top of page
പുതിയ ഒരു വര്‍ഷത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ദൈവം നമ്മുടെ അനുദിനജീവിതത്തില്‍ ചോദിക്കുന്ന നാലു ചോദ്യങ്ങള്‍ ഈ പുതിയ വര്‍ഷത്തില്‍ ധ്യാനവിഷയമാക്കാം.
ആദ്യമായി ലോകത്തിലുയര്‍ന്ന ചോദ്യം "നീ എവിടെയാണ്?" എന്നതാണ്. നാം ഓരോരുത്തരും ആത്മശോധന ചെയ്യേണ്ട ചോദ്യമാണിത്. "ഞാനെവിടെയാണ് നില്‍ക്കുന്നത്?" ഈ രാത്രിയില്‍ എന്‍റെ ജീവന്‍ പോയാല്‍ എന്‍റെ നിത്യത എവിടെയാണ്? ഞാന്‍ എവിടെ ആയിരിക്കേണ്ടവനാണ് എന്നു കൂടി ഈ ചോദ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്‍റെ കുടുംബജീവിതവും വിശ്വാസജീവിതവും സഭാത്മകജീവിതവും എവിടെ നില്‍ക്കുന്നു എന്നു പരിശോധിക്കണം. ലോകം മുഴുവന്‍ നേടിയിട്ടും ആത്മാവിനു വിലകൊടുക്കാത്ത വ്യക്തിയാണോ ഞാന്‍? ദൈവത്തെ മറന്നു സ്വന്തം ജീവിതം പടുത്തുയര്‍ത്തു ന്നവരാണോ നമ്മള്‍? 127-ാം സങ്കീര്‍ത്തനത്തിലെ ഒന്നാം വാക്യത്തില്‍ വായിക്കുന്നു: "കര്‍ത്താവു ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാരുടെ ഉറക്കമൊഴിവും വ്യര്‍ത്ഥം." ദൈവം നമ്മെ അന്വേഷിച്ചുവരുന്നതിനു പകരം നാം ദൈവത്തെ അന്വേഷിച്ചു ചെല്ലണം. സാമുവേലിനെപ്പോലെ "കര്‍ത്താവേ, ഇതാ ദാസന്‍ ശ്രവിക്കുന്നു" എന്നു പറയുവാന്‍ നമുക്കു കഴിയട്ടെ.
രണ്ടാമത്തെ ചോദ്യം "നിന്‍റെ സഹോദരന്‍ എവിടെ?" എന്നതാണ്. സമൂഹത്തില്‍ ഞാനെടുക്കുന്ന നിലപാടുകളെ ധ്യാനവിഷയമാക്കണം. എന്‍റെ ലോകം വളരെ ചെറുതായിപ്പോകുന്ന അവസരങ്ങളില്ലേ? ചെറിയ കാര്യങ്ങള്‍ക്കു പരിഭവിച്ചു പിരിയുന്നവര്‍. നമ്മുടെ സ്നേഹത്തിന്‍റെ ചക്രവാളങ്ങള്‍ ചുരുങ്ങുന്നു. സ്വാര്‍ത്ഥതയുടെ കവചത്തിനുള്ളില്‍ നാം ഒതുങ്ങുമ്പോള്‍ വലിയ ലോകത്തിലെ പലതും നഷ്ടപ്പെടുന്നു. ആര്‍ക്കും ഒന്നും കൊടുക്കാതെ ഞാന്‍ ജീവിക്കുമ്പോള്‍ "നിന്‍റെ ജീവനിന്ന് വേര്‍പെട്ടാല്‍ നീ നേടിയതൊക്കെ ആര്‍ക്കുവേണ്ടി" എന്ന ചോദ്യമുതിരും. ഞാന്‍ മൂലം ആരുടെയും സല്‍പ്പേര് നഷ്ടപ്പെടരുത്. എന്‍റെ നാവിന്‍റെ ദുരുപയോഗം കൊണ്ടു സ്വഭാവഹത്യകള്‍ നടക്കരുത്. എന്‍റെ കണ്‍മുമ്പില്‍ കടന്നുവരുന്നവരെയെല്ലാം സ്നേഹിച്ചു വളര്‍ത്തുവാന്‍ കഴിയണം. സ്ഥാപിക്കുന്ന മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ വേദനിക്കുന്ന ഭൂതകാലസ്മരണകളുണ്ടാകാതിരിക്കട്ടെ. ഓരോ കണ്ടുമുട്ടലുകളും ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്. ഒന്നും ആകസ്മികമല്ല. പാവപ്പെട്ടവന് ഒരു പാത്രം പച്ചവെള്ളം കൊടുക്കുന്നതും നഗ്നനെ ഉടുപ്പിക്കുന്നതും പരദേശിക്കു പാര്‍പ്പിടം കൊടുക്കുന്നതും രോഗിയെ ശുശ്രൂഷിക്കുന്നതുമെല്ലാം രണ്ടാമത്തെ ചോദ്യത്തിനുള്ള പ്രത്യുത്തരമാണ്. ചെറിയവര്‍ക്കു ചെയ്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തതെന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു.
മൂന്നാമത്തെ ചോദ്യം വിലാപങ്ങളുടെ പുസ്തകത്തില്‍നിന്നാണ്. സ്വര്‍ണ്ണമെങ്ങനെ മങ്ങിപ്പോയി എന്നു ദൈവം ചോദിക്കുന്നു. 2022ല്‍ ഞാന്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം. ഞാന്‍ നന്നായി ആരംഭിച്ച കുടുംബജീവിതം. സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ജീവിതം ആരംഭിച്ചു. കാലത്തിന്‍റെ കുത്തൊഴുക്കില്‍ എന്തൊക്കെയോ സംഭവിച്ചുപോയി. സംശയരോഗം കടന്നുവന്നു. തെറ്റിദ്ധാരണ വളര്‍ന്നുവന്നു. ക്ഷിപ്രകോപത്തിന്‍റെ അടിമയായി. മുറിപ്പെടുത്തുന്ന, തേക്കുന്ന, തകര്‍ക്കുന്ന വാക്കുകള്‍ സംസാരത്തിന്‍റെ ഭാഗമായി. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു സ്വരം ഉയരും, "സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി." സന്ന്യാസജീവിതത്തിലും പൗരോഹിത്യജീവിതത്തിലും ഉണര്‍വ് നഷ്ടപ്പെടുന്നവരില്ലേ? വെളിപാടു പുസ്തകത്തില്‍ പറയുന്നതുപോലെ, "നിനക്കുണ്ടായിരുന്ന ആദ്യസ്നേഹത്തിലേക്കു തിരിച്ചുപോകുക." കൗദാശിക ജീവിതത്തിലുള്ള താല്പര്യം കുറഞ്ഞുപോയാല്‍, കുടുംബപ്രാര്‍ത്ഥനയില്‍ ശ്രദ്ധയില്ലാതായാല്‍ മങ്ങിപ്പോയ സ്വര്‍ണ്ണമായി നാം മാറും. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ എല്ലാ കാര്യങ്ങളും ഓണ്‍ലൈനില്‍ ഒതുക്കിയാല്‍ ആത്മാവില്‍ മന്ദതയുണ്ടാകും. ഓര്‍മ്മയും ഒത്തുകൂടലുമായ വിശുദ്ധ കുര്‍ബാനപോലും ഓണ്‍ലൈനില്‍ കണ്ട് തൃപ്തിയടയുന്നവര്‍ മങ്ങിപ്പോയ സ്വര്‍ണ്ണങ്ങളാണ്. ആരോഗ്യപ്രശ്നമില്ലാത്തവരെല്ലാം ഇടവക സമൂഹത്തില്‍ സജീവശിലകളായി വര്‍ത്തിക്കണം.
Featured Posts
bottom of page