top of page

ലോകത്തിന്‍റെ ഭാവി ചരിത്രത്തിലും ചരിത്രാതീതമായും

Sep 23, 2005

3 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
images of a big clock, a man and earth

ലോകത്തിന്‍റെ ആത്യന്തികമായ ഭാവി ചരിത്രാതീതമാണെന്നും അതു ദൈവത്തിന്‍റെ ദാനമാണെന്നും ക്രൈസ്തവവിശ്വാസം പഠിപ്പിക്കുന്നു. ദൈവം നല്‍കുന്ന ഈ ഭാവി സമസ്തലോകത്തിന്‍റെയും സര്‍വതോമുഖവും സര്‍വ്വാതിശായിയുമായ പൂര്‍ത്തീകരണം ആയിരിക്കും. എന്നാല്‍, ദൈവം നല്‍കുന്ന ഭാവിയുടെ പ്രതീക്ഷയില്‍ വെറുതെ കൈയും കെട്ടിയിരിക്കുകയല്ല മനുഷ്യന്‍ ചെയ്യേണ്ടത്. മനുഷ്യന്‍ തന്നെ ലോകത്തിന്‍റെ ഭാവിയുടെ വിധാതാവുമാണ്. ലോകത്തെ ധ്യാനാത്മകമായി പരിചിന്തിക്കുകയും വ്യാഖ്യാനിക്കുകയും മാത്രമാണ്, സൃഷ്ടിപരമായി രൂപപ്പെടുത്തുകയാണ് ക്രൈസ്തവര്‍ ചെയ്യുന്നതെന്ന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ കാറല്‍ മാര്‍ക്സ് കുറ്റപ്പെടുത്തി. ഇരുപതാംനൂറ്റാണ്ടില്‍ ഏണസ്റ്റ് ബ്ലോക്ഹ് എന്ന ജര്‍മ്മന്‍ ചിന്തകനും ഈ ആക്ഷേപം ആവര്‍ത്തിച്ചു. അത് ഒട്ടേറെ ശരിയുമായിരുന്നു. ഭാവിവിജ്ഞാനീയം എന്ന ശാസ്ത്രശാഖ മനുഷ്യനെത്തന്നെയാണ് ഇന്നു ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാവിയുടെയും ശില്പികളായി കരുതുന്നത്. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ കാണുമ്പോള്‍ ഇതു മനുഷ്യനെ ദൈവം ഏല്പിച്ചിരിക്കുന്ന ഒരു ദൗത്യമാണ്. അതുകൊണ്ടാണ്, സന്മനസുള്ള എല്ലാ മനുഷ്യരോടും സഹകരിച്ചുകൊണ്ട് മനുഷ്യനു വാസയോഗ്യമായ ലോകവും നീതിയുക്തമായ സാമൂഹ്യസംവിധാനങ്ങളും സൃഷ്ടിക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ക്രൈസ്തവരെ ആഹ്വാനം ചെയ്തത്. 'പുതിയൊരു ഭൂമിക്കുവേണ്ടിയുള്ള പ്രതീക്ഷ ഐഹികജീവിതത്തെ അലക്ഷ്യമായി വീക്ഷിക്കാനല്ല, മറിച്ച് ഇതിനെ കാര്യമായി ഗണിച്ച് അഭിവൃദ്ധിപ്പെടുത്താനാണ് പ്രചോദനം നല്‍കേണ്ടത്. കാരണം ഈ ലോകത്തിലാണ് വരാനിരിക്കുന്ന ലോകത്തിന്‍റെ ഏതാണ്ടൊരു ഛായയായ നൂതന മനുഷ്യകുടുംബത്തിന്‍റെ ആ ശരീരം വളരുന്നത്. ഭൗമികപുരോഗതിയെ ക്രിസ്തുരാജ്യത്തിന്‍റെ വളര്‍ച്ചയില്‍നിന്ന് ശ്രദ്ധാപൂര്‍വ്വം വേര്‍തിരിച്ചു മനസ്സിലാക്കണം. എങ്കിലും മനുഷ്യസമുദായത്തിന്‍റെ കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനത്തിന് സഹായകമാകുന്നതനുസരിച്ച് ദൈവരാജ്യത്തോട് അതിന് സജീവബന്ധമുണ്ട്. (സഭ ആധുനികലോകത്തില്‍, നമ്പര്‍ 39).

ലോകത്തിന്‍റെ ഭാവിയെ പരമമായ ഭാവി എന്നും കാറ്റഗോറിക്കല്‍ ഭാവി എന്നും ദൈവശാസ്ത്രജ്ഞന്മാര്‍ തരംതിരിക്കാറുണ്ട്. പരമമായ ഭാവി ദൈവത്തിന്‍റെ ദാനമാണ്. എന്നാല്‍ കാറ്റഗോറിക്കല്‍ ഭാവി ഈ ലോകത്തിലും ഈ യുഗത്തിലും മനുഷ്യന്‍തന്നെ വിഭാവനം ചെയ്ത് രൂപം കൊടുത്തു ക്രമപ്പെടുത്തേണ്ട ഭാവിയാണ്. ഇവ തമ്മിലുള്ള ബന്ധമെന്തെന്ന് കൗണ്‍സില്‍ വ്യക്തമായി പറയുന്നില്ല. എങ്കിലും, പരമമായ ഭാവിയുടെ ഒരു പ്രതിരൂപം ഈ ഭൂമിയില്‍ തന്നെ രൂപം കൊള്ളേണ്ടിയിരിക്കുന്നുവെന്നും അങ്ങനെ മനുഷ്യര്‍ രൂപം കൊടുക്കുന്ന ഭാവിക്ക് ദൈവം ദാനമായി നല്‍കുന്ന പരമമായ ഭാവിയുമായി അഗാധമായ ബന്ധമുണ്ടെന്നും കൗണ്‍സില്‍ പ്രസ്താവിക്കുന്നു. ഈ ബന്ധത്തെപ്പറ്റി മൂന്നു വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ദൈവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഉള്ളത്. ചില ദൈവശാസ്ത്രജ്ഞന്മാര്‍ വെളിപാടു ചിന്തയുടെ മോഡലില്‍ ഈ ബന്ധത്തെ കാണുമ്പോള്‍, രണ്ടാമതൊരു കൂട്ടര്‍ ലക്ഷ്യോന്മുഖപരിണാമചിന്തയുടെ മോഡലില്‍ ഇതിനെ മനസ്സിലാക്കുന്നു. മൂന്നാമത്തെ കൂട്ടമാകട്ടെ പ്രവാചകപ്രതീക്ഷാ മോഡലിലാണ് ഈ ബന്ധത്തെ വ്യാഖ്യാനിക്കുന്നത്.

വെളിപാടു ചിന്തയുടെ മോഡല്‍ അനുസരിച്ച് ഇപ്പോഴുള്ള ലോകവും അതിലെ സംവിധാനങ്ങളുമെല്ലാം സമ്പൂര്‍ണമായി നശിപ്പിക്കപ്പെടും. പകരം നാളിതുവരെ ഗോപ്യമായിരുന്നതും തികച്ചും നൂതനവും പ്രവചനാതീതവുമായ ഒരു ഭാവി ഉണ്ടാകും. ഈ ഭാവി പൂര്‍ണമായും ദൈവത്തിന്‍റെ ദാനമായിരിക്കും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മിക്ക പ്രൊട്ടസ്ററന്‍റ് ദൈവശാസ്ത്രജ്ഞന്മാരും

ഏറെക്കുറെ ഈ ചിന്താഗതിക്കാരായിരുന്നു. യേശുവിന്‍റെ കുരിശിനും  ഉയിര്‍പ്പിനുമിടയ്ക്ക് ആഴമേറിയ ഒരു ഗര്‍ത്തമാണുള്ളത്. തുടര്‍ച്ചയല്ല, തകര്‍ച്ചയും ദൈവവിധിയുമാണ് അവയ്ക്കിടയിലുള്ളത്. അതുപോലെ ഈ ലോകത്തിലും ചരിത്രത്തിലും മനുഷ്യര്‍ പടുത്തുയര്‍ത്തുന്ന ഭാവിയും ലോകത്തിനും ചരിത്രത്തിനും അതീതമായി ദൈവം സജ്ജമാക്കുന്ന ഭാവിയും തമ്മില്‍ തുടര്‍ച്ചയുടെ ബന്ധമായിരിക്കില്ല, പ്രത്യുത തകര്‍ച്ചയുടെയും വിധിയുടെയും പുതുസൃഷ്ടിയുടെയും ബന്ധമായിരിക്കും. മനുഷ്യന്‍റെ പരിശ്രമത്തിലൂടെ ചരിത്രത്തില്‍ കൈവരുന്ന എല്ലാ പുരോഗതിയും അസ്ഥിരവും നശ്വരവുമാണ്.

ലോകത്തിന്‍റെ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഔല്‍സുക്യത്തെ ഈ ചിന്ത മന്ദീഭവിപ്പിക്കുമെന്നതാണ് ഇതിന്‍റെ ദൂഷ്യഫലം. മൗലികമായ രീതിയില്‍ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ ഈ മോഡലിനോട് യോജിക്കുന്നില്ല. എങ്കിലും, ലൂയി ബൂയേ, ഴ്ഷാന്‍ ഡാനിയേലു തുടങ്ങിയവര്‍ ദൈവത്തിന്‍റെ തനിദാനമായ ഭാവിയുടെ വ്യത്യസ്തതയ്ക്കു വളരെയേറെ ഊന്നല്‍ കൊടുക്കുന്നവരാണ്. അതിന്‍റെ രൂപീകരണത്തില്‍ ഭാഗികമായിപ്പോലും സഹകരിക്കാന്‍ മനുഷ്യന്‍ അശക്തനാണെന്നതാണ് അവരുടെ നിലപാട്.

ലക്ഷ്യോന്മുഖ പരിണാമചിന്തയാണ് രണ്ടാമതൊരു കൂട്ടം ദൈവശാസ്ത്രജ്ഞന്മാരുടേത്. ഗ്രീക്കു തത്വചിന്തയില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് കടന്നുവന്നതാണ് ഈ ചിന്തയെന്നു പറയാം. പ്രപഞ്ചത്തിന് അതില്‍ത്തന്നെ അന്തര്‍ലീനമായിരിക്കുന്ന ഒരു ലക്ഷ്യമുണ്ട്. നിശ്ചിതമായ ലക്ഷ്യത്തിലേക്ക് ലോകം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. തനിക്കുതന്നെ ഒരു ലക്ഷ്യമുണ്ടെന്നത് മനുഷ്യന്‍റെ പരോക്ഷമായ ഒരനുഭവമാണ്. അതുപോലെതന്നെ തനിക്കു ചുറ്റുമുള്ള വിശാലമായ ഈ പ്രപഞ്ചത്തിനുമുണ്ടായിരിക്കണം ഒരു ലക്ഷ്യം. പ്രപഞ്ചത്തെ ലക്ഷ്യത്തിലേക്കു നയിക്കുന്ന ഒരു ബുദ്ധിശക്തി അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന അവബോധം അവ്യക്തമായിട്ടെങ്കിലും മനുഷ്യര്‍ക്കു സഹജമാണെന്നു പറയാം. അപാരമായ സങ്കീര്‍ണതകള്‍ നിറഞ്ഞ ഈ പ്രപഞ്ചം വെറും ആകസ്മികമാണെന്നു കരുതാനാകില്ല. ഈ ലോകത്തിനും ഈ ചരിത്രത്തിനും അന്തിമമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. ഈ ലക്ഷ്യത്തിലേക്കും പൂര്‍ത്തീകരണത്തിലേക്കുമുള്ള പുരോഗമനമാണ് പ്രപഞ്ചചരിത്രം. ഈ ചിന്തയുടെ ഒരു മുഖ്യവക്താവാണ് റ്റെയാര്‍ദ് ഴ്ഷാര്‍ദാന്‍. സാമൂഹ്യപരിണാമവാദചിന്തകരും ഈ മോഡല്‍ തങ്ങള്‍ക്കുളള അംഗീകാരമായി കണക്കാക്കുന്നു.

ആദ്യത്തെ മോഡല്‍പോലെ ഈ രണ്ടാമത്തെ മോഡലും ലോകത്തിന്‍റെ ഭാവിക്കുവേണ്ടി സൃഷ്ടിപരമായി പ്രവര്‍ത്തിക്കാനുള്ള മനുഷ്യന്‍റെ താല്പര്യത്തിനു മങ്ങലേല്പിക്കുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. നിശ്ചിതമായ ഒരു ലക്ഷ്യത്തിലേക്ക് പ്രപഞ്ചം മുഴുവന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കില്‍ നമുക്കു പിന്നെ കാര്യമായി ഒന്നും ചെയ്യാനാകില്ലല്ലോ. ചരിത്രം ഭാവിയിലേക്കു തുറന്നിരിക്കുകയാണെന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരന്ത്യമല്ല അതിനുള്ളതെന്നുമുള്ള യാഥാര്‍ത്ഥ്യം ഈ മോഡല്‍ വിസ്മരിക്കുന്നു. ഇതിന്‍റെ മറ്റൊരു ന്യൂനത, അന്ത്യത്തെ ആരംഭത്തിന്‍റെ പൂര്‍ണവികാസമായിട്ടു മാത്രമാണ് ഇതു കാണുന്നതെന്നത്രേ. സ്വാതന്ത്ര്യത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും പ്രവര്‍ത്തനമേഖലയാണ് ചരിത്രമെന്ന വസ്തുതയും അത് അവഗണിക്കുന്നു. ചരിത്രവും യുഗാന്ത്യവും തമ്മിലുള്ള ഗാഢമായ ബന്ധത്തെ ഈ മോഡല്‍ അംഗീകരിക്കുന്നുണ്ടെങ്കിലും യുഗാന്ത്യം നിര്‍ണ്ണയതീതമായവിധം നൂതനമാണെന്ന ബൈബിളിന്‍റെ സന്ദേശത്തിന് അതു വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ല.

'കാറ്റഗോറിക്കല്‍' ഭാവിയും പരമമായ ഭാവിയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ മൂന്നാമത്തെ കൂട്ടര്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ആശ്രയിക്കുന്നത് പ്രവാചകപ്രതീക്ഷയുടെ മോഡലിലുള്ള ചിന്തയാണ്. ഈ ചിന്തയനുസരിച്ച് ഭാവി മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതോ മുന്‍പേ കണക്കുകൂട്ടി കണ്ടുപിടിക്കാവുന്നതോ ആയ ഒരു യാഥാര്‍ത്ഥ്യമല്ല. മനുഷ്യന്‍റെ പ്രത്യാശയുടെ വിഷയമായി ദൈവത്തിന്‍റെ നാമത്തില്‍ അതു പ്രഘോഷിക്കപ്പെടുന്നു. അല്ലാതെ മുന്‍കൂട്ടി വെളിപ്പെടുത്തുന്നില്ല. ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാവി രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വം മനുഷ്യനുണ്ട്. അത് മനുഷ്യന് ഏല്പിക്കപ്പെട്ടിരിക്കുന്ന ഒരു ദൗത്യവും അതേ സമയം അവന് നല്കപ്പെട്ടിരിക്കുന്ന ഒരു ദാനവുമാണ്. മനുഷ്യനു രൂപം കൊടുക്കാവുന്ന വിധത്തില്‍ ഭാവി ഒരു തുറന്ന യാഥാര്‍ത്ഥ്യമായിരിക്കുന്നതും അതിനെ രൂപപ്പെടുത്തുവാന്‍ അവനു സ്വാതന്ത്ര്യമുള്ളതും ദൈവത്തിന്‍റെ ദാനമത്രേ. പ്രവാചകപ്രത്യാശ മോഡലിന് ഒരു ലംബമാനവും ഒരു തിരശ്ചീനമാനവുമുണ്ട്. തിരശ്ചീനമാനം മനുഷ്യന്‍റെ ഉത്തരവാദിത്തത്തെയും ചരിത്രപരമായ തീരുമാനങ്ങളെയും സൂചിപ്പിക്കുമ്പോള്‍, ലംബമാനം ഭാവി ദൈവത്തിന്‍റെ ദാനമാണെന്ന വസ്തുതയെ ഓര്‍മ്മിപ്പിക്കുന്നു. ഇതാണ് ബൈബിളിലെ യുഗാന്ത്യചിന്ത.

ചരിത്രത്തിന്‍റെ ഭാവിയും ചരിത്രാതീത ഭാവിയും പരസ്പരവിരുദ്ധമല്ല. പ്രത്യുത ഒന്നു മറ്റതിന്‍റെ ഉപാധിയാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യന് ഒരേയൊരു ഭാവിയേയുള്ളൂ. എന്നാല്‍ ഈ ഒരേയൊരു ഭാവി കൈവരിക്കാന്‍, ഈ ലോകത്തിന്‍റെ ഭാവി സുസാധ്യമാക്കുന്ന ചരിത്രാതീത ഭാവി ആവശ്യമത്രേ. മനുഷ്യന്‍റെ പ്രവര്‍ത്തനത്തെയും ദൈവം ഒരിക്കലും അസാധുവാക്കുന്നില്ല. മറിച്ച് പരമമായ ഭാവിയിലേക്ക് അവയെ നയിക്കുകയും നിര്‍ണ്ണായകമായി പൂര്‍ത്തീകരിക്കുകയും ഉദാത്തവത്കരിക്കുകയുമാണ് അവിടുന്നു ചെയ്യുന്നത്.

കാള്‍ റാനറിന്‍റെ അഭിപ്രായത്തില്‍, ചരിത്രത്തിന്‍റെ സ്വയം കവിഞ്ഞുയരല്‍ ആണ് പരമമായ ഭാവി. കാറ്റഗോറിക്കല്‍ ഭാവി മനുഷ്യന്‍തന്നെ വിഭാവനം ചെയ്യുന്നതും രൂപം കൊടുക്കുന്നതുമാകയാല്‍ അതെപ്പോഴും അനിശ്ചിതത്വം നിറഞ്ഞതും ഇരുളടഞ്ഞതുമായിരിക്കും. പുരോഗമനത്തിന്‍റെ കുതിപ്പുകളിലെല്ലാം പുതിയ ചോദ്യചിഹ്നങ്ങളുയരും. മനുഷ്യന് ആത്യന്തികമായി എന്തു നേടാനാവുമെന്ന് ഒരിക്കലും മുന്‍കൂട്ടി നിര്‍ണയിക്കാനാവില്ല. ഈ അപൂര്‍ണതയും അനിശ്ചിതത്വവും കാരണം മനുഷ്യന്‍ പ്ലാന്‍ ചെയ്യുന്നതും നേടുന്നതുമെല്ലാം പരമമായ ഭാവിയിലേക്കുളള അടയാളവും സൂചനയുമാണ്. എന്നാല്‍ ഒരിക്കലും പരമമായ ഭാവി ആവുകയില്ല. പരമമായ ഭാവിയിലുള്ള പ്രത്യാശ മനുഷ്യന്‍റെ ആസൂത്രണവും പ്രവര്‍ത്തനവും സുസാധ്യമാക്കുകയും അതാവശ്യപ്പെടുകയും ചെയ്യുന്നു. അതേ സമയം നേടിയതിനെയെല്ലാം അതു വിമര്‍ശനവിധേയവും ആപേക്ഷികവുമാക്കുന്നു.

മനുഷ്യവ്യക്തിയുടെ മൂല്യവും പദവിയും സംരക്ഷിക്കുന്നതിന് 'കാറ്റഗോറിക്കല്‍' ഭാവിയും പരമമായ ഭാവിയും തമ്മിലുള്ള ഈ ബന്ധത്തിനു വളരെയേറെ പ്രാധാന്യമാണുള്ളത്. കാറ്റഗോറിക്കല്‍ ഭാവി അഥവാ ഈ ലോകത്തിന്‍റെ ഭാവി മാത്രമേയുള്ളൂവെങ്കില്‍, ഈ ഭാവിക്കുവേണ്ടി എന്തു സംഭാവന ചെയ്യാന്‍ കഴിയുമെന്നതിനെ മാത്രമാശ്രയിച്ചിരിക്കും മനുഷ്യന്‍റെ പദവിയും വിലയും. അപ്പോള്‍ ഈ ലോകത്തിന്‍റെ ഭാവിക്കുവേണ്ടിയുള്ള ബലിമൃഗങ്ങള്‍ മാത്രമായിരിക്കും ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യര്‍. എന്നാല്‍, പരമമായ ഒരു ഭാവിയുടെ വെളിച്ചത്തില്‍ മനുഷ്യര്‍ പടുത്തുയര്‍ത്തുന്ന ഈ ലോകത്തിന്‍റെ ഭാവി ആപേക്ഷികമാകുമ്പോള്‍, ഈ ഭാവിക്കുവേണ്ടി ഒരു സംഭാവനയും ചെയ്യാന്‍ കഴിയാത്തവര്‍ക്കുമുണ്ടാകും അനന്യമായ ഒരു മൂല്യവും പദവിയും. 

Featured Posts

Recent Posts

bottom of page