മിലും ഉണ്ട്. ചിലപ്പോള്‍ മുത്തച്ഛനും മുത്തശ്ശിയും, ചിലപ്പോള്‍ വീട്ടിലെ ജോലിക്കാര്‍പോലും ഈ ശക്തിപരീക്ഷണത്തില്‍ (power struggle) പങ്കാളികളാണ് എന്നുള്ളതാണ് സത്യം.

അതുപോലെ ഓരോരുത്തര്‍ക്കും വ്യക്തമായ അധികാരസീമ (power circle) ഉണ്ട്. ഈ അധികാരസീമ വിട്ട് അധികാരപ്രയോഗത്തിലേക്കു പോകുന്നതു കുടുംബാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.

കുടുംബത്തിലെ അധികാരവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ടുതരത്തിലുള്ള അനാരോഗ്യ പ്രവണതകള്‍ (pathology) ആണ് കുടുംബത്തില്‍ കാണുന്നത്:

1. അധികാരിയുടെ വികലമായ അധികാര പ്രയോഗം

2. അധികാരസീമ വിട്ട് ചിലരുടെ അധികാര ശ്രേണിയിലെ യാത്രകള്‍

ഇതില്‍ ആദ്യത്തേതു ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കുടുംബനാഥനോ, നാഥയോ മാനസിക അനാരോഗ്യമുള്ളവരാണെങ്കില്‍ കുടുംബത്തിന്‍റെ നില പരിതാപകരമായേക്കാം. ഉദാഹരണമായി മദ്യാസക്തന്‍റെ, സംശയരോഗിയുടെ, ഉന്മാദരോഗിയുടെ, വ്യക്തിത്വവൈകല്യമുള്ളവരുടെയൊക്കെ നിയന്ത്രണത്തിലുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ഗൗരവമായ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. കുടുംബത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് രോഗിയുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ (adjustment) പലപ്പോഴും അവരെ രോഗികളാക്കുന്നു എന്നതാണ് സത്യം. സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം മാത്രമല്ല മാനസിക രോഗങ്ങളും സ്വഭാവവൈകല്യങ്ങളും (personality disorder) ഇത്തരം കുടുംബങ്ങളില്‍ സാധാരണമാണ്. ഉദാഹരണത്തിന് മദ്യാസക്തനായ ഒരാളുടെ ഭാര്യ അയാളെ ഭയപ്പെട്ടു ജീവിക്കുമ്പോള്‍ തങ്ങളുടെ മക്കളെ ആരോഗ്യകരമായി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നു. ചെറിയ ചെറിയ കുസൃതികള്‍ക്കുപോലും കഠിനമായ ശാസനയും ശിക്ഷയും നല്‍കുന്ന പിതാവിന്‍റെ 'കിരാതഭരണ'ത്തില്‍ നിന്നും രക്ഷിക്കാന്‍ അമ്മ മക്കളുടെ 'കുസൃതി'കള്‍ മറച്ചുവയ്ക്കുകയും ഇതു മുതലെടുത്തു വളരുന്ന കുട്ടി വലിയ തെമ്മാടിയായിത്തീരുകയും ചെയ്യുന്നതു സാധാരണമാണ്. എല്ലാ കുഞ്ഞുങ്ങളും 'രോഗികളാകും' എന്നല്ല, പക്ഷേ രോഗികളാകാന്‍ biological predisposition (ശാരീരിക സാധ്യത) ഉള്ളവര്‍ ഇത്തരം സാഹചര്യത്തില്‍ രോഗികളാകും എന്നതാണ് സത്യം.

എന്നാല്‍ ആധുനിക സമൂഹത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം രണ്ടാമത്തേതാണ്. പലപ്പോഴും ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്നതും നിയമങ്ങള്‍ക്കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നതും ഇതാണ്. ഇനിയേറെ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുമുണ്ട്.

കഴിഞ്ഞ ദിവസം ഒരു കുടുംബം എന്നെ കാണാന്‍ വന്നു. അപ്പനും അമ്മയും മകനും മകളും അടങ്ങുന്ന ക്രൈസ്തവ കുടുംബം. ഒരു കുഴപ്പവുമില്ലാതെ നല്ല രീതിയില്‍ ജീവിച്ച കുടുംബം കുറെനാളായി വലിയ പ്രതിസന്ധിയിലാണ്. കാരണം കൗമാരത്തിലെത്തിയ മകന്‍റെ സ്വഭാവവൈകല്യം തന്നെയാണ്. വിശകലനത്തിലേക്കു പോയപ്പോള്‍ മനസ്സിലാക്കാനായതു കുടുംബത്തിന്‍റെ നിയന്ത്രണം, അധികാരം ഇവയൊക്കെ പതിനഞ്ചുകാരനായ മകന്‍റെ കൈവശം എന്ന സത്യമാണ്. ആദ്യം മുതലെ പിതാവ് വീട്ടിലെ സൗമ്യനായിരുന്നു. മക്കളുടെ അനാവശ്യമായ പിടിവാശികളും നിര്‍ബന്ധബുദ്ധികളും സാധിച്ചുകൊടുക്കുന്നതിന് എതിരുനിന്ന ഭാര്യയെ നിശ്ശബ്ദയാക്കി മക്കളെ കൂടെനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. തന്‍റെ ചില വേണ്ടാതനങ്ങളെ എതിര്‍ത്തിരുന്ന ഭാര്യയ്ക്കെതിരെ പ്രതികാരം ചെയ്തിരുന്നത് ഇങ്ങനെയായിരുന്നു. പക്ഷേ മകന്‍ തന്‍റെ നിയന്ത്രണത്തില്‍നിന്നും ചോര്‍ന്നുപൊയ്ക്കൊണ്ടിരുന്നത് അയാള്‍ അറിഞ്ഞില്ല. അവന്‍റെ ആവശ്യങ്ങള്‍ കൂടിക്കൂടി വന്നു. ബൈക്ക്, മൊബൈല്‍ ഫോണ്‍, പ്ലേ സ്റ്റേഷന്‍, ബ്രാന്‍ഡഡ് ഷൂ... ഇങ്ങനെ പോയി. അവസാനം അവന്‍റെ ഫോണില്‍നിന്നും സഹോദരിയുടെ നഗ്നചിത്രം കണ്ടെത്തുംവരെ അമ്മയ്ക്കൊഴികെ മറ്റാര്‍ക്കും അവന്‍റെ പെരുമാറ്റത്തില്‍ കുഴപ്പം തോന്നിയില്ല. തന്നെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കി ഫോട്ടോയെടുത്ത വിവരം പറഞ്ഞ കുഞ്ഞുപെങ്ങളെ ആക്രമിക്കുന്നതു തടസ്സപ്പെടുത്താന്‍ പോലും പിതാവിന് ത്രാണിയില്ലാതായി. മകന്‍ ആ കുടുംബത്തെ ഭീഷണിപ്പെടുത്തിയും, വിലപേശിയും (ചത്തുകളയും, കൊന്നുകളയും etc..) നിയന്ത്രിച്ചു. ഇതൊരപകടമല്ലേ?

നിസ്സഹായതകൊണ്ടോ, വൈകല്യം കൊണ്ടോ, രോഗം കൊണ്ടോ ഒക്കെ മാതാപിതാക്കളുടെ അധികാരത്തിലേക്ക് ആക്രമിച്ചു കയറുന്ന മക്കള്‍ പലപ്പോഴും കുടുംബത്തിന്‍റെ ഭദ്രതയ്ക്കു കളങ്കമാകുന്നു.

കുടുംബത്തില്‍ ചെറുതും വലുതുമായ അനേകം അധികാരകേന്ദ്രങ്ങളുണ്ട്. ഇവ പരസ്പരം നിരന്തരം നിയന്ത്രിച്ചുകൊണ്ടിരിക്കും. ആരോഗ്യകരമായ ഈ പരസ്പര നിയന്ത്രണമാണ് കുടുംബത്തിന്‍റെ ഭദ്രത കാത്തുസൂക്ഷിക്കുന്നത്. ഏതെങ്കിലും ഒരു അധികാരകേന്ദ്രത്തിലുണ്ടാകുന്ന വ്യതിയാനം മൊത്തത്തിലുള്ള സന്തുലിതാവസ്ഥ തകിടം മറിക്കാതിരിക്കാന്‍ മറ്റെല്ലാ അധികാരകേന്ദ്രങ്ങളും ചേര്‍ന്ന് അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കും. ഈ ശ്രമം പരാജയപ്പെട്ടാല്‍ കുടുംബം അരക്ഷിതാവസ്ഥയിലേക്കു നീങ്ങും. അങ്ങനെ വരുന്നസമയത്ത് മനശ്ശാസ്ത്രജ്ഞരെപ്പോലുള്ള പ്രൊഫഷണലുകളുടെ സഹായവും ചികിത്സയും ആവശ്യമായി വന്നേക്കാം.

ഫജ

0

0

Featured Posts

bottom of page