top of page

ലാളിത്യ സുഗന്ധം

Jun 1, 2011

4 min read

പദ
Image : Caricature of a monk
Image : Caricature of a monk

"മനുഷ്യന്‍റെ ഭൗതിക പുരോഗതി അവന്‍റെ ആത്മാവിന്‍റെതിനെക്കാള്‍ അധികം വേഗത്തിലാവരുത്."

- ചൈനീസ് പഴമൊഴി

'ആര്‍ത്തി, കോപം, മതിഭ്രമം, ഇവ മനസിലെ മൂന്നു വിഷങ്ങളാകുന്നു' - ബുദ്ധന്‍

ഈ മൂന്നു മനോവിഷങ്ങളാണ് മനുഷ്യനെ ലാളിത്യം ഇല്ലാത്തവനാക്കുന്നത്. പേടി, അസൂയ, ഉദ്വേഗം, കോപം എന്നീ വികാരങ്ങളൊക്കെയും ഈ മനോവിഷങ്ങളില്‍ നിന്നു മുളച്ചുണ്ടാകുന്നവയത്രെ.

അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, അത്യാഹിതങ്ങള്‍, കൂട്ടക്കുരുതികള്‍- ഇതാണ് നമ്മുടെ യുഗത്തിന്‍റെ മുഖമുദ്ര. ആഭ്യന്തരകലാപങ്ങള്‍, യുദ്ധങ്ങള്‍, മര്‍ദ്ദനങ്ങള്‍, ന്യൂനപക്ഷപീഡനം, പാരിസ്ഥിതികപാതകങ്ങള്‍, ചെറുതും വലുതുമായ ഹിംസകള്‍ തുടങ്ങിയവ നമ്മുടെ ഗ്രഹത്തെ ഒരു പുതിയ കാന്‍സര്‍ ബാധിച്ചതു പോലെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്.

ലാളിത്യം വഴിയല്ലാതെ ഭൂമിയില്‍ ശരിയായ ഒരു ജീവിതം മനുഷ്യനെന്നല്ല മറ്റു ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുവാന്‍ ഇനിയാവില്ല. കാരണം, മനുഷ്യനത്രയേറെ വഴിതെറ്റിപ്പോയിരിക്കുന്നു. സയന്‍സിന്‍റെ വരവോടെ മനുഷ്യന്‍റെ ഭൗതിക പുരോഗതി പരമപ്രധാനമായി മാറി. സയന്‍സിന്‍റെ അതിരറ്റ സ്വാധീനം ഉണ്ടാകുന്നതിനുമുമ്പ് ജീവിതത്തിനുണ്ടായിരുന്ന സഹജമായ ലാളിത്യം അതിവേഗം നഷ്ടമായി. 'ഭൗതികപുരോഗതിക്കായുള്ള ശ്രമം മനുഷ്യന്‍റെ ആത്മാവിന്‍റെ പുരോഗതിയെക്കാളധികം വേഗത്തിലാവരുത്' എന്ന് ലാവോത്സുവിനെപ്പോലുള്ളവര്‍ മുന്നറിയിപ്പു നല്‍കി.

സംസ്കാരത്തിന്‍റെ ഉദയംമുതല്‍ മതവും വിദ്യാഭ്യാസവും കുടുംബവും സംഘജീവിതവും ഒക്കെച്ചേര്‍ന്ന് മനുഷ്യന്‍റെ ജീവിതത്തിന്‍റെ സ്വാഭാവികതയ്ക്കു മീതെ കനത്ത നിയന്ത്രണം കൊണ്ടുവന്നതു മുതല്‍ മനുഷ്യന്‍റെ ജീവിതത്തില്‍ നിന്ന് സ്വച്ഛത, ലാളിത്യം അപ്രത്യക്ഷമായി.

പ്രസവിക്കാന്‍ ഒരു 'സിസ്റ്റം' ഉണ്ട്. മരിക്കാന്‍ ഒരു സിസ്റ്റം ഉണ്ട്, ഒരാള്‍ ഉറങ്ങുമ്പോള്‍, ഉണരുമ്പോള്‍, ഇരിക്കുമ്പോള്‍, നില്ക്കുമ്പോള്‍, നടക്കുമ്പോള്‍, കിടക്കുമ്പോള്‍, നേരു പറയുമ്പോള്‍, കള്ളം പറയുമ്പോള്‍, നിവര്‍ന്നു നില്ക്കുമ്പോള്‍, കുനിഞ്ഞിരിക്കുമ്പോള്‍, ചലിക്കുമ്പോള്‍, നിശ്ചലനാകുമ്പോള്‍, ശബ്ദിക്കുമ്പോള്‍, നിശ്ശബ്ദനാകുമ്പോള്‍, പിറുപിറുക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ വേറെ വേറെ രീതികളാണ്, സിസ്റ്റങ്ങളാണ് ഒരാളിലുണ്ടാകുന്നത്. ഇതു സൂക്ഷ്മവും അഗാധവുമായ അടയാളങ്ങളാണ് ഒരാളിലവശേഷിപ്പിക്കുന്നത്! ഒരാള്‍ സങ്കീര്‍ണ്ണതയുള്ളവനാകുമ്പോള്‍ അയാളുടെ രീതി, ആന്തരികതാളം കലുഷമാകുന്നു. എന്നാല്‍ അയാള്‍ ശാന്തതയുള്ളവനാകുമ്പോള്‍ അയാളുടെ രീതി, ആന്തരികതാളം, ഭാവം ലളിതമാകുന്നു.

ബോധോദയവഴിയിലുള്ള ഒരാളില്‍ പിറുപിറുക്കലുകള്‍, പരാതികള്‍ കുറഞ്ഞു കുറഞ്ഞു വരുന്നു. ഒരു ദിവസം പത്തു മിനിറ്റു പിറുപിറുത്തിരുന്നത് ക്രമേണ അഞ്ചുമിനിറ്റായി കുറയുന്നു. പതുക്കെ അതു മുഴുവനായി അപ്രത്യക്ഷമാകുന്നു. അതോടെ അയാള്‍ സ്വാഭാവികമായി എല്ലാം ക്ഷമിക്കുന്നു, സഹജമായി പൊറുക്കുന്നു. അപ്പോളയാള്‍ ലളിത മനസ്കനാകുന്നു. അപ്പോള്‍ അയാളില്‍ കടുകുമണിയോളം പോലും അഹം ഇല്ല; അസൂയയില്ല, വെറുപ്പില്ല, ദുഃഖമില്ല. സെന്‍-ബുദ്ധആചാര്യന്മാര്‍ അത്തരമൊരു ബോധാവസ്ഥയില്‍ സഹജമായി ജീവിച്ചവരാണ്. അത്തരമൊരു സെന്‍ഗുരുവിന്‍റെ കഥയുണ്ട്:

ഗ്രാമത്തിലെ സുന്ദരിയായ ഒരു പെണ്‍കുട്ടി അവിഹിതമായി ഗര്‍ഭിണിയാവുകയും ഒരു കുഞ്ഞിന്‍റെ അമ്മയാ വുകയും ചെയ്തപ്പോള്‍ ധാരാളം മര്‍ദ്ദനങ്ങളേറ്റശേഷം കുട്ടിയുടെ അച്ഛനാരെന്ന് വെളിപ്പെടുത്തി. ഗ്രാമപ്രാന്തത്തില്‍ പാര്‍ക്കുന്ന ഒരു സെന്‍ഗുരു!

ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സെന്‍ഗുരുവിന്‍റെ മുന്നില്‍ ആക്രോശിച്ചുകൊണ്ടെത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ ആത്മവഞ്ചകനെന്നു വിളിക്കുകയും ആ കുഞ്ഞിനെ ഏറ്റെടുത്ത് പോറ്റണമെന്നു കല്‍പ്പിക്കുകയും ചെയ്തു.

ഗുരു ആകെക്കൂടി പറഞ്ഞതിത്രമാത്രം: 'വളരെ നല്ലത്, വളരെ നല്ലത്' അദ്ദേഹം കുഞ്ഞിനെ എടുക്കുകയും അതിനെ വളര്‍ത്താന്‍ സ്വന്തം ചെലവില്‍ ഒരയല്‍ക്കാരിയെ ഏല്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ സല്‍പ്പേര് പോയെന്നു പറയണോ? ഒരൊറ്റ ശിഷ്യന്‍പോലും ബാക്കിയാവാതെ സ്ഥലംവിട്ടു. ഒരാളും വരാതായി. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്‍റെ അമ്മയായ സ്ത്രീക്ക് കുറ്റബോധത്തിന്‍റെ വേദന താങ്ങാന്‍ കഴിയാതായി. താന്‍ പറഞ്ഞത് കള്ളമാണെന്നും ഭിക്ഷു നിരപരാധിയാണെന്നും അവള്‍ വെളിപ്പെടുത്തി. അയല്‍വാസിയായ ഒരു യുവാവായിരുന്നുവത്രെ കുഞ്ഞിന്‍റെ അച്ഛന്‍!

ഇതറിഞ്ഞ ഗ്രാമവാസികള്‍ ഏറെ വേദനയോടെ ഗുരുവിന്‍റെ അരികെയെത്തി ക്ഷമ യാചിക്കുകയും കുഞ്ഞിനെ തിരികെ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കുഞ്ഞിനെ കൈമാറുമ്പോള്‍ അപ്പോഴും അദ്ദേഹം പറഞ്ഞത് ഇത്രമാത്രം: വളരെനല്ലത്, വളരെ നല്ലത്!'

മനസ്, ബോധം ഇത്തരത്തില്‍ ഭാരരഹിതമാകുമ്പോള്‍ ഒരു പൂവിരിഞ്ഞു നില്ക്കുന്നത്, ഒരു നക്ഷത്രം തിളങ്ങുന്നത്, ഒരു മഴത്തുള്ളി മണ്ണില്‍ വീഴുന്നത് അര്‍ത്ഥവത്തായ, സന്തോഷനിര്‍ഭരമായ അനുഭവമായി മാറുന്നു. ജീവിതത്തില്‍ നിന്ന് ഈ ലാളിത്യം മുഴുവനായി ഇല്ലാതായിരിക്കുന്നു. വമ്പന്‍മാര്‍ക്കറ്റുകള്‍ക്കുമുന്നില്‍, ലോകത്തിലെ മുഴുവന്‍ ആകര്‍ഷക വസ്തുക്കളും നിറച്ചിട്ട ഷോപ്പിങ്ങ് സെന്‍ററുകള്‍ക്കു മുന്നില്‍ ചെന്നു ക്യൂ നിന്ന് കയ്യിലുള്ളതു മുഴുവന്‍ അവിടെ ചെലവിട്ട് ഏറ്റവുമധികം അനാവശ്യവസ്തുക്കളും പേറി, നിറഞ്ഞ അസംതൃപ്തിയുമായി വീടുകളിലേക്കു വേച്ചുവേച്ചു നടന്നു പോകുന്ന പുതുയുഗമനുഷ്യന്‍ ആവിര്‍ഭാവിച്ചത് അന്നു മുതല്ക്കാണ്.

യഥാര്‍ത്ഥത്തില്‍ ലളിതനായൊരാള്‍ മാര്‍ക്കറ്റുകളിലെല്ലാം നടന്നാലും അയാള്‍ക്ക് അവയില്‍ ഒന്നുപോലും വേണമെന്നു തോന്നുന്നില്ല. അത്തരത്തില്‍ ലാളിത്യമുള്ളെ ~ഒരാളെ മാത്രമേ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. നാണയമുപയോഗിക്കാതെ മൂന്നു പതിറ്റാണ്ടുകളായി ജീവിക്കുന്ന പാദയാത്രീതീര്‍ത്ഥയാത്രീ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ഏക അംഗവുമായ പത്മനാഭസ്വാമിയെ. വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍ പത്തോ പതിനഞ്ചോ രൂപക്കുള്ള സാധനങ്ങളെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുള്ളു. ഒരു ടൂത്ത് ബ്രഷ്, ഒരു കഷണം അലക്കുസോപ്പ്, ഒരു സൂചി.. ഒരിക്കല്‍ നല്ല പഴം കണ്ടപ്പോള്‍ കുറച്ചധികം അദ്ദേഹത്തിനുവേണ്ടി വാങ്ങി. അദ്ദേഹം പറഞ്ഞു: "അത്രയൊന്നും കൊണ്ടുപോകാനും സൂക്ഷിക്കാനും ആവില്ല." അന്നും പിറ്റേന്നും കഴിക്കാനുള്ള ഏതാനും പഴങ്ങള്‍ മാത്രമെടുത്ത് ബാക്കിയെല്ലാം അദ്ദേഹം എന്‍റെ സഞ്ചിയില്‍ ഇടുകയാണുണ്ടായത്.

ലാളിത്യത്തിന്‍റെ സുഗന്ധം ആത്മാവിലുണ്ടായിരുന്ന ചൈനയിലെ നല്ലവനായ കൃഷിക്കാരന്‍റെ കഥയുണ്ട്. മനോനിറവോടെ അദ്ദേഹം ജീവിച്ചു. ജീവിതം വെച്ചുനീട്ടിയതെല്ലാം അദ്ദേഹം സമാധാനത്തോടെ രണ്ടുകൈകളും നീട്ടി സ്വീകരിച്ചു. സുഖമുള്ളപ്പോള്‍ അദ്ദേഹം മതിമറന്നു പോയില്ല. ദുഃഖമുണ്ടാകുമ്പോള്‍ അദ്ദേഹം അതില്‍ പരിഭവപ്പെട്ടില്ല. ഭാഗ്യത്തിലും നിര്‍ഭാഗ്യത്തിലും ലാഭത്തിലും നഷ്ടത്തിലും അദ്ദേഹം ഒരുപോലെ ശാന്തനായിരുന്നു. ജീവിതത്തിന്‍റെ ഒരു മഹാനിയമം സദാ ഉള്ളിലുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആരെയും നോവിക്കാതെ, ലോകത്തിന്‍റെ ഒരു നൊമ്പരവും ഉള്ളിലെടുക്കാതെ ആത്മാവില്‍ സുന്ദരനായി, ലാളിത്യമാര്‍ന്നവനായി പുലര്‍ന്നു. അദ്ദേഹത്തിനൊരു പെണ്‍കുതിരയുണ്ടായിരുന്നു. ഒരു ദിവസം രാവിലെ അതിനെ കാണാതായി. വിവരമറിഞ്ഞ് അയല്‍ക്കാരെല്ലാം വന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അവര്‍ പറഞ്ഞു: "എന്തൊരു നിര്‍ഭാഗ്യം. നല്ലൊരു കുതിരയായിരുന്നു അത്." അദ്ദേഹം ശാന്തനായി മൊഴിഞ്ഞു: 'സാരമില്ല.' രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ കുതിര ഒരാണ്‍കുതിരയുമായി വന്നെത്തി. വിവരമറിഞ്ഞ് അയല്‍ക്കാരെല്ലാം ഓടിയെത്തി. അവര്‍ പറഞ്ഞു: "എന്തൊരു ഭാഗ്യമാണ് നിങ്ങള്‍ക്ക്. നഷ്ടപ്പെട്ട കുതിരയെ നിങ്ങള്‍ക്കു തിരിച്ചുകിട്ടി, പുതിയൊരു കുതിരയെയും." അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അതുകേട്ടു. പിറ്റേദിവസം, പുതുതായി വന്ന കുതിരപ്പുറത്തു കയറി സഞ്ചരിച്ച അദ്ദേഹത്തിന്‍റെ മകന്‍ വീഴ്ചയില്‍ വലതുകാലിന്‍റെ എല്ലൊടിഞ്ഞു കിടപ്പിലായി. ഇതറിഞ്ഞ് അയല്‍ക്കാര്‍ ഓടിയെത്തി. അവര്‍ പറഞ്ഞു: "എന്തൊരു നിര്‍ഭാഗ്യമാണിത്. നിങ്ങളുടെ കൃഷിയെല്ലാം ആരിനി നോക്കി നടത്തും?" അദ്ദേഹം ശാന്തമായി പറഞ്ഞു: 'സാരമില്ല' നാലു ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത ഒരു നാട്ടുരാജ്യത്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ചെറുപ്പക്കാരെ മുഴുവന്‍ നിര്‍ബന്ധമായി പട്ടാളത്തില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും മുഴുവന്‍ വീടുകളിലും കയറിയിറങ്ങി യുവാക്കളെ കയ്യോടെ കൊണ്ടുപോകുകയും ചെയ്തു. അപ്പോള്‍ കൃഷിക്കാരന്‍റെ വീട്ടിലും അധികൃതര്‍ വന്നു. അപകടത്തില്‍പ്പെട്ട് കിടപ്പിലായതുകൊണ്ട് അയാളെ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ പോയതറിഞ്ഞ് അയല്‍ക്കാര്‍ ഓടിയെത്തി. അവര്‍ പറഞ്ഞു. "മകന്‍ കുതിരപ്പുറത്തു നിന്നു വീണ് കാലൊടിഞ്ഞത് എത്ര വലിയ ഭാഗ്യമായി..." കൃഷിക്കാരന്‍ അപ്പോഴും ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.


രണ്ട്


"സംതൃപ്തി വളരെയേറെ സമ്പത്തിലല്ല, മറിച്ച് ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങളിലത്രെ കുടികൊള്ളുന്നത്." എപ്പിക്യൂറിയസ്

പതിനേഴാം നൂറ്റാണ്ടില്‍ കാസ്പര്‍ ഹോസര്‍ എന്ന ഒരു തടവുകാരനെ ജര്‍മ്മനിയിലെ ജയിലില്‍നിന്നു തുറന്നു വിട്ടു. മുപ്പതുകാരനായ അദ്ദേഹം സ്കൂളില്‍ പഠിക്കാത്ത, എഴുതാനോ വായിക്കാനോ പറയാനോ ഒന്നും കഴിയാത്ത തീര്‍ത്തും ഒരു മൃഗത്തെപ്പോലെ വളര്‍ത്തപ്പെട്ട ഒരാളായിരുന്നു. സ്വതന്ത്രനാക്കപ്പെട്ട അയാള്‍ ഒരു ഗ്രാമച്ചന്തയില്‍ ജയില്‍ വാര്‍ഡന്‍ കൊടുത്ത ഒരു കത്തുമായി ഒരു പ്രദര്‍ശനവസ്തുപോലെ ഏറെ നേരം നിന്നു. കത്ത് അദ്ദേഹത്തെപ്പറ്റിയുള്ള ഒരറിയിപ്പായിരുന്നു : താത്പര്യമുള്ള ഏതെങ്കിലുമൊരു കുടുംബം അദ്ദേഹം ഒപ്പം പാര്‍ക്കാന്‍ സഹായിക്കണമെന്ന് അതിലെഴുതിയിരുന്നു.

കാസ്പര്‍ഹോസര്‍ ഒരു മൃഗത്തെപ്പോലെയായിരുന്നു. അദ്ദേഹം ഒരു മൃഗത്തെപോലെ മുരളുകയും തിന്നുകയും ചെയ്തു. ഗ്രാമീണര്‍ അദ്ദേഹത്തെ ഒരു മൃഗത്തെപ്പോലെയാണ് നോക്കിയത് പക്ഷെ, പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജര്‍മ്മന്‍കാര്‍ മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയായി അദ്ദേഹം വളര്‍ന്നു. പ്രാകൃതത്വത്തിന്‍റെയും അപരിഷ്കൃതത്വത്തിന്‍റെയും അടിയില്‍ മനുഷ്യന്‍റെ അതിസ്വച്ഛമായ, ലാളിത്യമാര്‍ന്ന ഒരു തലം അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അത് 17-ാം ശതകത്തിലെ തത്ത്വജ്ഞാനികളെയും പണ്ഡിതന്മാരെയും ഏറെ സ്പര്‍ശിച്ചു. അവര്‍ക്കുത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറഞ്ഞു. അദ്ദേഹം ജീവിതമഹാഗ്രന്ഥത്തില്‍ ആഴമേറിയ ജ്ഞാനം നേടിയിരുന്നു. അദ്ദേഹത്തിന്‍റെ മികച്ച ഗുണം ലാളിത്യമായിരുന്നു. വളക്കൂറുള്ള മണ്ണില്‍ സൂര്യവെളിച്ചമേറ്റ് ആഴത്തില്‍ വേരോടി നില്ക്കുന്ന ഒരു വനവൃക്ഷത്തെ പോലെയായിരുന്നു അയാള്‍. ജീവിതപുസ്തകത്തില്‍ നിന്നുള്ള സൂക്ഷ്മ പാഠങ്ങള്‍ മാത്രമായിരുന്നു അയാളറിഞ്ഞതും പഠിച്ചതും. പക്ഷികളും മൃഗങ്ങളും മരങ്ങളും പ്രാണികളും സ്വച്ഛമായി, പ്രകൃതിക്കിണങ്ങി, സരളമായി, സഹജമായി ജീവിക്കുന്നതില്‍ ഒളിഞ്ഞു നിന്ന രഹസ്യപാഠങ്ങളാണു അദ്ദേഹത്തെ പ്രബോധിതനാക്കിയത്. ലളിതമായി ജീവിക്കുന്നതിന്‍റെ സത്യം അപ്രകാരമാണദ്ദേഹം വശമാക്കിയത്. ധ്യാനിക്കുന്ന ഓരോ ആളും ഇതുപോലെ സഹജമായ ഒരു ലാളിത്യത്തിലേക്കു നയിക്കപ്പെടുകയാണ്. ധ്യാനം സഹജമാകുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അനാവശ്യമായ കെട്ടുപാടുകളില്‍ നിന്നും മോഹവലയങ്ങളില്‍ നിന്നും മുക്തനായി ആന്തരികമായ ഒരേകാന്തതയിലേക്കും മൗനത്തിലേക്കും ഒരാള്‍ പ്രവേശിക്കുകയാണ്. ജീവിതത്തിന്‍റെ അതിരറ്റ ലാളിത്യത്തിന്‍റെ ഒരു വിസ്തൃതി സ്വയം തുറക്കപ്പെടുകയാണ്. അതോടെ രണ്ടു കാര്യങ്ങള്‍ അയാളില്‍ സംഭവിക്കുകയാണ്. ഒന്നാമതായി ജീവിതശൈലി ലളിതമായി മാറുന്നു. തുടര്‍ന്ന് ജീവിതചുറ്റുപാടുകളോട് എളുപ്പത്തില്‍ ഇടപഴകാന്‍ കഴിയുന്നു. ഒരാളുടെ കാഴ്ചയെ നാടകീയമായി ഉയര്‍ത്തുകയാണ്. ഇതൊരാള്‍ വീണ്ടും കാണുന്നതുപോലെ ഒരവസ്ഥ നല്കുകയാണ്.

അറിയുന്നതിന്‍റെ നിരവധി തലങ്ങള്‍ പിന്നിട്ടുകൊണ്ടേ ഒരാള്‍ക്കു സഹജമായ ലാളിത്യത്തിലേക്ക് അണയാനാകൂ. ശാന്തമായി, തിരകളടങ്ങി പരന്നു കിടക്കുന്ന കടലിന്‍റെ മുന്നിലെ വിശാല ഭൂഭാഗം പോലെയത്രേ ഇത്. ആത്മാവില്‍ വാര്‍ദ്ധക്യവും ശരീരത്തില്‍ യൗവനവും ഉള്ള ഒരാളിലാണ് ലാളിത്യത്തിന്‍റെ പൂ വിരിഞ്ഞു നില്ക്കുന്നത്.

"തന്‍റെ കുടില്‍ ഈ വസന്തത്തില്‍. അവിടെയൊന്നുമില്ല. അവിടെയെല്ലാമുണ്ട്" സെഡോ (1641- 1761). "സന്തോഷമുള്ള ഒരു ജീവിതത്തില്‍ വളരെ കുറഞ്ഞ ആവശ്യങ്ങളേയുള്ളൂ"മാര്‍ക്കസ് ഔറേലിയുസ്. "ഉപഭോഗതൃഷ്ണയെ ഇപ്പോള്‍ത്തന്നെ കീഴടക്കാന്‍ ശ്രമിക്കൂ. കാരണം, മനുഷ്യന്‍ വൃദ്ധനാകും തോറും അവന്‍റെ ഭോഗാസക്തി യൗവനയുക്തമാകുകയാണ്" സെന്‍ഗുരു. ഉപഭോഗത്തിന്‍റെ തീ മനുഷ്യവംശത്തെ ഇതുപോലെ ഗ്രസിച്ച ഒരു കാലമുണ്ടായിട്ടില്ല. ഇതു കെടുത്താന്‍ ഒരു ആത്മീയ പ്രസ്ഥാനത്തിനും സാധിക്കുന്നില്ല. ഉപഭോഗ തൃഷ്ണയുള്ള ഒരാള്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് സുഖത്തെ ഏതു വിധേനയായാലും അനുഭവിക്കണമെന്നേയുള്ളൂ. എന്നാല്‍, ആര്‍ത്തിയറ്റ, സരളതയുള്ള, ലാളിത്യമുള്ള ഒരാള്‍ക്ക് കടുപ്പമുള്ള വീഞ്ഞും തുടുത്ത മാംസവും കടുംമധുരവും രുചിയുള്ളതായി തോന്നില്ല. ഭക്ഷണത്തിന്‍റെതായാലും ജീവിതത്തിന്‍റെതായാലും ഉപഭോഗത്തിന്‍റെ തീ പറ്റാത്ത ഒരാളില്‍ യഥാര്‍ത്ഥരുചി തുറന്നതും ലളിതവുമാണ്.

Featured Posts

bottom of page