top of page

മണ്ടന്മാര്‍

Apr 1, 2016

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
A circus tent.

അറം പറ്റിയെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഒരു പാട്ട് കേള്‍ക്കയാണ്.

'മേലെ പടിഞ്ഞാറ് സൂര്യന്‍

താനെ മറയുന്ന സൂര്യന്‍

ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍

തെല്ലു തെക്കെ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ'


ദൂരെ നിന്ന് നോക്കുമ്പോള്‍ പൊട്ടിച്ചിരിപ്പിച്ച എല്ലാ മനുഷ്യരും ചാരെ നിന്ന് കാണുമ്പോള്‍ വെറും ഒറ്റ മുറിവായിരുന്നുവെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് മണിയും കടന്നുപോയി. ഇപ്പോള്‍ അയാളുടെ പഴയ ഇന്‍റര്‍വ്യൂകളൊക്കെ മാധ്യമങ്ങളില്‍ പുനഃപ്രക്ഷേപണം ചെയ്യുകയാണ്. അയാളോട് ഓരോരോ ചോദ്യങ്ങള്‍ ചോദിച്ച് വെട്ടിലാക്കാന്‍ ശ്രമിക്കുന്ന അതിബുദ്ധിമാന്മാരുടെ ചിറികോണില്‍ പരിഹാസം ഒളിപ്പിച്ച് വച്ചിട്ടുണ്ടോ? അയാളുടെ നിറം, ദാരിദ്ര്യം, ജാതി, ഉറക്കെയുള്ള ചിരി ഒക്കെ ആദരവില്ലാതെ ചോദ്യം ചെയ്യപ്പെടുന്നു. അതിലൊന്നില്‍ സംഭാഷണം അവസാനിക്കു ന്തോറും അയാള്‍ കൂനിക്കൂടി വരുന്നു. നിറകണ്ണോടെ എന്തൊക്കെയോ വ്യഥകള്‍ അയാള്‍ പറഞ്ഞുതീര്‍ക്കാന്‍ വൃഥാ ശ്രമിക്കുന്നുണ്ട്.


ഞാനെന്തുകൊണ്ടോ ആ പഴയകഥ ഓര്‍മ്മിക്കുന്നു. സര്‍ക്കസ്സ് കൂടാരമാണ് പുറകിലെവിടെ നിന്നോ തീയാളുന്നത് ആദ്യം കണ്ടത് കൂറിയ ആ മനുഷ്യനായിരുന്നു - കോമാളി. അയാള്‍ വേദിയിലേക്ക് കിതച്ചെത്തി. ഉറക്കെ നിലവിളിച്ചു. തീ കത്തിക്കാളുന്ന തീ! ആള്‍ക്കൂട്ടം തലയുറഞ്ഞുയുറക്കെ ചിരിച്ചു. ആള്‍ക്കൂട്ടത്തിന്‍റെ ചിരികള്‍ക്കും കോമാളികളുടെ നിലവിളികള്‍ക്കുമിടയില്‍ ജീവിതത്തിന് തീ പിടിക്കുന്നു. പഴയ നിയമത്തിലെ പ്രവാചകന്മാരെ വായിക്കുമ്പോഴും ഇതു തോന്നിയിട്ടുണ്ട്. തെരുവുകളില്‍ അവര്‍ കാട്ടിയ നിറംകെട്ട, വില കുറഞ്ഞ നാടകങ്ങള്‍ - ഒരാള്‍ ഒരു കുടം പൊട്ടിച്ച് കാട്ടുന്നു. മറ്റൊരാള്‍ അരക്കച്ച കീറി ഓരോരോ ഇടങ്ങളില്‍ ഒളിപ്പിച്ചുവച്ച് പിന്നീടത് തപ്പിയെടുക്കാന്‍ ശ്രമിച്ച് കുഴയും. നമുക്കു മന്ദഹസിക്കുവാന്‍ ഓരോരോകാരണങ്ങള്‍ വച്ചു നീട്ടുമ്പോഴും അവരുടെ ഉള്ളം പൊള്ളുകയാണ്. ഉടഞ്ഞ പാത്രംപോലെ മനുഷ്യര്‍ ചിതറുമെന്നും കീറിയ പഴന്തുണികള്‍ പോലെ ഒരു ദേശം ജീര്‍ണ്ണിച്ചുപോകുമെന്നും എന്നൊക്കെ ഓര്‍ത്ത് ഓര്‍ത്ത്.


ഫെല്ലിനിയുടെ ലാ സ്ട്രാഡ ഒരിക്കല്‍ കൂടി കണ്ടു. ഒരു സര്‍ക്കസ് സംഘത്തിന്‍റെ പശ്ചാത്തലത്തിലാണ് അത്. കഠിനഹൃദയനായ ഉടമ, എല്ലാത്തരത്തിലും അയാളുടെ അടിമയായ ഒരു പെണ്‍കുട്ടി, ഹൃദയപൂര്‍വ്വം ജീവിക്കുന്ന ഒരു കോമാളി എന്നിവരി ലൂടെ സങ്കീര്‍ണ്ണമായ ചില മാനസികബന്ധങ്ങളുടെ കഥയാണ് അയാള്‍ പറഞ്ഞു തീര്‍ക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും തീക്ഷണമായ ആന്തരിക ലോകം അയാള്‍ക്കാണ് - ആ കോമാളിക്ക്. അയാളാണവളുടെ രക്ഷകനാകുന്നത്. എല്ലാ രക്ഷകന്മാരെപ്പോലെ അയാളും കൊല്ലപ്പെടുന്നു. മറ്റുള്ളവരില്‍ ചിരി ഉണര്‍ത്തുവാന്‍ വിചിത്രവേഷങ്ങളും ചടുലചലനങ്ങളുമായി അരങ്ങിലെത്തുന്ന ഇവര്‍ ആരെയാണ് യഥാര്‍ത്ഥത്തില്‍ കളിപ്പിക്കുന്നത്. മറ്റുള്ളവര്‍ മണ്ടനെന്നു വിശേഷിപ്പിക്കുന്ന ഒരു ജേഷ്ഠസഹോദരന്‍ എനിക്കുണ്ട്. അയാളെ തെല്ലു പ്രായോഗിക മനുഷ്യനാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ അയാള്‍ പുഞ്ചിരിയോടെ അവഗണിച്ചു. ലളിതമായ ഒരു യുക്തിയാണ് അയാള്‍ പറയുന്നത്: മറ്റുള്ളവരെ വിഡ്ഢിയാക്കുന്നതിനെക്കാള്‍ എത്ര മടങ്ങ് നല്ലതാണ് സ്വയം മണ്ടനായി ഇങ്ങനെ ജീവിക്കുക. അതും സി രാധാകൃഷ്ണന്‍റെ ഭാഷയില്‍ ഒരു നിറകണ്‍ ചിരി തന്നെ!


എല്ലാവര്‍ക്കും പാര്‍ക്കാന്‍ ഇടമുണ്ടായിരുന്നിട്ടും അവരുടെ ഹൃദയത്തില്‍വസിക്കുവാന്‍ ആരും തയ്യാറായില്ല. ഭൂമിയുടെ അവസാനത്തെ മനുഷ്യനെന്നമട്ടില്‍ ഒറ്റപ്പെടലിന്‍റെയും പരിഹാസത്തിന്‍റെയും ഭീതി അവശേഷിപ്പിച്ചു കൊണ്ട് അവരില്‍ നിന്നും നമ്മള്‍ ഇറങ്ങിപ്പോയി. അവര്‍ പരിത്യക്തരായി. മേരാനാം ജോക്കറും, കെ.ജി ജോര്‍ജ്ജിന്‍റെ മേളയുമൊക്കെ അവരനുഭവിച്ച ശൂന്യതയുടെ വേദനിപ്പിക്കുന്ന കഥകളാണ് പറഞ്ഞുതന്നത്. ചിരിച്ച് ചിരിച്ച് മറഞ്ഞുപോകുന്ന കോമാളിജീവിതം... ശാരീരികമായ ചില അസാധാരണതകളെ ഉപജീവനത്തിനായി ഉപയോഗിച്ച് കടുംവര്‍ണ്ണ ചായക്കൂട്ടുകളില്‍ ആത്മഭാവങ്ങളെയെല്ലാം മൂടി സര്‍ക്കസ് കൂടാരത്തില്‍ മാത്രമല്ല അവരുള്ളത്. കോമാളിത്തത്തിന്‍റെ അംശങ്ങള്‍ എല്ലാ മനുഷ്യരിലുമുണ്ട്. എന്നാല്‍ ആത്മാവിന്‍റെ ആവരണങ്ങള്‍ അഴിച്ച് സങ്കോചങ്ങളില്ലാതെ സ്വന്തം സ്വത്വം വെളിപ്പെടുത്താനുള്ള ധൈര്യമില്ലാത്തതിനാല്‍ നാം വിജയികളുടെ മൂഡസ്വര്‍ഗ്ഗത്തില്‍ ബുദ്ധിയുള്ളവരായി ജീവിക്കുന്നു. വിശുദ്ധമായ ഉന്മാദത്തോളമെത്തി ജീവിതത്തിന്‍റെ പുറംപോക്കുകളില്‍ വല്ലാതലഞ്ഞ് മാഞ്ഞുപോകുന്ന കോമാളികള്‍ അവസാനത്തെ കളിക്ക് കാത്തുനില്‍ക്കുന്നില്ല. ഉപാധികളില്ലാതെ പിന്മാറാന്‍ അറിയാവുന്നതുകൊണ്ട് കാണികളുടെ മനസ്സിലാണ് ഇനി അവര്‍ക്ക് എന്തെങ്കിലും ജീവിതമുള്ളത്.


സ്നേഹത്തിന്‍റെ അന്ധതകളില്‍ വിശ്വാസിയുടെ അപായകരമായ യാത്രയിലുമൊക്കെ ഒരു കോമാളി പതിയിരിക്കുന്നുണ്ട്. ഒരു കഠിനപ്രണയിനിയെ നോക്കൂ. ലോകം ഒരാളിലേക്ക് ഇങ്ങനെ ചുരുങ്ങി ചുരുങ്ങി വരുമ്പോള്‍ അവരുടെ കാലം അവരെ പോഴരായി എണ്ണി. ചെറുപ്പത്തില്‍ കണ്ട മൂന്നാംപിറ എന്ന ചിത്രത്തിലെ ഒടുവിലത്തെ ദൃശ്യങ്ങള്‍ മധ്യവയസ്സിലും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. വിജി-വിജീീീ എന്നു നിലവിളിച്ച് അകന്നുപോകുന്ന പ്രണയിനിയുടെ ഓര്‍മ്മയെ വീണ്ടെടുക്കാന്‍ കുരങ്ങിനെ കണക്ക് കരണം മറിഞ്ഞും കോക്രി കാട്ടിയും ചോര പൊടിയുന്ന അതിലെ നായകന്‍. കമലാഹാസനാണത്. ഒരു കോമാളിക്ക് എത്ര ചങ്കുലയ്ക്കാനാകുമെന്ന് ചെറുതിലെ പഠിപ്പിച്ചത് ബാലു മഹേന്ദ്രയുടെ ആ ചിത്രമായിരുന്നു. അയാളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന ശോഭയെന്ന പെണ്‍കുട്ടിയുടെ മരണത്തിനുശേഷം വന്നതുകൊണ്ട് ആ ചിത്രത്തില്‍ സംവിധായകന്‍റെ ആത്മാംശം ഉണ്ടെന്ന് മുതിര്‍ന്ന ആരോ പറഞ്ഞു തന്നതും മറന്നിട്ടില്ല.


പത്മരാജന്‍റെ പ്രണയകഥകളിലെ ലോല തന്നെ ഉപേക്ഷിച്ചിട്ട് പോകുമെന്ന് അറിഞ്ഞിട്ടും തന്‍റെ കാമുകനോട് പറയുന്നത് ഒരു രാജ്യത്തിന്‍റെ മുഴുവന്‍ വിഡ്ഢിത്തത്തെക്കുറിച്ചാണ്. അവള്‍ പ്രണയി ആണ്. അവള്‍ മാത്രമല്ല ലഹരിയുടെയും പ്രണയാന്ധതകളുടെയും അരാജക വഴികളില്‍ സ്വയം ഒടുങ്ങിയ മെര്‍ലിന്‍ മെന്‍ഡ്രോയുടെ ആരാധകര്‍, ഒരു വിഡ്ഢിയായിരുന്നു അവരുടെ നായിക എന്ന് പരിതാപത്തോടെ ഏറ്റു പറയുന്നു. അതില്‍ ഒരുതരം ക്രൂരതയില്ലേ? ജീവിതം കൈവിട്ട് പോയവര്‍. ബോധപൂര്‍വ്വം വിട്ടു കളഞ്ഞവര്‍ എല്ലാം വിഡ്ഢികളാണോ? ആര്‍ക്കുവേണ്ടി എന്തിനുവേണ്ടിയാണവര്‍ അത്തരം പരിഹാസജീവിതം നയിച്ചത്, കോമാളി ജീവിതത്തെ ആഴത്തില്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു പാഠമാണ്.


ലോകത്തെവിടെയും ദുരന്തങ്ങളോടൊപ്പം പ്രഹസനങ്ങളുമുണ്ട്. കൊടുംഭീകരമായ സംഘര്‍ഷങ്ങളെ മയപ്പെടുത്തുന്ന നാടോടി മനഃശാസ്ത്രം! ദുരന്തമോചനമെന്ന വലിയ ദൗത്യം ഏറ്റെടുക്കുന്ന കോമാളികള്‍ - പല ഭാഷകളില്‍ പല വേഷങ്ങളില്‍ അവര്‍ എവിടെയുമുണ്ട്. 'കോമാളിയുഗത്തിലെ പുരുഷഗോപുരങ്ങളായി'! ചരിത്രത്തിന് അവര്‍ ജ്ഞാനികളാണ്. ഉള്‍ക്കണ്ണുകൊണ്ട് അധികാരത്തെ പരിഹസിച്ചും വിമര്‍ശിച്ചും ചിരി മൂടിവച്ച ക്രോധമാണെന്ന് ധരിപ്പിച്ചവര്‍. വിദൂഷകത്വം ചിലര്‍ക്ക് ഒരു നിയോഗമാണ്. മറ്റുചിലരില്‍ സാഹചര്യം കൊണ്ട് വന്നു ഭവിക്കുന്നതും. വെറും കളിപ്പാവകള്‍! സ്വയം ഒരു കോമാളിയാണെന്ന് തിരിച്ചറിവ് ആത്യന്തം ദാരുണമായിരിക്കുന്നു. അവര്‍ക്ക് കാലമില്ല. അയപ്പപണിക്കരുടെ ഒരു കവിതപോലും അവരുടെ ആകാശം നരച്ചിരിക്കുന്നു. അവരുടെ നക്ഷത്രങ്ങളില്‍ ഇരുള്‍ മൂടിയിരിക്കുന്നു. തെരുവീഥികളില്‍ നിങ്ങള്‍ അവരെ നിന്ദിക്കും. അവര്‍ ചൊരിമണലിലൂടെ അന്തമില്ലാതെ അലയും. അവര്‍ക്ക് ഋതുക്കള്‍ അന്യമാണ്. ചിരിയും കരച്ചിലിനും തമ്മില്‍ നേര്‍ത്ത അതിരുമാത്രമാണെന്ന് അറിയുന്ന നിമിഷം ഒരു കൊടുംങ്കാറ്റ് അവരെ കടപുഴക്കും.


വിശുദ്ധരായ പോഴന്മാരെക്കുറിച്ചാണ് നിങ്ങളുടെ മതപാഠങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രായോഗികജ്ഞാനം കൊണ്ടു മാത്രം രൂപപ്പെട്ട അപരങ്ങളില്‍, പറഞ്ഞുപതിഞ്ഞ ആശയാവലികളില്‍ നിന്നെല്ലാം എന്നേക്കുമായിട്ട് പുറംതള്ളപ്പെട്ട വിഡ്ഢി. അത്തരം വിഡ്ഢികളാണ് ഭൂമിയെ നവീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍. സമര്‍പ്പിതമായ ആത്മസത്തയുടെ മറ്റൊരു പേരായി ഭോഷനെ കരുതണം. നിഘണ്ടുവില്‍ അങ്ങനെയൊരു കൂട്ടിയെഴുത്ത് കാലം ആവശ്യപ്പെടുന്നുണ്ട്. അവരാണ് കാറ്റിനോടും മരങ്ങളോടും പര്‍വ്വതങ്ങളോടും മരുഭൂമികളോടും ഋതുക്കളോടും തന്മയീ ഭവിച്ച് ജീവിച്ചിരിക്കെ അസ്ഥികള്‍ പൂക്കുന്നത് എങ്ങനെയെന്ന് ലോകത്തോട് വിളിച്ചു പറയുന്നത്. ക്രിസ്റ്റഫര്‍ കൊയ്ലോ തന്‍റെ പ്രശസ്തമായ പുസ്തകത്തിനിട്ടിരിക്കുന്ന പേര് ഓര്‍ക്കൂ- ഫൂള്‍ ഓഫ് ഗോഡ്.


മാര്‍ക്ക് മാന്‍ല്ലെറ്റിന്‍റെ യേശുവിനെക്കുറിച്ചുള്ള വിഖ്യാതമായ ഒരു ചിത്രത്തിന്‍റെ പേരുമതാണ് - ഫൂള്‍ ഓഫ് ഗോഡ്. റഷ്യയിലെ ആ പേരില്‍ താപസ്സരുടെ ഒരു സമൂഹം ഉണ്ടായിരുന്നു, കുഞ്ഞുങ്ങളെ കൂട്ടകൊല ചെയ്തിരുന്ന ഒരു ചക്രവര്‍ത്തിയുടെ മുമ്പില്‍ ഒരു നോയമ്പുകാലത്ത് ചോര ഇറ്റുവീഴുന്ന പച്ച ഇറച്ചി കടിച്ച് അവരില്‍ ഒരാളെത്തി. അതില്‍ എല്ലാം ഉണ്ടായിരുന്നു. അപകടം പിടിച്ച പോഴന്മാര്‍!


ഡാര്‍വിന്‍ അവാര്‍ഡ് എന്നൊരു വകയുണ്ട്. ആ പേരിനുപിന്നില്‍ കളിയാണോ പരിഹാസമാണോ എന്ന് ഇപ്പോഴും അത്ര നിശ്ചയം പോര. നാച്ചുറല്‍ സെലക്ഷന്‍, എലിമിനേഷന്‍ തുടങ്ങിയ പരിണാമത്തിലെ പ്രധാനവാക്കുകളെ പരിഹാസമാ ക്കുകയാണവര്‍. മഹാമണ്ടത്തരങ്ങള്‍കാട്ടി ഈ ഭൂമിയെന്ന കളം കാലിയാക്കിയ വരെയാണ് അതിലേക്ക് പരിഗണിക്കുന്നത്. നൈട്രജന്‍ ബലൂണ്‍ കസേരയില്‍ കെട്ടി ആകാശത്തേക്ക് പറന്നുപോയി വീരമൃത്യുവരിച്ചവരും ചില്ലുപാളികള്‍ ഉണ്ടെന്ന് വിചാരിച്ച് ജാലകത്തിലേക്ക് വലിഞ്ഞുകയറി പത്താം നിലയില്‍ നിന്ന് താഴേക്ക് വീണവരും ഒക്കെ ആ പട്ടികയില്‍ ഉണ്ട്. മണ്ടത്തരങ്ങള്‍ക്ക് ഒരു മരണാനന്തരവാഴ്ത്ത് എന്ന് സാരം.


പോഴന്മാരും പോഴത്തരങ്ങളും ഇനിയുമുണ്ടാകട്ടെ, വണ്‍ മിനിറ്റ് നോണ്‍സെന്‍സ് എന്നത് ടോണി ഡിമല്ലോയുടെ അവസാനത്തെ പുസ്തകമാണ്. ടോണിയുടെ മരണത്തിനുശേഷമാണ് അത് പ്രസ്സിലേക്ക് എത്തുന്നത്. നമ്മുടെ ദശകങ്ങളിലെ ഏറ്റവും വലിയ ജ്ഞാനോപാസകരില്‍ ഒരുവനായിരുന്നു ടോണി. എന്നിട്ടും ഒടുവിലത്തെ പുസ്തകത്തിന് ഇങ്ങനെയൊരു ശീര്‍ഷകം- നോണ്‍സെന്‍സ്! ഒന്നോര്‍ത്താല്‍ ജീവിതം തന്നെ ഒരു പോഴത്തരമാണ്. ഗൗരവത്തില്‍ നാമേര്‍പ്പെടുന്ന പല കാര്യങ്ങളും തിരിഞ്ഞുനോക്കുമ്പോള്‍ സങ്കടഭരിതമായ ഒരു ചിരിയായിരുന്നില്ലേ. കിഴവനും കടലിലെ കാരണവരെപ്പോലെ വല്യമീനെ പിടിച്ചെന്ന് കരുതി കരയിലെത്തി തിരിഞ്ഞുനോക്കുമ്പോള്‍ മത്സ്യമില്ല. മുള്ളുമാത്രം... ചിരിയൊക്കെ ഷേവിംഗ് റേസറിലെ സോപ്പുപതപോലെയാണ്. ഒരു ഇത്തിരി അലക്ഷ്യത്തില്‍ ചോര പൊടിയാന്‍ കാത്തിരിക്കുന്ന കാലം. അതുകൊണ്ടാണ് ഇപ്പോള്‍ ചിരിക്കുന്നവരെ അയ്യോ കഷ്ടം എന്ന്, മരിക്കുന്നതിന് മുമ്പ് ഒരു മാത്രയെങ്കിലും കോമാളിവേഷം കെട്ടാന്‍ വിധിക്കപ്പെട്ട ആ മരപ്പണിക്കാരന്‍ നമ്മളോട് ചെവിട്ടോര്‍മ്മ പറയുന്നത്.

ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

0

Featured Posts

Recent Posts

bottom of page