top of page

ചില്ലുകളാണ് നിറയെ ...!!

Nov 11, 2016

4 min read

നിഷാന്ത് നിഷു
A man sitting alone

'നീ കുറ്റം ചെയ്തോ ..?' S I ചോദിച്ചു


'അതെ' അവന്‍ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.


'മുഖത്ത് നോക്കി സംസാരിക്കെടാ...'അയാള്‍ തന്‍റെ കസേര അവനരികിലേക്ക് നീക്കിയിട്ട് പറഞ്ഞു. അവന്‍ മുഖമുയര്‍ത്തി അയാളെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരുന്നു


'ഈ കരച്ചില്‍ നാടകമൊക്കെ ഞങ്ങള്‍ കുറെ കണ്ടിട്ടുള്ളതാ. അത് വിട്. നിന്നെ പോലുള്ള കള്ളന്മാരെ ജോലിക്ക് വെക്കുന്ന കമ്പനിയെ പറഞ്ഞാ മതിയല്ലോ.. പണിയെടുത്ത് തിന്നൂടെടാ തനിക്കൊക്കെ.' ഓഫീസര്‍ അവന്‍റെ മുടിക്ക് കുത്തിപ്പിടിച്ചു ചോദിച്ചു. അവന്‍ ഒന്നും മിണ്ടിയില്ല.


ഇന്നലെ വന്ന പരാതി ആണ്. പേര് മനീഷ്. ഫിനാന്‍സ് കമ്പനിയിലാണ് ജോലി. അവിടുത്തെ 5 പവന്‍ സ്വര്‍ണാഭരണം കാണാതായി. പണയ ഉരുപ്പടിയായിരുന്നു.കമ്പനിയുടെ CCTV ദൃശ്യങ്ങള്‍ പ്രകാരം മനീഷിനെതിരെ അവര്‍ കേസുമായി വന്നു. രാവിലെ സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ചപ്പോള്‍ അവന്‍ വന്നു. കുറ്റം സമ്മതിച്ചെങ്കിലും തൊണ്ടിമുതലിനെക്കുറിച്ച് അവന്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.


അയാളുടെ മൊബൈല്‍ ശബ്ദിച്ചു.


'ഹരിഷേ ഇവനെ കൊണ്ട് പോയി ആ തൊണ്ടിയൊന്നു തപ്പിയെടുക്ക്' കാള്‍ എടുക്കുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞു.


ആശുപത്രിയില്‍ നിന്നും ഭാര്യ ആണ്.


'ഏട്ടാ ..മോളെ വാര്‍ഡിലേക്കു മാറ്റി. രണ്ടു ദിവസത്തിനകം പോകാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്.'


'റൂമൊന്നും ഒഴിവില്ലേ ..?'


'ഇല്ല വൈകുന്നേരത്തിനകം ശരിയാക്കി തരാം എന്നാ പറഞ്ഞത്.'


'ആ ശരി ഞാന്‍ അങ്ങോട്ട് വരാം.'


പുറത്തു കടക്കുമ്പോള്‍ അടിയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. രണ്ടു കൊള്ളട്ടെ. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ ഇങ്ങനെ തുടങ്ങിയാല്‍. അതും ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും മോഷ്ടിക്കുക.


അയാള്‍ ജീപ്പില്‍ കയറി ആശുപത്രിയിലേക്ക് പോയി


മോള്‍ ഉറങ്ങുകയായിരുന്നു. അവളുടെ അടുത്ത് ബെഡില്‍ ചെന്നിരുന്നു. നെറ്റിയില്‍ പതിയെ തടവി.


'ഏട്ടന്‍ എപ്പോ വന്നൂ. ഞാന്‍ ഈ മരുന്ന് വാങ്ങാന്‍ പോയതായിരുന്നു ഫാര്‍മസി വരെ. പൊന്നു നല്ല ഉറക്കാ.'


'ഡോക്ടര്‍ എന്ത് പറഞ്ഞു ..?'


'ഹാര്‍ട്ട്നല്ലേ കുഴപ്പം. കുറച്ചു സമയം പിടിക്കും ..എന്ന്.' അവളുടെ ശബ്ദം ഇടറിയിരുന്നു


'കണ്ടോ പോലീസിനെ.. നീ കഞ്ഞി കുടിക്കാത്തോണ്ട് വന്നതാ. വേഗം കുടിച്ചോ.'


അപ്പുറത്തെ ബെഡിലെ ഒരു അമ്മ മകളെ തന്നെ കാണിച്ചു ഭക്ഷണം കഴിപ്പിക്കാന്‍ നോക്കുന്നു.


'നോക്ക്. ഈ വാര്‍ഡില്‍ ഉള്ള കുട്ടികളെല്ലാം നമ്മുടെ മോളെപ്പോലെയാ.' അവള്‍ പറഞ്ഞു.


മൊത്തം ആറ് കുട്ടികള്‍. ജനിച്ചപ്പോഴേ ഹൃദയം ഒരു ഭാരമായി മാറിയവര്‍. മറ്റു കുട്ടികളുടെ ഓട്ടവും ചാട്ടവും ജനലഴികളിലൂടെ നോക്കിക്കാണാന്‍ വിധിക്കപ്പെട്ടവര്‍. തന്നെ തുറിച്ചു നോക്കി കഞ്ഞി കുടിക്കുന്ന ഒരു നാലു വയസ്സുകാരി. ഡ്രിപ് ഇട്ടു കിടക്കുന്ന രണ്ടു പേര്. ബാക്കിയുള്ളവര്‍ ഉറങ്ങുന്നു. ചില അമ്മമാരും അതിനടുത് കസേരയില്‍ ഇരുന്ന് ബെഡില്‍ തല വച്ച് മയങ്ങുന്നു.


'എന്‍റെ അച്ഛനെ കണ്ടിരുന്നോ അങ്കിള്‍ ..?' ആ നാലു വയസ്സുകാരിയാണ്.


'എവിടാ മോളുടെ അച്ഛന്‍?' അയാള്‍ ചോദിച്ചു


'അറിയൂല്ല രണ്ടു ദിവസായി മോളെ കാണാന്‍ വന്നിട്ട്. എല്ലാരുടേം അച്ഛന്മാരു വന്നു.'


അയാള്‍ ചോദ്യഭാവത്തില്‍ ആ കുട്ടിയുടെ അമ്മയെ നോക്കി.


'കമ്പനിയുടെ എന്തോ മീറ്റിംഗ് ആണെന്നാ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞേ വരൂന്നാണ് പറഞ്ഞതു.'


'കുട്ടി ഇങ്ങനെ കിടക്കുമ്പോഴാണോ? ലീവ് കിട്ടില്ലേ?'


'ഇല്ലെന്നാ പറഞ്ഞെ. ഓപ്പറേഷന്‍റെ കാശു കൊണ്ടുത്തന്നത് ഒരു കൂട്ടുകാരനാ.'


'എന്നാണ് മോളുടെ ഓപ്പറേഷന്‍?'


'നാളെ.'


മകളുടെ ഓപ്പറേഷനിലും വലുതാണ് അയാള്‍ക്ക് കമ്പനിയുടെ മീറ്റിംഗ്. അയാള്‍ തിരിച്ചു നടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു. സെല്ലിനുള്ളില്‍ തല കാല്മുട്ടുകള്‍ക്കിടയിലാക്കി ഇരിക്കുകയായിരുന്നു അവന്‍. സെല്ലു തുറക്കുന്ന ശബ്ദം കേട്ട് അവന്‍ തല ഉയര്‍ത്തി. കടവായിലൂടെ ചോര ഒലിക്കുന്നുണ്ടായിരുന്നു.


'എന്തിനാ മനീഷേ ഇങ്ങനെ തല്ലു വാങ്ങുന്നത് ..അതെവിടെ എന്ന് പറഞ്ഞൂടെ.'


മനീഷ് ദയനീയഭാവത്തില്‍ നോക്കി.


'അവിടെ ലക്ഷങ്ങളുടെ സ്വര്‍ണം ഉണ്ടാരുന്നല്ലോ. പിന്നെന്താ നീ ഈ അഞ്ചു പവന്‍ മാത്രം എടുത്തത്? നീ എന്തായാലും അത് തിരിച്ചു തന്നേ പറ്റൂ. നിന്‍റെ വീട്ടില്‍ പോയാലോ നമുക്ക്?'


'സാര്‍ പ്ളീസ്.' അവന്‍ കാല്‍ക്കല്‍ വീഴുകയായിരുന്നു.


'വീട്ടില്‍ പോവരുത്. അതവിടെ ഇല്ല. ഞാന്‍ വിറ്റു ആ കാശ് ചെലവാകുകയും ചെയ്തു.'


ടക പുറത്തു കടന്നു. ചെയറില്‍ ഇരിക്കുന്നതിന് മുമ്പായി ഹരീഷിനെ വിളിച്ച് അവന്‍റെ വീട് വരെ ഒന്ന് പോയി നോക്കാന്‍ ഏല്പിച്ചു. കമ്പനി നമ്പറില്‍ വിളിച്ചു ബ്രാഞ്ച് മാനേജരോട് വരാന്‍ പറഞ്ഞു.


എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നതായി ഒരു സംശയം. അരമണിക്കൂര്‍ ആയിക്കാണും മാനേജരും വേറൊരാളും കൂടി വന്നു.


'ഈ സ്വര്‍ണം എന്നാണ് നഷ്ടമായത്?'


'രണ്ടു ദിവസം മുമ്പാണ് സാര്‍. ഇന്നലെ ചെക്ക് ചെയ്തപ്പോഴാണ് പാക്കറ്റ് ഒന്ന് കുറവാണെന്നു കണ്ടത്. ഉടനെ CCTV നോക്കി. മനീഷ് എടുക്കുന്നത് കണ്ടു സാര്‍.'


'അവിടെ കുറെ സ്വര്‍ണം ഇല്ലേ...? ഇയാളെന്താ ഇത് മാത്രം എടുക്കാന്‍ കാരണം?'


'അറിയില്ല സാര്‍.'


'CCTV യില്‍ പിടിക്കപ്പെടും എന്ന് ഉറപ്പുള്ള ഒരാള്‍ ഇങ്ങനെ ചെയ്യണമെങ്കില്‍ അതിനു എന്തെങ്കിലും കാരണം വേണ്ടേ.'


മാനേജര്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നു.


'നിങ്ങള്‍ പറയൂ'


'അതവന്‍റെ സ്വര്‍ണം തന്നെയാണ് സാര്‍.' മാനേജര്‍ തല താഴ്ത്തിക്കൊണ്ടു പറഞ്ഞു.


'നിങ്ങളുടെ സ്റ്റാഫിന് സ്വര്‍ണം പണയംവെക്കാന്‍ കഴിയുമോ അവിടെ?'


'ഇല്ല സാര്‍. പക്ഷെ അതൊക്കെ ഒരു അഡ്ജസ്റ്റ്മെന്‍റ് ആണ്.'


'അപ്പോള്‍ അവന്‍റെ സ്വര്‍ണം തന്നെയാണ് അവന്‍ എടുത്തത് അല്ലേ?.'


ഇതിനു മുമ്പ് അവന്‍റെ ഭാഗത്തു നിന്നും എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?'


'ഇല്ല സാര്‍.'


മൊബൈല്‍ റിങ് ചെയ്യുന്നു. ഹോസ്പിറ്റലില്‍ നിന്നും മോളാണ്.


'അച്ഛാ വരുമ്പോ കളര്‍പെന്‍സിലും പേപ്പറും കൊണ്ട് വരാമോ?'


'കൊണ്ടുവരാലോ..' അവരോടു പോകാന്‍ ആംഗ്യം കാണിച്ചു.


'മോള്‍ക്ക് ആരുടെ പടം വരയ്ക്കാനാ അച്ഛനെയാണോ'


'എനിക്കല്ല അച്ഛാ ചിന്നുവിനാ. എന്‍റെ കൂട്ടുകാരി'


'ശരി മോളെ കൊണ്ട് വരാം.'


അവള്‍ അവിടെ കൂട്ടുകാരിയെ കണ്ടെത്തിയിരിക്കുന്നു.


അയാള്‍ സെല്ലിലേക്ക് നടന്നു.


'ഇവനൊന്നും കഴിക്കാന്‍ കൊടുത്തില്ലേ?'


മനീഷിനെ നോക്കി കോണ്‍സ്റ്റബിള്‍നോട് ചോദിച്ചു.


'അവനൊന്നും വേണ്ട എന്നാണ് പറഞ്ഞത് സാര്‍.'


'എന്താ മനീഷേ. നിരാഹാരം ഇരുന്നാല്‍ നിന്നെ വെറുതെ വിടും എന്നാണോ ധാരണ?'


അവന്‍ തലകുനിച്ച് ഇരിക്കുകയാണ്.


അയാള്‍ അവന്‍റെ മുന്നിലായി കസേരയില്‍ ഇരുന്നു


'നീ എന്താ നിന്‍റെ സ്വര്‍ണം മാത്രം എടുത്തത്? അവിടെ വേറെയും ഉണ്ടായിരുന്നല്ലോ.'


'ഒരാഴ്ചക്കുള്ളില്‍ തിരിച്ചുവെക്കാം എന്ന് കരുതിയാ എടുത്തത്.' അവന്‍ ശാന്തനായി മറുപടി പറഞ്ഞു.


'എന്തായിരുന്നു നിനക്കിത്ര അത്യാവശ്യം?'


അവന്‍ വീണ്ടും മൗനം പാലിച്ചു.


'നിനക്ക് മാസം എത്രയാ ശമ്പളം?'


അവന്‍ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി. 'ശമ്പളം.' അവന്‍ പിറുപിറുത്തു.


'അതെന്താ നിനക്ക് ശമ്പളം ഇല്ലേ?'


'ഒരു വര്‍ഷമായി സാറെ എനിക്ക് ശമ്പളം കിട്ടിയിട്ട് ' അവന്‍റെ ശബ്ദം ഭിത്തികള്‍ തട്ടി മുഴങ്ങി.


'അതെന്താ കാരണം?'


'സാറെ ഇതെന്‍റെ മാത്രം കഥയല്ല. ഈ കമ്പനിയിലെ ഏതാണ്ട് പകുതി സ്റ്റാഫിന്‍റെയും അവസ്ഥയാണ്. ഞാന്‍ ലോണ്‍ കൊടുത്ത ആളുകള്‍ അത് തിരിച്ചടച്ചില്ലെങ്കില്‍ എന്‍റെ ശമ്പളത്തില്‍ നിന്നും പിടിക്കും. ഞാന്‍ കഴിഞ്ഞ വര്‍ഷം ലോണ്‍ കൊടുത്ത ആള് വണ്ടിയുമായി മുങ്ങി. അതുകൊണ്ട് ഒരു വര്‍ഷമായി എന്‍റെ ശമ്പളം മുഴുവന്‍ പിടിക്കുകയാണ്.'


'അതെങ്ങനെ? കമ്പനി അല്ലെ ലോണ്‍ കൊടുക്കുന്നത്. അതിനു നിങ്ങള്‍ എങ്ങനെ ഉത്തരവാദികള്‍ ആവും?'


'ഇവിടെ ഇങ്ങനെയൊക്കെ ആണ് സാര്‍.'


'നിങ്ങള്‍ക്ക് ലേബര്‍ ആഫീസില്‍ കംപ്ലൈന്‍റ് കൊടുത്തൂടെ?'


'അത് കൊണ്ടൊന്നും കാര്യമില്ല സാര്‍. അവരില്‍ കമ്പനിയുടെ ആളുകളാ കൂടുതല്‍. ജോലി രാജിവെക്കാം എന്നുവച്ചാല്‍ എന്‍റെ സര്‍ട്ടിഫിക്കറ്റ് അവര് വാങ്ങിവച്ചിരിക്കുന്നു.'


'ഇതൊന്നും ഒരു പത്ര മാധ്യമങ്ങളും അറിയുന്നില്ലേ?'


അവന്‍ ചിരിച്ചു.'ദിവസവും ലക്ഷങ്ങള്‍ പരസ്യ വരുമാനം ലഭിക്കുമ്പോ ആരെങ്കിലും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമോ സാര്‍?'


അയാള്‍ അസ്വസ്ഥനായി എഴുന്നേറ്റു. 'നീ വല്ലതും കഴിക്ക് ആദ്യം. തൊണ്ടി മുതല്‍ എന്തായാലും കിട്ടണം മനീഷേ. ആ ആഭരണം ഇപ്പോള്‍ നിന്‍റേതല്ല അറിയാലോ.'


ആശുപത്രിയില്‍ എത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. മോള്‍ പെന്‍സില് കിട്ടിയ ഉടനെ അതുമായി അടുത്ത ബെഡിലേക്ക് ഓടി. രാവിലെ കണ്ട നാലു വയസ്സുകാരി ആണ് ചിത്രകാരി.


'മോളുടെ അച്ഛന്‍ വന്നില്ലേ' അയാള്‍ അവളുടെ അമ്മയോട് ചോദിച്ചു


'ഇല്ല വിളിച്ചിട്ടു ഫോണ്‍ ഓഫ് ആണ്. നാളെ വരുമായിരിക്കും.'


അനേകം ചില്ലുകള്‍.. അതായിരുന്നു ആ കൊച്ചു കലാകാരിയുടെ ചിത്രം.


അവയില്‍ ഓരോ രൂപങ്ങള്‍.


'ഇതെന്താ മോളെ?' അയാള്‍ ചോദിച്ചു.


'ഇവളെപ്പോഴും വരയ്ക്കുന്ന ചിത്രം ഇതാണ് സാറെ കുറെ ചില്ലുകഷ്ണങ്ങള്‍. അതില്‍ ഓരോരുത്തരും.'


'നാളെ എപ്പോഴാ ഓപ്പറേഷന്‍?'


'രാവിലെ ഏഴുമണിക്കാ.'


'അങ്കിള് രാവിലെ വരാം ട്ടോ.'


ചിന്നു തലയാട്ടി.


രാത്രി വൈകിയാണ് വീട്ടിലെത്തിയത്.


ഫോണ്‍ ബെല്ലടിക്കുന്നു. ഉറക്കചടവോടെയാണ് അറ്റന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ നിന്നാണ്.


'സാറെ ആ പയ്യന് ബോധമില്ല...'


ഞെട്ടി എഴുന്നേറ്റു, 'എന്ത് പറ്റി?'


'അറിയില്ല. കുറച്ചു ഛര്‍ദിച്ചു രാത്രി. ഇപ്പൊ ഞാന്‍ നോക്കിയപ്പോ...'


'ഞാന്‍ വരാം.'


സമയം 5 മണി കഴിഞ്ഞിരിക്കുന്നു.


അവന്‍ കിടക്കുകയായിരുന്നു. ഛര്‍ദിലിന്‍റെ അവശിഷ്ടങ്ങള്‍ മുഖത്തു പറ്റിപിടിച്ചിരിക്കുന്നു. ചെവിയിലൂടെ ചോര ഒഴുകിയതിന്‍റെ പാടുകള്‍. തോമസിനെ വിളിച്ചുണര്‍ത്തി. സഹപാഠിയാണ്. സിറ്റി ഹോസ്പിറ്റലിലെ സര്‍ജന്‍.


'ഓപ്പറേഷന്‍ വേണം. മര്‍ദനം ഏറ്റതിന്‍റെയാണ്.' തോമസ് പറഞ്ഞു.


'നീ എങ്ങനെയെങ്കിലും രക്ഷിക്കെടാ.'


'ചാന്‍സ് വളരെ കുറവാ. ഞാന്‍ നോക്കട്ടെ.' അവന്‍ അകത്തേക്ക് പോയി


വെളിച്ചം വരാന്‍ തുടങ്ങുന്നു. നേഴ്സ് അകത്തു നിന്നും വന്നു, അയാളുടെ വസ്ത്രങ്ങളാണ് ..


ചോര പുരണ്ട മുണ്ടും ഷര്‍ട്ടും. ഒരു മൊബൈല്‍ ഫോണ്‍ ഓഫ് ആണ്.


ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കളര്‍പെന്‍സിലും പേപ്പറും.


അയാളുടെ ഹൃദയം ഒന്നു പിടച്ചു.


വിറയാര്‍ന്ന കൈകളോടെ അയാള്‍ ഫോണ്‍ ഓണ്‍ ചെയ്തു. അതിന്‍റെ ചില്ലുകള്‍ പൊട്ടിയിരുന്നു.


രണ്ടു മിനിറ്റ് ആയപ്പോഴേക്കും ആ ഫോണ്‍ ശബ്ദിച്ചു..


'മീറ്റിങ് കഴിഞ്ഞില്ലേ അച്ഛാ .... മോള്‍ക്ക് ഡോക്ടറുടെ അടുത്ത് പോവാന്‍ നേരായി. പുതിയ ഉടുപ്പ് സിസ്റ്റര്‍ ആന്‍റി തന്നു. അച്ഛനെന്താ മിണ്ടാത്തെ?'


അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ താഴെ തെറിച്ചു വീണു ...


അതിന്‍റെ ചില്ലുകള്‍ ഒഴുകുന്നു.


ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലേക്ക്.



നിഷാന്ത് നിഷു

0

0

Featured Posts

Recent Posts

bottom of page