വെളുപ്പിന് നാലരമണിസമയം. വളരെ അനുഗ്രഹപ്രദമായിരുന്ന ഒരു വിശുദ്ധനാടു തീര്‍ത്ഥാടനവും കഴിഞ്ഞു തിരിച്ചെത്തിയ ഗ്രൂപ്പുമൊത്ത് എയര്‍പോര്‍ട്ടിന്‍റെ പുറത്തെ ലോഞ്ചിലെത്തി. എല്ലാവര്‍ക്കും ഭവനങ്ങളിലേക്കു തിരിച്ചു പോകുവാനുള്ള വാഹനങ്ങളുമായി വന്നവര്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു. എനിക്കുപോകുവാനുള്ള വണ്ടി പാര്‍ക്കിങ്ങിലുണ്ട്, വലിയതിരക്കുകഴിയുമ്പോളേക്കും എത്തിയേക്കാമെന്നറിയിച്ചിരുന്നതുകൊണ്ട് സൈഡുപറ്റിനിന്നുകൊണ്ട് എല്ലാവരുടെയും യാത്രപറച്ചില്‍ ശ്രദ്ധിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് യാത്രയുടെ തുടക്കത്തില്‍ ഇതേ എയര്‍പോര്‍ട്ടില്‍വച്ച് ആദ്യം കണ്ടുമുട്ടിയപ്പോള്‍ തികച്ചും അപരിചിതരായിരുന്ന പത്തമ്പതുപേര്‍ എട്ടുപത്തുദിവസത്തെ സഹവാസംകൊണ്ട് ഒരുകുടുംബംപോലെ ആയ പ്രതീതി. കുറേപേരു യാത്രപറഞ്ഞു പിരിഞ്ഞുകഴിഞ്ഞപ്പോള്‍, ഒരേ സ്ഥലത്തുനിന്നുണ്ടായിരുന്ന പത്തുപന്ത്രണ്ടു പേരൊന്നിച്ച് ഏര്‍പ്പാടാക്കിയിരുന്ന ഒരു മിനിബസ് വന്നുനിന്നു. വണ്ടി നിര്‍ത്തിയപാടെ അതിന്‍റെ ഡ്രൈവര്‍ ഇറങ്ങി ഓടിവന്നു. നല്ല സ്മാര്‍ട്ട് ഒരു ചെറുപ്പക്കാരന്‍.
"ഒരു ചായകുടിക്കാന്‍ പോയതുകൊണ്ട് അല്‍പം വൈകി. സോറി. അങ്ങോട്ടു പോയതുപോലെയല്ലല്ലോ. എല്ലാവരുടെയും മുഖത്ത് എന്തൊരു പ്രസാദം. കഴിഞ്ഞമാസവും ഒരു ഗ്രൂപ്പിനെ ഇവിടെ കൊണ്ടുവന്നതും തിരിച്ചുകൊണ്ടുപോയതും ഞാനായിരുന്നു. അവരും തിരിച്ചുവന്നപ്പോള്‍ ഭയങ്കരസന്തോഷത്തിലായിരുന്നു. അതിന്‍റെ കാര്യമെന്താണെന്നു ചോദിച്ചപ്പോള്‍ നമ്മുടെ ......ലെ ചാക്കോച്ചേട്ടന്‍ എന്നോടു പറഞ്ഞു: 'അതു ഞാന്‍ യോര്‍ദ്ദാനില്‍ രണ്ടു പ്രാവശ്യം മുങ്ങിയതുകൊണ്ടാടാ തോമ്മാച്ചാ'ന്ന്. നിങ്ങളെയിപ്പോള്‍ കണ്ടാല്‍ എല്ലാരും യോര്‍ദ്ദാനില്‍ രണ്ടുപ്രാവശ്യം മുങ്ങിയ മട്ടുണ്ടല്ലോ."
"അച്ചാ ഇവന്‍ ഞങ്ങളുടെ ഇടവകക്കാരനാ. ഇവന്‍റെ വണ്ടിയാ ഇത്." ഒരാള്‍ '