top of page
(വിഷാദരോഗ(depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന(Bipolar disorder))ത്തിനും സ്വാനുഭവത്തില്‍നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ 14 ദിവസത്തെ മരുന്നില്ലാ ചികിത്സയായ മനോനിലചിത്രണം (Mood Mapping)തുടരുന്നു. മനോനില(Mood)-യും ശാരീരിക ആരോഗ്യവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന ഏഴാം ദിവസം ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തി അഭികാമ്യമായ മനോനില കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നു.)
ആരോഗ്യകരമായ ഭക്ഷണക്രമം, ആരോഗ്യകരമായ മനോനിലയ്ക്ക് അത്യന്താപേക്ഷിതമാണെന്നു പറയേണ്ടതില്ല. മനോനിലയില്‍ സ്ഥിരതയും പുരോഗതിയും ആഗ്രഹിക്കുന്നവര്‍ അവരെന്തു ഭക്ഷിക്കുന്നു എന്നും അതവരെ എങ്ങനെ ബാധിക്കുന്നു എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം എനിക്കെന്ത് രുചി തരും എന്നതിനുപകരം ഭക്ഷണം എനിക്ക് എന്ത് അനുഭവം തരും എന്നാവണം നാം ചിന്തിക്കേണ്ടത്. കാരണം ഭക്ഷണം നിങ്ങളുടെ മനോനിലയെ സാരമായി ബാധിക്കും, നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വേഗതയില്‍.
എന്തു ഭക്ഷിക്കണമെന്നതു സംബന്ധിച്ച് നമുക്ക് ചില ധാരണകളൊക്കെയുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഏന്തൊക്കെ ഉള്‍പ്പെടുത്തണം എന്നും നമുക്കറിയാം. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, പാല്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ പിന്നെ ധാരാളം വെള്ളം. സംസ്കരിച്ച ഭക്ഷണയിനങ്ങളും കേടുവരാതിരിക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണവും മറ്റും ഒഴിവാക്കണം. നിങ്ങളെ ഊര്‍ജ്ജസ്വരാക്കുന്നതാവണം, ക്ഷീണിപ്പിക്കുന്നതാവരുത് നിങ്ങളുടെ ഭക്ഷണക്രമം. സ്വഭാവികഭക്ഷണം നിങ്ങളെ ആര്‍ത്തിയില്‍നിന്നും അമിതഭോജനത്തില്‍നിന്നും രക്ഷിക്കുക കൂടി ചെയ്യും.
അതു മാത്രമല്ല, നാം ഓരോരുത്തര്‍ക്കും ഓരോ ഭക്ഷണം ഓരോ രീതിയിലാണ് അനുഭവപ്പെടുക. ചിലര്‍ക്ക് മധുരം അത്ര നന്നായിരിക്കില്ല. ചില പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന മധുരംപോലും വേണ്ടത്ര വ്യായാമമി ല്ലാത്തവര്‍ക്കും ആവശ്യത്തിലധികം സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ (പ്രമേഹം) കാരണമായേക്കാം. അതു നിങ്ങളുടെ ഉന്മേഷം കെടുത്തുകയും മനോനില മോശമാക്കുകയും ചെയ്യും. മനോനില കൈകാര്യം ചെയ്യുന്നതിനുള്ള പരിശ്രമത്തില്‍ ഓരോ ഭക്ഷണവും നല്കുന്ന ഗ്ലൂക്കോസിന്‍റെ അളവ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പറയുന്നത്. ഗ്ലൂക്കോസ് കൂടുതല്‍ നല്കുന്ന ഭക്ഷണപദാര്‍ത്ഥം കഴിക്കുന്ന ഉടനെ നിങ്ങളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുത്തനെ കൂടുകയും വൈകാതെ കുറയുകയും ചെയ്യും. പഞ്ചസാരയാണ് ഗ്ലൂക്കോസ് ഏറ്റവും കൂടുതലുള്ള ഭക്ഷണ ഇനം. അന്നജരഹിത പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ മാംസവും മല്‍സ്യവും ഗ്ലൂക്കോസ് അളവ് കുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളത്രെ.
പ്രമേഹരോഗിയോ രോഗത്തിന് സാധ്യതയുള്ള ആളോ ആണെങ്കില്‍ നിങ്ങള്‍ പ്രോട്ടീനും മൃഗങ്ങളുടേതല്ലാത്ത കൊഴുപ്പും അടങ്ങിയ ഭക്ഷണത്തിന് മുന്‍ഗണന നല്കുക. അന്നജം അടങ്ങിയ ഭക്ഷണം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. കേക്കുകള്‍, ബിസ്ക്കറ്റുകള്‍ എന്തിന് വെള്ള അരി, പാസ്താ തുടങ്ങിയവ പോലും പ്രമേഹരോഗികളില്‍ മാത്രമല്ല എല്ലാവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവു കുത്തനെ കൂട്ടും. മനോനില നിയന്ത്രണത്തില്‍ ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ കരുതേണ്ടതുണ്ട്. അസംസ്കൃത മുഴുധാന്യങ്ങള്‍ (Unrefined wholegrains) ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുകയാണ് ഇക്കാര്യത്തില്‍ പ്രധാന പരിഹാരമാര്‍ഗം.
മനോനിലയെ നേരിട്ട് സ്വാധീനിക്കുന്ന മറ്റൊരു ഭക്ഷണഘടകം കഫീന്‍ (Coffeine) ആണ്. അതു കോളകളിലും ചോക്ളേറ്റുകളിലും കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്നു. പഞ്ചസാരപോലെതന്നെ ഇത് നിങ്ങളുടെ ഊര്‍ജനില പെട്ടെന്നു വര്‍ധിപ്പിക്കുന്നു. അതേപോലെ തന്നെ അത് താഴുകയും ചെയ്യുന്നു. കഫീന്‍ അടങ്ങിയ ഭക്ഷണമോ പാനീയമോ അധികമായി കഴിക്കുന്നത് നിങ്ങളുടെ മനോനിലയെ സാരമായി ബാധിക്കും.
നൈസര്‍ഗ്ഗിക ഭക്ഷണപദാര്‍ത്ഥങ്ങളാണ് ഏറ്റവും നല്ല ഭക്ഷണം. ഫാക്ടറികളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതും പായ്ക്കറ്റില്‍ വരുന്നതുമായ ഭക്ഷണം ഒഴിവാക്കുക. സ്വാഭാവിക ചേരുവകള്‍കൊണ്ട് നിങ്ങള്‍ത്തന്നെ പാചകം ചെയ്യുന്ന ഭക്ഷണമാണ് ആരോഗ്യകരമായ ഭക്ഷണം. ഒരു പഴത്തിന്‍റെ കഷണമോ, നട്ട്സോ, പച്ചക്കറിയോ ആണ് ആരോഗ്യപരമായ സ്നാക്സ്. ദുഷിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതുതന്നെ നിങ്ങളുടെ മനോനില സാരമായി മെച്ചപ്പെടാന്‍ സഹായിക്കും. ശരിയായ ഇന്ധനം ലഭിക്കുന്നതിനാല്‍ ശരീരത്തിന് അതിനാവശ്യമായത് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നു. അത് അനായാസേന പുനഃചംക്രമണം സാധ്യമാക്കുന്നു. തെറ്റായ ഇന്ധനമാണ് നാം ശരീരത്തിന് നല്കുന്നത് എന്നതാണ് പ്രശ്നം - പെട്രോള്‍ ഇന്ധനമുള്ള കാറില്‍ ഡീസല്‍ ഒഴിക്കുംപോലെ.
പ്രോട്ടീന്‍ ലഭിക്കുന്ന ശരീരം അതിനെ വിഭജിച്ച് അതിനെ ശരീരത്തിന്‍റെ തന്നെ ഭാഗമാക്കുന്നു. 'അമിനോ ആസിഡ്' എന്നാണ് ഇതിന്‍റെ സാങ്കേതികനാമം. ശരീരത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്ത ചെറിയൊരളവ് അമിനോ ആസിഡുകളുണ്ട്. അവയെ 'എസന്‍ഷ്യല്‍ അമിനോ ആസിഡ്' എന്നാണ് പറയുക. ഇവയില്‍ പലതും ശരീരത്തിന് ആവശ്യവുമില്ല. നാം ഭക്ഷിക്കുന്ന അധിക പ്രോട്ടീന്‍ ദഹിപ്പിക്കുന്നതിനാണ് ശരീരം ഊര്‍ജത്തില്‍ അധികവും ചെലവാക്കുന്നത്. സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ ശരീരം ആരോഗ്യകരമായ അവസ്ഥയിലെത്തും. അതനുസരിച്ച് നമ്മുടെ മനോനിലയും.
(തുടരും)
Featured Posts
bottom of page