top of page
കെ. പി. സി. സി. പുനഃസംഘടിപ്പിച്ചതുകൊണ്ട് ഏറ്റവുമധികം ഗുണം കിട്ടിയത് ഫ്ളെക്സ് ബോര്‍ഡു നിര്‍മ്മാതാക്കള്‍ക്കാണ്. നാലു വൈസ്പ്രസിഡന്‍റുമാരും രണ്ട് ജനറല്‍സെക്രട്ടറിമാരും 54 വെറും സെക്രട്ടറിമാരും ഏക ട്രഷററും മത്സരാടിസ്ഥാനത്തില്‍ അവനവന് അഭിവാദ്യം അര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഹോസങ്കടി മുതല്‍ കളിയിക്കാവിള വരെ റോഡായ റോഡുകള്‍ മുഴുവന്‍ ഫ്ളെക്സിനാല്‍ നിറഞ്ഞു.
കോണ്‍ഗ്രസുകാരോളം വരില്ലെങ്കിലും ഇടതുപക്ഷ സഖാക്കളും മോശക്കാരല്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി സുധാകരന്‍ അമ്പലപ്പുഴ മണ്ഡലത്തെ സ്വന്തം ഫ്ളെക്സ് ബോര്‍ഡുകൊണ്ടു നിറച്ചത് ഓര്‍മ്മിക്കുക.
രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്താന്‍ മതമേലധ്യക്ഷന്മാര്‍ക്കും സമുദായനേതാക്കള്‍ക്കും അര്‍ഹതയുണ്ടോ? മലങ്കര സഭയിലെ കക്ഷിവഴക്കും നായരീഴവ ഐക്യവും ഫ്ളെക്സ് ബോര്‍ഡുകളിലൂടെയാണ് മിന്നിത്തിളങ്ങിയത്. സ്ഥാനമേല്‍ക്കുന്ന മെത്രാന് ആശംസകള്‍ നേരാനും, കാലംചെയ്യുമ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനും ഫ്ളെക്സല്ലാതെ എന്തുണ്ട് ആശ്രയം? പ്രകൃതിസംരക്ഷണത്തിന്‍റെ സന്ദേശമുയര്‍ത്തിപ്പിടിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പായും ഫ്ളെക്സ് ബോര്‍ഡായി തെരുവില്‍ നിറഞ്ഞ് പ്രകൃതിമലിനീകരണം സൃഷ്ടിക്കുകയാണ്.
നേതാക്കന്മാര്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കും ഫ്ളെക്സ് ബോര്‍ഡ് അനുപേക്ഷണീയമാണ്. നാട്ടിന്‍പുറത്തൊക്കെ ആരു മരിച്ചാലും പരേതന്‍റെ പടംവച്ച് ഫ്ളെക്സ് അടിച്ച് ആദരാഞ്ജലി അര്‍പ്പിച്ചേ മതിയാകൂ. അല്ലെങ്കില്‍ ആത്മാവ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
മനുഷ്യര്‍ക്കു മാത്രമേ ഫ്ളെക്സാകാവൂ എന്നില്ല. ഉത്സവം കൊടിയേറിയ മകരം, കുംഭം, മീനം മാസങ്ങളില്‍ മധ്യകേരളത്തിലെ നിരത്തുകളില്‍ കെ.പി.സി.സി. ഭാരവാഹികളോടു മല്ലിടുന്നത് ഗജരാജന്മാരായ ഗുരുവായൂര്‍ വലിയ കേശവനും പാമ്പാടി രാജനും ഈരാറ്റുപേട്ട അയ്യപ്പനുമൊക്കെയാണ്.
സമാധാന കാലത്തേക്കാള്‍ തെരഞ്ഞെടുപ്പുകാലത്താണ് ഫ്ളെക്സിനുപയോഗം എന്നു പറയേണ്ടതില്ലല്ലോ? തലേദിവസംവരെ കുലംകുത്തിയെന്നു വിളിച്ചാക്ഷേപിച്ച നേതാവിന്‍റെ പടംവച്ച് ഫ്ളെക്സ് ബോര്‍ഡുണ്ടാക്കി വോട്ടുപിടിക്കുന്ന ധീരസഖാക്കളെ കാണാനും കേരളീയര്‍ക്കു ഭാഗ്യമുണ്ടായിട്ടുണ്ട്.
മലിനീകരണം ഹേതുവായി 2005 ലെ പഞ്ചായത്തു മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പു കാലത്ത് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫ്ളെക്സുപയോഗം നിരോധിക്കുകയുണ്ടായി. മിക്ക സ്ഥാനാര്‍ത്ഥികളും ഫ്ളെക്സടിച്ചു പ്രചരണം ഉഷാറാക്കിയ ശേഷമാണ് കമ്മീഷനു വിവേകമുദിച്ചതെന്നു മാത്രം.
2010 ല്‍ കമ്മീഷന്‍ കാലേക്കൂട്ടി ഫ്ളെക്സ് ബോര്‍ഡു നിരോധിച്ചു. കിം ഫലം? ഫ്ളെക്സ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. ഫ്ളെക്സ് ബോര്‍ഡടിച്ചു പ്രചരണം നടത്താനുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. മലിനീകരണ നിയന്ത്രണം തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമല്ല.
പഞ്ചായത്തു തെരഞ്ഞെടുപ്പിന്‍റെ സ്ഥിതി ഇതാണെങ്കില്‍ നിയമസഭാ-പാര്‍ലമെന്‍റു തെരഞ്ഞെടുപ്പുകളുടെ കഥ പറയാനില്ല. 'ഹരിത' എം.എല്‍.എ. മാര്‍ കൂടിയും ഫ്ളെക്സടിച്ചു ജയിച്ചവരാണ്.
മലബാറില്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ഹരം ഫുട്ബോളാണ്. ലോകകപ്പ് നടക്കുമ്പോള്‍ ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെയും ആരാധകര്‍ മത്സരിച്ച് ഫളെക്സ് ബോര്‍ഡുയര്‍ത്തും. ഇറ്റലിക്കും സ്പെയിനും ഫ്രാന്‍സിനും ആരാധകര്‍ കുറവല്ല. കാളികാവിലും കരുവാരക്കുണ്ടിലുമൊക്കെ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമുള്ളത്ര ആരാധകര്‍ മുസ്ലീംലീഗിലെ ഒരു നേതാവിനുമില്ല.
ഫ്ളെക്സ് ഉണ്ടാക്കുന്ന മലിനീകരണം ആര്‍ക്കും അറിയാത്തതല്ല. പ്ലാസ്റ്റിക് സഞ്ചി നിരോധിക്കുന്ന തദ്ദേശസ്ഥാപനങ്ങളും ഫ്ളെക്സ് ബോര്‍ഡിനെതിരെ ഒരു നടപടിയും എടുക്കില്ല. പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കുപ്പോലും അവനവന്‍റെ പടം ഫ്ളെക്സിലടിച്ചു കാണാനാണു കൗതുകം!
Featured Posts
bottom of page