top of page

ഒന്നിച്ചൊരു വീട്

Dec 17, 2024

3 min read

വിനായക് നിര്‍മ്മല്‍
synergy homes
Synergy Homes

കൂട്ടായ്മയിലും സാഹോദര്യത്തിലും പരസ്പര സഹവര്‍ത്തിത്വത്തിലും കഴിച്ചുകൂട്ടിയിരുന്ന ഒരു സമൂഹത്തെക്കുറിച്ച് വേദപുസ്തകത്തിലെ നടപടി പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ആദിമസഭ യെന്നും സമൂഹമെന്നും വിശേഷിപ്പിക്കപ്പെടുന്ന അത്തരമൊരു സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്ന, പുതു കാലത്തിന്‍റെ അടയാളപ്പെടുത്തലുമായി ഇതാ ഒരു പുതിയ കൂട്ടം രൂപപ്പെട്ടിരിക്കുന്നു. സിനര്‍ജി. പാലാ യില്‍ നിന്ന് ആറര കിലോമീറ്റര്‍ അകലെ അന്ത്യാളം എന്ന കൊച്ചുഗ്രാമത്തിലാണ് സിനര്‍ജി ഹോംസ് എന്നു പേരിട്ടിരിക്കുന്ന ഈ സമൂഹം പിറവികൊ ണ്ടിരിക്കുന്നത്.


ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ സിനര്‍ജിയുടെ പതിനഞ്ചു വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു. വ്യത്യസ്ത മതവിശ്വാസങ്ങള്‍ അനുവര്‍ത്തിക്കുന്നവരും പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുമായ റിട്ടയര്‍മെന്‍റ് ജീവിതം ആരംഭി ക്കുകയോ പാതിവഴിയില്‍ എത്തിനില്ക്കുകയോ ചെയ്യുന്ന വ്യക്തികള്‍ തങ്ങളുടെ ജീവിതപങ്കാളിയും സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുമൊത്ത് ശേഷിക്കുന്ന ജീവിതകാലയളവിനെ മനോഹരവും ക്രിയാത്മകവുമായി മാറ്റുകയാണ് സിനര്‍ജി ഹോം സിലൂടെ നടത്തുന്നത്. ആധുനികലോകത്തില്‍ എവിടെയും അഭിമുഖീകരിക്കുന്ന മുതിര്‍ന്നവരുടെ ഒറ്റപ്പെടലിനെതിരെയുള്ള മറുപടിയും ഓരോ വ്യക്തിയും തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണത്തിന്‍റെ ഇക്കാലത്ത് പഴയ കാല അയല്‍വക്ക ബന്ധങ്ങളുടെ നന്മകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമവും കൂടിയാണ് മാനവികതയ്ക്ക് ഒരിടമെന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള സിനര്‍ജി ഹോമുകള്‍.


അടുക്കളയില്ലാത്ത വീടുകള്‍

ഏതൊരു വീടിന്‍റെയും ഹൃദയമെന്ന് വിശേഷിപ്പിക്കുന്നവയാണ് അടുക്കളകള്‍. ഒരു സ്ത്രീ പരാതികളും പരിഭവങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമായി ഒരു ദിവസത്തില്‍ കൂടുതല്‍സമയം ചെല വഴിക്കുന്നതുംഅടുക്കളയില്‍ തന്നെയാണല്ലോ. എന്നാല്‍ സിനര്‍ജി ഹോമുകളില്‍ പ്രത്യേകം പ്രത്യേകം അടുക്കളകളില്ല. എല്ലാവീട്ടുകാര്‍ക്കുമായി പൊതുഅടുക്കള. പൊതു ഡൈനിംങ് ഹാള്‍. പ്രഭാ തഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവുമെല്ലാം ഒരുമിച്ച്. അടുക്കളയ്ക്ക് മാത്രം രണ്ടുനില യുണ്ട്. മുകളിലത്തെ നിലയില്‍ ലൈബ്രറി, ഇന്‍ഡോര്‍ ഗെയിംസ്, യോഗ എന്നിവയാണ് ക്രമീകരിച്ചിരിക്കു ന്നത്. പാചകത്തിനായി ഒരു ജോലിക്കാരിയെ നിയ മിച്ചിട്ടുണ്ടെങ്കിലും സാധിക്കുന്നതുപോലെ എല്ലാ വീട്ടുകാര്‍ക്കും പാചകത്തില്‍ സഹായിക്കുകയും ചെയ്യാം.


മതിലുകളില്ലാത്ത വീട്

അയല്‍വക്കങ്ങളെ തമ്മില്‍ ഇന്ന് വേര്‍തിരി ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവയാണ് മതിലു കള്‍. അയല്‍ക്കാരനുള്ള വിലക്കാണ് ഓരോ മതിലു കളും. മതി ഇതിലേ എന്നാണല്ലോ മതിലുകള്‍ പറയുന്നത്. എന്നാല്‍ സിനര്‍ജി ഹോമുകള്‍ക്ക് മതി ലുകളോ അതിരുകളോ ഇല്ല. അയല്‍വീടുക ളിലേക്ക് എപ്പോഴും കടന്നുചെല്ലാന്‍ കഴിയുന്നവിധ ത്തില്‍ മതിലുകളില്ലാതെയാണ് സിനര്‍ജി ഹോമു കള്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഒന്നരയേക്കര്‍ സ്ഥലത്ത് ഒരു കുടുംബത്തിന് നാലര സെന്‍റ് സ്ഥലം എന്ന കണക്കിലാണ് സിനര്‍ജി ഹോമുകള്‍. 728 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തി ലാണ് ഇവ പണിയപ്പെട്ടിരിക്കുന്നത്. ഒരേ രൂപഭംഗിയിലുള്ള വയാണ് ഈ പതിനഞ്ചുവീടു കളും.


മിണ്ടീം പറഞ്ഞും

നല്ല പ്രായം മുഴുവന്‍ കുടുംബത്തിനും സമൂഹ ത്തിനും വേണ്ടി ഓടിനടന്ന് അധ്വാനിക്കുന്നവരാണ് ഭൂരിപക്ഷവും. കുറെ ഓടിക്കഴിയുമ്പോള്‍ തളരും. ആ തളര്‍ച്ചയ്ക്കു ലഭിക്കുന്ന ആശ്വാസമാണ് റിട്ടയ ര്‍മെന്‍റ്. പിന്നീടുള്ള കാലം സ്വസ്ഥമായും ശാന്ത മായും ജീവിക്കാനും മക്കളും കൊച്ചുമക്കളുമൊത്ത് സന്തോഷപൂര്‍വ്വംജീവിക്കാനുമുള്ള അവസരമാണ് റിട്ടയര്‍മെന്‍റ്. പക്ഷേ മാറിയ സാമൂഹികപശ്ചാത്ത ലത്തില്‍ അത് പലപ്പോഴും പ്രായോഗികമാകാറില്ല. മാതാപിതാക്കളുടെ തുടര്‍ച്ചയെന്നോണം അവര്‍ ചെയ്തതുപോലെ തങ്ങളുടെ ജീവിതം കരുപിടി പ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മക്കള്‍. ഇത്തര മൊരു സാഹചര്യത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകു കയാണ് മാതാപിതാക്കള്‍. അവരെ കേള്‍ക്കാനോ അവര്‍ക്ക് കേള്‍ക്കാനോ ആരുമില്ലാത്ത അവസ്ഥ. ഈ അവസ്ഥയ്ക്കുള്ള മറുമരുന്നാണ് സിനര്‍ജി ഹോമുകള്‍. സമാനചിന്താഗതിക്കാരും സമാനപ്രായ ക്കാരുമായവരുമൊത്ത് പറഞ്ഞും കേട്ടുമിരിക്കാനും സാമൂഹികവിഷയങ്ങളില്‍ ക്രിയാത്മക ഇടപെടലു കള്‍ നടത്തി ശേഷിക്കുന്ന കാലവും പ്രസാദ പൂരിതമാക്കാനുമാണ് ഈ വീട്ടുകാര്‍ ശ്രമിക്കുന്നത്. ഓരോ കുടുംബത്തിലെയും ദമ്പതികള്‍ 55 നു മേല്‍ പ്രായമുള്ളവരായിരിക്കും. അവര്‍ തമ്മില്‍ പരസ്പരം സഹായിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള വേദികളാണ് ഇവിടെയുള്ളത്. അപ്പോഴും പറയട്ടെ സിനര്‍ജി ഹോമുകള്‍ വൃദ്ധസദനങ്ങളല്ല, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരുടെ അഭയസങ്കേതവുമല്ല. കുടുംബത്തോട് സ്നേഹവും അടുപ്പവും പുലര്‍ത്തിക്കൊണ്ടു തന്നെ സമപ്രായക്കാരുമൊത്ത് ജീവിതം പങ്കിടാനും സ്വന്തം ചെലവില്‍ ആത്മാഭിമാന ത്തോടെ ജീവിക്കാനുമുള്ള ശ്രമമാണ് സിനര്‍ജി ഹോമുകള്‍. തങ്ങളെ സന്ദര്‍ശിക്കാന്‍ മക്കള്‍ വരുമ്പോള്‍ അവര്‍ക്കു താമസിക്കാന്‍ വേണ്ടി കൂടിയുളള മുറികളും ഈ വീടുകളിലുണ്ട്.


അന്യന്‍ സ്വര്‍ഗമാണ്

അയല്‍ക്കാരനെ നരകമായി കാണുന്ന ആധുനികമനുഷ്യനുള്ള തിരുത്താണ് സിനര്‍ജി ഹോമുകള്‍. ആവശ്യനേരത്തും അടിയന്തിരഘട്ടങ്ങളിലും ആദ്യം ഓടിയെത്താനുള്ള ആദ്യത്തെയാള്‍ അയല്‍ക്കാരന്‍ തന്നെയാണെന്ന് സിനര്‍ജി കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മുമ്പ് എന്നത്തെക്കാളും കൂടുതലായി മതമൗലികവാദം ശക്തിപ്രാപിച്ചിരിക്കുന്ന ഇക്കാലത്ത് സിനര്‍ജി ഹോമുകളില്‍ ഹിന്ദു-മുസ്ലീം-ക്രൈസ്തവ കുടുംബങ്ങളാണ് സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നത്. കമ്മ്യൂണിറ്റി ജീവിതത്തിന്‍റെ സന്തോഷവും സമാധാനവും സഹകരണവും നന്മകളും സൗഹൃദങ്ങളുമാണ് സിനര്‍ജി ഹോമുകളിലൂടെ ലഭിക്കുന്നത്. മാറുന്ന കാലത്തിന് സന്മനോഭാവത്തിന്‍റെയും ബന്ധങ്ങളുടെയും മനോഹാരിത വരച്ചുകാണിക്കുന്ന വയായി ഈ പുതിയ ജീവിതദര്‍ശനം മാറിയിരിക്കുന്നു.


പല കാരണങ്ങള്‍ കൊണ്ടും വിഘടിച്ചു നില്ക്കുന്ന പൊതുസമൂഹത്തിന് ഒരു ബദല്‍ജീവിതരീതി കാണിച്ചു കൊടുക്കുകയാണ് സിനര്‍ജി ഹോമുകള്‍. മനസുകളെ മതിലുകള്‍ കെട്ടി വേര്‍തിരിച്ചു നിര്‍ത്തുന്ന സമൂഹത്തിനും വൃദ്ധരെ ഭാരമായും കാണുന്ന യുവതലമുറയ്ക്കും സ്വയം വിലയില്ലാത്തവരായി കരുതുന്ന വൃദ്ധര്‍ക്കു തന്നെയും കണ്ടുപഠിക്കാനും കൊണ്ടുപഠിക്കാനും ഏറെയുണ്ട് സിനര്‍ജി ഹോമുകളില്‍ നിന്ന്...


Certificate of Appreciation

സംഘോര്‍ജത്തിന്‍റെ നാള്‍വഴികള്‍

സിനര്‍ജി എന്ന വാക്കിന്‍റെ അര്‍ത്ഥം സംഘോ ര്‍ജ്ജം എന്നാണ്. അതുകൊണ്ടുതന്നെ ഒന്നും ഒന്നും രണ്ട് എന്ന പഴയ കണക്കല്ല ഒന്നും ഒന്നും നൂറ് എന്ന പുതിയ കണക്കാണ് സിനര്‍ജി സ്വീകരിച്ചിരിക്കുന്നത്. കാരണം ഒരുമിച്ചുനില്ക്കുന്ന തിന്‍റെ ശക്തി അവര്‍ക്കറിയാം. മുപ്പിരിച്ചരട് പൊട്ടിച്ചെടുക്കാന്‍ പ്രയാസമുള്ളതുപോലെ ഒരേ മനസ്സും ഒരേ ചിന്താഗതിയും ഒരേ സ്വ്പനങ്ങ ളുമുള്ളവരെ പിളര്‍ത്തുക എളുപ്പമല്ല. വളര്‍ത്തുന്ന മനശ്ശാസ്ത്രത്തിന്‍റെ പ്രായോഗികവല്‍ക്കരണം എന്ന വിഷയത്തില്‍ 2014 ല്‍ മുതിര്‍ന്ന പൗരന്മാര്‍ ക്കായി നടത്തിയ ശില്പശാലകളില്‍ നിന്നാണ് സിനര്‍ജി റ്റിസിഐ ഫോറം ഫോര്‍ സീനിയര്‍ സിറ്റി സണ്‍സ് എന്ന സംഘടന രൂപീകരിച്ചത്. അന്നു മുതല്‍ മാസത്തിന്‍റെ രണ്ടാം ചൊവ്വാഴ്ചകളില്‍ സംഘടനയുടെ സമ്മേളനം കൂടാറുണ്ടായിരുന്നു. അത്തരമൊരു കൂട്ടായ്മയില്‍ നിന്നാണ് സിനര്‍ജി ഹോം എന്ന ആശയം ജനിച്ചത്. പരസ്പരം അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന തങ്ങള്‍ക്ക് എന്തുകൊണ്ട് ഇനിയുള്ള കാലം ഒരുമിച്ചുജീവിച്ചുകൂടാ? അപ്പോഴേയ്ക്കും സിനര്‍ജി യിലെ അംഗങ്ങളുടെ എണ്ണം എഴുപത്തിയഞ്ചോളമാ യിക്കഴിഞ്ഞിരുന്നു. അങ്ങനെ സമാനചിന്താഗതി ക്കാരും കൂടുതല്‍ അടുത്തറിയുന്നവരുമായ പതി നഞ്ച് കുടുംബങ്ങള്‍ ഒരുമിച്ചുതാമസിക്കാം എന്ന് തീരുമാനത്തിലെത്തുകയും അതിനുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്തു. അതിന്‍റെ പരിണതഫലമായാണ് അന്ത്യാളത്തു സിനര്‍ജി ഹോം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്.


പ്രകൃതിയുടെ മടിത്തട്ടില്‍

പ്രകൃതിയോട് ഇണങ്ങിജീവിക്കാനുള്ള ശ്രമമാണ് സിനര്‍ജി ഹോമുകളില്‍ ഉള്ളത്. ളാലംതോടിന് സമീപത്തായാണ് സിനര്‍ജി ഹോമുകള്‍ സ്ഥിതിചെയ്യുന്നത്. തോടിനരികിലായി ഒരു പാര്‍ക്ക് ക്രമേണ രൂപപ്പെടും. തോട്ടിലിറങ്ങി കുളിക്കാനുള്ള സൗകര്യവും ഉണ്ട്. വീടുകളിലേ ക്കുള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്പാദിപ്പിക്കാ നായി ജൈവകൃഷിക്കായുള്ള സ്ഥലവുമുണ്ട്. എല്ലാവീട്ടുകാരും കൂടി ഒത്തൊരുമിച്ച് കൃഷി ചെയ്യും. ശബ്ദമലിനീകരണമോ നഗരത്തിന്‍റെ തിരക്കുകളോ ഇല്ലാതെസ്വച്ഛമായ സ്ഥലം. പൊതുവഴി, കോമണ്‍ ഫസിലിറ്റിസെന്‍റര്‍, കിണര്‍, വാട്ടര്‍ടാങ്ക്, പാര്‍ക്കിംങ് ഏരിയ എന്നിവയും വീടുകള്‍ക്ക്പുറമെ ക്രമീക രിച്ചിട്ടുണ്ട്.


സിനര്‍ജി ഹോമുകളുടെ ഭാവി

റിട്ടയര്‍മെന്‍റിലെത്തിയ ദമ്പതികള്‍ ഒരുമിച്ചു താമസിക്കുന്ന സ്ഥലമാണല്ലോ സിനിര്‍ജി ഹോം? അപ്പോള്‍ ജീവിതപങ്കാളി മരിച്ചുപോയിക്കഴിയുമ്പോള്‍ അവരുടെ അവസ്ഥ എന്താകും? രണ്ടുപേരും മരിച്ചു പോയിക്കഴിഞ്ഞാല്‍ വീട് എന്താകും? ഇങ്ങനെ പലസംശയങ്ങളും സ്വഭാവികം. നാലരസെന്‍റ് സ്ഥലം ഓരോ കുടുംബത്തിനും ആധാരമെഴുതി കൊടുത്തിട്ടു ളളവയാണ്. അവ എപ്പോള്‍ വേണമെങ്കിലും ക്രയവിക്രയം ചെയ്യാന്‍ കഴിയുന്നതുമാണ്. മറ്റുളളവര്‍ക്ക് അതുവാങ്ങാന്‍ നിയമതടസങ്ങളുമില്ല. എങ്കിലും സിനര്‍ജി ഹോമുകളുടെ ആശയം ഉള്‍ക്കൊള്ളുകയും അതനുസരിച്ച് ജീവിക്കാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നവര്‍ക്കാണ് ഇവിടെ മുന്‍ഗണന. ഒരു കുടുംബത്തിന്‍റെ പേരില്‍ തങ്ങളുടെ മുഴുവന്‍ സ്വസ്ഥത നശിപ്പിക്കാനോ ആശയത്തില്‍ ചോര്‍ച്ച വരുത്താനോ മറ്റ് സിനര്‍ജി അംഗങ്ങള്‍ തയ്യാറല്ലതന്നെ.

വിനായക് നിര്‍മ്മല്‍

0

4

Featured Posts

Recent Posts

bottom of page