top of page

ആദിമഗോത്രങ്ങളില്‍ ആണ്‍പെണ്‍ വ്യത്യാസങ്ങള്‍ അത്ര കണ്ട് ഉണ്ടായിരുന്നില്ല. എല്ലാവരും ചേര്‍ന്നാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. വലിയ മൃഗങ്ങളെ പുരുഷന്‍മാര്‍ മാത്രം വേട്ടയാടിയിരുന്നു എന്നുമാത്രം. കാലം കടന്നു പോകവേ മനുഷ്യര്‍ കാടുകളില്‍ നിന്ന് നദീതടങ്ങളിലേയ്ക്ക് ചേക്കേറുകയും കൃഷി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നു കുടുംബങ്ങള്‍ രൂപീകരിക്കപ്പെടുകയും, പുരുഷന്‍ കുടുംബത്തിനു വേണ്ടി പണിയെടുക്കുന്നവനാവുകയും, സ്ത്രീകള്‍ കുടുംബത്തെ പരിപാലിക്കുന്നവാളാവുകയും ചെയ്തു. ഗര്‍ഭിണിയാകുന്നതിലേക്കും, കുട്ടികളെ പരിപാലിക്കുന്നതിലേക്കും അവള്‍ ചുരുക്കപ്പെട്ടു എന്നു പറയുന്നാതാവും ശരി. സ്ത്രീകള്‍ക്ക് തങ്ങള്‍ പ്രസവിക്കുന്ന കുഞ്ഞ് തന്‍റേതാണെന്ന് ഉറപ്പിക്കാന്‍ കഴിയുമ്പോള്‍, ആണിന് അത് സാധിക്കാതെ വരുന്ന ശാരീരികവസ്ഥ രംഗം കൂടുതല്‍ വഷളാക്കി. സ്ത്രീ സ്വഗോത്രത്തില്‍ നിന്നുതന്നെ പ്രസവിക്കേണ്ടതു അതതു സമൂഹത്തിന്‍റെ ആവശ്യമായി. ഇതുകൂടെയായപ്പോള്‍ സ്ത്രീയുടെ ജീവിതം വീട്ടിനുള്ളില്‍ പൂര്‍ണ്ണമായും തളച്ചിടപ്പെട്ടു.
ഇതിനൊപ്പം മിത്തുകള്‍ ചേര്‍ന്ന് രൂപം കൊണ്ട വിശ്വാസങ്ങളും, സംസ്കാരവും സ്ത്രീയെ അടക്കി നിറുത്തുന്നതില്‍ പരിധിയില്ലാത്ത വിജയം കൈവരിച്ചു. ഇതെല്ലാം നിര്‍മ്മിച്ചത് പുരുഷനായിരുന്നു എന്നുള്ളതു തന്നെയാണ് ഇതിന് കാരണം. അതി ജീവനത്തിന്‍റെ ഭാഗമായും, പിന്നീട് ആത്മാവിഷ്ക്കാരത്തിന്‍റെ ഇടമായും മനുഷ്യന്‍ പരുവപ്പെടുത്തിയ കലകള്‍ക്കൂടി സ്ത്രീയ്ക്കെതിരെ ഉപയോഗിച്ചുതുടങ്ങി. അതോടെ സ്ത്രീയുടെ സ്വാതന്ത്ര്യം അസംഭവ്യമായി മാറി. മനുഷ്യനെ ആധുനികനാക്കി മാറ്റുന്നതില്‍ ഏറെ പങ്കുവഹിച്ച നവോത്ഥാനം പോലും സ്ത്രീയെ ചരിത്രത്തിന്‍റെ ഭാഗമാക്കുന്നതില്‍ പരാജയപ്പെട്ടു. ഏറ്റവും ഒടുവിലായി വ്യവസായിക വിപ്ലവത്തിന്‍റെ രാക്ഷസകൈകള്‍ക്കൂടി അവളെ വരിഞ്ഞുമുറിക്കിയപ്പോഴാണ് സ്ത്രീകള്‍ പ്രതികരിച്ചുതുടങ്ങിയത്. അവിടുന്നിങ്ങോട്ട് സ്വാതന്ത്ര്യബോധമുള്ള സ്ത്രീകള്‍ വിവിധ ദേശങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ഏതൊരു കലാ, സാംസ്കാരിക രംഗംപോലെയും സത്രീ വിരുദ്ധമായ കലാസൃഷ്ടികളാല്‍ സമ്പന്നമാണ് സിനിമയും. ക്ലിയോപാട്ര, ജോവാന്‍ ഓഫ് ആര്‍ക്ക് പോലുള്ള ഏതാനും സ്ത്രീകളുടെ ജീവിതം അഭ്രപാളികളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നല്ലാതെ സാധാരണ സ്ത്രീകളില്‍ സ്വാതന്ത്ര്യ ബോധവും, ആത്മാഭിമാനവും വളര്‍ത്തുന്ന സിനിമകള്‍ വിരളമാണ്. ലേഡി മാക്ബത്ത്, പ്രോമിസിംഗ് യംങ്ങ് വുമണ്‍ പോലുള്ള സിനിമകളില്‍ ആണുങ്ങളോട് കലഹിച്ചു വിജയം നേടുന്ന സ്ത്രീകളെ കാണാമെങ്കിലും ആശയപരമായി പുരുഷ മേധാവിത്തത്തോട് കലഹിക്കുന്ന സ്ത്രീപക്ഷ സിനിമകള്‍ തുച്ഛമാണ്.

ആശയപരമായി കായികശേഷിയോട് മത്സരിക്കുന്ന സ്ത്രീയുടെ കഥപറയുന്ന ചുരുക്കം സിനിമകളില്‍ ഒറ്റവും പുതുതാണ് 2024 ല്‍ റിലീസ് ചെയ്ത ഇറ്റ് എന്‍ഡ് വിത്ത് അസ്/ ഇംഗ്ലീഷ്/ 130 മിനിറ്റ്. ക്രിസ്റ്റി ഹാള്‍ തിരക്കഥയും, ജസ്റ്റിന്‍ ബാല്‍ഡോണി സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന സിനിമ വിഷലിപ്തമായ പുരുഷത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെ കഥയാണ്. കേരളം പോലെ "കലിപ്പനെയും-കാന്താരിയേയും" ആഘോഷമാക്കുന്ന സമൂഹങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്. പ്രണയപശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ഏറ്റവും ഒടുവില്‍ സിനിമയിലെ "കലിപ്പനെ" അവള്‍ എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സഹനത്തിന്‍റെ പ്രതീകമായ നായികയായി തോന്നിക്കുന്നുണ്ട് ലില്ലി ബ്ലൂമിനെ (ബ്ലേക്ക് ലൈവ്ലി). എന്നാല്‍ കഥ വികസിക്കുന്നതോടെ ലില്ലി പ്രതികരിച്ചു തുടങ്ങുന്നു. ആത്മാഭിമാനത്തിന് കനത്ത പ്രഹരമേല്‍ക്കേണ്ടി വരുന്നതോടെ അവള്‍ അടിമുടിമാറുന്നു. സ്വന്തം ജീവിതത്തിന്‍റെ ഗതിയും, വിധിയും നിര്‍ണ്ണയാക്കാന്‍ ഏതൊരു സ്ത്രീയ്ക്കും കഴിയുമെന്ന് ലില്ലിയിലൂടെ സംവിധായകന്‍ നമുക്ക് കാണിച്ചുതരുന്നു. മനോഹരമായ ഫ്രെയ്മുകളാല്‍ സമ്പന്നമായ ഇറ്റ് എന്‍ഡ് വിത്ത് അസ് രാഷ്ട്രീയത്തിനുമപ്പുറം സിനിമയുടെ കലാസൗന്ദര്യം ചോരാതെ കാത്തു.
ബെര്‍ണാര്‍ഡ് ഷ്ളിങ്കിന്‍റെ നോവലിനെ ആസ്പദമാക്കി അതേ പേരില്‍തന്നെ നിര്‍മ്മിച്ച സിനിമയാണ് ദി റീഡര്‍/ 2008/ ഇംഗ്ലീഷ്/ ജര്‍മ്മന്‍/ 124 മിനിട്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലി ചെയ്യുകയും, യുദ്ധാനന്തം ജര്‍മ്മനിയിലാകമാനം നടന്ന കോടതി വിചാരണകളിലൊന്നില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ഹന്ന ഷ്മിറ്റ്സ് എന്ന സ്ത്രീയുടെ കഥപറയുന്ന സിനിമയാണ് റീഡര്‍. തന്നെ പ്രാണനുതുല്യം സ്നേഹിക്കുന്ന മൈക്കിള്‍ ബര്‍ഗിന്‍റെ മുന്നില്‍ ഒരിക്കല്‍പോലും തോറ്റുകൊടുക്കാന്‍ ഹന്ന മനസ്സുകാണിക്കുന്നില്ല. കോടതിമുറിയില്‍ ജീവിതം അപകടത്തിലാകുമ്പോഴും ഹന്ന വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ല. ലോകസിനിമയില്‍ ഇന്നോളം അവതരിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാമുക കഥാപാത്രമാണ് മൈക്കിള്‍. ആ മൈക്കിളിന്‍റെ പ്രണയത്തെ തോലിപിക്കാന്‍ തക്ക ശക്തയാണ് ഹന്ന. ഡേവിഡ് ഹെര്‍ തിരക്കഥയും, സ്റ്റീഫന്‍ ദാല്‍ദ്രി സംവിധാനവും ചെയ്ത സിനിമ അന്നു വരെയുള്ളയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ സാമാന്യരൂപത്തെ പൊളിച്ചെഴുതി. 108 മില്യണ്‍ വാരിക്കൂട്ടിയ സിനിമ നിരവധി നോമിനേഷനുകളും, അതിലെ ഹന്നയെ അവതരിപ്പിച്ച കേറ്റ് വിന്‍സ്ലേറ്റ് മികച്ച നടിയ്ക്കുള്ള ഓസ്കാറും, ബാഫ്റ്റയും ഉള്‍പ്പെടെ ആറോളം അവാര്‍ഡുകളും സ്വന്തമാക്കി.
പകരം വെക്കാന്‍ മറ്റൊന്നില്ലാത്തവിധം ഫെമിനിസത്തെ ഏറ്റവും തീവ്രമായും, മനോഹരമായും അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ലിറ്റില്‍ വുമണ്‍/ 2019/ ഇംഗ്ലീഷ്/ 135 മിനിട്ട്. ഗ്രെറ്റാ ഗെര്‍വിഗ്ഗാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രെറ്റാ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ എഴുത്തുകാരിയായ ലൂയിസ മേ ആല്‍ക്കോട്ടിന്‍റെ അതേപേരിലുള്ള നോവലാണ് സിനിമയ്ക്കാധാരം. മെഗ്, ജോ, ബെത്ത്, ആമി എന്നീ നാലു സഹോദരിമാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്. 1917ല്‍ നിശബ്ദ്ധ സിനിമയുടെ കാലത്തുതന്നെ ഈ നോവല്‍ അവലംബമാക്കി ഇതേ പേരില്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. പിന്നീട് 1933, 1949, 1994 എന്നീ വര്‍ഷങ്ങളിലും ഇതേ നോവലിനെ അവലംബമാക്കി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
അഭിനയ പ്രതിഭകളെക്കൊണ്ട് സമ്പുഷ്ടമാണ് 2019 ല്‍ നിര്‍മ്മിച്ച ലിറ്റില്‍ വുമണ്‍. സഓള്സി റോനന്‍, ഫ്ലോറന്‍ പഗ്, എമ്മാ വാട്സണ്‍, എലീസ സ്കാന്‍ ലെന്‍, ലൗറാ ഡേണ്‍ കൂടാതെ അഭിനയത്തിന്‍റെ വിശ്വസര്‍വ്വകലാശാലയായ മെറീല്‍ സ്ട്രീപ്പ്. സഓള്സി അവതരിപ്പിച്ച ജോസഫിന്‍ മാര്‍ച്ചാണ് കേന്ദ്ര കഥാപാത്രം. ആ കഥാപാത്രത്തിലൂടെ വശ്യ സുന്ദരമായി ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാമെന്ന് സംവിധായകന്‍ ഗ്രെറ്റാ നമുക്ക് കാണിച്ചു തരുന്നു. ജോസഫിന്‍; സഹോദരങ്ങളെ പ്രചോദിപ്പിക്കുന്നതും അവരിലെ ആത്മാഭിമാനത്തെയുണര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ സിനിമ കാണികള്‍ക്കായി മുന്നോട്ടുവയ്ക്കുന്ന ആശയ സംവാദമാണ്. ഏറ്റവും ഒടുവിലായി പ്രണയത്തെ നിരാകരിച്ചു കൊണ്ട് അമ്മയോട് പറയുന്ന വാക്കുകള്‍ ഓരോ സ്ത്രീയുടേയും സ്വാതന്ത്ര്യബോധത്തെ തൊട്ടുണര്‍ത്തുന്ന വാചകങ്ങളാണ്.
സിനിമപോലുള്ള മാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നം ചൂഷണവും, ഒബ്ജെക്ടിഫിക്കേഷനുമാണ് (Objectification). അത് ഇല്ലാതാകാന്‍ തിരശ്ശീല യ്ക്കിരുവശവുമുള്ള പുരുഷാധിപത്യം അവസാനി ക്കണം. തിരശ്ശീലയ്ക്കു മുന്നില്‍ കൃത്യമായ ഒരു പരിണാമം നടക്കുന്നുണ്ട്. ഉദാഹരണമായി മലയാള ത്തില്‍ 2017 റിലീസ് ചെയ്ത എസ്. ദുര്‍ഗ (സെക്സി ദുര്‍ഗ) പരാജയപ്പെട്ടിടത്ത് 2019 ഇറങ്ങിയ ഇഷ്ക് കഷ്ടിച്ച് മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. 2022ല്‍ റിലീസ് ചെയ്ത ജയ ജയ ജയ ജയ ഹേ വന്‍ വിജയം നേടി. മൂന്നു സിനിമയും പുരുഷ മേധാവിത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളെക്കുറിച്ചുമാണ് സംസാരിച്ചത്. തിരശ്ശീലയ്ക്കു പിന്നില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിക്കുകയും, നിര്‍ണ്ണായകമായ ഇടങ്ങളിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരികയും ചെയ്യുന്നതോടെ സിനിമ ചൂഷണമുക്തമാകും. സ്ത്രീകളുടെ വ്യകിതത്വത്തെ അംഗീകരിക്കാന്‍ തയ്യാറാകുന്ന തലമുറ സിനിമനിര്‍മ്മിച്ചുതുടങ്ങുമ്പോള്‍ സിനിമയിലും സമത്വത്തിന്‍റെ റീലുകള്‍ ജനിക്കും.
Featured Posts
bottom of page