top of page

പാദക്ഷാളനം

Apr 11, 2021

2 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Jesus is washing the apostils feet

മരണമയക്കത്തിലേക്ക് വഴുതിപ്പോകുന്നതിനിടയിലും രോഗിലേപനത്തി നെത്തിയ ബിഷപ്പ് കാല്പാദങ്ങളെ തൈലം പൂശുമ്പോള്‍, ഒന്ന് കുതറി അരുതെന്ന് പറഞ്ഞ് തടയുന്ന ഒരു വയോധിക വൈദികനെക്കുറിച്ച് A New Kind of Fool, Meditations on Saint Francis തുടങ്ങിയ പുസ്തകങ്ങളുടെ എഴുത്തുകാരനായ ക്രിസ്റ്റഫര്‍ കൊയ്ലോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൗരസ്ത്യബോധത്തിന് തീരെ നിരക്കാത്ത ഒന്നാണ് തങ്ങള്‍ക്ക് മീതേ എന്ന് കല്പിച്ച മനുഷ്യര്‍ വിധേയരുടെ കാലടികളെ തൊടുകയെന്നത്. ഭാരതത്തിലാവട്ടെ അത് ചരണ്‍ സ്പര്‍ശ എന്ന പേരില്‍ വേദകാലത്തോളം പഴക്കമുള്ള രീതിയാണ്. അതുകൊണ്ടാവണം രാധയുടെ പാദങ്ങളെ മാധവന്‍ ചുംബിച്ചതെന്ന് എഴുതാനാഞ്ഞ ജയദേവര്‍ ഒരു വീണ്ടുവിചാരത്തില്‍ അടി മുടി പരിഭ്രമിച്ചു പോയത്. എഴുത്ത് പൂര്‍ത്തിയാക്കാതെ തീര്‍ത്ഥാടനത്തിന് പോയ കവി മടങ്ങിവരുമ്പോള്‍ അയാള്‍ എഴുതാന്‍ ഭയന്ന വരികള്‍ ഭഗവാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നു.

പീറ്ററിനത് താങ്ങാനാവുന്നില്ലായിരുന്നു. തന്‍റെ കാല്പാദങ്ങളെ കഴുകാനായുന്ന ഗുരുവിനോട് അയാള്‍ അരുതെന്ന് കെഞ്ചി. ഞാന്‍ നിന്നെ കഴുകിയില്ലെങ്കില്‍ നിനക്ക് ഈ വിരുന്നില്‍ പങ്കാളിത്തമുണ്ടാവില്ല എന്നായിരുന്നു യേശുവിന്‍റെ മറുപടി. അതിലൂടെ കേവലം ഒരു ആചാരത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ ചുരുങ്ങേണ്ടതല്ല ഈ പാദക്ഷാളനം എന്ന പ്രകാശമുണ്ടായി.

പാദം അങ്ങനെ ഇവിടെ ഒരു പ്രതീകമായി. മനസ്സുകൊണ്ടും ശരീരം കൊണ്ടുമുള്ള ഓരോരുത്തരുടെയും സഞ്ചാരങ്ങളില്‍, പൊടി പുരളാവുന്നതും വ്രണിതാനുഭവങ്ങളില്‍ വെന്തതും വിശ്രാന്തിയില്ലാത്തതിനാല്‍ വിണ്ടുകീറിയതുമായ ഒരാളിലെ ആന്തരികതയുടെ അംശം. അത് തണുപ്പും പരിചരണവും ശുദ്ധിയും അര്‍ഹിക്കുന്നുണ്ട്. ആശയം വ്യക്തമായിരുന്നു. അതുകൊണ്ടാണയാള്‍ ഇങ്ങനെ കുമ്പസാരിച്ചത്: എന്നെ കുളിപ്പിക്കണമേ!

അതൊരു കണ്ടെത്തലാണ്. കാലിടറുന്നതിനു മുന്‍പേ ശിരസ്സാണ് ഇടറിയത്. ബോധത്തിനാണ് ജ്ഞാനസ്നാനം ആവശ്യമുള്ളത്. ഭാവനകളുടെ ശുദ്ധീകരണമാണ് പ്രധാനം. യേശു രൂപപ്പെടുത്തിയ പാപസങ്കല്പം പോലും അതിനോട് ചേര്‍ന്നുനില്‍ക്കുന്നു. കൊലപാതകത്തിന് കഠാരയും പരസംഗത്തിന് കിടക്കയും വേണ്ടെന്ന് പറഞ്ഞ് പാപം ഒരു ക്രിയയല്ലെന്നും വ്യതിചലിച്ച ഭാവനയാണെന്നും അവനാണ് അവരോട് പറഞ്ഞത്.

ഇവന്‍റെ മൂര്‍ദ്ധാവിലാണ് അങ്ങ് ഈ ജലം ഇറ്റുവീഴ്ത്തേണ്ടത്. വിമലീകരിക്കപ്പെട്ട ഭാവനയുടെ ലോകത്തെ ഒരിക്കല്‍ക്കൂടി കണ്ടുതുടങ്ങുന്നിടത്താണ് എന്‍റെ വീണ്ടും പിറവി. ആത്മനിന്ദയെന്ന കടമ്പയില്‍ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററില്‍ അതിന്‍റെ വാങ്ങല്‍ വളരെ ശക്തമായിരുന്നു. മുന്‍പൊരിക്കല്‍ 'ഇത് ഇടറിയവരുടെ തീരമാണ്, ഇവിടം വിട്ടു പോകണമേ' എന്ന് യാചിച്ച ഒരാളാണയാള്‍. പാദം കഴുകുന്നവനോട് അടിമുടി കുളിപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നാണ്ട് ദൈര്‍ഘ്യമുള്ള അനുയാത്രയ്ക്ക് ശേഷവും അത്തരം ചായ്‌വുകളിൽനിന്ന് കാര്യമായ മുക്തി ഇനിയും ഉണ്ടായിട്ടില്ല എന്നു സാരം. അവനവനോടുതന്നെ മതിപ്പില്ലാതിരിക്കുക, അപരര്‍ വച്ചു നീട്ടുന്ന സൗഹൃദത്തിന്‍റെ അടയാളങ്ങള്‍ അവരുടെ മഹാമനസ്കതയായി മാത്രം കരുതുക, ഉപയോഗശൂന്യരെന്ന് സ്വയം വിശേഷിപ്പിക്കുക തുടങ്ങിയുള്ള Dejected Selfന്‍റെ എല്ലാ പ്രതിസന്ധികളും അതിലൂടെ മറ നീക്കി വരികയാണ്. 

ക്ലാസിക് ആയ ഒരുത്തരം കൊണ്ടാണ് അയാളുടെ കെട്ടുപോയ ആത്മവിശ്വാസത്തെ യേശു ഊതിയുണര്‍ത്തുന്നത്: നീ കുളി കഴിഞ്ഞവനാണ്, ഇപ്പോള്‍ പാദങ്ങള്‍ മാത്രം കഴുകിയാല്‍ മതിയാകും. അതിന്‍റെ പൊരുള്‍ പല അടരുകളില്‍ വ്യാഖ്യാനിക്കപ്പെടും. പാരമ്പര്യദൈവശാസ്ത്രത്തില്‍ രക്ഷയിലേക്കുള്ള ഒരാളുടെ പ്രവേശനം എന്നേക്കുമായു ള്ളതാണ്. വിശുദ്ധീകരണം സദാ ആവര്‍ത്തിക്കപ്പെടേണ്ട ഒന്നാണെന്നും പറയാറുണ്ട്. ഏറ്റവും ഋജുവായ വിചാരം ഇതാണ്: എല്ലാവരും അടിസ്ഥാനശുദ്ധിയുള്ളവര്‍ തന്നെ. പിന്നെ അലച്ചിലുകള്‍ക്കിടയില്‍ പാദങ്ങളില്‍ പൊടി പുരണ്ടുവെന്ന് മാത്രം. എന്തൊരു സമാധാനമാണ് അയാള്‍ കൈമാറുന്നത്. ലോകവും അതില്‍ പാര്‍ക്കുന്നവരും മോശപ്പെട്ട തല്ലെന്നും ചെറിയ വീണ്ടുവിചാരങ്ങളിലൂടെയും തിരുത്തലുകളിലൂടെയും അതിന്‍റെ ആദിമഭംഗികള്‍ വീണ്ടെടുക്കാമെന്നും അയാള്‍ അടിവരയിട്ട് പറയാനാഗ്രഹിക്കുന്നു. ചെറിയ തുന്നലുകള്‍ കൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രതിസന്ധികള്‍ മാത്രമേ മാനവരാശിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുള്ളൂ എന്നാണ് സാരം.

  ത്രാസിന്‍റെ ഒരു തട്ടില്‍ ഭൂമിയിലെ മുഴുവന്‍ ആസ്തികരും ഇന്നോളം ദൈവത്തില്‍ നിക്ഷേപിച്ച വിശ്വാസവും, മറ്റേത്തട്ടില്‍ ദൈവം ഒരു ശരാശരി മനുഷ്യനില്‍ അര്‍പ്പിക്കുന്ന വിശ്വാസവും കൂടി തൂക്കി നോക്കുമ്പോള്‍ രണ്ടാമത്തെ തട്ട് ഇപ്പോഴും എപ്പോഴും താണു തന്നെ കിടപ്പുണ്ടാകും.

Mean world syndrome എന്നൊരു പദം ജോര്‍ജ് ഗെബ്നര്‍ (1919 2005) രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടയാളങ്ങള്‍ നമ്മള്‍ വച്ചുപുലര്‍ത്തുന്ന നിന്ദാശീലം (cynicism), മനുഷ്യനോടുള്ള അനിഷ്ടം (misanthropy), അശുഭവിശ്വാസം (pessimism) എന്നിവയാണെന്ന് അയാള്‍ എണ്ണിപ്പറയുന്നു. മനുഷ്യചരിത്രത്തെ അപഗ്രഥിച്ചുകൊണ്ടുള്ള, ഇപ്പോള്‍ ജനകീയമാകുന്ന മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും മനുഷ്യന്‍ ഒരു ഭേദപ്പെട്ട നിലനില്പാണെന്നും ഭാവി കുറേക്കൂടി പ്രകാശമുള്ളതാണെന്നും വിശ്വസിക്കുവാന്‍ കൂട്ടാക്കുന്നതേയില്ല.

ഒന്നിനും കൊള്ളാത്തവളെന്ന് സങ്കടപ്പെട്ട ഒരാളോട് ഗുരു ഈ കഥ പറഞ്ഞു: തന്‍റെ യാത്രയില്‍ ഒരു മരം മാത്രം അവശേഷിക്കുന്ന ഒരു ഗ്രാമം അയാള്‍ കണ്ടു. ഓരോരോ ആവശ്യങ്ങള്‍ക്ക് വേണ്ടി മരങ്ങളെല്ലാം വെട്ടിത്തീര്‍ത്തതാണ്. കാമ്പുള്ള മരങ്ങള്‍ കൊണ്ട് തടിത്തരങ്ങളും വീടും പണിതു. കാമ്പില്ലാത്തതുകൊണ്ട് കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചു. എന്നിട്ടും ഈ മരം മാത്രം എങ്ങനെ രക്ഷപ്പെട്ടു?

തീപ്പെട്ടിക്കോലു പോലും ഉണ്ടാക്കാന്‍ കൊള്ളാത്ത ഒന്നിനെ വെട്ടിയെടുത്തിട്ടെന്തിനാണ്?അപ്പോള്‍ ഉപയോഗമില്ലായ്മകൊണ്ടും ചില ഉപയോഗങ്ങളൊക്കെ ഉണ്ടല്ലേ?ഗുരു പുഞ്ചിരിച്ചു; കൂടെ അവളും.

ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

7

Featured Posts

Recent Posts

bottom of page