
അടുത്ത കാലത്ത്, മനുഷ്യരുടെ പെരുമാറ്റത്തെ ബഹുമുഖമായ വീക്ഷണകോണിൽ നിന്ന് കൈകാര്യം ചെയ്യുന്ന ചില പുസ്തകങ്ങൾ കാണാനിടയായി. ന്യൂറോളജി, പരിണാമ ജീവശാസ്ത്രം, നരവംശശാസ്ത്രം, മനഃശാസ്ത്രം എന്നിവയിൽ നിന്നെല്ലാം മനുഷ്യ സ്വഭാവത്തെക്കുറിച്ച് സമഗ്രമെന്നവകാശപ്പെടുന്ന ധാരണ നൽകാൻ ശ്രമിക്കുകയാണവർ. എന്നാൽ ഒടുവിൽ, നമ്മെയവർ നിർണ്ണയവാദത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു: അവരുടെ അഭിപ്രായത്തിൽ നാമെല്ലാം ഒരു നിശ്ചിത ഘടകത്തിന്റെ ഉൽപ്പന്നങ്ങളാണ്. സാഹചര്യവും സന്ദർഭവും നമ്മുടെ പെരുമാറ്റത്തെ നിർണ്ണയിക്കുന്നു. മനുഷ്യന്റെ ആവേശം അഥവാ 'ത്വരകൾ'ക്ക് (urges) അവർ ആവശ്യത്തിലധികം ഊന്നൽ നൽകുന്നതായി തോന്നുന്നു.
യാഥാർത്ഥ്യത്തെ വ്യത്യസ്തമായ രീതിയിൽ നോക്കുന്ന ഏതാനം ചിന്തകരുമുണ്ട്. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്താണ് ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും മനഃശാസ്ത്രജ്ഞനുമായ വിക്ടർ ഫ്രാങ്ക്ൾന്റെ ചെറിയ ഈ ഉദ്ധരണി അയച്ചുതന്നത്:
"നമ്മുടെ തലമുറ യാഥാർത്ഥ്യബോധമുള്ളതാണ്, കാരണം നമ്മൾ മനുഷ്യനെ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. എല്ലാത്തിനുമുപരി, ഓഷ്വിറ്റ്സിലെ ഗ്യാസ് ചേമ്പറുകൾ കണ്ടുപിടിച്ചത് മനുഷ്യനാണ്; എന്നിരുന്നാലും, ചുണ്ടിൽ 'കർത്തൃ പ്രാർത്ഥന'യോ 'ഷേമാ യിസ്രായേലോ' കൊണ്ട് ആ ഗ്യാസ് ചേമ്പറുകളിലേക്ക് നിവർന്നുതന്നെ നടന്നുകയറിയതും അവനാകുന്നു".
ഈ പ്രശ്നം ബൈബിൾ നേരിടുന്നുണ്ട്. യേശു സ്വന്തം നാടായ നസറത്തിൽ വന്ന് സിനഗോഗിൽ ചെല്ലുമ്പോൾ വായിക്കാനും പ്രസംഗിക്കാനും അവർ ആവശ്യപ്പെടുന്നുണ്ട്. അവന്റെ ജ്ഞാനവചനങ്ങൾ കേൾക്കേ അവനെക്കുറിച്ച് അവർ ഇടർച്ച നേരിടുന്നു. അവർ പരസ്പരം ചോദിക്കുകയാണ്: ഇവൻ മറിയത്തിൻ്റെയും ജോസഫിന്റെയും മകനല്ലേ? നമുക്ക് അവന്റെ കുടുംബത്തെ അറിയില്ലേ? അവൻ എങ്ങനെ വ്യത്യസ്തനാകും?!
എല്ലാ മതങ്ങളുടെയും പ്രത്യേകിച്ച് ക്രിസ്തുമതത്തിൻ്റെ കാഴ്ചപ്പാടിൽ ഒരാൾക്കായി കുഴയ്ക്കപ്പെട്ട മണ്ണിനെക്കാൾ ഉയരാൻ അയാൾക്ക് കഴിയുമെന്നുതന്നെയാണ് പറയുന്നത്.
അതെ, ഒരാൾക് കതിന് കഴിയും.