top of page

ഫ്രാന്‍സിസ്, നിറയെ നീ തന്നെ

Oct 18, 2020

1 min read

നിജിന്‍ ഹരോള്‍ഡ് കപ്പൂച്ചിന്‍
francis is praying to God

ഫ്രാന്‍സിസ്, നിറയെ

നീ തന്ന സ്നേഹം.

ഇന്നലെ തുളുമ്പി പോകും

എന്ന് തോന്നിയപ്പോള്‍,

സന്ധ്യാനേരം നിന്നെ തേടി ഞാനിറങ്ങി.

കണ്ടുമുട്ടാറുള്ള ഇടങ്ങളിലൊന്നും നിന്നെ കണ്ടില്ല.

എങ്കിലും കാണാറുള്ള ഇടങ്ങളിലെല്ലാം

നിന്നെ തിരഞ്ഞിരുന്നു.

കാറ്റിനോട് നീ കഥ പറയാറുള്ളിടത്തും,

കുഞ്ഞു പൂക്കളെ കണ്ണിലിട്ടാടിക്കാറുള്ളിടത്തും,

കലങ്ങി ഒഴുകുന്ന പുഴമുഖത്തും,

കാട്ടുവഴിയിലെ കല്‍പ്പൂവിനരികിലും,

തേന്‍കിളികളെ നോക്കിയിരിക്കാറുള്ള

മുളം കാട്ടിലും നീ ഇല്ലായിരുന്നു.

മഴ എന്നെ പൊള്ളിച്ചു തുടങ്ങിയപ്പോള്‍

മെല്ലെ ഞാന്‍ തിരികെ നടന്നു.

വാതിലുകളൊരു ഞരക്കത്തോടെ തുറന്നപ്പോള്‍,

മൂടിപുതച്ച് നീ എന്‍റെ കിടക്കയില്‍!

എപ്പോള്‍ വന്നു നീ?

നിന്നെ തിരയുകയായിരുന്നു ഞാന്‍.

നിനക്കൊപ്പം നടക്കാന്‍ തുടങ്ങിയിട്ട്

കാലങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു.

എന്നിട്ടും കണ്ണുകളടച്ചു നീ എന്നെ അനേഷിക്കുന്നു.

ഒപ്പം ഇരിക്കുന്ന എന്നെ

ഒഴിഞ്ഞിടങ്ങളില്‍ നീ തിരയുന്നു.

അവനരികിലായ് ഞാന്‍ ഇരുന്നപ്പോള്‍

വീണ്ടുമവന്‍ പുറത്തേക്കിറങ്ങിയിരിക്കുന്നു.

നിറയെ നീ തന്നെ!

പുഴപോലെ വീണ്ടും അനേഷണത്തില്‍...

എങ്കിലും ഞാന്‍...

നിജിന്‍ ഹരോള്‍ഡ് കപ്പൂച്ചിന്‍

0

0

Featured Posts

Recent Posts

bottom of page