top of page

നാലാം ദിവസം

Aug 1, 2011

1 min read

അജ
Shadow of a man in sunset

വിളിക്കുമ്പോഴെല്ലാം

'തിരക്കിലാണ്

അല്പ്പനേരം കഴിഞ്ഞ് വിളിക്കൂ'

എന്നവള്‍

ആവര്‍ത്തിക്കാന്‍ തുടങ്ങിയത്

രണ്ടു നാള്‍ മുന്‍പാണ്.

അതുവരെ എന്നും

'പ്രണയിക്കുകയായിരുന്നൂ നാം

ഓരോരോ ജന്മങ്ങളില്‍'

എന്ന് പാടിക്കൊണ്ടിരുന്നവള്‍!

ഇന്നലെ

ഏതുനേരവും അവള്‍

മറ്റൊരു ലൈനില്‍

സംഭാഷണത്തില്‍

താങ്കള്‍ ക്യൂവിലാണെന്ന്

എല്ലായ്പ്പോഴും ഓര്‍മിപ്പിച്ചുകൊണ്ട്!

ഇന്ന്

ഈ പാതിരാവിലും

അവള്‍ പരിധിക്കു പുറത്താണ്.

സ്വീകരിക്കുമെന്ന് ഉറപ്പില്ലാത്ത

ഒരു ശബ്ദസന്ദേശമയക്കാമെനിക്ക്!

അതും താല്പര്യമുണ്ടെങ്കില്‍ മാത്രം!

ആര്‍ക്കറിയാം?

നാളെ പുലരുമ്പോള്‍

ഓര്‍മ്മകളും വിനിമയങ്ങളും ഇല്ലാതെ

നഗ്നമായി, അനാഥമായി

കടലില്‍,

അജ്ഞാതമായ ഒരു വനാന്തരത്തില്‍

അല്ലെങ്കില്‍ ഏതോ ഒരു നദിയില്‍

എവിടെയോ ഒരു തടാകത്തില്‍

അതുമല്ലെങ്കില്‍ റയില്‍പ്പാളത്തില്‍

ഒന്നും പ്രതികരിക്കാതെ

സ്വിച്ച് ഓഫ് ആയി...

അത്രയേ ഉള്ളൂ

ചില ജന്മങ്ങള്‍!

അത്രയൊക്കെയേ കാണൂ

ചില പ്രണയങ്ങള്‍!

അജ

0

0

Featured Posts

bottom of page