top of page
മനുഷ്യനെ നവീകരിക്കുന്നത് അവനിലുണ്ടാകുന്ന അവബോധമാണ്. എല്ലാ മനുഷ്യര്‍ക്കും നല്ലവരായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വിവിധങ്ങളായ കാരണങ്ങളാല്‍ അതിനു കഴിയുന്നില്ല. കുപ്രസിദ്ധരായ കുറ്റവാളികള്‍ക്കുപോലും തങ്ങളുടെ വഴി തെറ്റാണെന്നും അതു തിരുത്തണമെന്നും അറിയാം. പക്ഷേ സാധിക്കുന്നില്ല. ഒരാളുടെ പരിമിതിയെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ആ വ്യക്തിക്ക് അവബോധമുണ്ടായിരിക്കണം. സ്വന്തം പരിമിതിയെക്കുറിച്ചും മറ്റുള്ളവരുടെ വിലയിരുത്തലിനെക്കുറിച്ചും അവബോധമുണ്ടായാല്‍ ആ വ്യക്തി സ്വയം തിരുത്തും. തെറ്റായ അവബോധവുമായി ജീവിക്കുന്നിടത്തോളം കാലം ജീവിതത്തില്‍ വ്യതിയാനങ്ങളുണ്ടാവില്ല. സ്വയാവബോധം വന്നവരെല്ലാം പുതിയ വ്യക്തികളായി മാറിയിട്ടുണ്ട്. ചില സാഹചര്യങ്ങളും സംഭവങ്ങളുമെല്ലാം ദൈവം അനുവദിച്ചു തരും. അനുഭവങ്ങളില്‍ നിന്നു പാഠം പഠിക്കുന്നവനാണ് വിവേകമുള്ള മനുഷ്യന്‍. അതു സൃഷ്ടിക്കുന്ന സുബോധം ഒരുവനെ തിരിച്ചുനടത്തും. ഇന്നലെകളിലെ തെറ്റില്‍നിന്നു മുക്തി പ്രാപിക്കുന്ന പുതിയ മനുഷ്യനായി മാറും.
സ്വയാവബോധത്തിലേക്കു തിരിച്ചുനടക്കുന്ന മനുഷ്യന്‍ പുതിയ തീരുമാനങ്ങളിലേക്കു പ്രവേശിക്കും. ഒരുവന്‍റെ വില നിശ്ചയിക്കുന്നത് അവന്‍ സ്വീകരിക്കുന്ന നിലപാടുകളുടെ വെളിച്ചത്തിലാണ്. ഉറച്ചതീരുമാനമുള്ള മനുഷ്യരെ ലോകം ആദരിക്കും. അവനെവിടെനിന്നു വന്നുവെന്ന് പിന്നീടാരും ചിന്തിക്കില്ല. അവന്‍റെ യാത്ര എങ്ങോട്ടാണ് എന്നാണ് പിന്നീടുള്ള ശ്രദ്ധ. കൊലപാതകിയായ മോശ പുതിയ തീരുമാനത്തിലെത്തിയപ്പോള്‍ മോശയുടെ പഴയകാലം ആരും നോക്കിയില്ല. ക്രിസ്തുശിഷ്യരെ കൊന്നൊടുക്കിയ സാവൂള്‍ പുത്തന്‍ ബോദ്ധ്യത്തിലുറച്ചുനിന്നപ്പോള്‍ പഴയ മനുഷ്യനെ മറന്ന് പുതിയ പൗലോസിനെ മനുഷ്യര്‍ സ്വീകരിച്ചു.
പേരുദോഷങ്ങള്‍ മാറ്റുവാനും ജനഹൃദയങ്ങളി ല്‍ സ്ഥാനം പിടിക്കാനുമുള്ള ഏകമാര്‍ഗ്ഗം ഉറച്ചതീരുമാനമുള്ള വ്യക്തിയാവുക എന്നതാണ്. തിരിച്ചറിവിന്‍റെ അവബോധങ്ങള്‍ പുത്തന്‍ തീരുമാനത്തിന്‍റെ ഉടമയാക്കി ഒരുവനെ മാറ്റും.
ഒരിക്കലും കഴിഞ്ഞകാലങ്ങളെ നമുക്കു മറക്കാനാവില്ല. ഇന്നലെകളിലെ യാത്രകളില്‍ വന്നുപോയ വീഴ്ചകളെക്കുറിച്ച് യഥാര്‍ത്ഥമായ അനുതാപം ഉണ്ടാവണം. വീഴ്ചകളെക്കുറിച്ച് പശ്ചാത്തപിക്കാതെ പുതിയ ജീവിതം ആരംഭിച്ചാല്‍ അതു ശാശ്വതമാകില്ല. സ്വന്തം ബുദ്ധിയിലും ശക്തിയിലുമാശ്രയിച്ചുള്ള ഒരു പ്രയാണമായിരിക്കുമത്. കുറച്ചുകഴിയുമ്പോള്‍ വീണുപോകും. പഴയനിയമത്തില്‍ രാജാവായിരുന്ന സാവൂളും, ന്യായാധിപനായിരുന്ന സാംസണുമൊക്കെ ഇങ്ങനെ വീണുപോയവരാണ്. നമ്മള്‍ കളിമണ്‍ പാത്രങ്ങളില്‍ നിക്ഷേപം സൂക്ഷിക്കുന്ന മനുഷ്യരാണ്. ഏതു കാറ്റിനും കോളിനും നമ് മെ തകര്‍ക്കാന്‍ പറ്റും. ഞാന്‍ കളിമണ്ണാണെന്നും ദൈവം കുശവനാണെന്നുമോര്‍ത്ത് ഓരോ നിമിഷവും ജീവിക്കണം. ഈ ചിന്ത ഓരോ ദിവസവും അനുതാപമുള്ള വ്യക്തികളായി നമ്മെ രൂപാന്തരപ്പെടുത്തും.
തിരിഞ്ഞുള്ള നടപ്പുകള്‍ നിര്‍ണ്ണായകമാണ്. നടന്നുപോകുന്ന ദിശയില്‍ നിന്ന് നേരെ തിരിഞ്ഞുനടക്കണം. ലൂക്കാ സുവിശേഷം 24-ാം അധ്യായത്തില്‍ എമ്മാവൂസിലേക്കു പോയ ശിഷ്യരെ ക്രിസ്തു തിരിച്ചുനടത്തി. തിരിച്ചറിവുകള്‍ നല്‍കിയാണ് തിരിയെ നടത്തിയത്. തങ്ങള്‍ പോകുന്നത് എമ്മാവൂസിലേക്കാ ണെന്നായിരുന്നു ആദ്യ തിരിച്ചറിവ്. തങ്ങള്‍ എമ്മാവൂസിലേക്കു പോകേണ്ടവരല്ലെ ന്നതാണ് രണ്ടാമത്തെ തിരിച്ചറിവ്. ജറൂസലേമില്‍ താമസിക്കേണ്ടവരാണ് എന്നതാണ് അടുത്ത തിരിച്ചറിവ്. ഈ അറിവുകള്‍ അവരെ തിരിച്ചുനടത്തി. താന്‍ ഒരു പിതാവാണെന്നും മാതാവാണെന്നുമുള്ള തിരിച്ചറിവ് മാതാപിതാക്കളെ തിരിച്ചുനടത്തും. വഹിക്കുന്ന ജീവിതാന്തസിന്‍റെ മഹിമയെക്കുറിച്ചുള്ള സുബോധം നമ്മുടെ വഴികളെ മാറ്റിമറിക്കും. കോപത്തിന്‍റെ വഴിയില്‍നിന്നും ശാന്തതയുടെ വഴിയിലേക്കും എടുത്തുചാട്ടത്തിന്‍റെ വഴിയില്‍ നിന്നും ആത്മസംയമനത്തിന്‍റെ വഴിയിലേക്കും നാം പ്രവേശിക്കും.
മറഞ്ഞുകിടക്കുന്ന ആനന്ദത്തിലേക്കാണ് മടക്കയാത്രകള്‍ നമ്മെ എത്തിക്കുന്നത്. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: "നിത്യനൂതന സത്യമേ നിന്നെ അറിയുവാനെത്ര വൈകിപ്പോയി." ഞാനൊന്നു മാനസാന്തരപ്പെടാന്‍ മനസ്സുകാണിച്ചാല്‍ ആ നിമിഷം ദൈവം എന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സക്കേവൂസ് യേശുവിനെ കാണാനാഗ്രഹിച്ച നിമിഷം ക്രിസ്തു അവന്‍റെ ജീവിതത്തിലേക്കു പ്രവേശിച്ചു. എന്‍റെ ഉള്ളു കാണുന്നവനാണ് കര്‍ത്താവ്. ആ കണ്ടുമുട്ടലില്‍ അവാച്യമായ ആനന്ദവും അസുലഭമായ മനസ്സമാധാനവും കൈവരും. പുതിയ വഴികളില്‍ നടന്ന് കര്‍ത്താവിലെത്തിയവരുടെയെല്ലാം അനുഭവമാണിത്. നമുക്കും ഈ ആനന്ദത്തിലേക്കു പ്രവേശിക്കാം.
Featured Posts
bottom of page