top of page

ആദ്യവായന

Jul 1, 2010

3 min read

അബ
Image : Kids in Kindergarten
Image : Kids in Kindergarten

ആദ്യത്തെ വായന ഭയത്തിന്‍റെ കാലമായിരുന്നു. പുസ്തകത്തിന്‍റെ വരികള്‍ക്കിടയിലേക്കോ, വായനശാലയിലേക്കോ ഭയത്തോടെയാണ് കയറി ചെല്ലുക. ആരും കാണാന്‍ പാടില്ല. വായനശാലയില്‍നിന്നും എടുക്കുന്ന പുസ്തകങ്ങള്‍ വീട്ടുകാരു കണ്ടാല്‍ ആകെ പ്രശ്നമാകും. അതുകൊണ്ടുതന്നെ എപ്പോഴും പുസ്തകങ്ങളെ ഒളിപ്പിച്ചു കൊണ്ടുനടന്നു. എന്നെ പുസ്തകത്തിലേയ്ക്ക് അടുപ്പിച്ചത് രണ്ടുപേരാണ് - അലവിയും അജി വര്‍ഗ്ഗീസും. എന്നെക്കാള്‍ പ്രായംകൂടിയ അലവിക്കയും അജിയേട്ടനും വലിയ വലിയ കാര്യങ്ങള്‍ പറയുന്നവരും ചിന്തിക്കുന്നവരുമാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അവരോടുള്ള ഇഷ്ടംകൊണ്ട് അവരെ നിരന്തരമായി പിന്‍തുടര്‍ന്നു. ഞങ്ങളുടെ ഗ്രാമമായ അമ്മായിപ്പാലത്തെ മാധവേട്ടന്‍റെ ചായപ്പീടികയിലെ പഴയ ബെഞ്ചിലിരുന്ന് അലവിക്കയും അജിയേട്ടനും വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യുമ്പോള്‍, എഴുത്തുകാരെക്കുറിച്ച് വാചാലമാകുമ്പോള്‍ ഞാന്‍ വാപൊളിച്ച് അടുത്തിരിക്കും. എന്തുകൊണ്ടോ അവര്‍ക്കെന്നെയും ഇഷ്ടമായിരുന്നു. പിന്നീട് അവരോടൊപ്പം പോകാന്‍ എനിക്ക് അവസരം കിട്ടിത്തുടങ്ങി. അമ്മായിപ്പാലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കോളിയാടി. നെന്‍മേനി പഞ്ചായത്ത് ലൈബ്രറി അവിടെയാണ്. വിശാലമായ ആ ലൈബ്രറിയിലേക്ക് വെയില്‍ ആറിത്തുടങ്ങിയാല്‍ ഞങ്ങള്‍ നടന്നുപോകും. അവിടേയ്ക്ക് എപ്പോഴും ബസ്സുണ്ട്. ടാക്സിയോടുന്ന ജീപ്പുണ്ട്. എന്നാലും അവര്‍ സംസാരിച്ചുകൊണ്ട് നടക്കും. ഒപ്പം ഞാനും.

പയ്യനായ എനിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന ചെറിയ പുസ്തകങ്ങള്‍ എടുത്തു തരും. ഒരിക്കല്‍ അലവിക്ക മാധവിക്കുട്ടിയുടെ കഥകളുടെ സമാഹാരം എനിക്കുനേരെ നീട്ടി. എന്നിട്ടു പറഞ്ഞു: "ഈ പുസ്തകത്തിലെ 'നെയ്പ്പായസം' ആദ്യം വായിക്കണം." ആ കഥ വായിച്ച രാത്രി എനിക്ക് സങ്കടമൊതുക്കാനായില്ല. ആ കഥയിലെ കഥാപാത്രങ്ങള്‍ കഥാപാത്രങ്ങളല്ലായെന്നും അവര്‍ സ്വന്തക്കാരായ ആരോ ആണെന്നും തോന്നി. പിന്നീടാണ് ബഷീറിന്‍റെ കൃതികള്‍ കിട്ടുന്നത്. വായിച്ച പുസ്തകങ്ങളെക്കുറിച്ച് അലവിക്കയും അജിയേട്ടനും ഇടയ്ക്ക് ചില ചോദ്യങ്ങള്‍ ചോദിക്കും. അതെനിക്ക് ഒരാനന്ദം പകര്‍ന്നു. വായന ഉത്സാഹം നിറഞ്ഞ ഒരന്വേഷണമാണെന്ന് തിരിച്ചറിയാന്‍ തുടങ്ങി.

എന്നാല്‍ വീടിനകത്ത് വായന പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പുസ്തകങ്ങളെ തിരിച്ചറിയുന്ന ആരുംതന്നെ വീട്ടിലുണ്ടായിരുന്നില്ല. മാത്രമല്ല വീട്ടില്‍ വരുന്ന ഒരു സ്നേഹിതന്‍, പുസ്തകങ്ങള്‍ വായിച്ചാല്‍ ഭ്രാന്തനായിപ്പോകുമെന്നും അമിതമായി വായിച്ചതുകൊണ്ടാണ് അലവിക്കയും അജിയേട്ടനും തോന്നിയതുപോലെ നടക്കുന്നതെന്നും ഉമ്മയെ പറഞ്ഞു പേടിപ്പിച്ചു. ബാപ്പയും അത് വിശ്വസിച്ചു. സ്വന്തം തീരുമാനങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസൃതം ശക്തമായി ജീവിച്ചുപോരുന്ന അലവിക്കായെയും അജിയേട്ടനെയും പലര്‍ക്കും ഇഷ്ടമില്ലായിരുന്നു. അവര്‍ അന്ന് സത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് ധീരമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്ക് അവരോട് ആരാധന വന്നു. ഉമ്മയാവട്ടെ കിടക്കയുടെ, തലയിണയുടെ, കട്ടിലിന്‍റെ അടിയിലെല്ലാം പുസ്തകങ്ങള്‍ പരതാന്‍ തുടങ്ങി. എന്‍റെയുള്ളില്‍ പുസ്തകങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു; ചിലതിന്‍റെ ഉത്തരങ്ങളും തന്നുതുടങ്ങി. കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരം. ഒരുപാട് പുതിയ മനുഷ്യരെ പരിചയപ്പെട്ടതുപോലെ, അറിയാത്ത ചില ദേശങ്ങളില്‍, ഭാഷയില്‍ പെട്ടെന്ന് എത്തിപ്പെട്ടതുപോലെയുള്ള ഒരവസ്ഥ. അതു പകരുന്ന ആഹ്ളാദവും ആവേശവും. മനസ്സിന്‍റെ ഓരോ ദിക്കില്‍നിന്നും ചെറിയ ചെറിയ ഭാവനകള്‍ ചിറകുമുളച്ചു പറക്കാന്‍ ആരംഭിച്ചു. ഇല്ലായ്മയുടെ സങ്കടങ്ങള്‍ പേറി ഉരുകുന്ന വീടിനകത്തുനിന്നും എനിക്ക് ആശ്വാസവും കരുത്തും പകരാന്‍ പുസ്തകങ്ങള്‍ക്കു കഴിയുന്നുണ്ടായിരുന്നു. ഒപ്പം പുതിയ ചില വെളിച്ചങ്ങളും. ചിരിയിലൂടെ കണ്ണീരിനെ മറികടക്കാന്‍, ബഷീറിന്‍റെ ആത്മധൈര്യം പകരാന്‍ കഴിയുന്ന കൃതികള്‍ ഗുരുവിനെപ്പോലെ വന്നു പഠിപ്പിച്ചു. കാരൂര്‍ നീലകണ്ഠപിള്ളയും ഉറൂബും എം.ടി.യുമെല്ലാം കടന്നുവന്നതോടെ ഞാന്‍ കൂടുതല്‍ ജാഗ്രതയുള്ളവനായി.

വീട്ടില്‍ നിന്നു വായിക്കാന്‍ കഴിയാതെ ഉഴലുന്നതിനിടയില്‍ ഒരിടം കണ്ടെത്തി. മലങ്കരപ്പള്ളിയുടെ മുറ്റമായിരുന്നു ആ ഇടം. ഉയരമേറിയ കുന്നിന്‍മുകളില്‍ മനോഹരമായ പള്ളി, മഞ്ഞനിറത്തില്‍. മുറ്റത്തെ വലിയ മരത്തിന്‍റെ ചുവട്ടില്‍ നില്‍ക്കുന്ന കുരിശുപള്ളിയുടെ ചുറ്റും എപ്പോഴും പ്രാവുകള്‍ പറക്കുന്നു. പച്ചപ്പു നിറഞ്ഞ കുന്നിനുമുകളില്‍ നീലമേഘങ്ങള്‍ ഒഴുകിനടക്കുന്നു. കുന്നിനു താഴെയായിട്ടാണ് ശ്മശാനം. ഭൂമിയില്‍ കുഴിച്ചിട്ട കുരിശുകള്‍. വൈകുന്നേരം പുസ്തകവുമായി അവിടേക്ക് പോകും. ഒപ്പം സുഹൃത്തായ ഷമീറും. ഷമീര്‍ പെട്ടെന്നു കടന്നുവന്ന സുഹൃത്തായിരുന്നു. അവന്‍ വായിക്കുകയും എന്നെക്കാള്‍ നന്നായി എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പള്ളിമുറ്റത്തേക്കു നടക്കും. അവന്‍ ധൈര്യവാനായിരുന്നു. അതെന്നെ കൂടുതല്‍ അടുപ്പിച്ചു. ഷമീറിന്‍റെ കൈയില്‍ എപ്പോഴും പൈസയുണ്ടാകും. വായനക്കിടയില്‍ തിന്നാന്‍ കടല, നുറുക്ക് അങ്ങനെയെന്തെങ്കിലും എപ്പോഴുമുണ്ടാകും. ഞങ്ങള്‍ അടുത്തടുത്തിരുന്നു വായന തുടങ്ങും. ഇടയ്ക്ക് എന്തെങ്കിലും സംസാരിക്കും. മടങ്ങുന്ന നേരത്ത് ശ്മശാനത്തില്‍ മെഴുകുതിരികള്‍ കത്തിക്കും. ഇരുട്ട് വീണാല്‍പോലും തിരിച്ചുപോരാന്‍ തോന്നാറില്ല. ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്നതുപോലെ ഒരു ദ്രോഹവും മരിച്ചവര്‍ നമ്മോടു ചെയ്യില്ലല്ലോ എന്നതുകൊണ്ടുതന്നെ ഭയവുമില്ല. വീടിനകത്ത് കിട്ടാത്ത ആശ്വാസം വായനക്കിടയില്‍ ഇവിടെ കിട്ടിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ അവിടേയ്ക്ക് വരുന്ന കാറ്റിനുപോലും ഒരു സുഗന്ധമുണ്ടെന്നു തോന്നി. ഇതിനിടയില്‍ ആരോ വീട്ടില്‍ചെന്നു പറഞ്ഞു, ഇപ്പോള്‍ എല്ലാ ദിവസവും എന്നെ വൈകുന്നേരം ശ്മശാനത്തില്‍ കാണാമെന്ന്. വീട്ടുകാര്‍ ഭയന്നു. വായിക്കുക എന്നത് ഏറ്റവും അപകടം പിടിച്ച ഒന്നാണെന്ന് അവര്‍ വിശ്വസിച്ചു. വായിക്കുന്നതുകൊണ്ടാണ് ശ്മശാനത്തില്‍ പോയിരിക്കാന്‍ തോന്നുന്നതെന്ന് കരച്ചിലോടെ ഉമ്മ എന്നോടു പറഞ്ഞു. ഞാന്‍ വായിക്കാതിരിക്കാന്‍ എവിടെ നിന്നോ മന്ത്രിച്ചു കൊണ്ടുവന്ന ചരട് എന്‍റെ കൈയില്‍ കെട്ടി. വാസ്തവത്തില്‍ ആ കുന്നില്‍മുകളില്‍ ചെന്നുള്ള ഇരുത്തവും പള്ളിമുറ്റവും പ്രാവുകളും തണുത്ത കാറ്റുമെല്ലാം തരുന്ന സുഖം നിര്‍വ്വചിക്കാന്‍ കഴിയാത്തതായിരുന്നു. ആ ഇടവും എനിക്ക് വിലക്കപ്പെട്ടു.

ഇടയ്ക്കൊക്കെ ചിലതെല്ലാം ഞാന്‍ കുത്തിക്കുറിച്ചുതുടങ്ങി. വായിക്കുന്നതും എഴുതുന്നതും തെറ്റാണെന്നു വീട്ടിലുള്ളവര്‍ നിരന്തരമായി എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. പുറത്തേക്കു കടക്കാന്‍ ഒരു വഴിയും തെളിഞ്ഞുവന്നില്ല. പുസ്തകങ്ങള്‍ പൂഴ്ത്തിവച്ചും അരയില്‍ തിരുകിയും കൂട്ടുകാരുടെ വീട്ടില്‍ കൊണ്ടുവച്ചും വായനയിലേക്ക് ഹൃദയം തുറന്നു നടന്നു. പിന്നീട് ചെറിയ ചെറിയ കഥകളൊക്കെ അച്ചടിച്ചുവന്നപ്പോള്‍, പോസ്റ്റ്മാന്‍ കത്തുകളും മാസികകളുമായി വീട്ടിലേക്ക് വരാന്‍ തുടങ്ങിയപ്പോള്‍, അച്ചടിച്ച കഥകള്‍ക്കുള്ള പ്രതിഫലം കിട്ടിയപ്പോള്‍ വീട്ടുകാര്‍ അംഗീകരിക്കാന്‍ തുടങ്ങി. സ്വന്തം വീട്ടുകാര്‍ അംഗീകരിക്കാതെ ആര് നമ്മളെ അംഗീകരിച്ചിട്ടും കാര്യമില്ലല്ലോ.

ചിലപ്പോള്‍ എല്ലാ വീടുകളും ഇങ്ങനെയായിരിക്കും. കുട്ടികളെ അവരുടെ അഭിരുചി അറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ മിക്ക വീടുകള്‍ക്കും കഴിയില്ല. വീട് എപ്പോഴും അവര്‍ക്കറിയാത്തതെല്ലാം തെറ്റാണെന്നു വിശ്വസിക്കുന്നു. വായിക്കാതെ ഒരു കുട്ടിയും വളരാന്‍ പാടില്ല. അതിനു അവസരമൊരുക്കേണ്ടത് വീടാണ്. പുതിയത് കണ്ടെത്താനുള്ള ഒരു ത്വര സൃഷ്ടിക്കുന്നത് വായനയാണ്. ആയതിനാല്‍ എനിക്ക് പരിചയമുള്ളവരോടൊക്കെ ഞാന്‍ പറയും: ഫുട്ബോള്‍ കളിക്കാതെ വളരാന്‍ പാടില്ലാത്തതുപോലെ വായിക്കാതെയും ഒരു കുട്ടിയും വളരാന്‍ പാടില്ല.

Featured Posts

bottom of page