top of page

ബോണ്‍ ഹോഫറിന്‍റെCost of discipleship ലൂടെ നമ്മളൊക്കെ കടന്നുപോയിട്ടുണ്ട്. ഒരു വാക്ക് മാത്രം ഒന്നുകൂടെ ഓര്‍മ്മപ്പെടുത്തട്ടെ. 'എന്നെ അനുഗമിക്ക' എന്ന വിളി രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പത്രോസിന് ലഭിക്കുന്നുണ്ട്. രണ്ട് വിളികള്‍ക്കിടയിലുള്ള അയാളുടെ ജീവിതമാകട്ടെ സംഭവബഹുലവുമാണ്. പാറപോലെ ഉറച്ചവനെന്ന സാക്ഷ്യമൊക്കെ നേടുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത നാളുകളില്‍ അയാളുടെ ധൈര്യമൊക്കെ വെള്ളത്തിലെ വര കണക്ക് മായുന്നുണ്ട്. ഗുരു പറഞ്ഞപോലെ അവന്‍ തള്ളിപ്പറഞ്ഞു. പക്ഷെ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നാവര്‍ത്തിച്ചാവര്‍ത്തിച്ച് അവനെ വീണ്ടും തന്നിലുറപ്പിച്ചെടുത്തിട്ട് ഗുരു പറഞ്ഞു, എന്നെ അനുഗമിക്കുക. സത്യമായും ഈ വരികള്‍ എത്ര ബലം നല്കുന്നവയാണ്. എത്രയാവര്‍ത്തി നാമവനെ ഉപേക്ഷിച്ചാലും അത്രയാവര്‍ത്തി നമ്മെ ചേര്‍ത്തു വയ്ക്കുന്ന അവന്‍റെ സ്നേഹത്തെക്കുറിച്ചുള്ള ബലം. ആദ്യം അനുഗമിക്ക എന്ന വിളികേട്ടാണ് നാമും ഇറങ്ങിയത്. എന്നിട്ട് എത്രവട്ടം പാളിപ്പോയിട്ടുണ്ട് ജീവിതം. എന്നിട്ടും ഓരോ തവണയും അവന്‍ നമ്മോടു ചോദിക്കാം, നീ എന്നെ സ്നേഹിക്കുന്നുവോ ഇപ്പോഴും! ശരിയാണ്, പലവട്ടം കരഞ്ഞുപോയിട്ടുണ്ട്. ദാ ഇപ്പോഴും! നിനവേയിലെ വി. ഇസഹാക്ക് എഴുതിയപോലെ, ദൈവം ശിക്ഷിക്കും എന്ന ഭീതിയല്ല സഖേ, തെറ്റുകളില്‍ നിന്നകലാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത്. പിന്നെയോ, ഓരോ തവണയും ചേര്‍ത്ത് പിടിക്കുന്ന ദൈവസ്നേഹത്തിന്‍റെ അപാരതയാണ് വീഴ്ചകളില്‍ നിന്നെണീല്‍ക്കാന്‍ നമ്മെ പ്രചോദിപ്പിക്കേണ്ടത്. അവന്‍റെ സഹയാത്രികര്‍ നേരിട്ട ഓരോ പരീക്ഷകളും എത്രയാഴത്തിലാണ് അവനിലേക്ക് അവരെ ചേര്‍ത്തുകൊണ്ടിരുന്നത്. Temptations are like the waves of the sea; without waves one cannot travel and without temptations one cannot be saved എന്നൊരു പൗരസ്ത്യ പാഠമുണ്ട്. വെളിപാടുകളുടെ ആധിക്യത്തില്‍ താന്‍ നിഗളിച്ചുപോകാതിരിക്കേണ്ടതിന് സാത്താന്‍റെ ദൂതന്‍ എന്നെ ജഡത്തില്‍ കുത്തുവാനായിട്ടുണ്ട് എന്ന് പൗലോസിന്‍റെ ആത്മഗതം ഈയര്‍ത്ഥത്തിലും ചിലപ്പോള്‍ നമുക്ക് ഗ്രഹിക്കാനായേക്കാം.
Featured Posts
Recent Posts
bottom of page