top of page

ഫലസിദ്ധി

Feb 8

1 min read

ജോര്‍ജ് വലിയപാടത്ത്

യേശു പഠിപ്പിച്ച കർത്തൃ പ്രാർത്ഥന മുതൽ പലതരം പ്രാർത്ഥനകൾ നാം ഉപയോഗിക്കുന്നുണ്ട്. വിശുദ്ധരും മാർപാപ്പമാരും രചിച്ചതും ഉപയോഗിച്ചതും ആയ പ്രാർത്ഥനകൾ ഉണ്ട്. ചില പ്രാർത്ഥനകള്‍ കൂടുതൽ ദൈവശാസ്ത്രപരമാവാം, ചിലത് കൂടുതൽ അർത്ഥസമ്പുഷ്ടമാവാം, ചിലത് കൂടുതൽ ഭക്തിരസപ്രധാനമാവാം, ചിലത് കൂടുതൽ (mystical) യോഗാത്മകമാവാം. എന്നാൽ ചിലപ്പോൾ ദൈവശാസ്ത്രപരമായി പരമ അബദ്ധം ആയിട്ടുള്ള പ്രാർത്ഥനകൾ ഉണ്ടാവാം. "പരിശുദ്ധ അമ്മേ, അങ്ങേ ദിവ്യപുത്രനോട് മക്കളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ" എന്നത് ദൈവശാസ്ത്രപരമായി ശരിയായ പ്രാർത്ഥനയാണ്. നേരേതിരിച്ച്, "യേശുവേ നാഥാ, അങ്ങേ ദിവ്യജനനിയോട് മക്കളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ" എന്നു വരികിൽ അത് ദൈവശാസ്ത്രപരമായി പരമാബദ്ധം ആയിരിക്കും. പൊതുവായി ഉപയോഗിക്കേണ്ട പ്രാർത്ഥനകളെല്ലാം ദൈവശാസ്ത്രപരമായി ശരിയായിരിക്കേണ്ടതുണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ. യോഗാത്മകമോ ആശയസംപുഷ്ടമോ ഭക്തിരസപ്രധാനമോ പരിവർത്തനോന്മുഖമോ ഏതുമാകട്ടെ, പ്രാർത്ഥനകൾ ശക്തങ്ങളാണ്. എന്നുവച്ചാൽ, അവയ്ക്ക് നമ്മെ ദൈവിക ഭാവത്തിലേക്ക് പരിവർത്തിപ്പിക്കാനുള്ള കഴിവുള്ളവയാണ്.


എന്നാൽ ഈയിടെയായി ഏതെങ്കിലും വിശുദ്ധരുടെയോ മാർപാപ്പമാരുടെയോ ദർശനക്കാരുടെയോ ധ്യാനകേന്ദ്രങ്ങളുടെയോ ഒക്കെ പേരിലുള്ള പ്രാർത്ഥനകൾ "വലിയ ശക്തിയുള്ള" പ്രാർത്ഥനകൾ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നതായി കാണാനുണ്ട്. ഇന്ന പ്രാർത്ഥന ഇത്ര ദിവസം അല്ലെങ്കിൽ ഇത്ര തവണ പ്രാർത്ഥിക്കുമ്പോഴേക്കും ദൈവം പ്രവർത്തിച്ചിരിക്കും എന്ന തരത്തിലാണ് പ്രചരണങ്ങൾ! ദൈവത്തെ അറസ്റ്റ് ചെയ്ത് നിയോഗങ്ങൾ നടത്തിപ്പിച്ചെടുക്കുന്ന പ്രകാരത്തിലാണ് പ്രചരണങ്ങൾ പോകുന്നത്! അതായത്, ഏതെങ്കിലും പ്രാർത്ഥനക്ക് ചില മന്ത്രശക്തികൾ ഉണ്ട് എന്ന് പലരും കരുതുന്നതുപോലെ തോന്നുന്നുണ്ട്. മനുഷ്യരായ തങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക പ്രാർത്ഥന ചൊല്ലിയാൽ, മന്ത്ര സിദ്ധികൊണ്ട് എന്നതുപോലെ കാര്യങ്ങൾ നടക്കും എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ ദൈവത്തെ അറിയുന്നില്ല എന്നു മാത്രമല്ല, അവർ പ്രാർത്ഥിക്കുന്നത് വേഷപ്രച്ഛന്നനായ പിശാചിനോടായിരിക്കാനും സാധ്യതയുണ്ട്. കാരണം, 'എന്നെ ആരാധിച്ചാൽ ഇക്കാണുന്നവയെല്ലാം ഞാൻ നിനക്ക് നല്കാം' എന്ന് സുനിശ്ചിതമായി വാക്കു നല്കുന്നവൻ ദൈവപുത്രൻ്റെ അടുത്തെത്തിയ പിശാചായിരുന്നല്ലോ!


യേശുവാകട്ടെ, പ്രാർത്ഥിക്കാൻ നിർദ്ദേശിക്കുമ്പോൾ, പ്രാർത്ഥന നിരസിക്കപ്പെടാം എന്ന സാധ്യതയും ഉടനെതന്നെ മുൻകൂട്ടി പറയുന്നത് നാം കാണുന്നുണ്ടല്ലോ!


ജോര്‍ജ് വലിയപാടത്ത�്

0

112

Featured Posts

Recent Posts

bottom of page