top of page

ഫ്രാന്‍സിസും സുല്‍ത്താനും

Jan 11, 2022

3 min read

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍

Francis Assisi talking to a king of nation

സവിശേഷവും ചരിത്രപരവുമായ ഫ്രാന്‍സിസ്- സുല്‍ത്താന്‍ സന്ദര്‍ശനത്തിലെ ഉള്ളടക്കത്തിന്‍റെ വിശദാംശങ്ങളുടെ അഭാവം ചരിത്രകാരന്മാരെപ്പോലും കൊണ്ടെത്തിക്കുന്നത് ഊഹാപോഹങ്ങളിലേക്കും, തല്പരമായ നിഗമനകളിലേക്കുമാണെന്നു നാം വ്യക്തമായി കണ്ടുകഴിഞ്ഞു. ഫ്രാന്‍സിസ്കന്‍ സാഹോദര്യ സംഘത്തിലെ ആദ്യകാല ചരിത്രകാരന്മാരും, ഫ്രാന്‍സിസ്കന്‍ സഭേതര/സെക്കുലര്‍ ചരിത്രകാരന്മാരും രചിച്ച ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവിധങ്ങളായ 'നിഗമനങ്ങള്‍' എല്ലാം തന്നെ പൂര്‍ണമായും തെറ്റാണെന്നതിനര്‍ഥമില്ല. ഏതു ചരിത്രസംഭവവും, അതിന്‍റെ രചയിതാവിന്‍റെ വീക്ഷണകോണിലൂടെ മാത്രമേ അനുവാചകര്‍ക്ക് പ്രഥമദൃഷ്ട്യാ മനസിലാക്കാനാവൂ എന്ന അപൂര്‍ണത ഈ സന്ദര്‍ശനത്തിനും ബാധകമാണ് എന്നു മാത്രം.


ഡേ ബെയര്‍ (De Beer) എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍ ഈ കൂടിക്കാഴ്ചയെ ഒരു ഒറ്റപ്പെട്ട സംഭവമായിട്ടല്ല, മറിച്ച് അതിഗാഢമായ (profound) ഒരു ഗതിയായാണ് (movement) ഇതിനെ കാണുന്നത്. സുല്‍ത്താന്‍, ഫ്രാന്‍സിസിനെ ഒരു കുരിശുയുദ്ധക്കാരനായോ; ഫ്രാന്‍സിസ്, സുല്‍ ത്താനെ (ക്രൈസ്തവ) വിശ്വാസ പീഡകനായോ കണ്ടില്ല എന്ന് ഡേ ബെയര്‍ നിരീക്ഷിക്കുന്നുണ്ട്. 'രക്തസാക്ഷിത്വത്തിന്‍റെയോ, കുരിശുയുദ്ധത്തിന്‍റെയോ വീക്ഷണകോണുകള്‍ ഈ സന്ദര്‍ശനത്തോടു നീതി പുലര്‍ത്തുന്നില്ല എന്നു മാത്രമല്ല, ഇതില്‍ ഭാഗഭാക്കായവരെപ്പോലും കുഴപ്പിക്കുന്ന അവസ്ഥയിലാണ് ഈ സന്ദര്‍ശനം നടന്നത്,' എന്നാണ് ഡേ ബെയര്‍ ഈ സന്ദര്‍ശനത്തെക്കുറി ച്ചുള്ള വീക്ഷണകോണുകളുടെ ദുര്‍ഗ്രാഹ്യത യെയും, അതില്‍ത്തന്നെയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആശയക്കുഴപ്പങ്ങളെയും കുറിച്ച് നിരൂപിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇന്നു വരെ ഉള്ള നിരവധി ചരിത്രകാരന്മാരെ 'ആശ്ചര്യപ്പെടുത്തുകയും അമ്പരപ്പിക്കുകയും' ചെയ്ത ഈ സന്ദര്‍ശനത്തെക്കുറിച്ചു വിശദമായി പഠിക്കുകയും എന്നാല്‍ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തെ കുരിശുയുദ്ധത്തിന്‍റെ കണ്ണിലൂടെ വരെ സംശയിച്ചു കണ്ട വിമര്‍ശകനായ ആധുനിക ചരിത്രകാരന്‍ Tolan പോലും കൃത്യമായ ഒരു 'വിധിതീര്‍പ്പിലേക്കു' (conclusion) വരാന്‍ ശങ്കിക്കുന്നുണ്ട്. എനിക്ക് ഇതിലേക്ക് 'ഒരു ചെറു വെട്ടം മാത്രമേ തെളിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ' എന്നാണ് ഒടുവില്‍ ടോളന്‍റെ കുമ്പസാരം. ടോളന്‍റെ തന്നെ വാക്കുകളില്‍ അതിങ്ങനെയാണ്, 'അടക്കം പരിമിതപ്പെടുത്തുന്ന ഒരു ചരിത്രകാരനെന്ന നിലയില്‍, എനിക്ക് ഇങ്ങനെ മാത്രമേ നിരീക്ഷിക്കാന്‍ കഴിയൂ, പോയ കാലത്തിന്‍റെ കലങ്ങിയ വെള്ളത്തില്‍ നോക്കുമ്പോള്‍, തന്‍റെ തന്നെ പ്രതിബിംബവും, പ്രതീക്ഷയുടെയും ഭയത്തിന്‍റെയും പ്രതിച്ഛായയും മാത്രമേ സര്‍വോപരി കാണുകയുള്ളൂ.'

ചിലര്‍ക്ക്, ഫ്രാന്‍സിസ് ഒരു വിരോധാഭാസവും, ഒരിക്കലും പിടികിട്ടാത്ത ഒരു രഹസ്യവുമാണ് (Mystery)). ബെര്‍ണാഡ് മക്ഗിന്ന്‍ (ബെര്‍ണാഡ് McGinn)) ആധുനികനായ(modernist) George Tyrrellന്‍റെ, ബൈബിള്‍ പണ്ഡിതന്മാരെ ഉദ്ദേശിച്ചുള്ള ഒരു നര്‍മ്മോക്തി (quip) അനുസ്മരിച്ചുകൊണ്ട് പറയുന്നതിങ്ങനെയാണ്. 'ചരിത്രത്തിലെ ക്രിസ്തു വിനെ (historical Jesus) കണ്ടെത്താനുള്ള ഉദ്യമ ത്തില്‍ അവര്‍ തങ്ങളുടെ തന്നെ പ്രതിബിംബ ങ്ങളാണ് കണ്ടെത്തിയത്. 'ഇതേ അപകടമാണ് ചരിത്രത്തിലെ ഫ്രാന്‍സിസിനെ (historical Francis) 'ആത്യന്തികമായും, അവിതര്‍ക്കിതമായും' കണ്ടെത്താനുള്ള ഉദ്യമത്തിലും സംഭവിക്കുന്നത് എന്ന് McGinn ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത് നിരാശയുടെ ഒരു പര്യാലോചന അല്ലെന്നും, മറിച്ചു ഇങ്ങനെയുള്ളവരുടെ വ്യകതിത്വം ഏതെങ്കിലും ഒരു പ്രത്യേക കാലത്തേക്കോ, ക്ഷണികമായ ഒരു സന്ദേശത്തിലോ ചുരുക്കാനാവില്ല എന്ന ഒരു സത്യപ്രസ്താവനയാണിതെന്നും, ഇതു തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും പ്രകോപനമായേക്കാം എന്നും, എന്നാല്‍ ഇങ്ങനെയുള്ള വിയോജിപ്പുകള്‍ എപ്പോഴും വിപരീതഫലമല്ല നല്‍കുന്നത് എന്നുമാണ് മക്ഗിന്‍ന്‍റെ പക്ഷം.


എല്ലാ ചരിത്രവും വസ്തുനിഷ്ഠമായിരിക്കണമെന്നു ശഠിക്കുമ്പോഴും, ആഖ്യാതാവിന്‍റെ തന്നെ 'ചായ്വിന്‍റെ' പ്രതിബിംബങ്ങള്‍ (പ്രതിച്ഛായ) ചരിത്രവ്യക്തികളില്‍ ആരോപിക്കപ്പെടുന്നു എന്നതാണ് ഏതു ചരിത്രാഖ്യാനത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈരുധ്യം.


ഫ്രാന്‍സിസ് ആധുനിക മതാന്തര സംവാദത്തിന്‍റെ മുന്‍ഗാമി ആണോ എന്ന ചരിത്രപരമായ അന്വേഷണത്തിലെ പ്രയാസമേറിയ ഒരു ഘട്ടത്തിലാണ് നാം എത്തിനില്‍ക്കുന്നത്. ഫ്രാന്‍സിസിനെ അവതരിപ്പിക്കുന്ന വ്യത്യസ്തവും, തീര്‍ത്തും വിരുദ്ധങ്ങളുമായ വിവരണങ്ങളും, അവ പ്രതിനിധാനം ചെയ്യുന്ന ചരിത്രകാരന്മാരുടെ വ്യത്യസ്ത താല്പര്യ ങ്ങളും നാം കണ്ടു. ഫ്രാന്‍സിസ്കന്‍ സഭേതര ചരിത്രകാരന്മാരുടെ വിവരണങ്ങളില്‍ ഫ്രാന്‍സിസ് സുല്‍ത്താനെ സന്ദര്‍ശിച്ചത് നിഷ്ഫലവും പരാജയവുമായിരുന്നു. ഈ നിഗമനം അഞ്ചാം കുരിശു യുദ്ധത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അടി സ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ ഒരു ദിനവൃത്താന്തകനും ഫ്രാന്‍സിസിനെ ഒരു കുരിശു യുദ്ധക്കാരനായല്ല, മറിച്ച് ഒരു ദൈവമനുഷ്യനായിട്ടാണ് അവതരിപ്പിക്കുന്നത്. അവര്‍ തീര്‍ച്ചയായും വിശ്വസിക്കുന്നതു കുരിശുയുദ്ധക്കാരുടെ പാളയത്തില്‍ പ്രസംഗിച്ചതു പോലെതന്നെ സുല്‍ത്താന്‍റെ മുമ്പിലും ഫ്രാന്‍സിസ് പ്രസംഗിച്ചിട്ടുണ്ട് എന്നുതന്നെയാണ്. പക്ഷെ ടോളനെ പോലെയുള്ള ആധുനിക എഴുത്തുകാര്‍, ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ സാംഗത്യമില്ലാത്ത പക്ഷപാതപരമായ നിഗമനകളിലേക്കാണ് എത്തിച്ചേരുന്നത്. ഇത് തീര്‍ച്ചയായും ഒരു സന്ദിഗ്ധതയാണ്. ഇവരെ സംബന്ധിച്ചു ഫ്രാന്‍സിസും ഒരു കുരിശുയുദ്ധക്കാരനാണ്. എന്നാല്‍, ഫ്രാന്‍സിസ്കന്‍ സഹോദരന്മാരായ പണ്ഡിതരുടെ വീക്ഷണത്തില്‍ ഫ്രാന്‍സിസ് എന്ന ദൈവമനുഷ്യന്‍ സുല്‍ത്താന്‍റെ സദസ്സില്‍ ആത്മാവിന്‍റെ ശക്തിയോടും മനസ്ഥൈര്യത്തോടും കടന്നു ചെന്നു എന്നാണ്. ഇവരെ സംബന്ധിച്ചു ഫ്രാന്‍ സിസ് രക്തസാക്ഷിത്വം തേടി വന്നു എന്നതാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. ഇവര്‍ ഫ്രാന്‍സിസിനെ, ക്രിസ്തുമതത്തിന്‍റെ സത്യത്തെക്കുറിച്ചു പ്രസംഗിച്ച വിശ്രുത വാഗ്മിയായും അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ് എപ്പോഴും എല്ലായിടത്തും സുവിശേഷാനുസൃത ജീവിതമേ നയിക്കൂ എന്ന തത്ത്വത്തിലൂന്നിയാണു ഫ്രാന്‍സിസ്കന്‍ എഴുത്തുകാര്‍ പ്രസ്തുത സംഭവത്തെ വ്യാഖ്യാനിക്കുന്നതും തീര്‍പ്പു കല്പിക്കുന്നതും.


എല്ലാ വിവരണങ്ങളും അതാതിന്‍റെ ഉദ്ദേശ്യങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു. എല്ലാത്തിലും പൊതുവായതു, ഫ്രാന്‍സിസ് രക്തസാക്ഷിയുമായില്ല, സുല്‍ത്താന്‍ ക്രിസ്ത്യാനിയും ആയില്ല എന്നതാണ്. അതോടൊപ്പം എല്ലാ വിവരണങ്ങളിലും കാണാനാവുന്നത്, സുല്‍ത്താന്‍റെ പടയാളികള്‍ ഫ്രാന്‍സിസിനു ക്രിസ്ത്യന്‍ പാളയത്തിലേക്ക് അകമ്പടി സേവിച്ചു എന്നാണ്. ഇതു നല്‍കുന്ന വ്യക്തമായ സൂചന ഫ്രാന്‍സിസ് തീര്‍ച്ചയായും ഒരു കുരിശു യുദ്ധക്കാരന്‍ അല്ല എന്നതാണ്. എന്നിരുന്നാലും, ചരിത്രപരമായ തെളിവുകളുടെ അഭാവം കൊണ്ടെ ത്തിക്കുന്നത് ഫ്രാന്‍സിസിനും സുല്‍ത്താനും ഇടയില്‍ എന്താണു സംഭവിച്ചത് എന്നു വ്യക്തമായി അറിയാന്‍ സാധിക്കാത്ത ഒരു അവസ്ഥയിലേക്കാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ വ്യക്തമാകുന്നത്, ഫ്രാന്‍സിസിനു സുല്‍ത്താന്‍റെ സദസ്സില്‍ സമാധാനപരമായ വാസം ഉണ്ടായി എന്നുതന്നെയാണ്. ഫ്രാന്‍സിസ് എവിടെയും, എല്ലായ്പ്പോഴും സുവിശേഷാനുസൃത ജീവിതം നയിച്ചു എന്നതും വിശ്വസിക്കാനായി നല്ല കാരണം ഉണ്ട് താനും. ഫ്രാന്‍സിസിന്‍റെ അഭിവാദനം എപ്പോഴും 'സമാധാനം' എന്നായിരുന്നു. ന്യായമായും ഇങ്ങനെ അനുമാനിക്കാമെന്നു കരുതട്ടെ, ഫ്രാന്‍സിസ് വാക്കുകള്‍കൊണ്ടു മാത്രമല്ല ജീവിതവും മാതൃകയും കൊണ്ടു പ്രസംഗിച്ചു; കൂടാതെ, ഫ്രാന്‍സിസിന്‍റെ ഭദ്രമായ ക്രിസ്ത്യന്‍ ക്യാമ്പിലേക്കുള്ള മടക്കവും സൂചിപ്പിക്കുന്നത്, സുല്‍ത്താന്‍ കുറഞ്ഞപക്ഷം ഈ ക്രിസ്ത്യന്‍ സന്യാസിയെ ആദരിച്ചു എന്നുതന്നെയാണ്.


ഇത്രയും കണ്ടതിന്‍റെ അടിസ്ഥാനത്തില്‍, സവിശേഷമായ ഒരു സമീപനമാണ് ഈ പഠനം മുമ്പോട്ടുവയ്ക്കുന്നത്. ചരിത്രപരമായ സംഭവവും (historical event),, ചരിത്രപരമായ രേഖയും (historical document) തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും മനസിലാക്കേണ്ടത്. ചരിത്രപരമായ സംഭവം എന്നുപറഞ്ഞാല്‍, ഫ്രാന്‍സിസും സുല്‍ത്താനും തമ്മില്‍ കണ്ടുമുട്ടിയ ഡാമിയേറ്റയിലെയും (Damietta, Egypt),, കുരിശുയുദ്ധക്കാരെ കണ്ട പാളയത്തിലെയും സംഭവങ്ങളാണവ. നിര്‍ഭാഗ്യവശാല്‍ അതിനെക്കുറിച്ചു വ്യക്തമായ രേഖകളോ, ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമോ ഇല്ല. അതുകൊണ്ടുതന്നെ ഫ്രാന്‍സിസ്, മതാന്തര സംവാദത്തിന്‍റെ തുടക്കക്കാരനാണോ എന്നത് ഈ ചോദ്യം ചെയ്യപ്പെട്ട ചരിത്രപരമായ സംഭവത്തിന്‍റെ (event in question) അടിസ്ഥാനത്തില്‍ നിര്‍ണയിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്കു നാം തിരിയുകയാണ്. 1221-ല്‍ ഫ്രാന്‍സിസ് രചിച്ച 'റഗുല നോണ്‍ ബുള്ളാത്ത' (Regula non bullata) എന്ന ഫ്രാന്‍സിസ്കന്‍ സഭയുടെ നിയമാവലിയാണ് ചരിത്രപരമായ ഈ രേഖ. ഇതിന്‍റെ 800 -ാം വാര്‍ഷികമായിരുന്നു 2021-ാം ആണ്ട്. ഈ നിയമാവലിയിലെ മിഷനറി അധ്യായം എന്നു വിളിക്കപ്പെടുന്ന 16-ാം അധ്യായത്തെക്കുറിച്ചുള്ള പഠനമാണ് ഫ്രാന്‍സിസ് മതാന്തര സൗഹൃദത്തിന്‍റെ മുന്‍ഗാമി ആയിരുന്നോ എന്നതു നിര്‍ണയിക്കേണ്ടത്. (തുടരും)

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍

0

0

Featured Posts

bottom of page